Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയിൽ എല്ലാം വ്യത്യസ്തം; ‘അടി’ മുതൽ മുടി വരെ...

Kim Jong Un

ഇന്നലെ ഒരു ചോദ്യത്തിലാണു നിർത്തിയത്. ബ്രസീലിലെ റിയോ ഒളിംപിക്സിൽ പങ്കെടുത്ത ഉത്തര കൊറിയക്കാരായ 31 പേരിൽ ഏഴു പേർക്ക് മെഡലുകൾ കിട്ടി. ബാക്കിയുള്ള 24 പേർക്ക് എന്താണു കിട്ടിയത് എന്നതായിരുന്നു ആ ചോദ്യം. ഇതടക്കം ഉത്തര കൊറിയയെപ്പറ്റി പൊതുവേയുള്ള കുറെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണിന്ന്. ആദ്യം ഒരു സെൽഫിയിൽ നിന്നു തുടങ്ങാം.

ഒരു കൊറിയൻ സെൽഫി

Selfie

റിയോ ഒളിംപിക്സ് വേദിയിൽ ഉത്തര കൊറിയൻ ജിംനാസ്റ്റ് ഹോങ് ഉൻ ജോങ്ങും ദക്ഷിണ കൊറിയൻ ജിംനാസ്റ്റ് ലീ യുൻ ജുവും ചേർന്നെടുത്ത സെൽ‌ഫിയാണിത്. ലോകം മുഴുവനും വൈറലായി പടർന്ന ഈ ചിത്രം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ എത്രമാത്രം സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായി വാഴ്ത്തപ്പെട്ടു.

പക്ഷേ, അതിനപ്പുറം ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ കിടന്നു. ശത്രുരാജ്യത്തിലെ അത്‌ലിറ്റിനൊപ്പം ഉത്തര കൊറിയൻ താരം ചിത്രമെടുത്തതു കിം ജോങ് ഉന്നിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമോ? ഒളിംപിക്സിനു താരങ്ങളെ യാത്രയാക്കുമ്പോൾ തന്നെ ഉൻ ഒരു കാര്യം അടിവരയിട്ടു പറഞ്ഞിരുന്നു – മെഡലുമായി വരിക. ഇല്ലെങ്കിൽ ഖനിയിൽ പോയി പണിയെടുക്കേണ്ടി വരും. ഇതു വെറുംവാക്കായിരുന്നില്ല. ഒളിംപിക്സിൽ തിളങ്ങാതെ പോയവർ തിരിച്ചെത്തിയ ഉടൻ ഉൻ ‘വാക്കുപാലിച്ചു’. ഖനികളിലേക്കു തന്നെ ജോലിക്കയച്ചു ചിലരെ, മറ്റു ചിലരുടെ കുടുംബങ്ങൾക്കുള്ള റേഷൻ വിഹിതം വെട്ടിക്കുറച്ചു, ചിലരുടെ ജോലിസമയം കൂട്ടി !

അപ്പോൾ സെൽഫിയെടുത്ത ജിംനാസ്റ്റിക് താരത്തിനോ? കൃത്യം വിവരം പുറത്തുവന്നിട്ടില്ല. പക്ഷേ, അവർക്കൊന്നും സംഭവിച്ചിരിക്കില്ല എന്നു കരുതാം. കാരണം, ഒളിംപിക്സിൽ സ്വർണം നേടിയ, ഉത്തര കൊറിയയുടെ ആദ്യ വനിതയാണ് ഹോങ് ഉൻ ജോങ് (2008 ആതൻസ്)

Read More: കടലിനടിയിലും വലവിരിച്ച് ഉത്തരകൊറിയ; പേടിച്ച് അമേരിക്ക

(2010 ലോകകപ്പിൽ പോർചുഗലിനോട് മറുപടിയില്ലാത്ത ഏഴു ഗോളുകൾക്കു തോറ്റു നാണം കെട്ട ഫുട്‌ബോൾ ടീമിന്റെ പരിശീലകനെയും കളിക്കാരെയും രണ്ടു വർഷം ഖനി ജോലിക്ക് അയച്ച ചരിത്രവുമുണ്ട്, ഉത്തര കൊറിയയ്ക്ക്)

ഇതിലും വലുത് എവിടെ?

North Korea Stadium

ഉത്തരകൊറിയൻ ഭരണാധികാരികൾ ഇത്ര കായികവിരോധികളോ എന്ന ചോദ്യം മനസ്സിൽ ഉയരുന്നില്ലേ? എങ്കിൽ താഴെയുള്ള ചിത്രം നോക്കുക.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണിത് – ഒന്നര ലക്ഷം പേർക്ക് (ഔദ്യോഗികമായി 1.14 ലക്ഷം) ഇരിപ്പിടമുള്ള റങ്‌റദോ സ്റ്റേഡിയം. ഇതു സ്ഥിതിചെയ്യുന്നത് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ. 1989ൽ, 51 ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്റ്റേഡിയം നിർമിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയെ എങ്ങനെ കായികവിരോധി എന്നു വിളിക്കും? ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ (1966) ആദ്യ ഏഷ്യൻ ടീം ആണ് ഉത്തരകൊറിയ എന്നതും മറക്കാനാവില്ലല്ലോ.

(കിം ജോങ് ഇൽ കടുത്ത ബാസ്കറ്റ്ബോൾ കമ്പക്കാരനായിരുന്നു. ഇതിഹാസതാരം മൈക്കൽ ജോർദാന്റെ എല്ലാ കളിയുടെയും വിഡിയോ ഇൽ സൂക്ഷിച്ചിട്ടുണ്ട്. ജോർദാൻ ഒപ്പിട്ട ഒരു ബോൾ, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മാഡലിൻ ഓൾബ്രൈറ്റ്, ഇല്ലിനു സമ്മാനിച്ചിട്ടുമുണ്ട്)

ചിത്രകാരന്മാരുടെ തലേ‘വര’

North Korea

കായികരംഗത്തിനുള്ള ഈ പ്രോത്സാഹനം കലാസാംസ്കാരിക രംഗത്തും കൊടുക്കുന്നുണ്ടോ? സംശയമെന്തിന്? തലസ്ഥാനനഗരത്തിലെ റോഡുകളുടെ ഏതു ഫോട്ടോയെടുത്തു നോക്കിയാലും അതിലെവിടെയെങ്കിലും വഴിയരികിലുള്ള വലിയ പെയിന്റിങ്ങുകളും ശിൽപങ്ങളും കാണാം. മികച്ച ചിത്രകാരൻമാർക്കും ശിൽപികൾക്കും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം കിട്ടുന്നു എന്നല്ലേ ഇതിന് അർഥം? പക്ഷേ, സൂക്ഷിച്ചൊന്നു നോക്കിയാൽ, അവയിലൊക്കെ കിങ് ത്രയത്തിലെ നേതാക്കൻമാരെ ആരെയെങ്കിലും കാണാനാവും.

മുകളിലത്തെ ചിത്രം നോക്കുക. മികച്ചൊരു പെയിന്റിങ്. മുത്തച്ഛൻ കിമ്മും അച്ഛൻ കിമ്മുമുണ്ടതിൽ എന്നതു കൊണ്ടു മാത്രം അതു മോശമാകില്ലല്ലോ.

North Korea

കിങ് ഇൽ സുങ്ങിന്റെയും കിൽ ജോങ് ഇല്ലിന്റെയും ശിൽപങ്ങളാണ് താഴത്തെ ചിത്രത്തിൽ കാണുന്നത്. ഏതോ മികച്ച ശിൽപിയുടെ കരവിരുത്. ഈ ശിൽപം കാണാനെത്തുന്നവർ അതിനുമുന്നിൽ താണുവണങ്ങണം എന്നാണു വ്യവസ്ഥ. തങ്ങളുടെ സൃഷ്ടികൾക്കു മുന്നിൽ ജനം വണങ്ങുന്നതു കണ്ടു ശിൽപികൾക്കും സന്തോഷിക്കാം !

2016 അല്ല, 105

ലോകം മുഴുവൻ ഈ വർഷം 2016 ആണെങ്കിൽ ഉത്തര കൊറിയയിൽ ഇത് 105 ആണ്. രാജ്യസ്ഥാപകൻ കിം ഇൽ സുങ്ങിനു മുൻപും ശേഷവും എന്നതാണ് ഉത്തരകൊറിയയുടെ കാലഗണന. കിം ഇൽ സുങ് ജനിച്ച 1912 ആണ് ഈ ‘ജൂചെ കലണ്ടറി’ലെ ഒന്നാം വർഷം. മറ്റാരുമായും സാമ്യം വേണ്ടെന്നതാണ് ഉത്തരകൊറിയൻ സിദ്ധാന്തം – അതു പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലായാലും. അങ്ങനെയാണ് കമ്യൂണിസത്തെ കൈവിട്ടത്. ജൂചെ (Juche) ആണ് ഔദ്യോഗിക പ്രത്യയശാസ്ത്രം. ക്രിസ്തുമതം, ബുദ്ധമതം, കൺഫ്യൂഷ്യനിസം എന്നിവയൊക്കെ ഇല്ലാതായി.

pulgasari

പൽഗസാരി എന്ന ഭീകരൻ

ഇതിന്റെ കഥ കേട്ടോളൂ. പ്രശസ്ത ഹോളിവുഡ് ചിത്രമായ ഗോഡ്‌സില കണ്ട് ഇഷ്ടപ്പെട്ട കിം ജോങ് ഇൽ അതുപോലൊരു സിനിമ തന്റെ ജനങ്ങളെയും കാണിക്കണമെന്ന് ആഗ്രഹിച്ചു. ദക്ഷിണകൊറിയൻ സിനിമകൾക്ക് ലോകമെങ്ങും പ്രശസ്തി. ഉത്തരകൊറിയയുടേതിനു നിലവാരം പോരാ. നാട്ടുകാരെ നല്ല സിനിമ കാണിക്കണമെന്നു തോന്നിയപ്പോൾ അദ്ദേഹം ചെയ്തത് ഒരു സിനിമാക്കഥ പോലെ തന്നെ – പ്രശസ്ത ദക്ഷിണ കൊറിയൻ സം‌വിധായകൻ ഷിൻ സാങ് ഒക്കിനെയും ഭാര്യയും നടിയുമായ ചോയ് യൂനിയെയും തട്ടിക്കൊണ്ടുവന്നു ജയിലിലിട്ടു !

Read More: ഉത്തര കൊറിയ: ലോകത്തെ ഭയാശങ്കകളിലാഴ്ത്തുന്ന ദുരൂഹരാജ്യം

1978ലായിരുന്നു ഈ സംഭവം. ഉത്തര കൊറിയയുടെ തടവിൽ കിടന്ന് ഷിൻ ഏഴു സിനിമകൾ സംവിധാനം ചെയ്തു. അതിൽ അവസാനത്തേതായിരുന്നു പൽഗസാരി. അപ്പോഴേക്കും കിങ് ജോങ് ഇല്ലുമായി സംവിധായകൻ നല്ല ചേർച്ചയിലായി. ഇല്ലിന്റെ ആഗ്രഹം പോലെ ചെങ്കിസ് ഖാനെക്കുറിച്ചൊരു സിനിമയെടുക്കാനായി അടുത്ത നീക്കം. ഇതിനു സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ സംഘടിപ്പിക്കാൻ ഓസ്ട്രിയ വരെയൊന്നു പോയി വരാമെന്നു പറഞ്ഞ് സംവിധായകനും ഭാര്യയും വിയന്ന ഫിലിം ഫെസ്റ്റിവലിനു പോയി. അവിടെവച്ച് 1986ൽ ഇരുവരും രക്ഷപ്പെട്ടു.

korea9

തല വേണോ, മുടി വേണോ?

ജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമല്ല, സർക്കാരിന്റെ ശ്രദ്ധ. അവരുടെ വേഷവും രൂപവും പോലും മോശമാകാൻ അനുവദിക്കില്ല. താടിയും മുടിയും നീട്ടി വളർത്തിയോ മുടി മുണ്ഡനം ചെയ്തോ ആരെയെങ്കിലും ഉത്തര കൊറിയൻ ചിത്രങ്ങളിൽ കണ്ടിട്ടുണ്ടോ? കാരണമറിയാമോ?

Kim Jong Un

തല സ്വന്തമാണെങ്കിലും മുടി എങ്ങനെ നീട്ടണം, എങ്ങനെ വെട്ടണം എന്നതു സർക്കാർ തീരുമാനിക്കും. മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്ററിൽ കാണുന്നതു പോലെ 15 മുടിവെട്ട് സ്റ്റൈലുകൾക്കു മാത്രമാണ് പുരുഷൻമാർക്ക് അനുവാദമുള്ളത്. അവിവാഹിത സ്ത്രീകൾക്കു മുടി നീട്ടിവളർത്താം. വിവാഹിതകൾക്ക് ഷോർട് ഹെയർകട്ട്.

ഉൻ സ്റ്റൈൽ

dog

കിങ് ജോങ് ഉൻ ഈയിടെ പുതിയൊരു നിർദേശം കൂടി വച്ചു. തന്റെ ഹെയർസ്റ്റൈൽ യുവാക്കൾക്ക് അനുകരിക്കാം, അനുകരിക്കണം ! ഉന്നിന്റെ ഹെയർസ്റ്റൈലിന്റെ ചിത്രങ്ങൾ നോക്കൂ... മോശമല്ല അല്ലേ?

നായ്ക്കൾ ഒരു ശല്യമല്ല

liquor

ജനങ്ങളുടെ ഭക്ഷണകാര്യത്തിലും സർക്കാരിന് ഉത്കണ്ഠയുണ്ട്. അതു കൊണ്ടാണല്ലോ, ചിക്കൻ, ബീഫ്, പന്നി, താറാവിറച്ചി തുടങ്ങിയവയെക്കാളൊക്കെ വൈറ്റമിൻ ഉള്ളതു പട്ടിയിറച്ചിയിലാണെന്നു കണ്ടെത്തി അതു തിന്നാൻ കിം ജോങ് ഉൻ ജനങ്ങളെ ആഹ്വാനം ചെയ്തത്. (ചൈനയിലും കൊറിയയിലുമൊക്കെ പട്ടിയിറച്ചി പണ്ടേ ജനങ്ങളുടെ ഇഷ്ടവിഭവമാണ്). രുചി കൂട്ടാൻ ഒരു സൂത്രവും ഉൻ പ്രഖ്യാപിച്ചു. പട്ടിയെ തല്ലിക്കൊല്ലുക. ഇറച്ചി മൃദുവാക്കിയ ശേഷം പാകം ചെയ്യുക! നായ്ക്കളെക്കൊണ്ടു പൊറുതിമുട്ടി, നമ്മുടെ നാട്ടുകാർ ആരും ഈ മാതൃക പിന്തുടരാതിരിക്കട്ടെ!

മദ്യപർ ശ്രദ്ധിക്കാൻ

Kim Jong Un

ഇതെല്ലാം വായിച്ചിട്ടും ഉത്തര കൊറിയ എത്ര ‘സുന്ദരസുരഭില രാജ്യം’ എന്നു തോന്നുന്നില്ലേ? എങ്കിൽ, നമ്മുടെ നാട്ടിലെ മദ്യപരൊക്കെ വർഷങ്ങളായി ആഗ്രഹിക്കുന്ന തരം ഒരു അപൂർവ മദ്യം ഉത്തര കൊറിയയിലുണ്ട് എന്നു കൂടി കേട്ടോളൂ. വെള്ളമടിച്ചു ബോധം നഷ്ടപ്പെട്ട് തലവേദനയും ഛർദിയുമൊക്കെയായി തളർന്നുവീഴുന്ന അവസ്ഥ അവിടെ ഇനി ഉണ്ടാവില്ല. നല്ല ലഹരി നൽകുന്നതും ‘ഹാങ്ങോവർ’ ഇല്ലാത്തതുമായ മദ്യം കൊറിയൻ ഗവേഷകർ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. രുചിക്കാൻ കിട്ടില്ലാത്തതിനാൽ ചിത്രമെങ്കിലും കണ്ടോളൂ... മദ്യത്തിന്റെ പേര്: കോർ‌യോ. മദ്യം ഇങ്ങനെയെങ്കിൽ കഞ്ചാവോ? അതു നിയമവിധേയമാണെന്നു മാത്രമല്ല, ലഹരി വസ്തുക്കളുടെ പട്ടികയിൽ പെടുത്തിയിട്ടുമില്ല. കഞ്ചാവു കൃഷി ഗ്രാമങ്ങളിൽ സജീവമാണ്.

ജനകീയ കരുത്ത് !

Kim Jong Un

ഉത്തരകൊറിയയുടെ ഔദ്യോഗിക പേര് ഡമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നാണെന്ന് ഓർക്കണം. അതായത് ജനകീയ, ജനാധിപത്യ രാജ്യം. എല്ലാ അഞ്ചു വർഷം കൂടുമ്പോഴും കിറുകൃത്യമായി തിരഞ്ഞെടുപ്പും നടത്തുന്നുണ്ട്. പക്ഷേ, ബാലറ്റ് പേപ്പറിൽ ഒരു പേരേ ഉണ്ടാകൂ എന്നു മാത്രം. വോട്ട് ചെയ്യൽ നിർബന്ധം. 100% പോളിങ്. 100% വിജയം. തിരഞ്ഞെടുപ്പു നടക്കാറുണ്ട് എന്നു പറഞ്ഞതു വിശ്വസിക്കാൻ പ്രയാസമുള്ളവർക്ക് ഇതാ തെളിവ് – സ്വന്തം പേരു മാത്രമുള്ള ബാലറ്റിൽ വോട്ടുകുത്തി അതു പെട്ടിയിലിടുന്ന കിങ് ജോങ് ഉൻ !

ഏതാണ് ഈ സുന്ദരി?

ഇതാണ് റി സോൽ ജു. കിം ജോങ് ഉന്നിന്റെ ഭാര്യ. റിയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഔദ്യോഗികമായി ഒരു കാര്യവും പുറത്തുവിട്ടിട്ടില്ല. ഉത്തരകൊറിയയിലെ പ്രശസ്ത സംഗീതസംഘത്തിൽ അംഗമായിരുന്ന ഹ്യോൻ സോങ്‌വോൾ എന്ന ഗായികയാണ് ഇതെന്നു പറയപ്പെടുന്നു. ഈ യുവദമ്പതികൾക്ക് ഒരു മകളുണ്ട് – കിം ജുവെ. അടുത്ത തലമുറയിലെ കിം പെൺകുട്ടിയുടെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഈ കിം ജോങ് ഉന്നും ഇന്ത്യയും തമ്മിലെങ്ങനെയാണ് ? ആരൊക്കെയാണ് ഉന്നിന്റെ സുഹൃത്തുക്കൾ ? ആരൊക്കെയാണു ശത്രുക്കൾ ?...പരമ്പര തുടരും

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.