Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ മൗനത്തിന്റെ പ്രകമ്പനങ്ങൾ

MARATA-PROTEST മറാഠകൾ നവി മുംബൈയിൽ നടത്തിയ മൗനജാഥ. ചിത്രം: അമയ് മൻസബ്ദർ

സ്മാർട് സിറ്റി പദ്ധതികളും സ്റ്റാർട്ടപ്പുകളുമായി മുഖം മിനുക്കി നിൽക്കവേ, സൂനാമിപോലെ കയറിവന്നൊരു പ്രക്ഷോഭത്തിന്റെ അന്ധാളിപ്പിലാണു മഹാരാഷ്ട്ര. സംവരണം തേടി മറാഠ വിഭാഗം നടത്തുന്ന മൗനജാഥകൾ സംസ്ഥാനത്തു വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു.
ജൽഗാവിൽ ആദ്യത്തെ റാലിയിൽ മൂന്നര ലക്ഷം ആളുകൾ, ഒൗറംഗാബാദിൽ അഞ്ചു ലക്ഷം, പുണെയിൽ എട്ടു ലക്ഷം... മറാഠകൾ നടത്തുന്ന മൗനജാഥകളിലെ പങ്കാളിത്തമാണിത്. ഇത്തരം 15 റാലികൾ പൂർത്തിയാക്കിക്കഴിഞ്ഞു.

36 ജില്ലകളിലും ലക്ഷോപലക്ഷങ്ങളെ പങ്കെടുപ്പിച്ചുള്ള റാലികൾക്കുശേഷം ഒരുകോടിയിലേറെ ആളുകളുമായി മുംബൈയിൽ പടുകൂറ്റൻ ജാഥയ്ക്കാണു മറാഠകൾ പദ്ധതിയിടുന്നത്. പിന്നെ ഡൽഹിയിലേക്ക്. ആദ്യം കണ്ടില്ലെന്നു നടിച്ച രാഷ്ട്രീയ നേതാക്കളെല്ലാം ഇപ്പോൾ പ്രക്ഷോഭത്തെ സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഒരു രാഷ്ട്രീയ പാർ‍ട്ടിയുടെയും നേതാവിന്റെയും പിൻബലമില്ലാതെ, മുദ്രാവാക്യം വിളികളും പ്രസംഗങ്ങളുമില്ലാതെ ലക്ഷക്കണക്കിനാളുകൾ മൗനപ്രതിഷേധവുമായി അണിചേരുമ്പോൾ എങ്ങോട്ടാവും ധ്രുവീകരണം എന്നതാണു പ്രബല രാഷ്ട്രീയ നേതാക്കളെല്ലാം ഉറ്റുനോക്കുന്നത്.

ഭരിക്കുന്ന ബിജെപി - ശിവസേനാ മുന്നണിക്കെതിരെ പ്രക്ഷോഭത്തെ വഴിതിരിക്കാൻ കോൺഗ്രസും എൻസിപിയും പണിപ്പുരയിലാണ്. എന്നാൽ, ഇത്രകാലം സംസ്ഥാനം ഭരിച്ചിരുന്ന അവർ മറാഠ വിഷയത്തിൽ ഇപ്പോഴത്തെ ഭരണമുന്നണിക്കെതിരെ പരസ്യമായി രംഗത്തു വന്നാൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പ്.  മറാഠകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പുമായി ബിജെപി നേതാവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സമുദായ ധ്രുവീകരണം ബിജെപിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, പ്രക്ഷോഭകാരികളുടെ ആവശ്യങ്ങൾ പരിഹരിക്കുക എളുപ്പമല്ല.

ആരാണു മറാഠകൾ ?

മറാഠികളും മറാഠകളും രണ്ടാണ്. മഹാരാഷ്ട്രീയരെ പൊതുവേ മറാഠികൾ എന്നു വിശേഷിപ്പിക്കുമ്പോൾ, സംസ്ഥാനത്തെ പ്രബല സമുദായമാണു മറാഠകൾ. ജനസംഖ്യയുടെ 33 ശതമാനത്തിലേറെ വരുന്ന ഏറ്റവും വലിയ സമുദായം (മറ്റു പിന്നാക്ക വിഭാഗക്കാരെല്ലാംകൂടി ചേർന്നാൽ അവരാണു ജനസംഖ്യയിൽ കൂടുതൽ‍).
ഹരിയാനയിലെയും രാജസ്ഥാനിലെയും ജാട്ടുകളെപ്പോലെ, ഗുജറാത്തിലെ പട്ടേലുകളെപ്പോലെ അടിസ്ഥാനപരമായി കർഷക വിഭാഗമാണു മറാഠകൾ.

പ്രക്ഷോഭക്കാരുടെ ആവശ്യങ്ങൾ

∙ വിദ്യാഭ്യാസ – തൊഴിൽ മേഖലയിലെ സംവരണം.
∙ ദലിത് സംരക്ഷണ നിയമങ്ങൾ പൊളിച്ചെഴുതണം (നിയമ പരിരക്ഷ ഉപയോഗിച്ചു ദലിതർ തങ്ങളെ ചൂഷണം ചെയ്യുന്നു എന്നാണ് ഇവരുടെ വാദം).
∙ അഹമ്മദ്നഗറിലെ കോപർഡിയിൽ മറാഠ വിഭാഗത്തിൽപെട്ട പെൺകുട്ടിയെ
മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിതർക്കു വധശിക്ഷ നൽകണം.

മറാഠ പെൺകുട്ടിയെ ദലിത് വിഭാഗത്തിൽപെട്ടവർ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനെതിരെ‌യുള്ള ചെറിയ റാലികളായിരുന്നു തുടക്കം. സമുദായം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അതോടു ചേർത്തുവച്ചതോടെ അടക്കിപ്പിടിച്ചിരുന്ന അമർഷമാണു നിരത്തുകളിലേക്ക് ‘ശബ്ദിക്കുന്ന മൗന’മായി ഒഴുകുന്നത്.

ആഗോളവൽക്കരണ – ഉദാരവൽക്കരണ നയങ്ങൾക്കു പിന്നാലെ രണ്ടു പതിറ്റാണ്ടിനിടയിൽ കാർഷിക മേഖലയിലുണ്ടായ തിരിച്ചടികളാണ് ഇൗ സമൂഹത്തെ പിന്നോട്ടടിച്ചത്. മറാഠകളിൽ 70% പേർക്കു ശരാശരി രണ്ടര ഏക്കർ ഭൂമിയുണ്ടെന്നാണു കണക്ക്. 20% ഭൂരഹിതരുമാണ്. പിന്നാക്ക, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു സംവരണവും നിയമപരിരക്ഷയും ലഭിച്ചപ്പോൾ പരമ്പരാഗത കാർഷികമേഖല തകർന്നടിഞ്ഞതും വരൾച്ചയും കൃഷിനാശവും ഇവരുടെ നട്ടെല്ലൊടിച്ചു.

കാർഷിക പ്രതിസന്ധിയെത്തുടർന്നു സംസ്ഥാനത്തു ജീവനൊടുക്കിയവർ ഏറെയും മറാഠകളാണ്. മെറിറ്റിൽ പ്രവേശനം ലഭിക്കാൻ വേണ്ട മാർക്ക് ഇല്ലാതെവരികയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള പണമില്ലാതെവരികയും ചെയ്യുമ്പോൾ വിദ്യാഭ്യാസരംഗത്തും പിന്തള്ളപ്പെട്ടു.
ഇൗ പ്രതിസന്ധികളിൽ അവർക്കു ലഭിച്ച വലിയ പ്രതീക്ഷയായിരുന്നു നല്ല ദിനങ്ങൾ വരുന്നെന്ന വാഗ്ദാനം.

കോൺഗ്രസിന്റെയും എൻസിപിയുടെയും താവളങ്ങൾവിട്ടു ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. എന്നാൽ, നരേന്ദ്ര മോദി സർക്കാർ രണ്ടു വർഷം പിന്നിട്ടിരിക്കെ തങ്ങളുടെ ജീവിതദുരിതങ്ങൾക്ക് ഒരു മാറ്റവുമില്ലെന്ന് അവർ തിരിച്ചറിയുന്നു. അതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ, നേതാക്കളുടെ പ്രസംഗങ്ങളില്ലാതെ മൗനം നിറച്ച മുന്നറിയിപ്പുമായി ആ ജനത തെരുവിലേക്കിറങ്ങാൻ കാരണം.

മുംബൈ ഉൾപ്പെടെ പത്തിലേറെ മുനിസിപ്പൽ കോർപറേഷനുകളിലേക്കു ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതാണു രാഷ്ട്രീയ നേതാക്കളുടെ ചങ്കിടിപ്പു കൂട്ടുന്നത്. ഓരോ മേഖലയിലെയും രാഷ്ട്രീയക്കാർ ആരും ക്ഷണിക്കാതെ റാലിയിൽ അണിചേർന്ന് ഒപ്പമുണ്ടെന്ന് അവരെ തോന്നിപ്പിച്ചു മിണ്ടാതെ മടങ്ങുകയാണ്.

പൂച്ചയ്ക്കാരു മണി കെട്ടും?

ഭൂരിപക്ഷ വിഭാഗത്തിന് എങ്ങനെ സംവരണം നൽകും? - രാഷ്ട്രീയ പാർട്ടികളെയെല്ലാം കുഴക്കുന്ന ചോദ്യമിതാണ്. സംവരണം 50 ശതമാനത്തിൽ കൂടുതലാകരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കേ മറ്റു പിന്നാക്ക (ഒബിസി), പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കായി നിലവിൽ 52% സംവരണം സംസ്ഥാനത്തുണ്ട്.

ഭരണഘടനാ ഭേദഗതി മാത്രമാണു പോംവഴി. മതസൗഹാർദത്തിനും ദേശീയതയ്ക്കും ഭീഷണിയാകുന്നതായി ചൂണ്ടിക്കാട്ടി മറാഠ റാലികളുടെ മുഖ്യസംഘാടകനായ സഞ്ജീവ് ഭോർ പാട്ടീലിനു നോട്ടിസ് അയച്ചതിൽ ഒതുങ്ങുന്നു പ്രതിഷേധക്കാർക്കെതിരെ ഇതുവരെയുള്ള സർക്കാർ നടപടി.
ബിജെപി, ശിവസേന, കോൺഗ്രസ്, എൻസിപി തുടങ്ങി എല്ലാ പ്രധാന പാർട്ടികളിലും പ്രബലരായ മറാഠാ നേതാക്കളുണ്ട്.

ശരദ് പവാർ, മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവരെല്ലാം മറാഠകൾ. ഭൂരിഭാഗം പഞ്ചസാര സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും കാർഷിക സഹകരണ സംഘങ്ങളും നിയന്ത്രിക്കുന്നതും മറാഠകൾതന്നെ. സംസ്ഥാനത്തെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളും മറാഠകളാണ്. ചൂഷണം ചെയ്യുന്നതിൽ വലിയൊരു സംഘം സ്വന്തം സമുദായത്തിലെ പ്രബലർതന്നെയെന്നു സാരം.

മറാഠകളുടെ സ്ഥാപനങ്ങളിൽപോലും ദലിതർക്കു സംവരണം ലഭിക്കുകയും തങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യുന്നു എന്നതാണു ദലിതർക്കെതിരെയുള്ള രോഷത്തിന് ഒരു കാരണം.
കഴിഞ്ഞ പൃഥ്വിരാജ് ചവാൻ സർക്കാർ മറാഠകൾക്കു 16 ശതമാനവും മുസ്‌ലിംകൾക്ക് അഞ്ചു ശതമാനവും സംവരണം അനുവദിക്കുംവിധം ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും മറാഠ സംവരണം ബോംബെ ഹൈക്കോടതി തടഞ്ഞു.

മുസ്‌ലിം സംവരണത്തെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ, ഫഡ‍്നാവിസ് സർക്കാർ തുടർനടപടികൾ സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് ഓർഡിനൻസ് നിലനിൽക്കാതെവന്നതോടെ മുസ്‌ലിം സംവരണവും നടപ്പായില്ല. കാലാവധി പൂർത്തിയാകാറായപ്പോൾ തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി എടുത്ത തീരുമാനമായും പൃഥ്വിരാജ് ചവാന്റെ നീക്ക‌ം വ്യാഖ്യാനിക്കപ്പെട്ടു.

വിഷയം സാമൂഹികം

മറാഠകളുടെ പ്രക്ഷോഭം മറ്റെല്ലാ വിഭാഗങ്ങളിലും വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പരിരക്ഷ ഇല്ലാത്ത മുസ്‍ലിം വിഭാഗങ്ങൾ സംവരണം ആവശ്യപ്പെട്ടു സംസ്ഥാനവ്യാപകമായ മൗനജാഥയ്ക്കുള്ള തയാറെടുപ്പിലാണ്. മുസ്‌ലിം കൂട്ടായ്മകൾ ആദ്യ റാലി താനെയ്ക്ക് അടുത്തു മുംബ്രയിൽ ഏഴിനു നടത്താനിരിക്കെ ദലിതർ ലാത്തൂരിൽനിന്നു റാലികൾ ആരംഭിച്ചുകഴിഞ്ഞു.

മറ്റു പിന്നാക്ക വിഭാഗങ്ങളും ശക്തിപ്രകടനങ്ങൾക്കും കരുത്തു കൂട്ടാനുമുള്ള ശ്രമങ്ങളിലാണ്. നാസിക്കിൽ തിങ്കളാഴ്ച നടത്തിയ കൂറ്റൻ ഒബിസി റാലി ഇതിന്റെ തുടക്കമാണ്. തങ്ങളുടെ ക്വോട്ട കുറച്ച് മറാഠകൾക്കു സംവരണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുക എന്നതും ദലിത് – ഒബിസി റാലികളുടെ ലക്ഷ്യങ്ങളിൽപെടും.

രാഷ്ട്രീയ നേതാക്കളെല്ലാം വലിയ ആശയക്കുഴപ്പത്തിലാണ്. റാലിയെ വിമർശിച്ചു ശിവസേനാ മുഖപത്രം കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ മാപ്പു പറഞ്ഞു വിവാദത്തിൽനിന്നു തലയൂരിയിട്ട് അധികദിവസമായില്ല. മറാഠകളെ പിന്തുണച്ചാൽ ദലിതർ ഇടയും; ദലിതരെ പിന്തുണച്ചാൽ മറിച്ചും. അതിനാൽ, പരസ്യമായ പ്രതികരണങ്ങൾ ഒഴിവാക്കി എല്ലാ റാലികളിലും തല കാണിച്ചു മടങ്ങുന്ന നേതാക്കളുടെ എണ്ണം ഏറുകയാണ്. മൗനറാലികളാണ് അധികവും എന്നതു രാഷ്ട്രീയക്കാർക്കു വലിയ അനുഗ്രഹമാകുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.