Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിക്ഷണരീതി പിഴയ്ക്കുമ്പോൾ

c-j-john-12 ഡോ. സി.ജെ. ജോൺ

അച്ചടക്കലംഘനമെന്നു തോന്നിയ ഒരു പ്രവൃത്തി കണ്ടപ്പോൾ അധ്യാപിക ക്ഷുഭിതയായി. കുട്ടിയുടെ  മനസ്സു മുറിപ്പെടുംവിധത്തിൽ പരസ്യമായി ശകാരിച്ചു. അപമാനഭാരംകൊണ്ടു കുട്ടി ജീവനൊടുക്കി. മാതാപിതാക്കളോടു വിഷമം പങ്കുവയ്ക്കാനുള്ള മനസ്സ് ഇതു ചെയ്യും മുമ്പേ, കുട്ടി പ്രകടിപ്പിച്ചുമില്ല. വീട്ടിൽ മറ്റൊരു ശിക്ഷ പേടിച്ചിട്ടുണ്ടാകാം. പ്രതിസന്ധികൾ നേരിടുമ്പോൾ കുട്ടികൾ സ്വീകരിക്കുന്ന സ്വയം നാശത്തിന്റെ ഇത്തരം ശൈലികൾ വ്യത്യസ്ത പ്രതികൂല സാമൂഹിക അവസ്ഥകളുടെ സൃഷ്ടികളാണ്. ഒരു പ്രശ്നം നേരിടുമ്പോൾ കുട്ടികൾക്കു തുണയാകേണ്ട ആരോഗ്യകരമായ ജീവിതവൈഭവങ്ങളുടെ അഭാവവും വ്യക്തം. ഇതെല്ലാംകൂടി ചേർത്തു കാണേണ്ടതുണ്ട്. ഒപ്പം ശിക്ഷണരീതിയിലെ പിഴവുകളും.

ഈ സംഭവത്തിന്റെ മറ്റൊരു സാധ്യത ആലോചിക്കുക. വിദ്യാർഥിയിൽ സംശയകരമായ ഒരു പെരുമാറ്റം കണ്ടിട്ടു പൊല്ലാപ്പിനു പോകേണ്ടെന്നു കരുതി അവഗണിക്കുന്നു. ഇടപെടലുകൾ ഇല്ലാത്തതുകൊണ്ടു പിന്നീടു കുട്ടി കൂടുതൽ ഗുരുതരമായ കുഴപ്പത്തിലേക്കു വീഴുന്നു. അപ്പോഴും അധ്യാപിക കുറ്റക്കാരിയാകില്ലേ? എന്തുകൊണ്ടു ശാസിച്ചില്ലെന്നും രക്ഷാകർത്താക്കളെ അറിയിച്ചില്ലെന്നും പരാതി വരില്ലേ? അതുകൊണ്ട് അധ്യാപിക ശകാരിച്ച രീതികളിലും ഇടപെട്ട ശൈലികളിലും വന്ന പിഴവിനെയാണു വിമർശനവിധേയമാക്കേണ്ടത്. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തിയുള്ള  താഴ്ത്തിപ്പറയലും അധിക്ഷേപിക്കലും സ്വയം മതിപ്പു ചോർന്നുപോകുംവിധത്തിലുള്ള ശകാരരീതികളുമൊക്കെ ഇടകലരുന്ന നാട്ടുനടപ്പുള്ള വികല വളർത്തൽശൈലിയുടെ സ്‌കൂൾ പതിപ്പു മാത്രമാണ് ഈ സംഭവം.

പള്ളിക്കൂടങ്ങളിലും വീടുകളിലുമൊക്കെ ഇത്തരം ശൈലികൾ വ്യാപകമാണ്. ഈ വക മാനസികപീഡനങ്ങൾ നടത്തിയാൽ, കുട്ടികൾ തിരുത്തപ്പെടുമെന്നൊരു തെറ്റായ ധാരണ പലർക്കുമുണ്ട്. ആത്മാഭിമാനം തകർന്നു വിഷാദത്തിലേക്കു കുട്ടികൾ വീണുപോയേക്കാമെന്ന ആപൽസാധ്യത ആരും കാണുന്നില്ല. ആളുകളുടെ മുൻപിൽ തുറന്നുകാട്ടി നാണംകെടുത്തിയല്ല കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. സ്വകാര്യത മാനിക്കുന്നുവെന്ന വിശ്വാസമാണു തിരുത്തലിനു കരുത്തേകുന്നത്; മാർഗനിർദേശങ്ങൾ കേൾക്കാനുള്ള മനസ്സൊരുക്കുന്നതും.

നമുക്കൊരുമിച്ച് ഈ പ്രശ്നം ശാന്തമായി കൈകാര്യം ചെയ്യണമെന്ന ബോധ്യം ഉണ്ടാക്കാനായിട്ടാകണം ഈ വക കാര്യങ്ങൾ മാതാപിതാക്കളെ അറിയിക്കുന്നത്. അവരെ വിളിച്ചുവരുത്തി കുട്ടിയുടെ കുറ്റം വിളമ്പി, പഴി പറഞ്ഞു വിഷമിപ്പിക്കുന്ന അധ്യാപകർ കുറവല്ല. ആ പ്രയാസം മുഴുവൻ കുട്ടികളുടെമേൽ പ്രകടിപ്പിച്ച് അമ്മയും അച്ഛനും ആശ്വാസം തേടും. ഇതിൽ തിരുത്തൽ എവിടെ? ഇതൊക്കെ ചെയ്യുമ്പോൾ എല്ലാ അധ്യാപകരുടെയും മനസ്സിൽ കുട്ടി നന്നാവണമെന്ന ലക്ഷ്യംതന്നെയാണ്. പക്ഷേ പ്രയോഗം പിഴയ്ക്കുന്നു.

പണ്ടത്തെ പള്ളിക്കൂടകാലഘട്ടത്തിൽ ത ല്ല് ഒരു പ്രധാന ശിക്ഷണരീതിയായിരുന്നു. ഇഷ്ടംപോലെ കൊണ്ടിട്ടുമുണ്ട്.  പ്രോത്സാഹിപ്പിക്കുകയും സ്നേഹഭാവങ്ങൾ ആവോളം സമ്മാനിക്കുകയും ചെയ്യുന്ന അധ്യാപകരിൽനിന്നായതുകൊണ്ട് ഈ തല്ല് ഒരിക്കലും മനസ്സിനെ മുറിപ്പെടുത്തിയിരുന്നില്ല.  എന്തിനാണു ശിക്ഷിക്കുന്നതെന്നു വ്യക്തമായി പറഞ്ഞുതരികയും ചെയ്യും. നന്മയിലേക്കു നയിക്കുന്ന മറ്റൊരു നല്ല പാഠമാക്കി ശിക്ഷയേയും മാറ്റാൻ അവർക്കു കഴിഞ്ഞിരുന്നു. അത്തരം അധ്യാപകരുടെ എണ്ണം കുറയുന്നുണ്ടോ?

കോപവും താപവും അധികാരവുമൊക്കെ പ്രകടിപ്പിക്കാനുള്ള ഉപാധിയായി ശിക്ഷണനടപടി മാറുമ്പോൾ ചൊല്ലിന്റെയും  ചെയ്തിയുടെയും താളം തെറ്റും. പുലഭ്യം പറച്ചിൽ മട്ടിലാകും ഭാഷ. സഹജമായ എതിർപ്പിന്റെ ഭാവം മൂലം കൗമാരക്കാരൻ തിരിച്ചുപറഞ്ഞാൽ പ്രകോപനത്തിന് അടിമപ്പെടുകയും ചെയ്യും. തുടർന്നുള്ള അങ്കത്തിൽ മുറിവേൽപിക്കലും  നോവിക്കലും മാത്രമാകും. ശിക്ഷണത്തിന്റെ ഈ വിനാശവഴിയേ പോകുന്ന മാതാപിതാക്കളും കുറവല്ല. ചെയ്ത തെറ്റ് എന്താണെന്നു ശാന്തമായി ബോധ്യപ്പെടുത്താതെ ശിക്ഷണത്തിന്റെ വാളോങ്ങുന്നതിൽ ഒരർഥവുമില്ല.

കേൾക്കപ്പെടാതെതന്നെ, കുറ്റം ചാർത്തപ്പെടുമെന്ന ധാരണ വന്നാൽ  കുട്ടികൾക്കു രഹസ്യങ്ങൾ കൂടും. തുറന്നു പറയാൻ ധൈര്യം നൽകുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും  അന്തരീക്ഷം സൃഷ്ടിക്കാൻ പറ്റാത്തവരാണ്  കലിതുള്ളി കുട്ടികളുടെ മനസ്സിനെ മുറിപ്പെടുത്തുന്നത്. സ്വന്തം പക്ഷം പറയാൻ ഒരിടവും ഇല്ലെന്ന തോന്നൽ ഉണ്ടാകുമ്പോഴാണു പിള്ളേർ സ്വയം നാശത്തിന്റെ വഴികൾ തേടുന്നത്.

പാഠ്യവിഷയം നന്നായി കൈകാര്യം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല മികച്ച അധ്യാപകന്റെ സവിശേഷതകൾ. വിദ്യാർഥികളിൽ കേന്ദ്രീകരിച്ചു നടത്തിയ ഒരു ഗവേഷണ പഠനത്തിലെ ചില വിവരങ്ങൾ ശ്രദ്ധിക്കുക: ക്ഷമാശീലവും ആർദ്രതയും കുട്ടികളെ അംഗീകരിക്കുന്ന മനോനിലയുമുള്ള അധ്യാപകരാണ് ആദരവുനേടുന്നവരെന്ന് അതിൽ വ്യക്തമാകുന്നു. അധ്യാപകർ നിഷ്പക്ഷരും നീതിബോധമുള്ളവരും പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവരുമായിരിക്കണം. കുട്ടികളുടെ പ്രായസഹജമായ ഇളക്കങ്ങളെ ഉൾക്കൊണ്ടുതന്നെ നേർവഴി കാട്ടാൻ പോന്ന ഹൃദ്യമായ പെരുമാറ്റശൈലികൾ ഉണ്ടാകണം. നല്ല ചിട്ടകളുടെ മാതൃകയാകണം. വിദ്യാർഥിയുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള മിടുക്കു വേണം. കുരുക്കുകളിൽപെടുമ്പോൾ സ്വകാര്യത ഉറപ്പാക്കി ഇടപെടാനും കഴിയണം. ഈ പറഞ്ഞതൊക്കെ നല്ല മാതാപിതാക്കളുടെയും നല്ല വളർത്തൽ ശൈലിയുടെയും ലക്ഷണങ്ങൾ കൂടിയാണ്.

പുതിയ കാലത്ത് അധ്യാപകർ സഹരക്ഷിതാക്കൾകൂടി ആകേണ്ടിവരുന്നു. നിങ്ങളും ഞങ്ങളും എന്നു വിരൽചൂണ്ടി കുറ്റം പറയാതെ,  കുട്ടിയുടെ നന്മയ്ക്കായി മാതാപിതാക്കളും അധ്യാപകരും കൂട്ടുചേരുകയും വേണം. അത്രമേൽ വെല്ലുവിളികൾ നേരിടുന്ന കാലത്താണു നമ്മുടെ കുട്ടികൾ.

(മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ)

Your Rating: