Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യ, മകൻ, മരുമകൻ...എല്ലാവർക്കും ജോലി റെഡി!

cartoon-jayarajan

ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകരെ കയറ്റില്ലെന്നു വാശിപിടിച്ച അഭിഭാഷകർക്കു ബോളിവുഡ് നടന്റെ പേരുള്ള വക്കീൽ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അവിടെ സീനിയർ ഗവ. പ്ലീഡറായി വന്നതു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. പ്രത്യേകിച്ചു സിപിഎം അനുകൂല അഭിഭാഷക യൂണിയന്!

മലബാറിലെ മദ്യദുരന്തക്കേസിലെ പ്രതിക്കു ജാമ്യം നേടിക്കൊടുത്തുവെന്നൊരു പേരുണ്ട് ഈ തൃശൂർ സ്വദേശിക്ക്. തൃശൂരിൽ സിപിഎമ്മിന്റെ തലപ്പത്ത് ഇടക്കാലത്തു വന്ന ചിലർക്ക് ഈ കേസിലെ പ്രതിയുമായുണ്ടായിരുന്ന ബന്ധമാണ് വക്കീലിനു പ്ലീഡർ പദവിയിലേക്കു വഴിതുറന്നതെന്ന് സിപിഎം അനുകൂല അഭിഭാഷക സംഘടനയിലെ ചിലർ പറയുന്നു. പ്രോസിക്യൂട്ടർ, പ്ലീഡർ, കൗൺസൽ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിനു സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണു ക്രിമിനൽ കേസിൽ പ്രതിയായ ഈ വക്കീലിന്റെ നിയമനം.

അഡ്വക്കറ്റ് ജനറൽ, രണ്ട് അഡീഷനൽ എജി, ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ, രണ്ട് എഡിജിപി, സ്റ്റേറ്റ് അറ്റോർണി, 15 സ്പെഷൽ ഗവ. പ്ലീഡർ, 47 വീതം സീനിയർ ഗവ. പ്ലീഡർ, പ്ലീഡർ എന്നിവരുൾപ്പെടെ 116 പേരുടെ നിയമനമാണു ഹൈക്കോടതിയിൽ നടക്കേണ്ടത്. ഇതിനുവേണ്ടി രാഷ്ട്രീയ പിടിവലി കനത്തപ്പോൾ മന്ത്രിമാരും നേതാക്കളുമായി ഉറ്റബന്ധമുള്ളവർ കസേര ഉറപ്പിച്ചു. പാർട്ടിക്കുവേണ്ടി മുഷ്ടി ചുരുട്ടിയവർ പുറത്തുമായി. 

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു വനിതാ അഭിഭാഷക കണ്ണൂരിൽ അഡീഷനൽ ഗവ. പ്ലീഡറായി നിയമിതയായി. ഗവ. പ്ലീഡർമാരുടെ നിയമനത്തിനായി ലോയേഴ്സ് യൂണിയനും സിപിഎം ജില്ലാ നേതൃത്വവും സമർപ്പിച്ച പട്ടികയിലൊന്നും ഇവരുടെ പേരുണ്ടായിരുന്നില്ല.

അന്നു മന്ത്രിയായിരുന്ന കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവിന്റെ വിവാദനായകനായ മകന്റെ താൽപര്യമായിരുന്നു ഈ നിയമനത്തിനു പിന്നിൽ. അതേ വനിത ഇക്കുറിയും പട്ടികയിലുണ്ട്. എൽഡിഎഫിലെ ഒരു ഘടകകക്ഷിയുടെ നോമിനിയായി ആണെന്നു മാത്രം. ലോയേഴ്സ് യൂണിയന്റെ പ്രതിഷേധം മറികടക്കാനുള്ള നേതൃത്വത്തിന്റെ ബുദ്ധിപരമായ നീക്കം!

കൊല്ലം ജില്ലയിൽനിന്നു ഹൈക്കോടതി ഗവ. പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകയുടെ കാര്യമോ? ഏരിയ കമ്മിറ്റിയംഗമായ പ്രമുഖ അഭിഭാഷകന്റെ മകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് മോഹിച്ച ഏരിയ കമ്മിറ്റിയംഗത്തിനു പാർട്ടി വക സാന്ത്വനം.

വിവാഹം വഴി തസ്തിക 

പ്രതിപക്ഷ നേതാവായിരിക്കെ വി. എസ്. അച്യുതാനന്ദൻ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് എഴുതി: ‘എന്റെ ഓഫിസിലെ ഒരു അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെക്കുറിച്ചു ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നു.

ഒരു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു ക്രിമിനൽ കേസിലും അകപ്പെട്ടിരിക്കുന്നു. ഇയാളെ എന്റെ സ്റ്റാഫിൽനിന്നു നീക്കം ചെയ്യാൻ അഭ്യർഥന’ വിവാദനായകൻ ഇപ്പോൾ താക്കോൽ സ്ഥാനത്തുതന്നെ പഴ്സനൽ സ്റ്റാഫ് ആയി തുടരുന്നു. സെക്രട്ടേറിയറ്റിലെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കു തുല്യമായ ശമ്പളം. ഒരു എംഎൽഎയുടെ മകളെ വിവാഹം കഴിച്ചുവെന്നതുതന്നെ യോഗ്യത.

ഉപദേശകക്കസേരയിൽ

‘ഉപദേശകനാക്കുംമുൻപ് ഈ പാട്, ഉപദേശകനായി നിയമിച്ചിരുന്നെങ്കിലോ... ?’ ഇന്നലെ ഞങ്ങൾ ബന്ധപ്പെട്ട, വ്യവസായ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗത്തിന്റെ വാക്കുകളിൽ ഭരണത്തിന്റെ ‘സുഖം’ കൈവിട്ടുപോകുമോയെന്ന ആശങ്കയുണ്ടായിരുന്നു.
വകുപ്പുമന്ത്രിയുടെ ഉപദേശകനായി കേന്ദ്ര സർക്കാരിനു കീഴിലുള്ള ഗവേഷണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഒപ്പുവച്ചുവെന്നാണു വിവരം.

ഈ ഉദ്യോഗസ്ഥനും പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമനം ലഭിച്ച മുൻമന്ത്രിയുടെ മകനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥകളാണു സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫിസിൽ കേട്ടത്. ആരോഗ്യവകുപ്പിനു കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്ത് ആദ്യകാലത്തു നിയമനം തരപ്പെടുത്തിയ ഈ കേന്ദ്രസർക്കാർ ജീവനക്കാരനു മന്ത്രിയുടെ ഓഫിസിലുള്ള ‘പിടി’ പരസ്യമാണ്.

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എംഡിമാരെ കണ്ടെത്താൻ അധികാരമുള്ള ‘റിയാബി’ന്റെ ഭരണസമിതിയിൽ അംഗംകൂടിയാണെന്ന ബലത്തിലാണു വ്യവസായമന്ത്രിയെ ഉപദേശിക്കാനുള്ള കസേരയിലേക്കു നോട്ടമിട്ടത്. വിവാദം കത്തിപ്പടർന്നസ്ഥിതിക്ക് ഒപ്പിട്ടു കഴിഞ്ഞ ഫയലിന്റെ സ്ഥിതി എന്താകുമെന്നാണു സംശയം. മുൻമന്ത്രിയുടെ മകന് എംഡിയായി നിയമനം കിട്ടിയിരുന്നെങ്കിൽ രണ്ടുപേരും ചേർന്ന് ഓഫിസ് അടക്കിഭരിച്ചേനെയെന്നു ജീവനക്കാർ അടക്കം പറയുന്നു.

റിയാബ് നോക്കുകുത്തിയായി; നടന്നത് അട്ടിമറി നിയമനങ്ങൾ

വ്യവസായ വകുപ്പിനു കീഴിലെ പൊതു മേഖലാ സ്ഥാപനങ്ങളിൽ എംഡിമാരെ നിയമിക്കാൻ കൃത്യമായ സംവിധാനമുണ്ട്– റിയാബ്. റിയാബിന്റെ അഭിമുഖപ്പരീക്ഷയിൽ മികവു കാട്ടുന്നവരെ എംഡിമാരായി നിയമിക്കും. ഇൗ സംവിധാനം മുഴുവൻ അട്ടിമറിക്കുന്ന നിയമനങ്ങളാണു പുതിയ സർക്കാരിന്റെ പിന്നാമ്പുറത്തു നടന്നത്.

റിയാബ് വഴിയുള്ള നിയമനങ്ങൾപോലും സുതാര്യമായി നടത്താൻ കഴിയാതിരുന്ന സർക്കാരാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്കായി പ്രത്യേക സംവിധാനം കൊണ്ടുവരാൻ പോകുന്നതായി ഇന്നലെ പ്രഖ്യാപനം നടത്തിയത്. സർവീസിലുള്ളവരെ എംഡിമാരായി നിയമിക്കണമെങ്കിൽ വിജിലൻസിന്റെ ക്ലിയറൻസ് ഇപ്പോഴും നിർബന്ധമാണെന്നിരിക്കെ, സർക്കാരിന്റെ ഇന്നലത്തെ പ്രഖ്യാപനത്തിന്റെ അന്തസ്സത്ത ചോദ്യം ചെയ്യപ്പെടുകയാണ്.

പതിവുപോലെ റിയാബ് ഇക്കുറിയും എംഡി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷ നേരിട്ടു നിയമനം കാത്തിരുന്നവരെ കാഴ്ചക്കാരാക്കി പിൻവാതിൽ നിയമനം തകൃതിയായി നടന്നു. അഭിമുഖപ്പരീക്ഷ തുടങ്ങിയ ദിവസം പിൻവാതിലിലൂടെ സിഡ്കോയിൽ എംഡിയെ നിയമിച്ചു.

കരകൗശല വികസന കോർപറേഷൻ, കേരള ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ, ട്രാക്കോ കേബിൾസ് എന്നിവിടങ്ങളിലെ നിയമനങ്ങളിലും അട്ടിമറി നടന്നു. സ്ഥാപനത്തിന്റെ വലുപ്പമനുസരിച്ചു കോഴത്തുകയുടെ കനവും കൂടിയെന്നാണു സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്.

nepotism-news

ജില്ലാ സെക്രട്ടറി ആയിരുന്നില്ല

‘മറ്റൊരു ബംഗാൾ ആവാതിരിക്കാൻ’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം പരമ്പരയോടൊപ്പം കൊടുത്ത ഫെയ്സ്ബുക് പോസ്റ്റ് എഴുതിയ ജഹാംഗിർ കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ യൂണിയന്റെ സജീവപ്രവർത്തകനായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി ആയിരുന്നില്ലെന്നു ഭാരവാഹികൾ അറിയിച്ചു. 

നിയമനങ്ങൾ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളായി വീതം വച്ചപ്പോൾ ഒരു വീട്ടിൽ രണ്ടു സ്റ്റേറ്റ് കാറുകൾ നിരന്നുകിടക്കുന്ന കാഴ്ചയും കാണാം. മന്ത്രി ഇ.പി. ജയരാജന്റെ വകുപ്പിൽ നടന്ന നിയമനങ്ങളുടെ പുറത്തറിയാത്ത പട്ടിക വേറെ. പട്ടികകൾ ഇങ്ങനെ നീളുമ്പോൾ സിപിഎം അണികൾ മൂക്കത്തു വിരൽവയ്ക്കുന്നു. 
അതേക്കുറിച്ചു നാളെ...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.