Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര സംഗീത വിദ്യാലയത്തിനായി അനുവദിച്ച സ്ഥലം തിരിച്ചെടുക്കൽ; ഉദ്യോഗസ്ഥരുടെ ഗൂഢതാൽപര്യമെന്ത് ?

Soorya Krishnamoorthy

സ്വാതി പുരസ്കാരം വാങ്ങുന്നതിനായി ഉസ്താദ് അംജദ് അലിഖാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇവിടെ രാജ്യാന്തര സംഗീത വിദ്യാലയം തുടങ്ങണമെന്ന് അദ്ദേഹത്തോട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭ്യർഥിച്ചത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇന്റർനാഷനൽ മ്യൂസിക് സ്കൂൾ ഇല്ല. അത്തരമൊന്ന് ആദ്യമായി തുടങ്ങുന്നതു കേരളത്തിൽ ആയിരിക്കണമെന്ന ആഗ്രഹമായിരുന്നു പിന്നിൽ.

മുഖ്യമന്ത്രിയുടെ അഭ്യർഥന അംജദ് അലിഖാൻ സ്വീകരിച്ചു. താനും ഭാര്യയും മക്കളും തിരുവനന്തപുരത്തേക്കു താമസം മാറ്റാൻ തയാറാണെന്നും ഇനിയുള്ള ജീവിതം ഇവിടേക്കു പറിച്ചുനടുകയാണെന്നും അദ്ദേഹം വാക്കു നൽകി. പദ്ധതിക്ക് ആവശ്യമായ സ്ഥലം അനുവദിക്കാമെന്നു മുഖ്യമന്ത്രിയും സമ്മതിച്ചു. ഇടയ്ക്കു കച്ചേരിക്കായി യാത്ര ചെയ്യേണ്ടതിനാൽ വിമാനത്താവളത്തിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥലം അനുവദിക്കണമെന്ന വ്യവസ്ഥ മാത്രമേ അദ്ദേഹം മുന്നോട്ടു വച്ചുള്ളൂ.

ഈ പദ്ധതി നടപ്പാക്കുന്നതിനായി കേരള സംഗീത നാടക അക്കാദമി ചെയർമാൻ എന്ന നിലയിൽ മുൻകയ്യെടുത്തതു ഞാനായിരുന്നു. പദ്ധതിയുടെ കാര്യത്തിൽ ധാരണ ആയതിനെ തുടർന്ന് അംജദ് അലിഖാനു നൽകാനായി വേളിയിൽ രണ്ട് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി. ചില ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചായിരുന്നു സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇറങ്ങി. തുടർന്നു തിര​ഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വന്നതു മൂലം പദ്ധതിക്കു തറക്കല്ലിട്ടതു ചീഫ് സെക്രട്ടറിയായിരുന്നു.

രാജ്യാന്തര നിലവാരമുള്ള മ്യൂസിക് സ്കൂളിനു പണം മുടക്കാൻ തയാറാണെന്നു പല സ്വകാര്യ ഏജൻസികളും അംജദ് അലിഖാനെ അറിയിച്ചു. കേന്ദ്ര സർക്കാരും പണം നൽകാൻ തയാറായി. പക്ഷേ, നിർമാണപ്രവർത്തനം തുടങ്ങും മുൻപേ അതിന് ആവശ്യമായ സ്ഥലം രേഖാമൂലം സംസ്ഥാന സർക്കാർ കൈമാറണമായിരുന്നു. അതിനായി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അംജദ് അലിഖാൻ വിളിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. പരമാവധി അദ്ദേഹത്തെ പിന്തിരിപ്പിച്ച് ഓടിക്കണമെന്ന വാശിയോടെയാണു ചില ഉദ്യോഗസ്ഥർ പ്രതികരിച്ചത്. അന്തരീക്ഷം മോശമാകുന്നുവെന്നു മനസ്സിലായതോടെ അംജദ് അലിഖാൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ സമീപിച്ചു. അദ്ദേഹത്തിനൊപ്പം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിൽവച്ചു കണ്ടു. പുതിയ സർക്കാർ, പദ്ധതിക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും ധൈര്യമായി മുന്നോട്ടു പോകാനുമാണ് അന്നു പിണറായി വിജയൻ അംജദ് അലിഖാനോടു പറഞ്ഞത്. മുഖ്യമന്ത്രിയുടെ തുറന്ന ‌സമീപനത്തെ പുകഴ്ത്തി അദ്ദേഹം എന്നോടു സംസാരിക്കുകയും ചെയ്തു.

ഈ പദ്ധതിയുടെ പ്രവർത്തനം ദ്രുതഗതിയിൽ മുന്നോട്ടു പോകണമെന്ന താൽപര്യത്തിൽ നാലു ദിവസം മുൻപും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിച്ച് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നുവെന്നാണു ഞാൻ അറിയുന്നത്. പക്ഷേ, ഇതിനിടെ സ്ഥലം അദ്ദേഹത്തിനു നൽകേണ്ടെന്ന തീരുമാനം ടൂറിസം വകുപ്പ് എടുക്കുകയായിരുന്നു. സ്ഥലം നൽകുന്നതിനു സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയ ശേഷം അതു തിരികെ എടുക്കുന്നതു രാജ്യാന്തര പ്രശസ്തനായ ഈ കലാകാരനോടുള്ള അവഹേളനമാണ്. കേരളം സ്ഥലം നൽകിയില്ലെങ്കിൽ ഈ പദ്ധതി ഏറ്റെടുക്കാൻ തമിഴ്നാട് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾ മുന്നോട്ടു വരും. അദ്ദേഹത്തിന്റെ സംഗീത വിദ്യാലയം ഇവിടെ തുടങ്ങണമെന്ന് ഉമ്മൻ ചാണ്ടിയെ പോലെ തന്നെ പിണറായി വിജയനും ആഗ്രഹിക്കുന്നു. എന്നിട്ടും ചില ഉദ്യോഗസ്ഥർ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നതു ദുഃഖകരമാണ്. ഇതു കേരളത്തിന്റെ പ്രതിച്ഛായ ദേശീയതലത്തിൽ മോശമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ വലിയ പദ്ധതി യാഥാർഥ്യമായാൽ മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന സ്ഥാപനമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

(കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനും പ്രമുഖ കലാസംഘാടകനുമാണു ലേഖകൻ)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.