Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.എം.ജോൺ: അന്താരാഗ്രാമിന്റെ അമരക്കാരൻ

P-M-John-mother അന്താരാഗ്രാമിൽ മദർ തെരേസയ്ക്കൊപ്പം പി.എം. ജോൺ (ഇടത്തു നിന്നു രണ്ടാമത്).

വിശുദ്ധ തെരേസ (മദർ തെരേസ) തെരുവുകളുടെ അമ്മയും ആശ്രയവുമായിരുന്ന കാലത്താണ്, നിരണം സ്വദേശിയായ പി.എം.ജോൺ 1947ൽ കൊൽക്കത്തയിലെത്തിയത്. നിയമത്തിലും കൊമേഴ്സിലും ബിരുദാനന്തര പഠനമായിരുന്നു ലക്ഷ്യം. പക്ഷേ, കൊൽക്കത്തയിൽ ട്രെയിനിറങ്ങിയ ജോൺ ആദ്യം കണ്ടതു മറ്റു ചില കാഴ്ചകളാണ്. ആശ്രയമില്ലാതെ തെരുവുകളിലും റെയിൽവേ സ്റ്റേഷൻ വരാന്തകളിലും കിടന്നുറങ്ങുന്ന അഭയാർഥികൾ.

ഇതിനുപുറമേ വീട്ടുകാർ തെരുവിലുപേക്ഷിച്ച കുഷ്ഠരോഗികളും മാനസിക വെല്ലുവിളി നേരിടുന്നവരും. തെരുവുകളിലും ചേരികളിലും നരകയാതന അനുഭവിക്കുന്ന നൂറുകണക്കിനാളുകൾ വേറെ. മറുവശത്ത്, കുഷ്ഠരോഗികളെയും അനാഥരെയും സംരക്ഷിക്കുന്ന മദർ തെരേസയുടെയും സന്യസ്തരുടെയും മാതൃക. അന്താരാഗ്രാം എന്ന പേരിൽ പ്രസിദ്ധമായ സേവനസംരംഭത്തിന്റെ അമരക്കാരനായിത്തീർന്ന പി.എം. ജോണിന്റെ ജീവിതം വഴിമാറിയത് ഇവിടെവച്ചാണ്.

ഞായറാഴ്ചകളിൽ പ്രഭാതഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കുന്ന പതിവുണ്ടായിരുന്ന വരത്തറപ്പള്ളം പുത്തൻപുരയ്ക്കൽ കുടുംബത്തിലെ അംഗമായിരുന്നു ജോൺ. അവഗണിക്കപ്പെട്ടവരുടെ വേദന ജോണിന്റെ മനസ്സിനെ വല്ലാതുലച്ചു. അഭയാർഥികളെ സംരക്ഷിക്കാൻ ചെറുപ്പക്കാരുടെ സംഘമുണ്ടാക്കുകയാണ് ആദ്യം ജോൺ ചെയ്തത്. അഭയാർഥികളെ കുളിപ്പിക്കാനും വസ്‌ത്രം അലക്കിക്കൊടുക്കാനുമൊക്കെ ജോണും കൂട്ടുകാരും മുന്നിട്ടിറങ്ങി.

അഭയാർഥി പ്രശ്‌നം തീർന്നപ്പോഴും സംഘം സേവനത്തിന്റെ വഴി വിട്ടില്ല. ചേരികൾ സന്ദർശിച്ച് അവർ സേവനങ്ങൾ തുടർന്നു. മാനസിക വെല്ലുവിളി നേരിടുന്നവരെയും ലഹരിക്ക് അടിമകളായവരെയും സംരക്ഷിക്കുകയായിരുന്നു പുതിയ ഉദ്യമം.
അന്താരാഗ്രാം എന്ന പേരിൽ പിന്നീടു പ്രസിദ്ധമായ സേവനസംരംഭത്തിന്റെ തുടക്കം അഹിരിപുകുർ റോഡിലെ മാർത്തോമ്മാ പള്ളിയുടെ തണലിലായിരുന്നു.

മദർ തെരേസയുടെ സന്യാസസമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഓസ്ട്രേലിയക്കാരനായ ബ്രദർ ആൻഡ്രൂ, പ്രമുഖ മനോരോഗ വിദഗ്ധൻ ഡോ. ശത്രുജിത് ദാസ് ഗുപ്ത, റാഞ്ചി മെന്റൽ ഹോസ്പിറ്റലിലെ ഡോ. ആർ.ബി. ഡേവിസ് എന്നിവർ ജോണിനൊപ്പം ചേർന്നു. മദർ തെരേസയുടെ മാർഗദർശിത്വത്തിൽ അന്താരയുടെ ആദ്യരൂപം പിറന്നു. 1971 സെപ്റ്റംബർ 13നു മദർ തെരേസ അന്താരാഗ്രാമിനു തറക്കല്ലിട്ടു. ആദ്യം ഒരു ഔട്ട്ഡോർ ക്ലിനിക്കായിരുന്നു അത്. പിന്നീടതു ചെറിയൊരു ആശുപത്രിയായി.

മദർ തെരേസയുമായുള്ള അടുത്ത ബന്ധം സേവനപ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ജോണിനു വെളിച്ചമായി. മാനസിക വെല്ലുവിളി നേരിടുന്നവർ ചിലപ്പോഴൊക്കെ അക്രമം കാട്ടിയിരുന്നതു മദർ തെരേസയെ വിഷമിപ്പിച്ചിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത രോഗികളെ അന്താരാഗ്രാമിൽ സ്വീകരിച്ചു.

1979ൽ കൊൽക്കത്തയ്ക്കു പുറത്ത് ഹരിഹർപൂർ ഗ്രാമത്തിൽ രണ്ടേക്കർ സ്ഥലം വാങ്ങി. പിന്നീടതു 14 ഏക്കർ സ്ഥലമായി. 200 പേർക്കു കിടത്തിച്ചികിൽസ നൽകാൻ കഴിയുന്ന സംവിധാനമായി അന്താരാഗ്രാം വളർന്നു. ലഹരിക്ക് അടിമകളും മനോവൈകല്യം നേരിടുന്നവരുമാണ് അന്താരാഗ്രാമിലെ അന്തേവാസികൾ. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇവിടെ സേവനം ചെയ്യുന്നു. രോഗികളും ഡോക്ടർമാരും ശുശ്രൂഷകരും ഒരുമിച്ചു താമസിക്കുന്ന മാതൃകയും അന്താരാഗ്രാമിന്റെ പ്രത്യേകതയായി.

എക്യുമെനിക്കൽ രംഗത്തും മലയാളികളുടെ കൂട്ടായ്‌മയിലും കായിക രംഗത്തുമൊക്കെ ജോണിന്റെ സാന്നിധ്യമുണ്ടായിരുന്നു. എല്ലാവർഷവും നാട്ടിൽ വന്നു പോയിരുന്ന ജോൺ, 1999ൽ ഒഡീഷയിലുണ്ടായ ചുഴലിക്കാറ്റിൽ ഭവനരഹിതരായ 100 കുടുംബങ്ങൾക്കു വീടു നൽകാൻ മുൻകയ്യെടുത്തു.

ദീർഘകാലം ബംഗാൾ ബാസ്കറ്റ് ബോൾ അസോസിയേഷന്റെ സെക്രട്ടറിയും പിന്നീടു പ്രസിഡന്റുമായി. ജോണും ഭാര്യ കുഞ്ഞമ്മയും രാജ്യാന്തര ബാസ്കറ്റ് ബോൾ റഫറിമാരായി പ്രവർത്തിച്ചിട്ടുണ്ട്. ബംഗാളി‍ൽ ജ്യോതിബസു മുഖ്യമന്ത്രിയായിരിക്കേ പ്രത്യേക സൗഹൃദവും സൂക്ഷിച്ചിരുന്നു.

Your Rating: