Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരുടെ നഷ്ടം ആരു നികത്തും ?

exam-cartoon

കൊച്ചിയിലെ പ്രമുഖ കോളജിലെ ബികോം വിദ്യാർഥിനിക്ക് ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതിക്കഴിഞ്ഞയുടൻ ഐടി കമ്പനിയിൽ ജോലി വാഗ്ദാനം ലഭിച്ചു. മുൻപുള്ള അഞ്ചു സെമസ്റ്ററിനുമുള്ള മികച്ച മാർക്ക് കാരണമാണു ക്യാംപസ് ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, ഫലം വന്നപ്പോൾ പ്രാക്ടിക്കൽ ഓഡിറ്റിങ് എന്ന വിഷയത്തിനു തോൽവി. ലഭിച്ചതു 18 മാർക്ക്. വിദ്യാർഥിനി കോളജ് അധികൃതരോടും രക്ഷിതാക്കളോടും കരഞ്ഞുപറഞ്ഞു: ‘നല്ലതുപോലെ എഴുതിയ പരീക്ഷയാണ്. ഒരിക്കലും തോൽക്കില്ല.’

എംഎൽഎയുടെ അടുത്തേക്ക് രക്ഷിതാക്കൾ ഓടി. കോളജ് പ്രിൻസിപ്പലും അദ്ദേഹത്തോട് അഭ്യർഥിച്ചു–‘വിദ്യാർഥിനിയെ സഹായിക്കണം.’
എംഎൽഎ വൈസ് ചാൻസലറെ വിളിച്ചു കാര്യം പറഞ്ഞു. പഴയ മാർക്ക് ലിസ്റ്റുകളും ജോലിക്കു ചേരാനുള്ള കമ്പനിയുടെ കത്തും വച്ച് അപേക്ഷ കൊടുത്തതോടെ വൈസ് ചാൻസലർക്കും സംശയം വന്നു. വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനു വിട്ടു. അപ്പോഴാണ് അധികൃതർക്കു കാര്യം പിടികിട്ടിയത്– മൂല്യനിർണയം നടത്തിയ അധ്യാപിക ആറു പേജുകൾ നോക്കാതെ വിട്ടിരിക്കുന്നു.

അതും കൂടി മൂല്യനിർണയം നടത്തിയപ്പോൾ 18 മാർക്ക് 69 ആയി. ആദ്യം നോക്കിയ അധ്യാപികയുടെ ‘തിരക്കാ’ണ് കുട്ടിയുടെ മാർക്ക് 18ൽ ഒതുക്കിയത്. ആദ്യത്തെ രണ്ടു കടലാസുകളിൽ ഉത്തരമെഴുതിയ ശേഷം അറിയാത്ത ചോദ്യങ്ങൾക്ക് അവസാനം ഉത്തരമെഴുതാനായി രണ്ടു കടലാസുകൾ ഒന്നുമെഴുതാതെ വച്ചിരുന്നു. പിന്നീടുള്ള കടലാസുകളിൽ തകർത്തെഴുതി, അഡീഷനൽ ഷീറ്റുകളും വാങ്ങിയെഴുതി. ആദ്യത്തെ രണ്ടു കടലാസ് കഴിഞ്ഞ് രണ്ടു കടലാസുകളിൽ ഒന്നും കാണാതെ വന്നതോടെ അധ്യാപിക മൂല്യനിർണയം നിർത്തുകയായിരുന്നു.

കൂട്ടിയെഴുതിയപ്പോൾ മാറി!

മൂല്യനിർണയത്തിലെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടു തോൽക്കുകയും പിന്നീടു ജയിക്കുകയും ചെയ്തവരുടെ പട്ടിക എംജി സർവകലാശാല പരീക്ഷാ വിഭാഗത്തിലുണ്ട്. കഴിഞ്ഞ വർഷം മാത്രം 700 വിദ്യാർഥികളാണ് ഇത്തരത്തിൽ പുനർമൂല്യനിർണയത്തിനെത്തിയത്. ഇതിൽ 70 ശതമാനവും ജയിച്ചത് വലിയ മാർക്ക് വ്യത്യാസത്തിലാണ്.

ചില ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിനെത്തിയ അധ്യാപകരെ ഞെട്ടിച്ചു. നോക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങൾ, ചിലവയ്ക്ക് 12 മാർക്ക് കൊടുക്കേണ്ടിടത്തു നോക്കിയെന്നു വരുത്താൻ ഒരു മാർക്ക് കൊടുത്തിരിക്കുന്നു. ഒരു വിദ്യാർഥിനിയുടെ എല്ലാ കടലാസിലുള്ള മാർക്കുകളും കൂട്ടുമ്പോൾ 59 മാർക്ക്. മൂല്യനിർണയം നടത്തിയയാൾ കൂട്ടിയെഴുതിയത് 19.

കരിമ്പട്ടികയോ, ആശ്വാസം !

മൂല്യനിർണയത്തിൽ ഇത്തരം വീഴ്ച വരുത്തുന്നവർക്ക് എന്താണു ശിക്ഷയെന്നു ചോദിച്ചാൽ സർവകലാശാലയുടെ വൈസ് ചാൻസലർ വരെ കൈമലർത്തും. മൂല്യനിർണയത്തിന് പാനലിൽ ഉൾപ്പെടുത്തുന്നതു തന്നെ ചില അധ്യാപകർക്കു താൽപര്യമില്ലാത്തതാണ്. ഇത്തരത്തിൽ മൂല്യനിർണയത്തിൽ പാളിച്ച വരുത്തിയാൽ സർവകലാശാലയ്ക്കു വിധിക്കാവുന്ന ശിക്ഷ അവരെ കരിമ്പട്ടികയിൽപ്പെടുത്തുക എന്നതാണ്. പിന്നെ മൂല്യനിർണയത്തിനു വിളിക്കില്ല. അത് ആശ്വാസമായിട്ടാണ് ഇത്തരം അധ്യാപകർക്കു തോന്നുക.

അത്രത്തോളം ശിക്ഷയർഹിക്കുന്നതാണെങ്കിൽ 10000 രൂപ പിഴ വിധിക്കും. കഴിഞ്ഞവർഷം 10 അധ്യാപകരെ എംജി സർവകലാശാല ഇങ്ങനെ ശിക്ഷിച്ചു. പക്ഷേ, ശിക്ഷയൊന്നും നടപ്പാകാൻ സാധ്യതയില്ലെന്ന് എംജി സർവകലാശാലയിലെ ഉന്നതൻ തന്നെ പറഞ്ഞു. അതൊക്കെ സംഘടനാനേതാക്കളുടെ ഒറ്റ ഫോൺ വിളിയിൽ തീരുന്നതേയുള്ളൂ.

മൽസരത്തിനും ഇരകൾ

ചില കോളജുകൾ തമ്മിലുള്ള മൽസരത്തിന് ഇരയാകുന്നതും പാവം വിദ്യാർഥികളാണ്. കാലിക്കറ്റ് സർവകലാശാലയിലെ ഒരു കോളജിൽ ഒരു ന്യൂജനറേഷൻ ബിഎസ്‌സി കോഴ്സുണ്ട്. ക്യാംപസ് ഇന്റർവ്യൂവിൽ ജോലി കിട്ടിയ മിടുക്കരിൽ പലരും പ്രാക്ടിക്കൽ ഫലം വന്നപ്പോൾ ഞെട്ടി. തിയറിക്കു നല്ല മാർക്ക് കിട്ടിയ ഭൂരിഭാഗവും പ്രാക്ടിക്കലിൽ തോറ്റിരിക്കുന്നു.
സർവകലാശാലയിൽ പരാതിയെത്തി. അന്വേഷണം നടത്തിയപ്പോൾ കാര്യങ്ങൾ തെളിഞ്ഞു.

ഇതേ കോഴ്സുള്ള മറ്റൊരു കോളജിലെ അധ്യാപകനാണു പ്രാക്ടിക്കൽ പരീക്ഷ വിലയിരുത്താനെത്തിയത്. തങ്ങളുടെ കോളജിലെ കോഴ്സിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാൻ അധികൃതരുടെ ഒത്താശയോടെ ആ അധ്യാപകൻ ചെയ്ത തന്ത്രമായിരുന്നു പ്രാക്ടിക്കലി‍ൽ കൂട്ടമായി തോൽപിക്കുകയെന്നത്. പക്ഷേ, അധ്യാപകൻ ഈ കണ്ടെത്തൽ അംഗീകരിച്ചില്ല. ഓരോരുത്തരും ചെയ്തതിനു മാർക്ക് കൊടുത്തിട്ടുണ്ടെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നതോടെ സർവകലാശാലയ്ക്ക് ഒരു നടപടിയുമെടുക്കാൻ പറ്റാതെയായി.

കണ്ടു, കണ്ടു, കണ്ടില്ല

കാലിക്കറ്റ് സർവകലാശാലയിലെ 524 ബിടെക് വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ അപ്രത്യക്ഷമായത് ഈയിടെയാണ്. സിൻഡിക്കറ്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ ഇങ്ങനെ: കെട്ടുകൾ നഷ്ടപ്പെട്ടതു സർവകലാശാലയിൽനിന്നാണ്. പക്ഷേ, ആരാണ് ഉത്തരവാദിയെന്നു കണ്ടെത്താൻ പറ്റുന്നില്ല. ‘പ്രതികളെ’ പിടിക്കാൻ പരാതി വിജിലൻസിനു കൈമാറിയിരിക്കുകയാണ്.

തോറ്റ ചിലർ സർവകലാശാലയിലെത്തി അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസ് ‘ആവിയായ’ വിവരമറിയുന്നത്. വിവാദമായപ്പോൾ പുനഃപരീക്ഷ പ്രഖ്യാപിച്ചു തടിതപ്പി. ഒരു വർഷത്തിനുശേഷം വീണ്ടും പഠിച്ച് വിദ്യാർഥികൾ പരീക്ഷയുമെഴുതി. പുനഃപരീക്ഷയുടെ പേരിൽ സർവകലാശാലയ്ക്കു ലക്ഷങ്ങൾ നഷ്ടം. വിദ്യാർഥികൾക്കു മാനസിക സംഘർഷവും.

കിട്ടാത്ത സർട്ടിഫിക്കറ്റ്

എംജി സർവകലാശാലയുടെ കീഴിലുള്ള കളമശേരിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിൽ 2012ൽ എംഎസ്ഡബ്ല്യു പ്രവേശനം നേടിയ 29 പേരുടെ കഥയിങ്ങനെ: ബാച്ചിലെ 31 പേർ കോഴ്സ് തീർന്ന് പാസ്ഔട്ട് ആയതു 2014 ജൂലൈ 31ന്. അതിൽ 29 പേർക്ക് ഇതുവരെ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഒരു വർഷം മുൻപ് ഇവർക്കു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

പക്ഷേ, ബാർ കോഡിൽ പ്രശ്നമുണ്ടെന്നും ക്രെഡിറ്റ് രേഖപ്പെടുത്തിയതിൽ പിഴവു വന്നിട്ടുമുണ്ടെന്ന കാരണം പറഞ്ഞു സർവകലാശാല സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി. രണ്ടു പേർ മാത്രം എങ്ങനെയൊക്കെയോ സർട്ടിഫിക്കറ്റുകൾ നേടിയെടുത്തു. ബാക്കി 29 പേർ ഇപ്പോഴും ഓഫിസുകൾ കയറിയിറങ്ങുന്നു.

എലികളുടെ ‘മൂല്യനിർണയം’

ആയിരത്തോളം വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ കൗണ്ടർഫോയിൽ കണ്ണൂർ സർവകലാശാല പരീക്ഷാ വിഭാഗത്തിൽ നിന്ന് അപ്രത്യക്ഷമായതു കഴിഞ്ഞ വർഷമാണ്. 2015 ഏപ്രിലിൽ നടന്ന ബിഎ ഇംഗ്ലിഷ് (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ കൗണ്ടർഫോയിലുകളാണു കാണാതായത്. പുനർമൂല്യനിർണയം കഴിഞ്ഞു മാർക്ക് ചേർക്കാൻ കൗണ്ടർഫോയിൽ തിരഞ്ഞപ്പോഴാണ് ആയിരത്തോളം പേരുടെ കൗണ്ടർഫോയിൽ കാണാനില്ലെന്നു പരീക്ഷാവിഭാഗം അറിയുന്നത്.

ജീവനക്കാർ മൂന്നുമാസം അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വില്ലനെ കണ്ടെത്തി; എലി! അലക്ഷ്യമായി സൂക്ഷിച്ച കൗണ്ടർഫോയിലുകൾ എലി കരണ്ടുനശിപ്പിച്ചതാണ്. ഒടുവിൽ വിദ്യാർഥികളെ മുഴുവൻ സർവകലാശാലയിലേക്കു വിളിച്ചു വരുത്തി ഓരോരുത്തരുടെയും ഉത്തരപേപ്പറുകൾ കണ്ടുപിടിച്ചാണു സർവകലാശാല ഫലം പ്രസിദ്ധീകരിച്ചത്.

പരമ്പര തുണച്ചു; ജയപ്രഭയ്ക്ക് നീതി

എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നേരിട്ട് ഇടപെട്ടതോടെ ജയപ്രഭയ്ക്ക് ഒടുവിൽ നീതി കിട്ടി. കോട്ടയം ബിസിഎം കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനി ജെ. ജയപ്രഭയുടെ ഉത്തരക്കടലാസിനോടു സർവകലാശാല കാണിച്ച അനീതി, പരമ്പരയുടെ ആദ്യഭാഗത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതെ തുടർന്ന് ജയപ്രഭയുടെ പുനർമൂല്യനിർണയഫലം ഇന്നലെത്തന്നെ പ്രഖ്യാപിച്ചു. ബിഎ ഇക്കണോമിക്സ് ആറാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് പേപ്പറിന് 80ൽ 30 മാർക്കായിരുന്നു ആദ്യമൂല്യനിർണയത്തിൽ ജയപ്രഭയ്ക്കു ലഭിച്ചിരുന്നത്.

പുനർമൂല്യനിർണയത്തിൽ 30 മാർക്ക് 80 മാർക്കായി. ഉത്തരക്കടലാസിൽ കൊടുത്ത മാർക്ക് കൂട്ടിയെഴുതിയിരുന്നില്ല. കൂട്ടിയെഴുതിയപ്പോൾ 80ൽ 80. ഇത്രയും മാർക്കിന്റെ വ്യത്യാസം വന്നതിനാൽ മൂന്നാമതും മൂല്യനിർണയം നടത്തും. അതിനായി ഉത്തരക്കടലാസ് മാറ്റിവച്ചിരിക്കുകയായിരുന്നു. മൂല്യനിർണയത്തിൽ വന്ന പിഴവാണെന്ന് ഇന്നലെ സർവകലാശാല ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടു.

അങ്ങനെ ഫലം ഇന്നലെത്തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ പത്തു റാങ്കിനുള്ളിൽ വരുമെന്നു വീട്ടുകാരും അധ്യാപകരും കരുതിയിരുന്ന മിടുക്കിയാണു ജയപ്രഭ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വൈസ് ചാൻസലർ റാങ്ക് പുനർനിർണയത്തിനുള്ള നിർദേശങ്ങളും നൽകി.
ഇതുപോലെ തന്നെ മൂല്യനിർണയത്തിന്റെ പാകപ്പിഴകൊണ്ടു പരാജയപ്പെട്ട കോട്ടയം സിഎംഎസ് കോളജ് വിദ്യാർഥിനി അക്ഷയ സി. അലക്സിന്റെ കാര്യത്തിലും രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്നു വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.

സ്വന്തം വിദ്യാർഥികൾക്കായി ‘തിരുകിക്കയറ്റൽ’

പരീക്ഷാ ക്രമക്കേടു കാട്ടുന്ന അധ്യാപകരെ കുടുക്കാനുള്ള തന്റേടമൊന്നും സർവകലാശാലയ്‌ക്കില്ല. കൊല്ലം ജില്ലയിലെ ഒരു സ്വാശ്രയ എൻജിനീയറിങ് കോളജിലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ചു കേരള സർവകലാശാല പരാജയപ്പെട്ടത് ഒരു വർഷം മുൻപാണ്. ഈ അധ്യാപിക സ്‌ഥിരമായി ഒരു വിഷയത്തിന്റെ പുനർമൂല്യനിർണയം ഏറ്റെടുക്കുമായിരുന്നു.

സാധാരണ ഗതിയിൽ പുനർമൂല്യനിർണയത്തിന് ആളിനെ ലഭിക്കാത്തതിനാൽ പേപ്പർ നോക്കാൻ തയാറാകുന്നവരെ ഏൽപിക്കുകയാണു സർവകലാശാലയുടെ പതിവ്.
താൻ ട്യൂഷൻ എടുക്കുന്ന വിദ്യാർഥികളോടു പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ അധ്യാപിക ആവശ്യപ്പെടുമായിരുന്നു.

പുനർമൂല്യനിർണയത്തിനായി ലഭിക്കുന്ന ഉത്തരക്കടലാസുകൾ വിദ്യാർഥികളെ കാണിച്ച് അവരുടേതു തിരിച്ചറിയും. തുടർന്ന് നേരത്തേ കോളജിൽ നിന്നു കടത്തി സ്വന്തം വീട്ടിൽ സൂക്ഷിച്ച ഉത്തരക്കടലാസിൽ വിദ്യാർഥിയെക്കൊണ്ട് ഉത്തരം എഴുതിച്ച് ഇതിനൊപ്പം തിരുകിക്കയറ്റും. ഇതു സർവകലാശാല കണ്ടുപിടിച്ചു. അതോടെ സ്വാശ്രയ കോളജ് അധ്യാപിക ജോലി രാജിവച്ചു സ്‌ഥലംവിട്ടു. തുടർനടപടികളും ഇപ്പോൾ മരവിച്ച മട്ടാണ്.

നാളെ:
നഴ്സിങ് കോഴ്സുകാർക്ക് എംബിബിഎസ് സർട്ടിഫിക്കറ്റ്

Your Rating: