Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായചർച്ചയും ഒരു ജീവശാസ്ത്ര മഹാദ്ഭുതവും

kerala-assembly

യുഡിഎഫും കെ.എം. മാണിയും തമ്മിൽ ഇപ്പോഴും ‘അവിഹിതബന്ധം’ ഉണ്ടെന്നാണു പി.സി. ജോർജ് പറയുന്നത്. അതുകൊണ്ടാണത്രേ യുഡിഎഫ് സഭ ബഹിഷ്കരിക്കുംമുമ്പു മാണി ചാടിയോടിപ്പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഡിവോഴ്സ് കഴിഞ്ഞശേഷം രാത്രി ‘ഒളിച്ചുകച്ചവടം’ നടത്തുന്നതു ശരിയാണോ എന്നാണു ജോർജിന്റെ സംശയം. ആരും മറുപടി പറയാതിരുന്നതിനാൽ ജോർജിന്റെ സംശയം സംശയമായിത്തന്നെ തുടരും.

രണ്ടു പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ നടത്തുന്ന നിരാഹാരസമരം ആറു ദിവസം പിന്നിട്ടെങ്കിലും ഒത്തുതീർപ്പിനു കളമൊരുങ്ങിയിട്ടില്ല. സമരം നടന്നോട്ടെ എന്നതാണു സർക്കാരിന്റെ മനോഭാവം. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പതിവുപോലെ ചർച്ച നടത്തുന്നുണ്ട്. ചർച്ച വിളിക്കാൻ തനിക്കും വിരോധമില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. എന്നാൽ, പ്രതിപക്ഷത്തിനു സൂചികുത്താൻ പോലും ഇടംനൽകില്ലെന്ന നിലപാടിലുമാണ് അദ്ദേഹം. അതുകൊണ്ടു ചർച്ച നടന്നാലും ചായ കുടിച്ചു പിരിയുന്നതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂലം ഇന്നലെ ചോദ്യോത്തര വേളതന്നെ ഉപേക്ഷിക്കേണ്ടി വന്നു. സ്പീക്കർ വിളിച്ചുചേർത്ത ചർച്ചയിൽ ഇരുപക്ഷവും അമ്പിനും വില്ലിനും അടുക്കാത്തതിനാൽ പ്രതിപക്ഷത്തിനു സഭ ബഹിഷ്കരിക്കുകയല്ലാതെ ഗത്യന്തരമില്ലെന്നായി.

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭാനടപടികൾ തട്ടുംതടവുമില്ലാതെ മുന്നേറിയപ്പോൾ പിണറായിപൂജ നടത്തിയാണു മിക്ക സിപിഎം അംഗങ്ങളും കൃതാർഥരായത്. പിണറായി വിജയനു ചങ്കും കരളും ഒന്നിൽ കൂടുതൽ ഉണ്ടെന്നാണു മിക്ക സിപിഎം അംഗങ്ങളുടെയും ആത്മാർഥമായ വിശ്വാസം. അതു തുറന്നുപറയാനും അവർക്കു മടിയില്ല. സംഗതി സത്യമാണെങ്കിൽ പിണറായി സഖാവ് ഒരു ജീവശാസ്ത്ര മഹാദ്ഭുതമായിരിക്കണം.

വൈദ്യുതിയുടെ നാനാർഥങ്ങൾ തേടിയാണ് എം. രാജഗോപാലൻ ധനാഭ്യർഥന ചർച്ച സമ്പുഷ്ടമാക്കിയത്. വൈദ്യുതി ബൾബിലോ ട്യൂബിലോ റേഡിയോയിലോ ഇസിജി യന്ത്രത്തിലോ കയറ്റിവിടുമ്പോഴുണ്ടാകുന്ന പ്രഭാവങ്ങൾ അദ്ദേഹം തന്മയത്വത്തോടെ വിശദീകരിച്ചു.

കേരളത്തെ പൂങ്കാവനമാക്കാൻ പി.സി. ജോർജിന് ഒരു എളുപ്പവിദ്യയുണ്ട്. എൽഇഡി ബൾബുകൾ സാർവത്രികമാക്കുക. യുഡിഎഫ് വിട്ട കെ.എം. മാണിയെ രാഷ്ട്രീയ ശിഖണ്ഡിയെന്നാണു കെ. ആൻസലൻ വിശേഷിപ്പിച്ചത്. ബേപ്പൂർ എംഎൽഎയായ വി.കെ.സി. മമ്മദ്കോയ തുറമുഖത്തെക്കുറിച്ചു വാചാലനായതു സ്വാഭാവികം. ദോഷം പറയരുതല്ലോ. അദ്ദേഹം ബേപ്പൂരിനെക്കുറിച്ചു മാത്രമല്ല, കേരളത്തിലെ എല്ലാ തുറമുഖങ്ങൾക്കും വേണ്ടിയാണു വാദിച്ചത്. സോളർ എന്ന വാക്കു മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരാവശ്യം. അത് ഇതിനകം അശ്ലീലപദമായി എന്നാണു വികെസിയുടെ പക്ഷം.

എ.എം. ആരിഫിനും സോളർ എന്ന വാക്ക് അത്രയ്ക്കങ്ങു പിടിക്കുന്നില്ല. സോളർ സ്ഥാപിക്കാമെന്ന് ഏതെങ്കിലും ഭർത്താവ് ഭാര്യയോടു പറഞ്ഞാൽ ഭാര്യയുടെ മുഖം ചുമക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പ്രതിപക്ഷത്തിന്റെ അസാന്നിധ്യമൊന്നും മറുപടി പ്രസംഗത്തിന്റെ നീളം കുറയ്ക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രേരിപ്പിച്ചില്ല. എന്നാൽ രണ്ടാമത്തെ പള്ളി പ്രസംഗം ചുരുക്കി – മന്ത്രി കടന്നപ്പള്ളി. 

ഇന്നത്തെ വാചകം

'യുഡിഎഫ് ഭരണകാലത്തു സ്വന്തമായി നോട്ടെണ്ണൽ യന്ത്രമുള്ള മന്ത്രിമാരായിരുന്നു സൂപ്പർ സ്റ്റാറുകൾ. മാന്വൽ ആയി നോട്ടെണ്ണിയ മന്ത്രിമാർ നിദ്രാവിഹീനങ്ങളായ എത്രയോ രാത്രികൾ തള്ളിനീക്കിയിരിക്കണം.' - ഇ. ടി. ടൈസൺ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.