Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യം അവകാശമാണ്

advocate-kalishwaram-raj-04

കേരള ഹൈക്കോടതിയിൽ‌ ഒരു വിഭാഗം അഭിഭാഷകർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് തങ്ങൾക്കു ജോലി ചെയ്യാൻ കഴിയാതെ പിൻവാങ്ങേണ്ടി വന്നുവെന്ന മാധ്യമ പ്രവർത്തകരുടെ പരാതി ഗൗരവപ്പെട്ടതാണ്. രാജ്യത്തെ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു ഹൈക്കോടതിയിൽ നിന്ന് ഇത്തരമൊരു വാർത്ത കേൾക്കേണ്ടി വരുന്നതു നിർഭാഗ്യകരമെന്നതിനെക്കാൾ അപമാനകരമാണ്. ഇതെ തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസും അഡ്വക്കറ്റ് ജനറലും നടത്തിയ ചർച്ചയ്ക്കു ശേഷം, ഹൈക്കോടതിയിൽ മാധ്യമവിലക്കില്ലെന്നു ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിരിക്കുന്നു. പ്രശ്നപരിഹാരത്തിനുള്ള നടപടികൾ തുടരുമെന്ന് അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി. അത്രയും നല്ലതുതന്നെ.

എന്നാൽ,  രണ്ടരമാസമായി തുടരുന്ന അനിശ്ചിതാവസ്ഥ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. മാധ്യമസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൂർ‌ത്തവും സുപ്രധാനവുമായ രൂപമാണ്. അതു ഭരണഘടനാപരമായ അവകാശമാണ്; അല്ലാതെ ഏതെങ്കിലും ഭരണഘടനേതരമായ അധികാര കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട ഔദാര്യമല്ല. സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായവരാണു ന്യായാധിപരും അഭിഭാഷകരും. ഹൈക്കോടതിയിൽ വരുന്ന ആരെയും – മാധ്യമപ്രവർത്തകരാകട്ടെ, മറ്റുള്ളവരാകട്ടെ – കായികമായി കൈകാര്യം ചെയ്യാനുള്ള അധികാരം ആർക്കുമില്ല. ആരെങ്കിലും കോടതിയുടെ കോമ്പൗണ്ടിൽവച്ച് അങ്ങനെ ചെയ്താൽ, അതു പൊലീസ് ഇടപെട്ടു കൈകാര്യം ചെയ്യേണ്ടുന്ന ഒരു ക്രിമിനൽ കുറ്റം തന്നെയായിരിക്കും. ഇവിടെ കുറ്റം ചെയ്യുന്നയാൾക്കോ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നയാൾക്കോ ഒരു പ്രത്യേക പരിരക്ഷയും ഇല്ല.

ഇതു നിയമവാഴ്ചയുടെയും ക്രമസമാധാനത്തിന്റെയും കൂടി പ്രശ്നമായതിനാൽ സർക്കാരിന് ഇതു സംബന്ധിച്ച പ്രാഥമിക ബാധ്യതയും നിഷേധിക്കാൻ കഴിയില്ല. ഹൈക്കോടതിയുടെ ഭരണപരമായ ചുമതല ചീഫ് ജസ്റ്റിസിനാണ്; എന്നാൽ അവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടതും നടന്നുകഴിഞ്ഞാൽ നടപടിയെടുക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ പൊലീസാണ്.

ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഹൈക്കോടതിയിലെ ഭൂരിപക്ഷം വരുന്ന ന്യായാധിപരും അഭിഭാഷകരും ഇന്നത്തെ അവസ്ഥയെച്ചൊല്ലി ദുഃഖിക്കുന്നു എന്നതാണ്. പൊതുസമൂഹവും ഈ വികാരം തന്നെയാണു വച്ചുപുലർത്തുന്നത്. പ്രശ്നം, വിരലിലെണ്ണാവുന്ന ചിലർ നിയമം കൈയിലെടുക്കാ‍ൻ ശ്രമിക്കുന്നുവെന്നതാണ്. മഹാഭൂരിപക്ഷത്തിന്റെ നിശ്ശബ്ദതയ്ക്കു പലപ്പോഴും സമൂഹത്തിനു വലിയ വില നൽകേണ്ടിവരും. ഒരുകൂട്ടം ആളുകളുടെ ധാർഷ്ട്യത്തിനും കൊള്ളരുതായ്മകൾക്കും ഒരു തൊഴിൽ സമൂഹവും സമൂഹം തന്നെയും നിന്നുകൊടുക്കണമെന്നു പറയുന്നത് മറ്റെന്തായാലും ജനാധിപത്യമല്ല.

സ്ഥാപനങ്ങളും സംവിധാനങ്ങളും അവയിൽ അർ‌പ്പിതമായ ബാധ്യത നിറവേറ്റാതിരുന്നതുകൊണ്ടാണ് രണ്ടര മാസമായിട്ടും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ ഭാഗത്തു സംഭവിച്ച തെറ്റുകൾ ചൂണ്ടിക്കാണിക്കാം; അവർ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കാം. അവരുടെ ഭാഗത്തുനിന്നുള്ള പ്രഫഷനലിസത്തിന്റെ അഭാവവും ഗൗരവബുദ്ധ്യാ കൈകാര്യം ചെയ്യപ്പെടണം. എന്നാൽ, കേരളം പോലൊരു സംസ്ഥാനത്തെ ഉന്നത കോടതിയിൽ നിയമവാഴ്ചയില്ലെന്നു തോന്നിപ്പിക്കുന്നതു വലിയൊരു ദുരന്തമാണ്. അതിനുള്ള കാരണം, ധീരമായ ഇടപെടലുകളുടെ അഭാവമാണ്. പലരും പലതിനെയും പലപ്പോഴും ഭയക്കുന്നു. സ്വന്തം കരിയറിനപ്പുറം ഒരു സ്ഥാപനത്തിന്റെ നിലനിൽ‌പും വളർച്ചയും പ്രതിച്ഛായയും പ്രധാനമാണെന്നു കരുതുന്ന ധൈഷണികമായ ധീരത നമ്മുടെ നീതിന്യായപരിസരത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

നാളെ, ഏതെങ്കിലും ഒരു ബാഹ്യശക്തിയുടെ അഥവാ വ്യക്തിയുടെ ഔദാര്യത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കുവാൻ സാധിക്കൂ എന്നു വരുത്തിത്തീർക്കുന്നത് അപകടകരമായിരിക്കും. പ്രശ്നം സൃഷ്ടിച്ചവരുടെ ഔദാര്യം മാത്രമാണ് പ്രശ്നത്തിനുള്ള പരിഹാരം എന്നു വന്നുകഴിഞ്ഞാൽ, പരിഹാരം തന്നെ പ്രശ്നമായിത്തീരും. അത്തരമൊരവസ്ഥ വിധേയത്വത്തിന്റെ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കും. അതുവഴി സംസ്ഥാനത്തിന്റെ നീതിന്യായ സംവിധാനത്തിന്റെ മഹത്തായ പാരമ്പര്യമാകും തകരുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ!

(ലേഖകൻ സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.