Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ്ക്കൾക്കു കടിച്ചുകുടയാനോ മനുഷ്യർ?

Dog

മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കേരളം വല്ലാത്തൊരു ഭീതിയിലാണിപ്പോൾ. അക്രമകാരികളായ തെരുവുനായ്ക്കളുടെ സ്വൈരവിഹാരം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഓരോ ദിവസവും പുറത്തു വരുന്നത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റവരെക്കുറിച്ചും ജീവനോപാധികളായ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവരെക്കുറിച്ചുമുള്ള ദൈന്യം നിറ‍ഞ്ഞ വാർത്തകളാണ്.

കപടമൃഗസ്നേഹത്തിനും താഴേത്തട്ടുമുതലുള്ള ഭരണാധികാരികളുടെ അലംഭാവത്തിനും നാം കനത്ത വില നൽകേണ്ടിവരുന്നു. ഉന്നതശ്രേണിയിലുള്ളവരല്ല, സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരാണ് ഇക്കാര്യത്തിലും ഇരകളാകുന്നതെന്നത് ഏറെ വേദനാജനകമാണ്.തെരുവുനായ പ്രശ്നം ഇത്രയും വഷളായതിനു പ്രധാനകാരണം എബിസി (‍ഡോഗ്സ്) റൂൾസ് എന്ന് അറിയപ്പെടുന്ന അനിമൽ ബർത്ത് കൺട്രോൾ റൂൾസിൽ 2001ൽ കൊണ്ടുവന്ന ഭേദഗതികളാണ്.

ഇതിനു മുമ്പ്, അപകടകാരികളായ തെരുവുനായ്ക്കളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിൽ കൊന്നിരുന്നു. പ്രാദേശിക ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രത ഈ പ്രശ്നം സങ്കീർണമാകാതെ സൂക്ഷിച്ചു. ഭേദഗതി പ്രകാരം വന്ധ്യംകരണം മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ, വന്ധ്യംകരണത്തിനും ബാലിശമായ വ്യവസ്ഥകളാണു നിഷ്കർഷിച്ചിട്ടുള്ളത്.

തെരുവുനായ്ക്കളെ സുരക്ഷിതമായും വേദനാരഹിതമായും പിടിച്ച് നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽവച്ചു വിദഗ്ധരുടെ മേൽനോട്ടത്തിൽ വന്ധ്യംകരിച്ചതിനുശേഷം അവയെ പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കണം എന്ന വിചിത്രവ്യവസ്ഥ എത്രമാത്രം അപ്രായോഗികമാണെന്നു പറയേണ്ടതില്ലല്ലോ.
വന്ധ്യംകരണം നായയുടെ പ്രജനനശേഷിയെ ഇല്ലാതാക്കുക മാത്രമാണു ചെയ്യുന്നത്. വന്ധ്യംകരണം ചെയ്യപ്പെട്ട നായ കടിക്കാതിരിക്കില്ല. ഇവയിൽനിന്നു പേവിഷബാധയുണ്ടാകാം. കൂടാതെ ഒരു തദ്ദേശസ്വയംഭരണ പ്രദേശത്തെ എല്ലാ നായ്ക്കളും വന്ധ്യംകരിക്കപ്പെട്ടു എന്ന് എങ്ങനെ ഉറപ്പാക്കും?

ഒരു പ്രദേശത്തെ ഒരു ആൺപട്ടി മതി അവയുടെ വംശവർധന നിലനിർത്താൻ. മാത്രമല്ല, പിടിക്കപ്പെട്ട് വന്ധ്യംകരിക്കപ്പെട്ട നായ്ക്കൾക്ക് അക്രമോൽസുകത കൂടുതലായിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇവിടെ കൊല്ലപ്പെടുന്ന മറ്റു ജീവികൾക്കൊന്നുമില്ലാത്ത പ്രത്യേക നിയമസംരക്ഷണം നായ്ക്കൾക്കു മാത്രം ലഭ്യമാക്കിയതിന്റെ ഉദ്ദേശ്യമെന്ത്? കണക്കുകൾ പ്രകാരം സർക്കാർതലത്തിൽ മാത്രം പ്രതിവർഷം ഏകദേശം 2800 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്നുകൾ ചെലവാകുന്നുണ്ട്.

സ്വകാര്യ മേഖലയിലെ കാര്യംകൂടി പരിഗണിച്ചാൽ ഇന്ത്യയൊട്ടാകെ 8000 കോടി രൂപയുടെ മരുന്നാണു വിറ്റഴിക്കപ്പെടുന്നത്. പേവിഷം പടരുന്നതു നായ്ക്കളിലൂടെയാണ്. അതിനർഥം തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി വർധിക്കുമ്പോൾ പേവിഷ പ്രതിരോധ മരുന്നിന്റെ വിപണിയും വർധിക്കുന്നു എന്നാണ്. ഈ കച്ചവടത്തിലെ നിക്ഷിപ്ത താൽപര്യക്കാരാണ് തെരുവുനായ നിയന്ത്രണത്തിനു തടയിടുന്നത്.
പിഞ്ചുകുഞ്ഞുങ്ങളടക്കം നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുമ്പോൾ മൃഗസ്നേഹം പറഞ്ഞു വരുന്നവരുടെ ഉദ്ദേശ്യശുദ്ധിയും സംശയിക്കേണ്ടിയിരിക്കുന്നു. ആലപ്പുഴയിൽ ആയിരക്കണക്കിനു താറാവുകളെ രോഗപ്രതിരോധാർഥം കൂട്ടിയിട്ടു കത്തിച്ചപ്പോഴും പേപ്പട്ടിയുടെ കടിയേറ്റ് എണ്ണമറ്റ വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുമ്പോഴും ഇല്ലാതിരുന്ന മൃഗസ്നേഹം തെരുവുനായ്ക്കളുടെ കാര്യത്തിൽ മാത്രം എങ്ങനെയുണ്ടാകുന്നു?

കേരളത്തിലെ അറവുശാലകളിൽ ദിനംപ്രതി കശാപ്പുചെയ്യപ്പെടുന്ന ജീവികളെക്കുറിച്ച് ഇവർക്കു യാതൊരു ആശങ്കയുമില്ല. മനുഷ്യന്റെ സമാധാനപരമായ ജീവിതത്തിനു വിഘാതമായപ്പോൾ നാട്ടിലിറങ്ങിയ കടുവയെ ദേശീയ മൃഗമായിട്ടുപോലും വെടിവച്ചു കൊല്ലുകയുണ്ടായി. മനുഷ്യജീവനു ഭീഷണിയായ തെരുവുനായ്ക്കൾക്കെതിരെ പ്രതികരിക്കുമ്പോൾ മാത്രം ഹാലിളകുന്ന സംഘടനകൾക്കു മുമ്പേ പറഞ്ഞ മരുന്നു വിപണിയുമായി ബന്ധമില്ലെന്ന് ആർക്കു പറയാനാകും?

തെരുവുനായ പ്രശ്നത്തിൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കുന്നതിനുവേണ്ടി ഞാൻ പ്രമുഖ അഭിഭാഷകനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. മേനകാ ഗാന്ധി നേതൃത്വം നൽകുന്ന ചില ട്രസ്റ്റുകളുടെ കേസുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ടെന്നതായിരുന്നു പറഞ്ഞ കാരണം. മണിക്കൂറുകൾക്കു ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ഇത്തരം അഭിഭാഷകരെ വച്ചു കേസ് നടത്തുന്നതിന് ഈ ട്രസ്റ്റുകൾക്ക് ആരാണു സഹായം നൽകുന്നത്?

മൃഗസ്നേഹം നല്ലതും വേണ്ടതുമാണ്. പക്ഷേ, മനുഷ്യനോടില്ലാത്ത അനുകമ്പ ഉപദ്രവകാരികളായ തെരുവുനായ്ക്കളോടു മാത്രമാകുമ്പോഴാണ് ഉദ്ദേശ്യം സംശയാസ്പദമാകുന്നത്. സന്ദർശിച്ച വിദേശരാജ്യങ്ങളിലൊന്നും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ഞാൻ കണ്ടിട്ടില്ല. വീട്ടിൽ വളർത്തുന്നതുപോലും നിയന്ത്രണങ്ങൾക്കു വിധേയമായാണ്. എന്റെ വീട്ടിലും നായയെ വളർത്തുന്നുണ്ട്.

എന്നാൽ, അതു മറ്റൊരാൾക്കും ശല്യമാകരുതെന്നുള്ളതുകൊണ്ടു കൂട്ടിലിട്ടാണു വളർത്തുന്നത്. മനുഷ്യനോട് ഏറ്റവും നന്ദിയും സ്നേഹവുമുള്ളതു നായ്ക്കൾക്കാണെന്നു പറയും. എന്നാൽ, അത് യജമാനനോടു മാത്രമാണ്. മറ്റുള്ളവരെല്ലാം അവയുടെ ശത്രുക്കളാണ്. ആത്യന്തികമായി നായ്ക്കൾ മാംസഭോജികളാണ്. കേരളത്തിലെ തെരുവുനായ്ക്കൾ മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞുകഴിഞ്ഞു. ഇനി അതു കിട്ടുന്നതിനായി അവ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.

തെരുവുനായ്ക്കൾക്കു നൽകുന്ന പരിഗണനയുടെ ഒരംശമെങ്കിലും സാധാരണക്കാരന്റെ ജീവനു നൽകിയേതീരൂ. ഇല്ലെങ്കിൽ, ജനം ആത്മരക്ഷാർഥം നിയമം കയ്യിലെടുക്കുന്ന സാഹചര്യം വിദൂരമല്ല. തെരുവുനായ ആക്രമണത്തിന് ഇരയായവർക്കു നഷ്ടപരിഹാരം നൽകുന്നതിനു സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ‘സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്’ തയാറാണ്. 0484 2973955 എന്ന നമ്പരിൽ വിളിക്കാം.

Your Rating: