Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടെത്തലുകൾ ഞെട്ടിച്ചു; നടപടികൾ ഉടൻ

fish-series-logo

കേരളത്തിലെ മൽസ്യബന്ധന തുറമുഖങ്ങളിൽ മൽസ്യത്തിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നുവെന്നതിനു മലയാള മനോരമ പുറത്തുവിട്ട തെളിവുകൾ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. മംഗളൂരു പോലെ ഇതരസംസ്ഥാനങ്ങളിലെ വലിയ മൽസ്യബന്ധന തുറമുഖങ്ങളിൽ ഇത്തരം രാസവസ്തുക്കൾ കലർത്തുന്നുണ്ടെന്നായിരുന്നു സർക്കാരിന് ഇതുവരെ ഉണ്ടായിരുന്ന വിവരം. പക്ഷേ, അതും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു.

നമ്മുടെ വിപണിയിലും മീനിൽ സോഡിയം ബെൻസോയേറ്റ് എന്ന മാരകമായ രാസവസ്തു വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്നതു മനോരമ പരിശോധനാ ഫലം ഉൾപ്പെടെ പുറത്തുകൊണ്ടുവന്നതു സർക്കാർ ഗൗരവമായെടുക്കുന്നു. ആദ്യമായാണ് ഇത്തരമൊരു അന്വേഷണവും കണ്ടെത്തലും. ഇതു സംബന്ധിച്ച് സർക്കാരിന് തുടർ അന്വേഷണത്തിന് ഇതു വഴികാട്ടിയാകും. കർശനമായ പരിശോധനകൾ മൽസ്യബന്ധനമേഖലയിലാകമാനം നടത്തും.

ഭക്ഷ്യസുരക്ഷാ വകുപ്പാണു നിലവിൽ ഇത്തരം പരിശോധനകൾ നടത്തുന്നത്. മൽസ്യബന്ധന തുറമുഖങ്ങളിലോ മാർക്കറ്റുകളിലോ ഇത്തരം പരിശോധനയ്ക്കായി മീനിന്റെ സാംപിൾ എടുത്താൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ എത്തിക്കാൻ അങ്ങോട്ടു കൊണ്ടുപോകണമെന്നതും പരിശോധനാഫലം വരാൻ താമസിക്കുമെന്നതുമൊക്കെ പ്രായോഗികമായ തടസ്സങ്ങളാണ്. ഉടനടി പരിശോധിച്ചു ഫലം തരുന്നതിനു ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇപ്പോൾ മാർഗമില്ല. അടിയന്തരമായി മൊബൈൽ ലാബ് നമ്മുടെ മൽസ്യബന്ധനമേഖലയിലും മൽസ്യവിപണിയിലും ലഭ്യമാക്കുന്നതിന് ആലോചന നടത്തും.

മാത്രമല്ല, നിലവിൽ മീൻപിടിത്ത ബോട്ടുകൾ മൽസ്യബന്ധനതുറമുഖങ്ങളിൽ എത്തുമ്പോൾ ബോട്ടുകളിൽവച്ചോ അല്ലെങ്കിൽ വിപണിയിലേക്കു പോകും മുൻപോ രാസവസ്തുക്കൾ ചേർക്കുന്നുണ്ടോയെന്നൊക്കെ പരിശോധിക്കാനുള്ള സൗകര്യം തുറമുഖം കേന്ദ്രീകരിച്ച് ഇല്ല. അതിനായി തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിക്കും. മൽസ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ചുമതലകൂടി ഇൗ സൊസൈറ്റികൾക്കു നൽകാനാണ് ആലോചന.

Your Rating: