Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നിൽ വാക്സിൻ മാഫിയ

by നോട്ടം-ബിജു പ്രഭാകർ
notam-biju

‌പിറവത്ത് തെരുവുനായ്ക്കൾ കുറുകെച്ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു വൃക്ക നീക്കം ചെയ്യേണ്ടിവന്ന ഷൈമോന്റെ വാർത്ത വായിച്ചതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. മനുഷ്യരുടെ ജീവനെടുക്കുന്ന ശത്രുക്കളുടെ രൂപത്തിലേക്കു തെരുവുനായ്ക്കൾ വളർന്നിരിക്കുന്നു. മുഖം കടിച്ചുപറിക്കപ്പെട്ട കുട്ടികളുടെ നിസ്സഹായതയാർന്ന എത്രയോ രൂപങ്ങൾ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. എന്നിട്ടും, അക്രമകാരികളായ തെരുവുനായ്ക്കളെ എന്തു ചെയ്യണമെന്നു ചർച്ച ചെയ്യുകയാണ് ഇപ്പോഴും. ഇവിടെ മനുഷ്യരുടെ ജീവനാണോ നായ്ക്കളുടെ ജീവനാണോ വില?

മനുഷ്യനു ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ ഇന്ത്യയിൽ നിയമമുണ്ട്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിന്റെ പതിനൊന്നാം വകുപ്പിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ക്രിമിനൽ നടപടിക്രമപ്രകാരം ഇതിനു കലക്ടർമാർക്ക് അധികാരമുണ്ട്.

എന്നാൽ, തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടുമ്പോൾ സുപ്രീം കോടതിയിലെ കേസും അനിമൽ ബർത് കൺട്രോൾ (എബിസി) നിയമവുമാണു പ്രതിബന്ധമായി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

മൃഗങ്ങളെ കൊല്ലരുത് എന്ന ആശയം മനസ്സിലാക്കാം. അങ്ങനെയെങ്കിൽ കോഴികളെ കൊല്ലാൻ പാടില്ല. കാളകളെ, പന്നികളെ, താറാവുകളെ ഒന്നും കൊല്ലാൻ പാടില്ല. പക്ഷേ, ഇവിടെ അതൊന്നും ആരും എതിർക്കുന്നില്ല. നായ്ക്കളെ മാത്രം കൊല്ലാൻ പാടില്ല. ഈ മൃഗങ്ങളിൽ മനുഷ്യനെ ഉപദ്രവിക്കുകയും ജീവനെടുക്കുകയും ചെയ്യുന്ന ഒരേയൊരു മൃഗം നായ മാത്രമാണ്. അപ്പോൾ അതുതന്നെയാണ് ഈ എതിർപ്പിനു പിന്നിലെ കാരണവും എന്നു മനസ്സിലാകും.

ഇന്ത്യയിൽ ഒരു വർഷം 2400 കോടി രൂപയുടെ പേവിഷ വാക്സിൻ കച്ചവടം നടക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. മാധ്യമങ്ങളിലെ കണക്കുപ്രകാരം ഇത് 7000 കോടിക്കു മുകളിലാണ്. കേരളത്തിൽ 2010ൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ചുമതലയേൽക്കുമ്പോൾ പ്രതിവർഷം 20 കോടി രൂപയ്ക്കാണു പേവിഷ വാക്സിൻ വാങ്ങിയിരുന്നത്. ഇത്ര വലിയ തുകയുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ വാക്സിനെക്കാൾ കൂടുതൽ തുക ചെലവഴിക്കുന്നത് ബൂസ്റ്റർ ഡോസ് ആയ ഇമ്യൂണോ ഗ്ലോബുലിൻ വാങ്ങാനാണെന്നു കണ്ടെത്തി. ടെൻഡർ ഇല്ലാതെ ഒരേയൊരു കമ്പനിയിൽ നിന്നാണ് ഇതു വാങ്ങിയിരുന്നത്.

അതീവ അപകടാവസ്ഥയിൽ മാത്രമേ ഇതു നായ്ക്കളുടെ കടിയേറ്റ രോഗികൾക്കു നൽകേണ്ടതുള്ളൂ എന്നാണ് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയത്. തുടർന്ന് ഇതിന്റെ വിതരണം നിർത്തിവച്ചു. അങ്ങനെ വാക്സിനു ചെലവഴിക്കുന്ന തുക 3.5 കോടിയിലെത്തിച്ചു. ഇപ്പോൾ നായ്ക്കളുടെ ആക്രമണം കൂടിയതോടെ ഈ തുക വീണ്ടും 12 കോടിയിലേറെയായിട്ടുണ്ട്.

ജനങ്ങൾ നായ്ക്കളുടെ കടി കൊള്ളേണ്ടതു വാക്സിൻ മാഫിയയുടെ ആവശ്യമാണ്. അതേ മാഫിയ തന്നെയാണു തെരുവുനായ്ക്കളെ കൊല്ലരുതെന്ന പ്രചാരണം നടത്തുന്ന സംഘടനകൾക്കു രഹസ്യവഴികളിലൂടെ സഹായം നൽകുന്നതും. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ് ഈ സംഘടനകൾക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. അതുകൊണ്ടുതന്നെ നിയമപ്രകാരമാണു കേരളം നടപടിയെടുക്കുന്നതെന്നു കോടതികളെ ബോധ്യപ്പെടുത്താൻ നമുക്കു കഴിയുന്നില്ല.

മനുഷ്യരുടെ ജീവനു ഭീഷണിയാണെന്നു കണ്ടാൽ മൃഗങ്ങളെ കൊല്ലുന്നതു നിയമപ്രകാരമാണെന്നു നമ്മുടെ ഉദ്യോഗസ്ഥരെപ്പോലും ബോധ്യപ്പെടുത്താനാകുന്നില്ല. പക്ഷിപ്പനി വന്നപ്പോൾ കുട്ടനാട്ടിൽ ആയിരക്കണക്കിനു താറാവുകളെ സർക്കാർ തന്നെ കൊന്നില്ലേ? പണ്ട് യൂറോപ്പിൽ പശുക്കൾക്കു പേയിളകിയപ്പോൾ അവയെ കൂട്ടത്തോടെ കൊന്നിട്ടുണ്ട്.


ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നായ്ക്കളെ ഭക്ഷിക്കാനായി കൊല്ലുന്നുണ്ട്. ഈ സംഘടനകൾ അവിടെപ്പോയി പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? അവിടെ നിയമലംഘനമില്ലേ? അതിനുള്ള ധൈര്യം ഇവർക്കില്ല. കേരളത്തിൽ എല്ലാം ചെലവാകും, മാധ്യമശ്രദ്ധ ലഭിക്കും.

നായ്ക്കളെ വന്ധ്യംകരിച്ചാൽ മനുഷ്യനെ ഉപദ്രവിക്കില്ല എന്നതിനു ശാസ്ത്രീയമായ എന്ത് അടിത്തറയാണുള്ളത്? അതു മറ്റൊരു കച്ചവടമാണ്. 750 രൂപയാണു വന്ധ്യംകരിക്കാനുള്ള ഫീസ്. ഡോക്ടറുടെ സേവനവും അവയെ പാർപ്പിക്കാനുള്ള ചെലവും കൂടി കണക്കാക്കിയാൽ ഒരു നായയ്ക്ക് 2000 രൂപയെങ്കിലും ചെലവാകും. കേരളത്തിൽ ചുരുങ്ങിയതു മൂന്നുലക്ഷം നായ്ക്കളുണ്ട്. ഇത്രയും നായ്ക്കളെ വന്ധ്യംകരിക്കാൻ 60 കോടി രൂപ വേണം. ഇത്രയും പണമുണ്ടെങ്കിൽ ഇവിടെ എത്ര പേരുടെ പട്ടിണി മാറ്റാം, എത്ര രോഗികൾക്കു സൗജന്യമായി മരുന്നു നൽകാം. നമ്മൾ യൂറോപ്യൻ ജീവിതനിലവാരത്തിലേക്ക് ഉയരട്ടെ. എല്ലാവർക്കും അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാകട്ടെ. എന്നിട്ടു നമുക്കു തെരുവുനായ്ക്കളെ പ്രേമിക്കാൻ തുടങ്ങാം.

(കൃഷി വകുപ്പു ഡയറക്ടറായ ലേഖകൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ മാനേജിങ് ഡയറക്‌ടറാണ്)

Your Rating: