Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന്റെ മേൽ മദ്യത്തിന്റെ അധിനിവേശം

assembly

കള്ളു നിവേദ്യമായി സ്വീകരിക്കുന്ന പറശ്ശിനിക്കടവു മുത്തപ്പനു വേണ്ടി മന്ത്രി ഇ.പി. ജയരാജൻ സഭയ്ക്കുള്ളിൽ പടവെട്ടുമ്പോൾ കന്റീനിൽ പച്ചിലസദ്യ തകർക്കുകയായിരുന്നു. ചേർച്ചയില്ലാത്ത രണ്ടിനെയും ചേർത്തു ചൊല്ലുമ്പോൾ അലങ്കാരം വിഷമമാകുന്നതുപോലെ ദേവസ്വം ബോർഡ് റിക്രൂട്മെന്റ്(ഭേദഗതി)ബില്ലിന്റെ ചർച്ചയിൽ സർക്കാർ അൽപ്പം വിഷമത്തിലായി. മദ്യവ്യാപാരവുമായി ബന്ധപ്പെട്ടവർക്കു ബോർഡിൽ അംഗമാകുന്നതിനുള്ള വിലക്കു നീക്കുന്നതു സംബന്ധിച്ച ഭേദഗതിയാണു ചർച്ചയെ പറശ്ശിനിക്കടവിലേക്കും അവിടത്തെ മുത്തപ്പൻ മടപ്പുരയിലേക്കും നയിച്ചത്.

കള്ളു നിവേദ്യമായ മടപ്പുരയിലെ സ്ഥാനികർക്കു ബോർഡിൽ അംഗമാകാൻ പാടില്ലേ എന്നാണു ജയരാജന്റെ ചോദ്യം. തികച്ചും ന്യായം തന്നെ. ആരാധനാക്രമവും ബോർഡും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നു പറഞ്ഞു തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിരോധം തീർത്തു. ബഹുമാന്യനായ കോൺഗ്രസ് നേതാവ് എം.പി.ഗോവിന്ദൻ നായർ പ്രസിഡന്റ് ആയ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മദ്യക്കച്ചവടക്കാരനെ യുഡിഎഫ് സർക്കാർ അംഗമാക്കിയില്ലേ എന്ന മന്ത്രി കടകംപള്ളിയുടെ ചോദ്യത്തിനു തിരുവഞ്ചൂർ നേരിട്ട് ഉത്തരം നൽകിയില്ല. എന്നാൽ ദൈവത്തിന്റെ മേൽ മദ്യത്തിന്റെ അധിനിവേശം വേണ്ടെന്ന പക്ഷക്കാരനാണു തിരുവഞ്ചൂർ.

അരുവിത്തുറ പള്ളിയിലെ കപ്യാരെ തീരുമാനിക്കുന്നതു പള്ളിക്കമ്മിറ്റിയാണെങ്കിൽ പിന്നെ ദേവസ്വം നിയമനം പിഎസ്‌സിക്കു വിടുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും പി.സി. ജോർജിനു പിടികിട്ടുന്നില്ല. ശാന്തിക്കാർക്ക് അർഹമായ ബഹുമാനവും പ്രമോഷനും ലഭ്യമാക്കണമെന്നു വാദിക്കാൻ അയിഷ പോറ്റി തന്നെ വേണ്ടിവന്നു. ആർക്കു വേണമെങ്കിലും എന്തും ചോദിക്കാം. അതു കിട്ടിയിരിക്കും. അമ്പിളിമാമ്മനെ പിടിച്ചു കൊടുക്കണമെന്നു പറഞ്ഞാൽ മന്ത്രി തോമസ് ഐസക് തയാർ. കിഫ്ബി ഭേദഗതി ബില്ലിന്റെ ചർച്ചയിലാണു മന്ത്രി ഔദാര്യനിധിയായത്.

അഞ്ചു കൊല്ലം കഴിയുമ്പോൾ കേരളം എങ്ങനെയിരിക്കുമെന്നു സ്വപ്നം കാണാൻ പോലും സാധ്യമല്ലെന്നാണ് ഐസക് പറയുന്നത്. ഇപ്പോഴത്തെ കേരളത്തിന്റെ ഒരു മിനിയേച്ചർ മാതൃക മ്യൂസിയത്തിൽ സൂക്ഷിക്കുന്നതു നന്നായിരിക്കും–അഞ്ചു കൊല്ലം കഴിഞ്ഞാൽ പണ്ടത്തെ കേരളം എങ്ങനെയായിരുന്നു എന്നു കുട്ടികൾ ചോദിക്കുമ്പോൾ കാണിച്ചു കൊടുക്കാൻ. ബില്ലിനു കെ.എം.മാണിയും വി.ഡി.സതീശനും അവതരിപ്പിച്ച തടസ്സവാദങ്ങൾ ഐസക് നിഷ്കരുണം തള്ളി. ഡെറ്റ് സസ്റ്റെയ്നബിലിറ്റി, ഡൊമർ സൂത്രവാക്യം തുടങ്ങിയ തട്ടുതകർപ്പൻ വാക്കുകളുടെ സഹായത്തോടെ ആയിരുന്നു ഇത്.

സ്വാശ്രയ കോളജുകളിലെ ഫീസ് വർധനയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടിയതു വി.എസ്.ശിവകുമാറാണ്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു നടുത്തളത്തിൽ കുത്തിയിരുന്നു. പ്രത്യേക ബ്ലോക് ആയി മാറിയ കേരള കോൺഗ്രസ്(എം)അപ്പോൾ വേറിട്ട ശബ്ദം കേൾപ്പിച്ച് ഇറങ്ങിപ്പോയി. 40 മിനിറ്റ് സഭ നിർത്തിയ്ക്കേണ്ടി വന്നു. സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെയാണു സഭ തുടർന്നത്.

വിദ്യാഭ്യാസ വായ്പ എടുത്തവരോടു ബാങ്കുകൾ കാണിക്കുന്ന ക്രൂരത വിവരിച്ചപ്പോൾ പി.സി. ജോർജ് ശൈലീവല്ലഭനായി. അളമുട്ടിയാൽ പാമ്പും കടിക്കുമെന്നാണ് അദ്ദേഹത്തിന്റെ തനതുശൈലി. മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി ജോർജിന്റെ ശൈലി ‘അള മുട്ടിയാൽ ചേരയും കടിക്കും’ എന്നു തിരുത്തി. എന്നാൽ ഈ ചേര കടിക്കാൻ വരേണ്ട എന്നു നിയമപ്രകാരമുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു കാര്യവും വെറുതെ സൂചിപ്പിക്കാറില്ല. എല്ലാം ഭംഗ്യന്തരേണ മാത്രം സൂചിപ്പിക്കണമെന്ന പിടിവാശിക്കാരനാണ് അദ്ദേഹം. ഇങ്ങനെ പോയാൽ ഭംഗ്യന്തരേണ രാധാകൃഷ്ണൻ എന്ന് ആരെങ്കിലും വിളിക്കുന്ന കാലം അതിവിദൂരമല്ല.

ഇന്നലെ സഭയിൽ നിറഞ്ഞു നിന്നതു വി.ഡി.സതീശനാണ്. ചോദ്യം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, രണ്ടു ബില്ലുകളുടെയും ചർച്ച. എല്ലാറ്റിനും സാന്നിധ്യം അറിയിച്ചു സതീശൻ നിറഞ്ഞുനിന്നു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ കൂടി അവസരം കിട്ടിയിരുന്നെങ്കിൽ അത് അപൂർവങ്ങളിൽ അപൂർവമായ റെക്കോർഡ് ആകുമായിരുന്നു. എന്നാൽ എന്തുകൊണ്ടോ ആ റെക്കോർഡ് കയ്യെത്തും ദൂരത്തു നിന്നു വഴുതിപ്പോയി.

∙ ഇന്നത്തെ വാചകം

ബിൽ അവതരിപ്പിച്ച മന്ത്രി തന്നെ ഇരുന്നു ബഹളം വച്ചാൽ എന്തു ചെയ്യും? തകിലു കൊട്ടെന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇരുന്നുകൊണ്ടു തകിലു കൊട്ടുന്നത് ആദ്യമായി കാണുകയാണ്. - തിരുവഞ്ചൂർ രാധാകൃഷ്ണൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.