Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതലാഭത്തിനു വഴികളെത്ര!

by മരുന്ന്, മനസ്സാക്ഷിയില്ലാതെ-പരമ്പര-2; തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ, ഗായത്രി ജയരാജ്, മിന്റു പി. ജേക്കബ്. സങ്കലനം: ജിജീഷ് കൂട്ടാലിട
Leader-page-sketch-2

തലസ്ഥാന നഗരത്തോടു ചേർന്നുകിടക്കുന്ന ഗ്രാമം. ഭേദപ്പെട്ട സ്വകാര്യ ആശുപത്രി. പുതുതായി ആരംഭിക്കുന്ന ഒരു മരുന്നു വിതരണ കമ്പനിയുടെ പ്രതിനിധി എന്ന പേരിലാണ് ആശുപത്രി അധികൃതരെ സമീപിച്ചത്. മുഖവുരകളൊന്നുമില്ലാതെ കാര്യങ്ങൾ വ്യക്തമാക്കി അദ്ദേഹം. ഏതു കമ്പനിയുടെയും മരുന്നുകൾ വൻതോതിൽ വാങ്ങാൻ ആശുപത്രി തയാറാണ്.

പക്ഷേ, ചില നിബന്ധനകളുണ്ട്: ‘‘ബ്രാൻഡഡ് കമ്പനികളുടെ മരുന്നുകൾ വേണ്ട. രാസനാമത്തിലുള്ള മരുന്നുകൾ മതി. എല്ലാ ഡോക്ടർമാരും മരുന്നുകളുടെ രാസനാമം കുറിക്കണമെന്നാണല്ലോ സർക്കാരും നിർദേശിക്കുന്നത്! ഇവിടത്തെ ഡോക്ടർമാർക്കും കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. അവരും രാസനാമം മാത്രമേ എഴുതൂ. വിലയും മറ്റും ചർച്ച ചെയ്തു തീരുമാനിക്കാം. സൗജന്യമരുന്നുകൾ കൂടുതൽ കിട്ടുമെങ്കിൽ നല്ലത്. ഇവിടേക്കു തരുന്ന മരുന്ന് സമീപപ്രദേശത്തെ മറ്റു മെഡിക്കൽ ഷോപ്പുകളിൽ നൽകാൻ പാടില്ല. ഡോക്ടർമാരുമായി നേരിട്ടു സംസാരിക്കാനും പാടില്ല.’’

കേരളത്തിലെ ആരോഗ്യ പരിചരണ രംഗത്തു വന്ന മാറ്റം ആ വാക്കുകളിൽ പ്രകടമായിരുന്നു. ഡോക്ടർമാർ മരുന്നുകളുടെ കമ്പനിപ്പേരുകൾ എഴുതാതെ രാസനാമം എഴുതണം എന്ന സർക്കാർ ഉത്തരവ് ഒരു തരത്തിൽ നല്ലതാണ്. കമ്മിഷനും പാരിതോഷികങ്ങളും നൽകി ഡോക്ടർമാരെ സ്വാധീനിച്ചു നടത്തുന്ന അനധികൃത വ്യാപാരം ഇല്ലാതാക്കാൻ ഇതു സഹായിക്കും. ഔഷധവില നിയന്ത്രണം മറികടക്കാൻവേണ്ടി, മരുന്നുചേരുവകളിൽ മാറ്റം വരുത്തുന്ന കമ്പനികളുടെ കുതന്ത്രങ്ങൾക്കും ഈ ചട്ടം പരിഹാരം കണ്ടിരുന്നു.

പക്ഷേ, വ്യക്തികളുടെ കൊള്ളയിൽനിന്നു രക്ഷപ്പെട്ട രോഗികൾ, സംഘംചേർന്നുള്ള കൊള്ളയ്ക്കു വിധേയരാവുന്ന സ്ഥിതിയാണിപ്പോൾ. ഡോക്ടർമാർ ഒറ്റയ്ക്കെടുത്തിരുന്ന തീരുമാനം ഇപ്പോൾ, ആശുപത്രികളുടെ മാർക്കറ്റിങ് മാനേജർമാരുടെ കൈകളിലെത്തിയിരിക്കുന്നു. ലാഭം മാത്രമേ ആ കണ്ണുകൾകൊണ്ടു കാണുള്ളൂ എന്നും ഉറപ്പ്.


നല്ലതും ഗുണനിലവാരം ഉള്ളതും എന്ന പ്രതീക്ഷയിൽ ഡോക്ടർ കുറിച്ചുനൽകുന്ന മരുന്ന് ആശുപത്രി ഫാർമസിയിൽനിന്നോ മരുന്നുകടകളിൽനിന്നോ രോഗിക്കു കിട്ടിക്കൊള്ളണമെന്നില്ല. അമിതലാഭം കിട്ടുന്ന ജെനറിക് മരുന്നുകളിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ്.

ജനറിക്കും ബ്രാൻഡഡും ഒരേ വിലയിൽ

എല്ലാ മരുന്നിനും തത്തുല്യമായ ജനറിക് മരുന്നുകൾ ലഭ്യമാണ്. മരുന്നുകളുടെ വില ഏകീകരണം വന്നപ്പോൾ ബ്രാൻഡഡ് കമ്പനികളുടെ മരുന്നിന്റെ വിൽപനവിലയ്ക്കു സമാനമായ വില ജനറിക് കമ്പനികളുടെ മരുന്നുകൾക്കും നിശ്ചയിച്ചു. അതോടെ കച്ചവടക്കാരും കമ്പനികളും ആശുപത്രികളും രക്ഷപ്പെട്ടു.

ജനറിക് മരുന്നുകളുടെ വില പ്രമുഖ കമ്പനികളുടെ മരുന്നുകളെക്കാൾ കുറയാൻ കാരണങ്ങളുണ്ട്. ബ്രാൻഡഡ് കമ്പനികളുടെ മരുന്നുവിപണനത്തിനായി പ്രതിനിധികൾ ജോലി ചെയ്യുന്നുണ്ട്. കാലാവധി കഴിഞ്ഞ മരുന്നു തിരിച്ചെടുക്കാനും ഡോക്ടർമാർക്കു സാംപിൾ മരുന്നു നൽകാനും ചാർട്ടുകളും ലഘുപുസ്തകങ്ങളും തയാറാക്കാനും യോഗങ്ങൾക്കുമുള്ള ചെലവുകളുമുണ്ട്.

ഡോക്ടർമാർക്കു നൽകാനുള്ള സമ്മാനങ്ങളും പരിശോധനാമുറിയിലെ പേനയും പേപ്പറുംവരെ വാങ്ങാനുള്ള ചെലവുകളും വിദേശയാത്ര, വിദേശത്തെ മെഡിക്കൽ തുടർവിദ്യാഭ്യാസം തുടങ്ങിയ പരിപാടികളുടെ ചെലവുകളും വഹിക്കണം. ഇതൊന്നും ഒരു ജനറിക് കമ്പനിക്കും വഹിക്കേണ്ടിവരുന്നില്ല. എന്നിട്ടും ആ കമ്പനികളുടെ മരുന്നുകൾക്കും ബ്രാൻഡഡ് മരുന്നിനോട് അടുത്തെത്തുന്ന വില നിശ്ചയിച്ചു നൽകി.

ഒരു ഫലവുമില്ലാതെ മരുന്നുപരിശോധന

രോഗിയെ ദൈവതുല്യം കണ്ടു സേവനം ചെയ്യുന്ന, മനുഷ്യത്വമുള്ള ഒട്ടേറെ ഡോക്ടർമാർ നമുക്കിടയിൽ ഉണ്ട്. ഇവർക്കു കൂടി കളങ്കം ചാർത്തുകയാണു ചില ‘ന്യൂജൻ’ ഡോക്ടർമാർ. ബിരുദം സമ്പാദിക്കാൻ മുടക്കിയ അൻപതും എഴുപതും ലക്ഷം രൂപ തിരിച്ചുപിടിക്കാൻ രോഗിയെയും ബന്ധുക്കളെയും പിഴിഞ്ഞെടുക്കുന്നു ചിലർ. അവരിൽ ചിലർ സ്വന്തമായി മരുന്നുകമ്പനികൾവരെ തുടങ്ങുന്നു. കുറച്ചുകാലം കഴിയുമ്പോൾ ഈ കമ്പനി അപ്രത്യക്ഷമാകും. പുതിയ പേരിൽ മറ്റൊന്ന് ഉടലെടുക്കും. ഇത്തരം കമ്പനികളുടെ മരുന്നുകൾ പരിശോധനയ്ക്കയച്ചു ഫലം വരുമ്പോഴേക്കും അതു മുഴുവൻ വിറ്റുതീർന്നിട്ടുമുണ്ടാകും.

ജീവൻരക്ഷാ മരുന്നുകളിൽ 15 ശതമാനവും ഒരു നിലവാരവുമില്ലാത്തതാണെന്നും പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകൾ വിപണിയിൽനിന്നു പിൻവലിക്കാൻ ഉത്തരവു നൽകുമ്പോഴേക്കും എല്ലാം വിറ്റുതീരുന്നതായും ഡ്രഗ് കൺട്രോളർമാരിൽനിന്നു ലഭിച്ച രേഖകൾ തെളിയിക്കുന്നു. മൂന്നു വർഷം മുമ്പു ഡ്രഗ് ഇൻസ്പെക്ടർമാർ ശേഖരിച്ച മരുന്നു സാംപിളുകൾപോലും ഇനിയും പരിശോധിച്ചു തീർന്നിട്ടില്ല. കമ്പനികളുമായുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്നു സൂചനയുണ്ട്.

ഏഴായിരം ഇനം മരുന്നുകളിലായി 1,03,000 ബാച്ച് മരുന്നുകളാണു കേരളത്തിലെ വിപണിയിൽ എത്തുന്നത്. സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് ഇതിനു പുറമെ. പൊതുവിപണിയിൽ എത്തുന്ന മരുന്നുകളിൽനിന്ന് ഒരു ഡ്രഗ് ഇൻസ്പെക്ടർ ഒൻപതു സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കണമെന്നാണു ചട്ടം. തിരുവനന്തപുരം, കൊച്ചി ലാബുകളിലായി 4300 ബാച്ചുകൾ പരിശോധനയ്ക്ക് എത്തുന്നതിൽ 3600 ബാച്ചുകൾ മാത്രമാണു പരിശോധിക്കപ്പെടുന്നത്. ഇതിൽ 15 ശതമാനവും പരാജയപ്പെടുന്നു. ഒരു ബാച്ചിൽ ശരാശരി രണ്ടു ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നു കണക്കാക്കിയാൽ നിലവാരമില്ലാത്ത 300 കോടി ഗുളികകളാണു മലയാളികൾ വർഷം കഴിച്ചുതീർക്കുന്നത്.

ഈ വർഷം ജൂലൈവരെ വിവിധ മരുന്നുകളുടെ 65 ബാച്ച് സാംപിളുകൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇവ വിപണിയിൽനിന്നു പിൻവലിക്കാൻ നിർദേശം പോയെങ്കിലും ഒന്നുപോലും അവശേഷിച്ചിട്ടില്ലെന്നാണു മറുപടി. 2013 ൽ പരിശോധനയ്ക്കെത്തിച്ച ചില മരുന്നുകളുടെ ഫലം പോലും ഇതേവരെ തയാറാക്കിയിട്ടില്ല.

സജീവമായ ഒത്തുകളി

കമ്പനിക്കാരും ചില ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിയും നടക്കുന്നു. 19,000 മെഡിക്കൽ ഷോപ്പുകളിൽനിന്നുള്ള സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കാൻ 47 ഡ്രഗ് ഇൻസ്പെക്ടർമാർ മാത്രമാണു കേരളത്തിലുള്ളത്. അതിൽ അഞ്ചുപേർ വിരമിച്ചുകഴിഞ്ഞു. സാംപിളുകൾ പരിശോധനയിൽ പരാജയപ്പെട്ടാൽ, ചില ഉദ്യോഗസ്ഥർ വിവരം അപ്പോൾത്തന്നെ കമ്പനിക്കാരെ അറിയിക്കും. ഇവയുടെ വിൽപന വേഗത്തിലാക്കുകയാണു കമ്പനികൾ ആദ്യം ചെയ്യുക. വിറ്റുതീർന്നില്ലെങ്കിൽ പൂർണമായും പിൻവലിച്ച്, മറ്റു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും. അതിനുശേഷമേ പരിശോധനാ റിപ്പോ‍ർട്ട് പുറത്തുവിടുകയുള്ളൂ.

പരിശോധന പൂർത്തിയാക്കാതെ റിപ്പോർട്ട് മടക്കുന്നതാണു മറ്റൊരു തന്ത്രം. കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ഒരു മരുന്ന് നിലവാര പരിശോധനയിൽ പരാജയപ്പെടുമെന്നായപ്പോൾ ഈ തന്ത്രമാണു ഡ്രഗ് ലാബിൽ പയറ്റിയത്. ഇതു കയ്യോടെ പിടികൂടിയതിനെത്തുടർന്നു മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചുകഴിഞ്ഞു.
നിലവാരമില്ലാത്ത മരുന്നുകൾ നിർമിക്കുന്ന കേന്ദ്രങ്ങളിൽത്തന്നെ തടയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഫാക്ടറി പരിശോധനയ്ക്കു പോകുന്ന ചില ഉദ്യോഗസ്ഥരും അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഭാഗമാകുന്നു.

ഐവി ഫ്ലൂയിഡ്: പ്രതിസന്ധി ഉണ്ടായതോ, സൃഷ്ടിക്കപ്പെട്ടതോ?

തോന്നിയപോലെ വില ഈടാക്കാൻ തുടങ്ങിയപ്പോഴാണ് ഐവി ഫ്ലൂയിഡും നിയന്ത്രിത പട്ടികയിലേക്കു കൊണ്ടുവരാൻ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ അതോറിറ്റി കഴിഞ്ഞ ജൂണിൽ തീരുമാനിച്ചത്. കേരളത്തിൽ സർക്കാർ മേഖലയിൽ മാത്രം വർഷം ആറു കോടി ഐവി ഫ്ലൂയിഡ് കുപ്പികളാണു വേണ്ടത്. ഇതിന്റെ മൂന്നിരട്ടി സ്വകാര്യ മേഖലയ്ക്കും വേണം. നിയന്ത്രിത പട്ടികയിൽ ഉൾപ്പെട്ടതോടെ പരമാവധി വിൽപനവില ശരാശരി 23 രൂപയായി. എന്നാൽ, ഡീലർ കമ്മിഷൻ, ചുമട്ടുകൂലി, ട്രക്ക് വാടക, ഇതെല്ലാം കഴിച്ചാൽ മുതലാകില്ലെന്നു ചൂണ്ടിക്കാട്ടിയ കമ്പനികൾ കേരളത്തിലേക്കുൾപ്പെടെയുള്ള വിതരണം നിർത്തുകയാണെന്നു ഭീഷണിപ്പെടുത്തി.

ഇതിനുപിന്നാലെ ഡൽഹിയിൽ ഒരു രഹസ്യയോഗം ചേർന്നു. കമ്പനികളുടെ തലപ്പത്തുള്ളവരും കേന്ദ്രത്തിലെ ചില ഉന്നതരും രണ്ടുവട്ടം കൂടിക്കണ്ടു. ചില ഡീലുകൾ നടന്നു. രണ്ടുദിവസത്തിനുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഐവി ഫ്ലൂയിഡിന്റെ 24 ഇനങ്ങൾക്കു വില വീണ്ടും വർധിപ്പിച്ചു. മൂന്നു രൂപ മുതൽ 27 രൂപ വരെ വർധിപ്പിച്ചുകൊണ്ടാണു പുതിയ വില നിശ്ചയിച്ചത്. മുൻകാല പ്രാബല്യവും നൽകി.

ഈ പ്രതിസന്ധി ചിലർ സൃഷ്ടിച്ചെടുത്തതാണോ, അതോ ജനങ്ങൾക്കു ഗുണം ചെയ്യാനുദ്ദേശിച്ച നടപടി കമ്പനികളുടെ സമ്മർദത്തിൽ പിൻവലിച്ചതാണോ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. കേരളത്തിൽ പൂട്ടിപ്പോയ ഐവി ഫ്ലൂയിഡ് ഉൽപാദന യൂണിറ്റുകൾ തുറക്കാൻ ശ്രമിക്കാത്തതെന്തെന്ന ചോദ്യവും ബാക്കി.

മരുന്നുപരീക്ഷണത്തിനായി ‘നാടകം’

പുതിയ മരുന്ന് ഇറക്കുമ്പോൾ അതു രോഗികൾക്കു നൽകുന്നതും ഫലം നിരീക്ഷിക്കുന്നതുമെല്ലാം രോഗിയുടെ സമ്മതത്തോടെ മരുന്നു കമ്പനിയുടെ പൂർണ ചെലവിലാണ്. എന്നാൽ, ഇതിനിടയിൽ മെഡിക്കൽ റെപ്പും ചില ഡോക്ടർമാരും കൈകോർക്കുന്ന സംഭവങ്ങൾ പലത്. നാടകം ഇങ്ങനെ: ‘‘പുതിയ മരുന്നുണ്ട്. ഏറ്റവും നല്ലതാണ്. വാങ്ങിക്കൊണ്ടുവരൂ’ എന്നു ഡോക്ടർ പറയും, കുറിപ്പടിയും കൊടുക്കും.

പാവം ജനം മരുന്നു തപ്പി വലയും. കിട്ടിയില്ലെന്ന് അറിയിക്കും. ചിന്താമഗ്നനാകുന്ന ഡോക്ടർ, മരുന്നു കമ്പനിയിലേക്കൊന്നു വിളിച്ചു നോക്കട്ടെ എന്നറിയിക്കും. ‘ഹോ, ആ മരുന്നു കിട്ടിയെങ്കിൽ എത്ര നന്നായേനേ...’ എന്ന് ആത്മഗതവും നടത്തും. രോഗി അപ്പോൾ മനസ്സിൽ കുറിക്കും, എന്തു നല്ല ഡോക്ടർ! അപ്പോഴതാ ഡോക്ടർ വീണ്ടും ഇടപെടുന്നു, ‘‘വളരെ വിലയുള്ള മരുന്നാണ്. ഞാൻ പക്ഷേ സംസാരിച്ചു വില അൽപം കുറച്ചിട്ടുണ്ട്. എന്റെ ബന്ധുവാണെന്നാണു പറഞ്ഞിട്ടുള്ളത്. രോഗം എങ്ങനെയെങ്കിലും മാറട്ടെ, അതല്ലേ വേണ്ടത്,’’ രോഗിയും ബന്ധുക്കളും ഫ്ലാറ്റ്!

പിന്നീടു ഡോക്ടർ നൽകുന്ന നമ്പരിൽ മെഡിക്കൽ റെപ്പിനെ വിളിക്കുമ്പോൾ അയാൾ പറയുന്നു, നിങ്ങൾ ഡോക്ടറുടെ ബന്ധുവായതുകൊണ്ടു മാത്രം വില കുറച്ചു തരാം. ചാരിറ്റിയിൽ പെടുത്തിയാണു തരുന്നത്, അതിനു ചില ഫോമുകൾ ഒപ്പിടണം. ബന്ധുക്കൾ എവിടെയും ഒപ്പിടാൻ തയാർ. പാവങ്ങൾക്കറിയില്ലല്ലോ, ഈ മരുന്നു പരീക്ഷിക്കാൻ സമ്മതമാണെന്ന ഫോമിലാണ് ഒപ്പിട്ടു കൊടുക്കുന്നതെന്ന്. അവർക്കറിയില്ലല്ലോ പൂർണമായും സൗജന്യമായ മരുന്നാണു കാശു കൊടുത്തു വാങ്ങുന്നതെന്ന് !

സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളുടെ എണ്ണം ദിനംപ്രതിയെന്നോണം വർധിക്കുന്നു. പക്ഷേ, രോഗങ്ങളും രോഗികളും കൂടിവരുന്നു. നാടിനെ രോഗാതുരമാക്കാൻ ആരാണ് ശ്രമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം. മനുഷ്യജീവൻ ലാഭനഷ്ടങ്ങളിലെ കരു മാത്രമായി ചുരുങ്ങുന്നതു ഞങ്ങൾ നേരിട്ട് കണ്ടു. അതേക്കുറിച്ചു നാളെ

Your Rating: