Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിന്റെ കണ്ണീരൊപ്പണം

m-mukundan-07

എന്റെ കുട്ടിക്കാലത്തു ഞാനോർക്കുന്ന കണ്ണൂർ ശാന്തമായ ഒരു പ്രദേശമായിരുന്നു. കണ്ണൂരുകാർ സംസ്കാര സമ്പന്നരും ഉള്ളിൽ സ്നേഹവും ആർദ്രതയും ഉള്ളവരായിരുന്നു. അക്കാലത്തു പരസ്പരം കാണുമ്പോഴൊക്കെ കാൽപന്തുകളിയെക്കുറിച്ചാണു ഞങ്ങൾ സംസാരിച്ചിരുന്നത്. കണ്ണൂരിലെ ലക്കി സ്റ്റാറും സ്പിരിറ്റഡ് യൂത്‌സും പോലുള്ള ഫുട്ബോൾ ടീമുകൾ കണ്ണൂരുകാരുടെ സംസാരത്തിന്റെ ഹരമായിരുന്നു.

ഇന്നു കണ്ണൂരിനെ എല്ലാവരും കാണുന്നതു കൊലപാതകങ്ങളുടെ തലസ്ഥാന നഗരമായാണ്. 1980ൽ തുടങ്ങി നൂറ്റി തൊണ്ണൂറോളം മനുഷ്യർ അവിടെ വെട്ടേറ്റും ബോംബേറിൽ ശരീരം ചിതറിയും മരണമടഞ്ഞു. അവരിൽ അത്രയും യുവാക്കളായിരുന്നു. കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ മാത്രം നാൽപത്തിയഞ്ചോളം പേർ കൊല ചെയ്യപ്പെട്ടു. ഇവരെ സിപിഎമ്മുകാരെന്നും ആർഎസ്എസുകാരെന്നും ഒക്കെ കണക്കുകൾ കൊണ്ടു വേർതിരിക്കാം. ചോരയിൽ നിന്നു ചോരയുണ്ടാകും എന്നു ഷേക്സ്പിയർ മാക്ബത്തിൽ പറഞ്ഞതു പോലെ, ഒരു കൊലപാതകത്തിൽ നിന്നു മറ്റൊരു കൊലപാതകമുണ്ടാകുന്നു. നമ്മുടെ എത്ര സഹോദരിമാർ യൗവനത്തിൽ തന്നെ വിധവകളായി? എത്ര കുഞ്ഞുങ്ങൾക്ക് അച്ഛനില്ലാതായി? രാഷ്ട്രീയം എന്നതൊരു ആസക്തിയായി മാറിയതാണ് കണ്ണൂരിന്റെ ശാപം.

ഓണമാണ് വരുന്നത്, എല്ലാ മലയാളികളുടെയും പൊന്നോണം. പക്ഷേ, കണ്ണൂരിലതു കണ്ണീരോണമാകരുത്. ഒരു ജീവിതകാലത്തേക്കു മുഴുവനുള്ള ഓർമകളിൽ കണ്ണീരുപ്പു പടർന്നാൽ എപ്പോഴാണു നാടിനെക്കുറിച്ചു നമുക്കു മധുരിക്കുന്ന ഓർമകളുണ്ടാകുന്നത്? മാക്സിം ഗോർക്കിയുടെ നോവലിലെ അമ്മ നിലോവ്ന വ്ലാസോയുടെ വേദന കണ്ട് ഹൃദയം നൊന്തവരാണു സ്വന്തം നാട്ടിൽ മകൻ നഷ്ടപ്പെട്ടു വിലപിക്കുന്ന അമ്മമാരുടെ വേദന കാണാതെ പോകുന്നത്.

ലാറ്റിൻ അമേരിക്കയിൽ നരഹത്യകൾക്കെതിരായ പ്രതിരോധമായാണ് ആധുനിക നോവൽ സാഹിത്യം വളർന്നത്. കണ്ണൂരിലെ നരഹത്യകളെക്കുറിച്ച് ഒരു നോവൽ എഴുതാൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിനെ പോലെ ഒരു എഴുത്തുകാരൻ നമുക്ക് ഇല്ലാതെ പോയി. എഴുത്തുകാരും താരങ്ങളും ചിത്രകാരൻമാരും എത്രയെത്ര തവണ അഭ്യർഥിച്ചു. ഇതൊന്നു നിർത്തണേയെന്ന്. അവർ പാനൂരിൽ കൂട്ടായ്മകൾ നടത്തി. അഭ്യർഥനകളിൽ ഒപ്പുവച്ചു. കവികൾ തൊണ്ടപൊട്ടി പാടി. പക്ഷേ, എല്ലാം നിഷ്ഫലം. കണ്ണൂരിലെ കൊലപാതകങ്ങൾക്കു മുൻപിൽ എഴുത്തുകാരന്റെ മുനയൊടിയുകയാണ് എന്നതാണു സത്യം.

ആരെങ്കിലും ഒരാൾ തോറ്റു കൊടുക്കണം അതാണ് അവശേഷിക്കുന്ന പരിഹാരം. ‘‘ഒരു കൊലപാതകം ഉണ്ടാകുമ്പോൾ തിരിച്ചൊരാളെ അറുംകൊല ചെയ്യാൻ ഞങ്ങൾക്കു പ്രയാസമില്ല. പക്ഷേ, ഞങ്ങളതു ചെയ്യുന്നില്ല. ഇനിയും വിധവകളെ സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’’ എന്ന് ഏതെങ്കിലും ഒരു വിഭാഗം പറയണം. അവർക്കതിനുള്ള ആർജവമുണ്ടാകണം. അതൊരിക്കലും തോൽവിയായിരിക്കില്ല. അങ്ങനെ തോറ്റു കൊടുക്കുന്നവരായിരിക്കും യഥാർഥ വിജയികൾ. ചരിത്രത്തിൽ അവർക്കൊരു പ്രകാശമാനമായ ഇടം ലഭിക്കും. അവർ വാഴ്ത്തപ്പെടും.

പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിൽ വലിയ പ്രതീക്ഷകൾ ഉണർന്നിരിക്കുന്നു. പുതിയ കേരളം എല്ലാവരും സ്വപ്നം കാണുന്നു. ജനങ്ങൾക്കു വേണ്ടിയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതുപോലെ തന്നെ നരഹത്യകൾ തടയുന്നതിലും സർക്കാരിന് ഉത്തരവാദിത്തമുണ്ട്.

Your Rating: