Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുഡീഷ്യറിയിലെ ഭരണഘടനാ പ്രതിസന്ധി!

nottam-sebastian-paul

ജുഡീഷ്യറിയിൽ ഭരണഘടനാപരമായ പ്രതിസന്ധിയെന്ന പ്രസ്താവന അസംബന്ധമായി തോന്നിയേക്കാം. എന്നാൽ, കേരള ഹൈക്കോടതിയിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്. ഹൈക്കോടതിയിൽ സ്വതന്ത്രമായ മാധ്യമപ്രവർത്തനം സമ്പൂർണമായും അസാധ്യമായിരിക്കുന്നു.

ഹൈക്കോടതിയെ മാതൃകയാക്കുന്ന ഇതര കോടതികളിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. കോടതി മുറികളിൽ കടന്നുവരുന്നതിനു റിപ്പോർട്ടർമാർക്കു തടസ്സമില്ലെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനു ശേഷവും അദ്ദേഹത്തിന്റെ കോടതിയിൽ തന്നെ മാധ്യമപ്രവർത്തകർക്ക് അഭിഭാഷകരിൽ നിന്നു ഭീഷണി ഉണ്ടായി എന്നത് അതീവ ഗൗരവത്തോടെ കാണണം. സാധാരണ പദങ്ങൾ ഉപയോഗിച്ച് അപലപിക്കാവുന്ന വിഷയമല്ല ഇത്.

ഹൈക്കോടതിയുടെ നിയന്ത്രണാധികാരമുള്ള ചീഫ് ജസ്റ്റിസ് നിസ്സഹായനാവുന്ന അവസ്ഥയിൽ ഇനി ഇക്കാര്യത്തിൽ ഇടപെടേണ്ടതു സുപ്രീം കോടതിയാണ്. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യം നൂറുവട്ടം പറഞ്ഞിട്ടുള്ള സുപ്രീം കോടതിക്ക് ഇൗ വിഷയത്തിൽ നിശ്ശബ്ദത പാലിക്കാനാവില്ല.

സമാനതകളില്ലാത്ത സാഹചര്യമാണു ഹൈക്കോടതിയിൽ കാണുന്നത്. വൈകാരികമായ പ്രതികരണത്തിന്റെ അവസ്ഥ പിന്നിട്ട് ആസൂത്രിതവും സംഘടിതവുമായ നീക്കമായി കാര്യങ്ങൾ പരിണമിച്ചിരിക്കുന്നു. ഇതിനു വിശദീകരണമോ വ്യാഖ്യാനമോ നൽകാൻ കഴിയില്ല. നൽകേണ്ട കാര്യവുമില്ല.

അഭിഭാഷകർ അക്രമാസക്തരാവുന്ന സംഭവങ്ങൾ ഡൽഹിയിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയൊക്കെയും ഏതെങ്കിലും സന്ദർഭം അടിസ്ഥാനമായി ഉണ്ടായിട്ടുള്ളതും പെട്ടെന്നുതന്നെ ശമിച്ചിട്ടുള്ളതുമാണ്.
ഇവിടെ കാണുന്ന കാര്യങ്ങൾ അസാധാരണമാണ്.

അസാധാരണമായ കാര്യങ്ങളെ അസാധാരണമായ രീതിയിൽത്തന്നെ കൈകാര്യം ചെയ്യണം. മുതിർന്ന അഭിഭാഷകരും ന്യായാധിപരും അഭിഭാഷക സംഘടനകളും പൊതുസമൂഹം ആകെത്തന്നെയും നയം വ്യക്തമാക്കണം. നീതിനിർവഹണം സുതാര്യമാകണമെങ്കിൽ സ്വതന്ത്രമായ മാധ്യമസാന്നിധ്യം കോടതികളിൽ ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകരുത്. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിനിർവഹണം ജനങ്ങൾക്കു ബോധ്യമാകുന്നതു മാധ്യമങ്ങളിലൂടെയാണ്.

ഹൈക്കോടതിയിലെ അഭിഭാഷകർക്ക് എന്താണു വേണ്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭരണഘടനയെക്കുറിച്ചോ ജനാധിപത്യ തത്വങ്ങളെക്കുറിച്ചോ ധാരണയില്ലാത്ത രീതിയിൽ അവർ പെരുമാറുന്നതു നിർഭാഗ്യകരമാണ്. അത്തരക്കാർ ന്യൂനപക്ഷം ആയിരിക്കാം. എന്നാൽ, ഭൂരിപക്ഷത്തിന്റെ അപകടകരമായ മൗനം അവരെ ശക്തരാക്കുന്നു. അവരുടെ ശക്തിപ്രകടനം പൊതുസമൂഹത്തിനും പൊതുതാൽപര്യത്തിനും ഹാനികരമാണ്.

വാർത്താശേഖരണം എങ്ങനെയായിരിക്കണമെന്നും ആരു നടത്തണമെന്നും നിശ്ചയിക്കാൻ ഭരണകൂടത്തിനോ ഭരണകൂടവുമായി ബന്ധപ്പെട്ടവർക്കോ അധികാരമില്ല. ഇവിടെ അഭിഭാഷകർ മാധ്യമപ്രവർത്തനത്തിൽ ഇടപെടാൻ ശ്രമിക്കുന്നു. ഇതു സെൻസർഷിപ്പിനെക്കാൾ ഗുരുതരമായ അവസ്ഥയാണ്. അടിയന്തരാവസ്ഥയിലെ സെൻസർഷിപ്പിലും വാർത്ത ശേഖരിക്കാൻ തടസ്സമില്ലായിരുന്നു.

വാർത്ത പ്രസിദ്ധപ്പെടുത്താൻ മാത്രമായിരുന്നു നിയന്ത്രണം. വാർത്തയുടെ സ്രോതസ്സിൽ തന്നെ അതിന്റെ ശേഖരണം വിലക്കുന്ന നടപടി സ്വതന്ത്രമായ നിയമവാഴ്ചയുടെ സംരക്ഷകരിൽ നിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം അപലപനീയമാണ്. അപകടത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നില്ലെങ്കിൽ കരകയറാൻ കഴിയാത്ത ഗർത്തത്തിലേക്കു സമൂഹം നിപതിക്കും. ഇത് എല്ലാവരും മനസ്സിലാക്കണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.