Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമനം: അന്വേഷണം അനിവാര്യം

advocate-kalishwaram-raj

സംസ്ഥാനത്തെ ബന്ധുനിയമനങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ വൻ വിവാദമായതിൽ അദ്ഭുതമില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്കുമേൽ സംസ്ഥാന സർക്കാരിന് ഉടമസ്ഥതയും നിയന്ത്രണാധികാരങ്ങളും ഉണ്ടെങ്കിൽ നിയമനങ്ങളും സുതാര്യവും നിയമവിധേയവും ആയിരിക്കണം. ഭരണഘടനയുടെ 12–ാം അനുച്ഛേദമനുസരിച്ച് ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങൾ ഭരണകൂടം അഥവാ സ്റ്റേറ്റ് എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നവയാണ്. അതിനാൽത്തന്നെ ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾ സ്വകാര്യാടിസ്ഥാനത്തിലോ സ്വന്തക്കാർക്കുവേണ്ടിയോ വഴിവിട്ട രീതിയിൽ നടത്താൻ അധികാരസ്ഥാനത്തുള്ളവർ തുനിയരുത്. ക്രമവിരുദ്ധമായ നിയമനങ്ങൾക്കു ഭരണഘടനാപരവും ക്രിമിനൽ നിയമസംബന്ധവുമായ വശങ്ങളുണ്ട്. ഈ രണ്ടു തലങ്ങളെക്കുറിച്ചും അധികാരികൾ, വിശേഷിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും ബോധവാന്മാരായിരിക്കണം. അപഭ്രംശങ്ങൾ തടയുവാനുള്ള ജാഗ്രത കാണിക്കേണ്ടതും അവരാണ്.

അവസരസമത്വത്തിലും തുല്യതാസങ്കൽപങ്ങളിലും അധിഷ്ഠിതമായിരിക്കണം പൊതുസംവിധാനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും നിയമനങ്ങളെന്നു സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് ഉമാദേവി കേസിൽ (2006) വിധിക്കുകയുണ്ടായി. മുൻകൂട്ടി നിയമപ്രകാരം യോഗ്യത നിശ്ചയിക്കൽ, അതനുസരിച്ചു വിജ്ഞാപനം പ്രസിദ്ധീകരിക്കൽ, യോഗ്യതയും താൽപര്യവുമുള്ള എല്ലാ ഉദ്യോഗാർഥികളുടെയും അപേക്ഷകൾ സമഭാവനയോടെ പരിഗണിക്കൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു മൂല്യനിർണയ സമ്പ്രദായം ഉറപ്പുവരുത്തൽ, നിയമനപ്രക്രിയയിലുടനീളം സത്യസന്ധതയും നിയമപരിപാലനവും ഉറപ്പുവരുത്തൽ, നിയമനഫലങ്ങൾ പരസ്യമായി പ്രസിദ്ധീകരിക്കൽ തുടങ്ങിയവയെല്ലാം ശരിയായ നിയമനപ്രക്രിയയുടെ അവശ്യഘടകങ്ങളാണ്. ഇത്തരം തത്വങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെങ്കിൽ വിഷയത്തിൽ കോടതികൾക്ക് ഇടപെടാമെന്നു രാമസ്വാമി കേസിൽ (2011) കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബ‍െഞ്ച് വ്യക്തമാക്കി. സുതാര്യതയില്ലാതെ നടന്ന നിയമന പ്രക്രിയയിൽ നീതിന്യായപരമായ അധികാരപ്രയോഗം ആകാമെന്നു സുരേന്ദ്ര പ്രസാദ് തിവാരിയുടെ കേസിൽ (2006) സുപ്രീം കോടതി പറഞ്ഞു.

വഴിവിട്ട നിയമനങ്ങൾ ചിലപ്പോൾ അധികാരസ്ഥാനീയർക്കെതിരെ ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയെയും മകൻ അജയ് ചൗതാലയെയും അധ്യാപക റിക്രൂട്മെന്റുമായി ബന്ധപ്പെട്ട കേസിൽ 10 വർഷത്തെ തടവിനു ശിക്ഷിച്ചതിനെ ജസ്റ്റിസ് കലീഫുള്ളയും ജസ്റ്റിസ് ശിവകീർത്തി സിങ്ങും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് 2015 ഓഗസ്റ്റ് മൂന്നിനു ശരിവച്ച കാര്യം ഓർക്കാവുന്നതാണ്.

പണം കൈപ്പറ്റിക്കൊണ്ടുള്ള അഴിമതികൾ മാത്രമാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതെന്ന ധാരണ ശരിയല്ല. കൈക്കൂലി, അഴിമതിയുടെ ഒരു മൂർത്തരൂപം തന്നെയാണ്. എന്നാൽ പൊതുതാൽപര്യത്തിനെതിരായി അധികാര ദുർവിനിയോഗത്തിലൂടെ സ്വജനപക്ഷപാതം കാണിക്കുന്നതും 1988ലെ അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) (iii) വകുപ്പിന്റെ പരിധിയിൽ വരും. പണമോ സ്വത്തോ വിലപിടിച്ച മറ്റെന്തെങ്കിലുമോ കൈപ്പറ്റാതെതന്നെ നടത്തുന്ന പ്രവൃത്തികളും അഴിമതി തന്നെയാണ്. ഒരു പൊതുജന സേവകൻ, ഔദ്യോഗിക പദവിയിൽ ഇരുന്നുകൊണ്ടു പൊതുതാൽപര്യത്തിനു വിരുദ്ധമായി മറ്റാർക്കെങ്കിലും ആനുകൂല്യങ്ങൾ തരപ്പെടുത്തിക്കൊടുക്കുന്നത് അഴിമതിയാണെന്നു വകുപ്പ് വ്യക്തമാക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഭരണഘടനാ തത്വങ്ങൾക്കും സത്യപ്രതിജ്ഞയ്ക്കും വിരുദ്ധമായ വിധത്തിൽ, അതുവഴി പൊതുതാൽപര്യത്തെ നിഹനിക്കുന്ന രീതിയിൽ, അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്നും അങ്ങനെ അഴിമതി നിരോധന നിയമമനുസരിച്ചുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും ആണ് അന്വേഷിക്കപ്പെടേണ്ടത്. അത്തരമൊരന്വേഷണം അനിവാര്യവുമാണ്.

(ലേഖകൻ സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.