Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗീരഥ, ധർമപുത്ര വിചാരങ്ങളും ഒരു ഗീതോപദേശവും

niyamasabha-thiruva

ഭാരിച്ച ഉത്തരവാദിത്തമാണു മുല്ലക്കര രത്നാകരൻ മന്ത്രി മാത്യു ടി. തോമസിന്റെ തലയിൽ അടിച്ചേൽപിച്ചത്. കേരളത്തിനു നഷ്ടപ്പെട്ട ജലം വീണ്ടെടുക്കാൻ ഭഗീരഥ പ്രയത്നം വേണമെന്നും മന്ത്രി ഭഗീരഥനാകണമെന്നുമാണു മുല്ലക്കരയുടെ കൽപന. കല്ലേപ്പിളർക്കുന്ന കൽപനയാണ്. അതു ശിരസ്സാ വഹിക്കാൻ മന്ത്രി തുനിഞ്ഞാൽ കുറച്ചു കഷ്ടപ്പെടേണ്ടിവരും.

ഗംഗയെ ഭൂമിയിൽ കൊണ്ടുവരാൻ ആയിരത്താണ്ടുകളാണു ഭഗീരഥൻ തപം ചെയ്തത്. അക്കണക്കിനു നോക്കിയാൽ ആയിരത്താണ്ടുകൾ മന്ത്രിയായിരിക്കാനുള്ള ആശംസയാണു മുല്ലക്കര മാത്യു ടി. തോമസിനു നൽകിയതെന്നും വ്യാഖ്യാനിക്കാം.

മുല്ലക്കരയ്ക്കു കാര്യങ്ങളെല്ലാം കറുപ്പും വെളുപ്പുമാണ്. എൽഡിഎഫ് ശുദ്ധജലമെങ്കിൽ യുഡിഎഫ് മലിനജലം. പ്രകൃതിപക്ഷ, ജലപക്ഷ, ജനപക്ഷ വികസനം വേണമെന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രിക്കു മാത്രമല്ല, പ്രതിപക്ഷത്തിനും മുല്ലക്കര വക ഫ്രീ ഉപദേശം കിട്ടി. പ്രതിപക്ഷം ധർമപുത്രരെപ്പോലെ ക്ഷമ കാട്ടണമത്രെ. ഇ. പി. ജയരാജനെ പ്രതിപക്ഷം വിമർശിച്ചതാണു പ്രകോപനം.

യുഡിഎഫുകാരെല്ലാം ധർമപുത്രരെപ്പോലെ ക്ഷമയുള്ളവരാണെന്നതിൽ അൻവർ സാദത്തിനു തെല്ലുമേ സംശയമില്ല. പക്ഷേ വടി കയ്യിൽ കിട്ടിയാൽ അടിക്കാതിരിക്കുന്നതെങ്ങനെ? അടിച്ചില്ലെങ്കിൽ ജനം തങ്ങളെ അടിക്കുമെന്നതിനാലാണു ജയരാജനെ അടിച്ചതെന്നാണ് അൻവർ സാദത്തിന്റെ ന്യായീകരണം.

എന്നാൽ അടിക്കാൻ മാത്രം വലിയ തെറ്റൊന്നും ജയരാജൻ ചെയ്തില്ലെന്നാണു കാരാട്ട് റസാഖ് പറയുന്നത്. ഒരു മന്ത്രി മാത്രമാണോ വഴിവിട്ട നിയമനം നടത്തിയതെന്ന അദ്ദേഹത്തിന്റെ ചോദ്യം സെൽഫ് ഗോളായി. ഇസ്‌ലാമിക കാഴ്ചപ്പാടിൽ ഏറ്റവും കൂടുതൽ സഹായിക്കേണ്ടതു കുടുംബക്കാരെയും അതു കഴിഞ്ഞാൽ അയൽക്കാരെയും ആണത്രെ. ഇതൊന്നും മനസ്സിലാക്കാതെയാണു മുസ്‌ലിം ലീഗ് ഇന്നലെ സഭയിൽനിന്ന് ഇറങ്ങിപ്പോയതെന്നാണു റസാഖിന്റെ ആക്ഷേപം.

ജയരാജന്റെ കുടുംബത്തിന്റെ ബി 1, ബി 2 നിലവറകളൊന്നും വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ തുറക്കേണ്ടെന്നാണ് എം. ഉമ്മറിന്റെ പക്ഷം. അർജുനനു പ്രതിസന്ധി വന്നപ്പോൾ ഗീതോപദേശം ലഭിച്ചപോലെ അർജുനന്റെ മറ്റൊരു പേരുകാരനായ വിജയനു ഗീതോപദേശം ഹാർവഡിൽനിന്നാണു ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിലെപ്പോലെ സഭയിൽ റീടേക് ഇല്ലെന്നു മുകേഷ് ഓർത്താൽ നന്നായിരിക്കും. മൃതാവസ്ഥയെ മൃദുഅവസ്ഥയെന്നും ലാഭകരത്തെ മാരകമെന്നുമാണ് അദ്ദേഹത്തിന്റെ നാക്കിൽ വിളയാടിയ വികട സരസ്വതി ഉച്ചരിച്ചത്. പൂർത്തിയാക്കാത്ത പണികൾ തോൽവി മുന്നിൽ കണ്ടു നാടിനു സമർപ്പിക്കുന്ന അദ്ഭുതവിദ്യയാണു യുഡിഎഫ് ഭരണത്തിൽ നടന്നതെന്നു വി. കെ. സി. മമ്മത്കോയ പരിഹസിച്ചു.

ഒടുവിൽ അതു സംഭവിച്ചു. രണ്ടു തവണ മാറ്റിവച്ച കെ. എം. മാണിയുടെ അടിയന്തര പ്രമേയ നോട്ടിസ് പരിഗണനയ്ക്കു വന്നു. യുഡിഎഫിന്റെയും പ്രത്യേക ബ്ലോക്കിന്റെയും പി. സി. ജോർജിന്റെയും ഇറങ്ങിപ്പോക്കല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നു മാത്രം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റേഞ്ച് ചില്ലറയല്ല. ജനിതകമാറ്റത്തെക്കുറിച്ചു തുടക്കം മുതലേ ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം.

ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചു ശക്തമായ നിവേദനം പ്രധാനമന്ത്രിക്കു നൽകിയിട്ടുമുണ്ട്. ഇതെല്ലാം അദ്ദേഹംതന്നെയാണു വെളിപ്പെടുത്തിയത്. തമിഴ്നാടിനു സൗജന്യമായി നൽകാൻ മാത്രം വെള്ളം കേരളത്തിനില്ലെന്ന് ഓർമിപ്പിച്ചതു കെ. കൃഷ്ണൻകുട്ടിയാണ്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം മുല്ലപ്പെരിയാർ വെള്ളത്തിനു മാത്രം തമിഴ്നാട്ടിൽനിന്നു പ്രതിവർഷം 205 കോടി രൂപ കിട്ടണം.

അടിയന്തരമായി ജലസാക്ഷരതാ യജ്ഞം തുടങ്ങണമെന്നാണ് എൻ. ജയരാജിന്റെ നിർദേശം. ശുദ്ധജലം തന്നാലേ വോട്ട് ചെയ്യൂ എന്നു പറഞ്ഞ വീട്ടമ്മയോട് അങ്ങനെയെങ്കിൽ നിങ്ങളുടെ വോട്ട് വേണ്ടെന്നു പറഞ്ഞ യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചു വീണാ ജോർജ് പേരു പറയാതെ പറഞ്ഞു. അടുത്ത സമ്മേളനക്കാലത്തു നിയമസഭയിൽ നടക്കാൻ പോകുന്ന ഒരു സത്യഗ്രഹം എൻ. എ. നെല്ലിക്കുന്ന് ഇന്നലെ പ്രഖ്യാപിച്ചു. കാസർകോട്ടെ ജലക്ഷാമം പരിഹരിക്കണമെന്നതാണു ഡിമാൻഡ്. സൂക്ഷിക്കണം. അന്തംവിട്ട പ്രതിയാണ്. എന്തും ചെയ്തുകളയും!

ഇന്നത്തെ വാചകം

രാഷ്ട്രീയ കക്ഷികൾക്കു യാത്രയും ജാഥയും തുടങ്ങാൻ മാത്രമുള്ള സ്ഥലമല്ല കാസർകോട്. അവിടെയും വികസനം വേണം.
എൻ. എ. നെല്ലിക്കുന്ന്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.