Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാണവായുവിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കരുത്, എവിടെ കർമസമിതികൾ ?

Binoy Viswam

പാതയോരത്തെ മരങ്ങൾ പലതും ദിവസങ്ങൾ എണ്ണിക്കഴിയുകയാണ്. എത്ര വർഷങ്ങൾ കൊണ്ടാണ് അവ അങ്ങനെ വളർന്നു പന്തലിച്ചത്. ആധുനിക ഉപകരണങ്ങൾകൊണ്ട് അവയെ വെട്ടിവീഴ്ത്താൻ ഇപ്പോൾ ഏതാനും മിനിറ്റുകൾ മതി.

ഏതൊരു വികസനത്തിന്റെയും ആദ്യത്തെ ഇര മരങ്ങളാവണമെന്നു ചിന്തിക്കുന്ന ചിലരുണ്ട്. അവർ മരങ്ങളെ കാണുന്നതു തടിയായി മാത്രമാണ്. ആ തടിയുടെ കമ്പോളവില കണക്കാക്കി അവയ്ക്കു ചുറ്റും കഴുകൻ കണ്ണുമായി നിൽക്കും ചിലർ. അതിൽ ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും തടിക്കച്ചവടക്കാരും എല്ലാം ഉൾപ്പെടും. രാഷ്ട്രീയക്കാരിൽ ചിലർ അവരുടെ ചങ്ങാതിമാരാണ്. അവരിൽ നിന്നു മരങ്ങളെ രക്ഷിക്കാൻ എല്ലാ സ്ഥലങ്ങളിലും ജാഗ്രതാ പ്രസ്ഥാനങ്ങളുണ്ടാവണം. അല്ലെങ്കിൽ പാതവക്കിൽ ഇന്നുള്ള തണലുകളെല്ലാം അപ്രത്യക്ഷമാകും.

മരങ്ങൾ പ്രാണവായുവിന്റെ ഉറവിടങ്ങളാണ്. അന്തരീക്ഷമാകെ അപകടകരമാംവിധം നിറയുന്ന കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യാനും പ്രാണവായുവായ ഓക്സിജൻ അന്തരീക്ഷത്തിനു പകരം നൽകാനും മരങ്ങൾക്കേ കഴിയൂ. താഴെ വേരുകൾക്കിടയിൽ അവ സൂക്ഷിച്ചു വയ്ക്കുന്ന വെള്ളവും അമൂല്യമാണ്. ചുറ്റുപാടും നിറയുന്ന പൊടിപടലങ്ങൾ തടയുന്നതിലും മരങ്ങൾ വലിയ പങ്കു വഹിക്കുന്നു. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിലും പന്തലിച്ചു നിൽക്കുന്ന മരങ്ങൾ ചെറുതല്ലാത്ത പങ്കാണു വഹിക്കുന്നത്.

ആഗോളതാപനത്തിന്റെ ഈ ദിനങ്ങൾ നമ്മുടെ കാഴ്ചപ്പാടിൽ ചില മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നവർ – ആസൂത്രകർ മുതൽ രാഷ്ട്രീയ പ്രവർത്തകർ വരെ ഉള്ളവരെല്ലാം – ആ പുതിയതരം കാഴ്ചയുടെ അനിവാര്യത ഉൾക്കൊണ്ടേ തീരൂ. അല്ലാത്തപക്ഷം വറ്റിവരണ്ട ഭൂമിയിൽ വാടിക്കരിയുന്ന വികസനത്തിനായിരിക്കും അവർ കാർമികത്വം വഹിക്കേണ്ടിവരിക. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കരുത് എന്നല്ല ഇതിനർഥം. പൊതുസ്ഥലങ്ങളിൽ എവിടെയായാലും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുക തന്നെ വേണം. എന്നാൽ അതിന്റെ മറവിൽ എല്ലാ മരങ്ങളും മുറിക്കാം എന്ന സ്ഥിതി ആശങ്കയുളവാക്കുന്നു.

ആധുനിക നഗരാസൂത്രണത്തിലും വികസന കാഴ്ചപ്പാടുകളിലും മരങ്ങൾക്കും പച്ചപ്പുകൾക്കും സുപ്രധാനമായ സ്ഥാനമാണു കൽപിച്ചിട്ടുള്ളത്. എന്തിന് ആധുനിക ആസൂത്രണം? അശോക ചക്രവർത്തി മഹാനാകുന്നത് അദ്ദേഹം പാതയോരങ്ങളിൽ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതുകൊണ്ടുകൂടിയാണെന്ന് പ്രൈമറി ക്ലാസുകളിൽ പഠിച്ചു വളർന്നവരല്ലേ നമ്മൾ. ഇന്നു ലോകത്തെവിടെയും ഭംഗിയുള്ള ആസൂത്രിത നഗരങ്ങളെല്ലാം മരങ്ങളെ പരിപാലിക്കുന്നത് എങ്ങനെയാണെന്നു കാണിച്ചു തരുന്നുണ്ട്. ബെംഗളൂരുവിൽ ചെന്നാൽ ഒരു കാഴ്ച കാണാം.

നഗരഹൃദയത്തിലെ ഒരു വൻമരം വെട്ടാതിരിക്കാൻ ഒരു രാജവീഥി രണ്ടായി തിരിഞ്ഞു വീണ്ടും ഒന്നായി പോകുന്ന കാഴ്ച. ഇവിടെയാണെങ്കിൽ ആ മരം പണ്ടേക്കുപണ്ടേ വെട്ടിവീഴ്ത്തപ്പെടുമായിരുന്നു. പൊതുസ്ഥലത്തെ മരങ്ങളെ സംബന്ധിച്ച ഒരു സർക്കാർ ഉത്തരവ് നിലവിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ജില്ലകൾ തോറും രൂപീകൃതമായ കർമ സമിതികളും. അതിനായി മുൻകയ്യെടുത്ത ആൾ എന്ന നിലയിൽ പൂക്കളും കല്ലുകളും ഒരുപോലെ ഏറ്റുവാങ്ങിയവനാണു ഞാൻ. അപകടം തടയാനോ വികസനം വരാനോ വേണ്ടി മുറിക്കേണ്ടിവന്നാൽ വിപുലമായ പ്രാതിനിധ്യമുള്ള ഒരു സമിതിയുടെ മേൽനോട്ടത്തിലേ അതു ചെയ്യാവൂ എന്നാണ് ആ ഉത്തരവിൽ പറയുന്നത്. മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെടുന്ന ഏജൻസി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ / അധ്യക്ഷ, 2 പരിസ്ഥിതി പ്രവർത്തകർ, ഒരു വനംവകുപ്പു പ്രതിനിധി എന്നിവരാണു സമിതി അംഗങ്ങൾ.

ജില്ലകൾ തോറും ഫലപ്രദമായി പ്രവർത്തിച്ച സംവിധാനമാണത്. നേരിട്ടുള്ള പരിശോധനയിൽ പല മരങ്ങളും മുറിക്കേണ്ടതാണെന്ന് ആ സമിതി കണ്ടെത്തി. പല മരങ്ങളുടെയും ശിഖരങ്ങൾ മാത്രം മുറിച്ചാൽ മതിയാവുമെന്നും ചില മരങ്ങൾ മുറിക്കുകയേ വേണ്ടെന്നും സമിതി കണ്ടു ബോധ്യപ്പെട്ടു തീരുമാനിച്ചു. പ്രസ്തുത സമിതികളെല്ലാം ഇന്ന് ഉറക്കത്തിലാണത്രേ. കഴിഞ്ഞ കുറെ വർഷങ്ങളായി ആ ഉത്തരവിനെപ്പറ്റി ആരും ഓർക്കുന്നുമില്ല.

അടിയന്തരമായി പ്രസ്തുത ഉത്തരവിന്റെ വെളിച്ചത്തിൽ ബന്ധപ്പെട്ട കർമസമിതികൾ പുനരുജ്ജീവിപ്പിക്കപ്പെടണം. അവയുടെ പരിശോധന കൂടാതെ ആർക്കും തോന്നുന്നപോലെ മരങ്ങൾ മുറിച്ചു തള്ളാമെന്ന ദുഃസ്ഥിതിക്കു മാറ്റമുണ്ടാകണം. ആളുകളുടെ ജീവനു ഭീഷണിയായ മരങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം അടിയന്തരമായി മുറിച്ചുമാറ്റി അവയ്ക്കു പകരം ഒന്നിനു പത്ത് എന്ന തോതിൽ ലഭ്യമായ പൊതുസ്ഥലത്തു മരങ്ങൾ വച്ചുപിടിപ്പിക്കണം. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള വികസന മുന്നേറ്റത്തിൽ ഇതായിരിക്കും ഉചിതമായ സമീപനം.

Your Rating: