Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്രയമില്ലാതെ പാവം ജനം; രോഗികൾ വിൽപനയ്ക്കും!

medial-cartoon

ഓട്ടോറിക്ഷ ഡ്രൈവറാണ് രാജു. ഒരു മാസം മുൻപു നമ്മുടെ നാട്ടിലെ ചികിൽസാ കേന്ദ്രങ്ങൾ വഴി രാജു, മരണത്തോളം ഒരു സവാരി പോയി. ആ ദിവസത്തെ രാജു ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: രാവിലെ ഓട്ടോയുമായി ഇറങ്ങിയതാണ്. സവാരിക്കിടെ ചെറിയ നെഞ്ചുവേദന. സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി.

നെഞ്ചുവേദനയെന്നു കേട്ടപാടെ ഡോക്ടർ താലൂക്ക് ആശുപത്രിയിലേക്കു പോകാൻ നിർദേശിച്ചു. അപ്പോഴേക്കും വേദന പിടിവിട്ടു തുടങ്ങിയിരുന്നു. നെഞ്ചു വേദനയാണെന്ന് അറിഞ്ഞതും താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പൊട്ടിത്തെറിച്ചു: ‘‘താലൂക്ക് ആശുപത്രിയിലേക്കു വരാൻ ആരു പറഞ്ഞു. സമയം കളയാതെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകൂ.’’

ജില്ലാ ആശുപത്രിയിലേക്ക് 21 കിലോമീറ്റർ. ഓട്ടോയിൽ പരമാവധി വേഗത്തിൽ പോയിട്ടും ആശുപത്രിയിലെത്താൻ 45 മിനിറ്റെടുത്തു. വേഗം അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. ഡോക്ടർ പരിശോധിക്കാനെത്തി. താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പു കണ്ടതോടെ ഡോക്ടർ പരിശോധിക്കാൻ ഉയർത്തിയ കൈ താഴ്ത്തി.

കൊണ്ടുവന്ന സുഹൃത്തുക്കളെ ദഹിപ്പിക്കുന്ന നോട്ടത്തോടെ ഡോക്ടർ ചോദിച്ചു: ‘‘രോഗി ഇത്ര സീരിയസായി നിലവിളിക്കുമ്പോൾ ഇയാളെയും കൊണ്ടു നാടു ചുറ്റുകയാണോ? എത്രയും വേഗം ചികിൽസ ലഭിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന ബോധം പോലും നിങ്ങൾക്കില്ലേ?’’ ഇത്രയും പറഞ്ഞ ഡോക്ടർ പേപ്പറെടുത്ത് എഴുതി എമർജൻസി, റഫേർഡ് ടു മെഡിക്കൽ കോളജ്. മെഡിക്കൽ കോളജിൽ കൊണ്ടുപൊയ്ക്കൊള്ളാൻ. ആരും ഡോക്ടറോടു തർക്കിക്കാൻ നിന്നില്ല. അവർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരിച്ചു. യാത്രയ്ക്കിടെ പലതവണ രാജുവിന്റെ ബോധം മറഞ്ഞു. ശരീരം തണുത്തു.

ഒരു മണിക്കൂറെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിലെത്താൻ. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പരിശോധിച്ചു. സിടി സ്കാൻ ചെയ്തു. രക്തം കട്ട പിടിക്കാതിരിക്കാൻ മരുന്നു നൽകി. രാജുവിനെ ജീവിതത്തിലേക്കു റിട്ടേൺ വിളിക്കാൻ ഡോക്ടർമാർ കഷ്ടപ്പെട്ടു. നെഞ്ചുവേദനയുണ്ടാകുന്ന രോഗിയുടെ ആദ്യ മണിക്കൂറുകളെ സുവർണമണിക്കൂറുകൾ എന്നാണു വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. ഈ ഗോൾഡൻ അവറിൽ രോഗിക്കു ചികിൽസ നൽകാനാവണം. വൈകുന്ന ഓരോ നിമിഷവും രോഗിയുടെ ജീവൻ അപകടത്തിലാക്കും.

സുവർണ മണിക്കൂറിന്റെ അവസാന നിമിഷത്തിലെപ്പോഴോ ആണ് രാജു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അല്ലായിരുന്നെങ്കിൽ ഇന്ന് ഈ കഥ പറയാൻ രാജു ഉണ്ടാകുമായിരുന്നില്ല. റിസ്ക് ഒഴിവാക്കാൻ ഡോക്ടർമാർ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ രോഗികളുടെ അവസ്ഥയെന്താകും? പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ ഇങ്ങനെ രോഗികളെ പന്തുതട്ടുകയാണെങ്കിൽ എന്തു സാമൂഹികസുരക്ഷയാണ് ഇവിടെയുള്ളത്?

ചികിൽസ നൽകാത്ത ആരോഗ്യകേന്ദ്രങ്ങൾ

രാജുവിനെ ആദ്യം എത്തിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഞങ്ങൾ പോയി. അവിടെ ആസ്പിരിൻ, കൊളസ്ട്രോളിനുള്ള ഗുളിക അടക്കം മരുന്നുകളുണ്ട്. നെഞ്ചുവേദനയുമായി വരുന്ന രോഗിക്ക് 300 മില്ലി ഗ്രാം ആസ്പിരിൻ നൽകിയാൽ രക്തം കട്ടയാകാതിരിക്കും.

പ്രഥമ ശുശ്രൂഷയുടെ ഭാഗമായി കൊളസ്ട്രോളിനുള്ള മരുന്ന് 80 മില്ലിഗ്രാമും നൽകാം. തുടക്കത്തിൽ ഇവ രണ്ടും നൽകിയാൽ അപകട സാധ്യത നേർപകുതിയായി കുറയ്ക്കാം. എന്നാൽ, രാജുവിന്റെ കാര്യത്തിൽ ഇതു രണ്ടും നടന്നില്ല. താലൂക്ക് ആശുപത്രിയിലെ സൗകര്യവും ഞങ്ങൾ മനസ്സിലാക്കി. ഇവിടെ സിടി സ്കാൻ അടക്കമുണ്ട്. ഇവിടെ പ്രഥമ ശുശ്രൂഷയും സിടി സ്കാനിങ്ങും നടത്താമായിരുന്നു. അവിടെയും രാജു പുറത്താക്കപ്പെട്ടു.

ജില്ലാ ആശുപത്രിയിൽ നെഞ്ചുവേദന ചികിൽസിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ, രോഗിയുടെ നില ഗുരുതരമാണെന്നു കണ്ടാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തട്ടിയത്. എന്തുകൊണ്ടാണു ഡോക്ടർമാർ ഇത്തരത്തിൽ പെരുമാറിയതെന്ന് അന്വേഷിച്ചപ്പോൾ, രോഗി രക്ഷപ്പെടുന്നതിനേക്കാൾ സ്വയം രക്ഷപ്പെടാനുള്ള ഡോക്ടർമാരുടെ വ്യഗ്രതയാണ് മനസ്സിലായത്. ചികിൽസാപ്പിഴവെന്നു പറഞ്ഞു കയ്യേറ്റം ചെയ്യുന്ന സംഭവങ്ങളാണ് ഇതിനു കാരണമെന്നു ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

തോന്നിയപോലെ പിഎച്ച്സികൾ

ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ സ്വയം തീരുമാനിക്കുന്ന ജോലിസമയമാണ്. ആഴ്ചയിൽ മൂന്നു ദിവസം, ചിലർക്കു നാലു ദിവസം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ എത്തേണ്ടത് ഇങ്ങനെയാണെന്ന ധാരണയിലാണു പൊതുജനങ്ങളും. ചൊവ്വാഴ്ച ഡോക്ടറുള്ള ദിവസമല്ലെന്നും തിങ്കൾ ബുധൻ, വെള്ളിയാണ് ഡോക്ടറുള്ള ദിവസമെന്നുമാണു മലബാറിലെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഞങ്ങൾക്കു ലഭിച്ച മറുപടി.

ഇതേക്കുറിച്ച് ഔദ്യോഗികമായി അന്വേഷിച്ചപ്പോൾ ആഴ്ചയിൽ ആറു ദിവസം ഡോക്ടർ ജോലി ചെയ്യണമെന്നും ഏഴാം ദിവസം ഓഫ് എടുക്കാമെന്നും അറിയാൻ കഴിഞ്ഞു. രണ്ടും മൂന്നും ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഡോക്ടർമാർക്ക് ദിവസം നിശ്ചയിച്ച് ആരോഗ്യ കേന്ദ്രങ്ങളിൽ പോകാം, മറ്റുള്ളവർ എല്ലാ ദിവസവും രോഗികളെ പരിശോധിക്കണമെന്നാണ് നിയമം. ഞായറാഴ്ച അവധിയായിരിക്കണമെന്നു നിർബന്ധവുമില്ല. ആറു ദിവസം ജോലി ചെയ്താൽ ഏഴാം ദിവസം ഏതാണോ അന്ന് ഓഫ് എടുക്കാം.

സ്പെഷലിസ്റ്റുകൾ മാത്രം പോരാ നമുക്ക്

നെഞ്ചിൽ പഴുപ്പും ശ്വാസകോശത്തിൽ ന്യുമോണിയയുടെ തുടക്കവുമായാണു ക്ലീറ്റസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. നെഞ്ചിൽ പഴുപ്പു കെട്ടിക്കിടക്കുന്ന സിടി സ്കാൻ ജനറൽ മെഡിസിനിൽ കാണിച്ചു. റിപ്പോർട്ട് വായിച്ചു നോക്കിയ ഡോക്ടർ ആദ്യം റെസ്പിരേറ്ററി മെഡിസിൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടി.

പഴുപ്പ് കഴുത്തിന്റെ ഭാഗത്തായതിനാൽ ഇഎൻടിയെ കാണിക്കാൻ ഡോക്ടർ നിർദേശിച്ചു. ക്ലീറ്റസ് ഇഎൻടിയെ കാണാനുള്ള ഒപി ടിക്കറ്റ് എടുത്തു. പരിശോധിച്ച ഇഎൻടി ഡോക്ടർ അസുഖം ശ്വാസകോശവുമായി ബന്ധപ്പെട്ടതാണെന്നും റെസ്പിരേറ്ററി മെഡിസിനിൽ കാണിക്കണമെന്നും പറഞ്ഞു. ആദ്യം ഉപദേശം തേടിയ റെസ്പിരേറ്ററി ഡോക്ടറെ കാണാൻ ഒപി ടിക്കറ്റ് എടുത്തു.

റെസ്പിരേറ്ററി മെഡിസിൻ ഡോക്ടർ കണ്ടപ്പോൾ തന്നെ ഇഎൻടിക്കു മറുകുറിപ്പെഴുതി. റെസ്പിരേറ്ററി മെഡിസിനിലേക്കു റഫർ ചെയ്തതിനെ പരിഹസിച്ചു കൊണ്ടായിരുന്നു കുറിപ്പ്. ഈ കുറിപ്പും ഒപി ടിക്കറ്റുമായി വീണ്ടും ഇഎൻടിയിലെത്തി. ഇനി റെസ്പിരേറ്ററി മെഡിസിനിലേക്കു പോകേണ്ടെന്നും കമ്യൂണിറ്റി മെഡിസിനിൽ പോകാനും നിർദേശം ലഭിച്ചു. വീണ്ടും ഒപി ടിക്കറ്റെടുത്തു കമ്യൂണിറ്റി മെഡിസിനിൽ എത്തി. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ മെഡിസിൻ വിഭാഗത്തിലേക്കു വിട്ടു. പരിശോധിച്ച ഡോക്ടർ അസുഖമില്ലെന്നും വീട്ടിൽ പൊയ്ക്കൊള്ളാനും പറഞ്ഞു. വൈകുന്നേരം ആശുപത്രി വിടുമ്പോഴേക്കും ക്ലീറ്റസ് അവശനായിരുന്നു. കയ്യിൽ ഒരു കെട്ട് ഒപി ടിക്കറ്റും.

പരിശോധിച്ച ഡോക്ടർമാരിൽ ഒരാൾ പാരസെറ്റമോൾ എഴുതി. മറ്റുള്ളവർ മരുന്നു പോലും എഴുതിയില്ല. അതേസമയം, ക്ലീറ്റസിന്റെ കയ്യിലെ മെഡിക്കൽ റിപ്പോർട്ടിൽ പ്രധാന രക്തക്കുഴലിനോടു ചേർന്നു പഴുപ്പുണ്ടെന്നും അപകടകരമാണെന്നും എഴുതിയിട്ടുമുണ്ട്. ഇത്രയൊക്കെ കഴിഞ്ഞു ക്ലീറ്റസ് വീട്ടിലേക്കു മടങ്ങി. രോഗം മൂർച്ഛിച്ചതിനെ തുടർന്നു കുറച്ചു ദിവസം മുൻപു വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായി. ഇപ്പോഴും ചികിൽസയിലാണ്.

സർക്കാർ ആശുപത്രിയിൽ രോഗികളെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിവിടുന്നതിന്റെ ഉദാഹരണം മാത്രമല്ല ഇത്. എല്ലാ ഡോക്ടർമാരും സ്പെഷലിസ്റ്റുകളാകുമ്പോൾ യഥാർഥ രോഗം കണ്ടുപിടിക്കപ്പെടുകയോ ചികിൽസ ലഭിക്കുകയോ ചെയ്യുന്നില്ല എന്നതിന്റെ കൂടി ഉദാഹരണമാണ്. ഓരോ സ്പെഷലിസ്റ്റും അവരുടെ ഭാഗം മാത്രം നോക്കുകയും രോഗിയെ ഒഴിവാക്കുകയും ചെയ്യുന്നു.

ഓങ്കോളജി സർജന്മാരില്ലാത്ത മെഡിക്കൽ കോളജുകൾ

കാൻസറിനെതിരെ ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും ജൈവകൃഷിയുമൊക്കെ നടത്തുന്ന കേരളത്തിൽ സർക്കാർ ആശുപത്രികളിൽ കാൻസർ സർജന്മാരില്ല. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) ഒഴികെ ഒരിടത്തും ഓങ്കോളജി സർജന്മാരില്ല. സാധാരണ സർജന്മാരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ സർജറി നടത്തുന്നത്.
സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള ഓങ്കോളജി സർജന്മാരുണ്ടെങ്കിലും അവസരമില്ലാത്തതിനാൽ അവർ സ്വകാര്യ ആശുപത്രികളിലാണു സേവനം ചെയ്യുന്നത്.

രോഗികൾ വിൽപനയ്ക്ക് !

കേരളത്തിൽ രോഗികൾ വിൽക്കപ്പെടുന്നുണ്ട്! പ്രമേഹം മുതൽ വൃക്കരോഗം വരെ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ട രോഗമുണ്ടോ? അതാണു വിൽക്കപ്പെടാൻ വേണ്ട കുറഞ്ഞ യോഗ്യത. ആശുപത്രിയിലും സ്വകാര്യ ക്ലിനിക്കിലുമായി 100 രോഗികൾ കയ്യിലുള്ളൊരു ഡോക്ടർ. ഇവർക്കു പതിവായി എഴുതുന്ന മരുന്ന് ഒരു കമ്പനിയുടേതാകും. ഇതു മാറ്റിക്കിട്ടാൻവേണ്ടി കാത്തിരിക്കുന്ന വേറെ കമ്പനി പ്രതിനിധികളുണ്ടാകും.

100 രോഗികളെ തങ്ങളുടെ മരുന്നിലേക്കു കിട്ടിയാൽ അതിനു നിശ്ചിത തുക നൽകും. എല്ലാവരുമല്ല, ചിലരെങ്കിലും ഇങ്ങനൊരു കച്ചവടസാധ്യത ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ മരുന്നുപോരാ, ഇനിയൊന്നു മാറ്റിക്കഴിക്കണം എന്നൊരു വാക്കിൽ, കുറിപ്പിൽ രോഗികൾ അവർ പോലുമറിയാതെ വിൽക്കപ്പെടുന്നു.

ചികിൽസ നിഷേധിക്കപ്പെടുമ്പോൾ, മനുഷ്യജീവനു വില കൽപിക്കപ്പെടാതിരിക്കുമ്പോൾ, ചില ആശുപത്രികളുടെയും ഡോക്ടർമാരുടെയും തട്ടിപ്പുകൾക്ക് ഇരയാക്കപ്പെടുമ്പോൾ അറിയുക; രോഗികൾക്കുമുണ്ട് ചില അവകാശങ്ങൾ. അതേക്കുറിച്ചു നാളെ

Your Rating: