Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവമൗലികവാദിയും പരകായ പ്രവേശവും വനചിന്തകളും

kerala-assembly

മൗലികവാദി എന്ന വിളി എത്ര തവണ കേൾക്കാനും മന്ത്രി വി.എസ്. സുനിൽകുമാർ തയാറാണ്. അതുകൊണ്ടൊന്നും കേരളത്തെ സമ്പൂർണ ജൈവകൃഷി സംസ്ഥാനമാക്കുമെന്ന ദൃഢനിശ്ചയത്തിൽനിന്നു പിന്നോട്ടു പോകാൻ അദ്ദേഹം തയാറല്ല. ജൈവകൃഷി മൗലികവാദമായി മാറുന്നതിന്റെ അപകടത്തിലേക്കു വി.ടി. ബൽറാം വിരൽചൂണ്ടിയപ്പോഴാണു താൻ  ജൈവമൗലികവാദിയാണെന്നു സുനിൽ പ്രഖ്യാപിച്ചത്. ബൽറാം പറഞ്ഞതിലും കുറച്ചു കാര്യമുണ്ടെന്നതു വേറെ കാര്യം. സർവം ജൈവമയമാകുന്ന കാലമാണിതെന്നും ജൈവഅപ്പൂപ്പനെയും അമ്മൂമ്മയെയും വരെ വാങ്ങാൻ കിട്ടുമെന്നും ഓർക്കണം.

ഫാം ടൂറിസം, റെസ്പോൺസിബിൾ ടൂറിസം, ഹൈഡൽ ടൂറിസം, മെഡിക്കൽ ടൂറിസം, പിൽഗ്രിം ടൂറിസം എന്നിവയുടെ കൂട്ടത്തിൽ പുതിയൊരു ടൂറിസം കൂടി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണു മന്ത്രി എ.സി. മൊയ്തീൻ–പുലിമുരുകൻ ടൂറിസം.

പുതിയ പദ്ധതികൾ വരുമ്പോൾ പുലിമുരുകന്റെ നാട്ടിലും ടൂറിസം വളരുമെന്നാണ് അദ്ദേഹം പറയുന്നത്. പുലിമുരുകനിൽ ഗോപകുമാർ അവതരിപ്പിക്കുന്ന ആദിവാസി മൂപ്പന്റെ വേഷം പോലെയാണു സഭയിലെ പലരുമെന്നാണു കെ.എസ്. ശബരീനാഥന്റെ പക്ഷം. മൂപ്പൻ വൻപുള്ളിയാണെങ്കിലും വാ തുറക്കുന്നതു മുഴുവൻ പുലിമുരുകനെ പ്രശംസിക്കാനാണ്. നാട്ടിൽ കില്ലാടികളായ പലരും സഭയിൽ വന്നാൽ പുലിമുരുകനെ പ്രകീർത്തിക്കാൻ മാത്രമാണു വാ തുറക്കുന്നതെന്നും ശബരി വിലയിരുത്തി. ദ് പിണറായി ഗവേൺമെന്റ് എന്നേ അദ്ദേഹം പറയൂ. ശൈശവത്തിൽത്തന്നെ പാപത്തിൽ മാമോദീസ മുങ്ങിയ സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു.

ഇത്തവണ ഓണക്കാലത്ത് ഏറ്റവും തിരക്ക് അനുഭവപ്പെട്ടതു ഗുരുവായൂരിലാണെന്നു കെ. രാജൻ കണ്ടെത്തി. അതു കണ്ണനെ കാണാനുള്ള തിരക്കായിരുന്നില്ല. അട്ടത്തുവച്ച ഓട്ടുരുളിപോലെ ഗുരുവായൂരിൽ നടതള്ളിയ മാതാപിതാക്കളെ വീട്ടിൽ കൊണ്ടുപോയി പെൻഷൻ വാങ്ങിപ്പിക്കാൻ വന്നവരുടെ തിരക്കായിരുന്നുവത്രെ. താഴെക്കാണുന്ന പ്രസംഗഭാഗം വായിച്ച് അത് ആരുടേതാണെന്നു പറയുന്നവർക്കു പ്രത്യേക സമ്മാനമുണ്ട്: വ്യത്യസ്ത പാർട്ടികളിൽപെട്ടവർ തമ്മിൽ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നിൽക്കുന്നയാൾ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരനാണ് എന്ന ചിന്ത ഓരോ കൂട്ടർക്കും മനസ്സിലുണ്ടാവണം. അങ്ങനെ വന്നാൽ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നിൽക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. അതു ശാന്തിയുടെ, സഹവർത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കും.

ക്രൗര്യംകൊണ്ട് ഒരാളെ ഇല്ലാതാക്കാൻ പറ്റും; തിരുത്താൻ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂർണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അർപ്പിക്കുമെങ്കിൽ ഈ നാട് ഒരുമയോടെ പുരോഗമിക്കും.

വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താതെ ഉത്തരം പറഞ്ഞേക്കാം. കണ്ണൂരിലെ അക്രമത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസ് ചർച്ചയ്ക്കെടുത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുനിമിഷം സ്വാമി വിജയാനന്ദയായി പരകായ പ്രവേശം നടത്തിയപ്പോൾ ചെയ്ത പ്രസംഗത്തിൽനിന്നാണ്.

വന്യജീവി ആക്രമണത്തിൽനിന്നു കർഷകരെ രക്ഷിക്കണമെന്ന ശ്രദ്ധക്ഷണിക്കൽ പ്രമേയം ഇ.എസ്. ബിജിമോൾ അവതരിപ്പിക്കുമ്പോൾ അങ്ങ് ആലപ്പുഴയിൽ സ്വന്തം പാർട്ടി കമ്മിറ്റിയുടെ ആക്രമണത്തിന് അവർ വിധേയയാകുന്നുണ്ടായിരുന്നു. വനംമന്ത്രി വിളിക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ ആരോ വന്യജീവികൾക്കു ചോർത്തിക്കൊടുക്കുന്നുണ്ട്. ഒരു കുരങ്ങനെ പിടിക്കാൻ പീരുമേട്ടിലെ യോഗത്തിൽ തീരുമാനിച്ചു. ഇതുവരെ പിടിക്കാൻ കഴിഞ്ഞില്ല. തീരുമാനം കുരങ്ങൻ അറിഞ്ഞതുകൊണ്ടായിരിക്കണമെന്നു പറഞ്ഞതു മന്ത്രി കെ. രാജു തന്നെയാണ്.

മന്ത്രിമാർക്കും അംഗങ്ങൾക്കും വാചകാതിസാര (വെർബൽ ഡയേറിയ) ബാധ കലശലാണ്. 30 മിനിറ്റ് പ്രസംഗിക്കേണ്ട രണ്ടു മന്ത്രിമാർ പ്രസംഗിച്ചത് ഒരു മണിക്കൂറും 40 മിനിറ്റും. ഉപക്ഷേപം അവതരിപ്പിക്കാൻ അഞ്ചു മിനിറ്റ്. അതിന്റെ മറുപടിക്ക് 10 മിനിറ്റ്. ശ്രദ്ധക്ഷണിക്കാൻ 10 മിനിറ്റ്. അതിന്റെ മറുപടിക്ക് 15 മിനിറ്റ്. അടിയന്തര പ്രമേയ നോട്ടിസിന് അനന്തമായ സമയം. ഒന്നാം സമ്മേളനത്തിൽ കണ്ട സമയക്ലിപ്തതയെ കാണാനില്ലെന്നു നോട്ടിസ് സഭാകവാടത്തിൽ പതിക്കേണ്ട കാലമായി. ഇന്നു മുതൽ കർശന നിയന്ത്രണമാണെന്നാണു സ്പീക്കറുടെ മുന്നറിയിപ്പ്. കാത്തിരുന്നു കാണാം.

ഇന്നത്തെ വാചകം

'മഴയുടെ അമ്മയ്ക്ക് എന്നും കുറ്റമാണ്. മഴ പെയ്താൽ കുറ്റം, പെയ്തില്ലെങ്കിലും കുറ്റം. അതുപോലെ സ്പീക്കർ നിയന്ത്രിക്കാൻ ശ്രമിച്ചാലും കുറ്റം, നിയന്ത്രിച്ചില്ലെങ്കിലും കുറ്റം.' - സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.