Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനു കീഴടക്കാനാകാതെ, ചതിയുടെ സൈബർ വലയൊരുക്കി പെൺവാണിഭസംഘങ്ങൾ

sex-racket-story-image-2

‘‘ചേട്ടാ, ഞാൻ പെട്ടുപോയി, രക്ഷിക്കണം.’’ - ഓൺലൈൻ സെക്സ് റാക്കറ്റിലെ 13 പേരെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ കൊണ്ടുവന്നപ്പോൾ കൂട്ടത്തിലെ ഒരു സീരിയൽ നടി ക്രൈം ബ്രാഞ്ച് ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ നോക്കി പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥർ അതു കണ്ടു ഞെട്ടി. ആ നടിക്ക് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്നുവെന്നു പിന്നീടാണു മേലുദ്യോഗസ്ഥർക്കും ബോധ്യമായത്. സിനിമകളിൽ അഭിനയിച്ച നടിപോലും ആ സംഘത്തിലുണ്ടായിരുന്നിട്ടും ആ സീരിയൽ നടിക്കു മാത്രമാണു സ്റ്റേഷനിൽ ഇരിക്കാൻ കസേര ലഭിച്ചതും. ബാക്കിയുള്ളവർ നിന്നും തറയിൽ ഇരുന്നും മണിക്കൂറുകൾ തള്ളിനീക്കി.

കേസ് അട്ടിമറിക്കാൻ ഈ ഉദ്യോഗസ്ഥൻ ശ്രമിച്ചതായി സംസ്ഥാന പൊലീസ് മേധാവിക്കും ബോധ്യപ്പെട്ടു. മാത്രമല്ല, ഈ സംഘത്തെ കുടുക്കാൻ പൊലീസിന്റെ സഹായികളായി പോയ അഞ്ചുപേരെ പ്രതികളാക്കാനും ശ്രമം നടന്നു. കേസ് ഡയറിയിലും തിരുത്തൽ ശ്രമമുണ്ടായി. ഡിജിപി ഈ ഉദ്യോഗസ്ഥനെ വിളിച്ചു കടുത്ത ഭാഷയിൽ ശകാരിച്ചു. കേസ് റജിസ്റ്റർ ചെയ്യുമെന്നു മുന്നറിയിപ്പു നൽകി. കുടുങ്ങുമെന്നു ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ ഐജിയെ കണ്ടു മാപ്പപേക്ഷിച്ചു. എങ്കിലും കേസിലെ പ്രതികൾക്ക് അനുകൂലമായ നടപടിയായിരുന്നു പിന്നീടും ഇയാൾ സ്വീകരിച്ചത്. പക്ഷേ, ഒരു നടപടിയും എടുക്കാൻ മേലുദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. കാരണം രാഷ്ട്രീയ സ്വാധീനം.

‘ബിഗ് ഡാഡി’യെ കൊന്നു; ഓപ്പറേഷനും നിലച്ചു

2012ൽ ഒരു വെബ്സൈറ്റിൽ കൊച്ചിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോയും ഫോൺ നമ്പറും ശ്രദ്ധയിൽപെട്ടപ്പോഴാണു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. എഡിജിപിക്കു റിപ്പോർട്ട് നൽകി. അന്നത്തെ ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാർ ഓൺലൈൻ സെക്സ് റാക്കറ്റുകളെക്കുറിച്ചു കൂടുതൽ നിരീക്ഷിക്കാൻ പ്രത്യേക സംഘമുണ്ടാക്കി. പിന്നീടു പൊലീസ് മേധാവിയായപ്പോൾ 2015 ഓഗസ്റ്റിൽ ‘ഓപ്പറേഷൻ ബിഗ് ഡാഡി’ എന്ന പേരിൽ ക്രൈം ബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെക്സ് റാക്കറ്റിനെതിരെ പ്രത്യേക ഓപ്പറേഷൻ തുടങ്ങി. ഒരു വർഷത്തിനിടെ പത്തോളം സംഘങ്ങളിൽപെട്ട 69 പേർ ഇവരുടെ പിടിയിലായി. ഇപ്പോൾ പ്രത്യേക പൊലീസ് സംഘവും ഇല്ലാതായി; ഓപ്പറേഷനും നിലച്ചു.

പിടിയിലായ പലരും ജാമ്യത്തിൽ ഇറങ്ങി. പുതിയ പേരുകളിൽ, പുതിയ വെബ്സൈറ്റുകളിൽ, വാട്സാപ്പ് കൂട്ടായ്മകളിൽ ഇവർ വീണ്ടും സജീവമാകുന്നു.ഒരിക്കൽ കസ്റ്റമറായി വിശ്വാസം നേടിയവരെ ഇവർ പ്രത്യേക ഫെയ്സ്ബുക്, വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കുന്നു. അവർക്കു ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കും.

നിങ്ങൾ കലക്ക്, ഞങ്ങൾ ഫുൾ സപ്പോർട്ടാ!

ഏതാനും മാസം മുൻപു ബെംഗളൂരുവിൽനിന്നു കൊച്ചിയിൽ പറന്നെത്തിയ രണ്ടു മോഡലുകൾ പൊലീസുകാരെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചു കാറിൽ രക്ഷപ്പെട്ട സംഭവം ആരും മറന്നിട്ടുണ്ടാകില്ല. ഓൺലൈൻ പെൺവാണിഭ സംഘത്തിലെ ഏതാനുംപേരെ പൊലീസ് പിടികൂടിയപ്പോഴാണ് ഇവർ വൈകിട്ടത്തെ വിമാനത്തിൽ എത്തുന്ന വിവരം അറിഞ്ഞത്. ആ കാറിൽ അപ്പോൾ രക്ഷപ്പെട്ട രണ്ടുപേരെയും ഉടൻതന്നെ സുരക്ഷിത താവളത്തിൽ എത്തിച്ചത് അച്ചായൻ എന്നു വിളിപ്പരുള്ള ആളായിരുന്നു.  ‘‘ഞങ്ങൾ വല്ലാതെ ഭയപ്പെട്ടു. എന്നാൽ, അച്ചായൻ ഉടൻതന്നെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടു. നിങ്ങളുടെ പേരിൽ എറണാകുളം ജില്ലയിൽ ഒരിടത്തും കേസില്ലെന്നു പറഞ്ഞു. അത്ര നല്ല അടുപ്പമായിരുന്നു പല പൊലീസ് ഉദ്യോഗസ്ഥരോടും അച്ചായനുണ്ടായിരുന്നത്.’’ - പിന്നീടു പൊലീസ് പിടിയിലായപ്പോൾ ഒരു മോഡൽ വെളിപ്പെടുത്തിയതാണിത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷിച്ചു. ഞെട്ടിക്കുന്ന വിവരമാണ് അവർക്കു ലഭിച്ചത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർ ഈ പ്രധാന ഓൺലൈൻ സെക്സ് മാഫിയയുടെ നടത്തിപ്പുകാരുമായി പലകുറി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അതും സർക്കാർ നൽകിയ ഔദ്യോഗിക സിംകാർഡ് ഉപയോഗിച്ച്. ഇതിൽ രണ്ടു ഡിവൈഎസ്പിമാരും ഉൾപ്പെടും. ചില സർക്കിൾ ഇൻസ്പെക്ടർമാർ, സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡിൽ ഉൾപ്പെട്ടവർ, എറണാകുളത്തെ പല സ്റ്റേഷനുകളിലെയും പൊലീസുകാർ എന്നിവരെല്ലാം ഈ സംഘവുമായി നിരന്തരം ബന്ധപ്പെട്ടവരാണ്.

ഇതിൽ ചിലരെ വിളിച്ചു ചോദ്യംചെയ്തപ്പോൾ തങ്ങൾ റിയൽ എസ്റ്റേറ്റ് ബിസിനസ് സംസാരിക്കാനാണു വിളിച്ചതെന്നു പറഞ്ഞു. എന്നാൽ, സ്പെഷൽ ബ്രാഞ്ച് നടത്തിയ വിശദ അന്വേഷണത്തിൽ സംസ്ഥാനത്തെ ഒരു പെൺവാണിഭ സംഘവും, പ്രത്യേകിച്ചു പിടിയിലായ സംഘത്തിലെ പ്രധാനികൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നില്ലെന്നു തെളിഞ്ഞു. ഈ സംഘത്തിലെ ഏതാനുംപേരെ ഉടൻതന്നെ അന്നത്തെ പൊലീസ് മേധാവി സ്ഥലംമാറ്റി. ഏതാനുംപേർ ഭരണസ്വാധീനത്തിൽ തുടർന്നു. മാറ്റിയവരിൽ ചിലർ ഇപ്പോൾ ഇഷ്ടസ്ഥലങ്ങളിൽ വീണ്ടും നിയമിതരായി.

അഞ്ചു പ്രതികൾ എവിടെ?

തലസ്ഥാനത്തെ 13 അംഗ ഓൺലൈൻ പെൺവാണിഭ സംഘം പിടിയിലായപ്പോൾ ഒപ്പം പിടികൂടിയ അഞ്ചു യുവാക്കളെ പിന്നീടു കാണാതായി. ഇവരെ പിടിച്ചതും സൈബർ സ്റ്റേഷനിൽ കൊണ്ടുവന്നതുമെല്ലാം പൊലീസുകാർക്ക് അറിയാം. എന്നാൽ, ആ അഞ്ചുപേർ പിന്നീടു മറ്റു പ്രതികൾക്കൊപ്പം കോടതിയിൽ എത്തിയില്ല. അതോ ഹാജരാക്കാത്തതോ?

പ്രഥമവിവര റിപ്പോർട്ടിൽ ആദ്യം ഈ അഞ്ചു പേരുകളും ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ആ റിപ്പോർട്ടിൽ തിരുത്തൽ വന്നോ എന്നൊന്നും പിടികൂടിയവർക്കറിയില്ല. അവർക്കു കേസിൽ ബന്ധമൊന്നും ഇല്ലല്ലോ എന്ന നിലപാടാണ് ഒരു ഉദ്യോഗസ്ഥൻ തുടക്കംമുതൽ സ്വീകരിച്ചത്. ഏതായാലും മറ്റുള്ളവർക്കൊപ്പം കോടതിപോലും കയറാതെ ഇവർ രക്ഷപ്പെട്ടു. ഇതാണു പൊലീസിൽ ചിലർക്ക് ഇത്തരം കണ്ണികളുമായുള്ള ഇഴയടുപ്പം.

ഡിജിപി വിരട്ടിയിട്ടും കുലുങ്ങാത്ത സിഐ

ഓൺലൈൻ പെൺവാണിഭക്കാരെ ഒരുസംഘം പൊലീസ് പിടിച്ചാലും രക്ഷപ്പെടുത്തുന്ന മറുസംഘം ഉദ്യോഗസ്ഥരും പൊലീസിലുണ്ട്. ഏതാനും മാസം മുൻപ് ‘ഓപ്പറേഷൻ ബിഗ് ഡാഡി’യുടെ ഭാഗമായി കൊല്ലത്തെ ഒരു പ്രധാന സംഘത്തെ സൈബർ സെൽ അറസ്റ്റ് ചെയ്തിരുന്നു. അതിലെ നടത്തിപ്പുകാരിയെ പൊലീസ് ചോദ്യംചെയ്തപ്പോൾ കൊല്ലത്തെ മറ്റൊരു പ്രധാന പെൺവാണിഭ സംഘത്തെക്കുറിച്ച് അവർ വിവരം നൽകി. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നു സൈബർ സ്റ്റേഷനിലെ പ്രത്യേക സംഘം ആ സംഘത്തെ നിരീക്ഷിച്ചു. ഒടുവിൽ നാലു സ്ത്രീകളെയും ഇരുപത്തിരണ്ടുകാരനായ വിദ്യാർഥിയെയും ഒരു വീട്ടിൽനിന്നു പിടികൂടി. പയ്യൻ ഇടപാടുകാരനായിരുന്നു. ഉടൻതന്നെ സൈബർ പൊലീസ് കൊല്ലത്തെ ഒരു സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. തുടർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി, പിടിയിലായ സംഘത്തെ സിഐക്കു കൈമാറി.

എന്നാൽ, ഈ ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിട്ടും കേസെടുത്തില്ല. തലസ്ഥാനത്തുനിന്നു പൊലീസ് മേധാവിതന്നെ നേരിട്ടു വിളിച്ചു വിരട്ടിയപ്പോഴാണു ഗത്യന്തരമില്ലാതെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അതിൽ പ്രതികൾക്കു രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കി. അപ്പോൾത്തന്നെ അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതു സേനയിലെ ഇക്കൂട്ടരുടെ ഒരു സാംപിൾ മാത്രം.

കപ്പലിലെ കള്ളന്മാർ

‘ഓപ്പറേഷൻ ബിഗ് ഡാഡി’ എന്ന വലിയ ദൗത്യവുമായി കേരള പൊലീസ് മുന്നേറുമ്പോൾ കള്ളൻമാർ കപ്പലിൽത്തന്നെയുണ്ടെന്ന രഹസ്യവിവരവും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭ സംഘത്തിലെ വമ്പൻമാരെ പിടികൂടിയപ്പോൾ അവരുടെ മൊബൈൽ നമ്പറുകൾ പൊലീസ് സൈബർ സെല്ലിന്റെ സഹായത്താൽ വിശദമായി പരിശോധിച്ചു. ചില പ്രധാന പ്രതികൾ കൂടുതൽ പ്രാവശ്യം വിളിച്ച നമ്പറുകൾ പരിശോധിച്ചപ്പോഴാണു പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ തെളിഞ്ഞത്. സംസ്ഥാനത്തെ ഒരു സിറ്റി പൊലീസ് കമ്മിഷണറുടെ ഷാഡോ പൊലീസ് സംഘത്തിലെ ഒന്നിലേറെപ്പേർ ഈ സംഘവുമായി ഏറെ അടുപ്പമുള്ളവർ. ഇവരിൽ മിക്കവരും പലകുറി പ്രതികളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസിനു ബോധ്യപ്പെട്ടു. പിടിയിലായ ചില പ്രതികളുമായി ചില ഉദ്യോഗസ്ഥർ 30 പ്രാവശ്യംവരെ വിളിച്ചതായും തെളിഞ്ഞു.

റെയ്ഡ് വരുന്നു, വിട്ടുപൊയ്ക്കോ

കേരള പൊലീസിൽനിന്നു വിരമിച്ച ചില ഉദ്യോഗസ്ഥർ ഇപ്പോൾ സ്വകാര്യ ഡിക്ടറ്റീവുകളാണ്. അല്ലെങ്കിൽ സെക്യൂരിറ്റി ഏജൻസി നടത്തിപ്പുകാർ. ഭൂരിപക്ഷംപേരും മാന്യമായി ഇതൊക്കെ ചെയ്യുന്നവർ. എന്നാൽ ചിലർ ഇത്തരം ഏജൻസികളുടെ മറവിൽ ഓൺലൈൻ പെൺവാണിഭക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. വിരമിച്ച ഒരു എസ്പിയുടെ തനിനിറം പൊലീസ് കണ്ടതാണ്. ഒരു നഗരത്തിൽ ദീർഘകാലം എസ്ഐ, സിഐ, ഡിവൈഎസ്പി, എസ്പി എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയം. മിക്കവാറും എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുമായി അടുപ്പം.

ഓൺലൈൻ പെൺവാണിഭക്കേസിലെ പ്രധാനികളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി. പൊലീസ് റെയ്ഡ് ഉണ്ടെങ്കിൽ അദ്ദേഹം മുൻകൂട്ടി അറിയും. ഇടപാടുകാരെ അറിയിക്കും. ഇനി അഥവാ ആരെങ്കിലും പിടിയിലായാൽ ഇദ്ദേഹത്തിന്റെ പൊലീസ് സൗഹൃദം ഉപയോഗിച്ചു രക്ഷപ്പെടുത്തും. അതിനു പുറമേ യുവതികളെ വിദേശത്തു കടത്തുന്നതിനും ഈ സെക്യൂരിറ്റി സ്ഥാപനം ആവശ്യത്തിലധികം സഹായം നൽകുന്നു. ഇവർക്കു വേണ്ട പൊലീസ് ക്ലിയറൻസ് ഉടൻ തരപ്പെടുത്തിക്കൊടുക്കും.

ടെസ്റ്റ് ഡോസിൽ എസ്ഐ കുടുങ്ങി

‘ഓപ്പറേഷൻ ബിഗ് ഡാഡി’യുടെ സമയത്തു തിരുവനന്തപുരത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ സ്പെഷൽ ബ്രാഞ്ചിന്റെയും സൈബർ പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഒരു സബ് ഇൻസ്പെക്ടറെ സംഘത്തിന് ഏറെ സംശയവും. തുടർന്ന് ആ എസ്ഐയെ പരീക്ഷിക്കാൻ സംഘം തീരുമാനിച്ചു.

നഗരത്തിലെ ഒരു പെൺവാണിഭ സംഘത്തെക്കുറിച്ചു ചില സൂചനകൾ എസ്ഐക്കു നൽകി. അവിടെ പരിശോധനയ്ക്കു പോകുന്ന സമയവും കൈമാറി. തുടർന്ന് എസ്ഐയുടെ മൊബൈൽ നിരീക്ഷണത്തിലാക്കി. മിനിറ്റുകൾക്കുള്ളിൽ സംഘത്തിന്റെ നടത്തിപ്പുകാരിക്ക് എസ്ഐയുടെ വിളി: ‘‘കുട്ടികളുണ്ടെങ്കിൽ ഉടൻ മാറ്റിക്കോ, പൊലീസ് ഉടൻ എത്താൻ സാധ്യതയുണ്ട്.’’

സംഘം വാടകയ്ക്കു താമസിച്ചിരുന്നു വീടിന്റെ പുറത്തു മഫ്തിയിൽ പൊലീസുകാർ നിരീക്ഷണത്തിനുണ്ടായിരുന്നു. അപ്പോൾത്തന്നെ ഒരു കാർ വന്ന് അവിടെ ഉണ്ടായിരുന്നു മൂന്നു പെൺകുട്ടികളെയും കൊണ്ടുപോയി.

ആളെ പിടിക്കാൻ കോൾ സെന്റർ

ഫെയ്സ്ബുക്കിലോ ഏതെങ്കിലും വെബ്സൈറ്റിലോ പെൺവാണിഭക്കാർ ഒരു മൊബൈൽ നമ്പർ നൽകുന്നതു പതിവാണ്. അത് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. ആ നമ്പറിൽ വിളിച്ചാൽ പലപ്പോഴും പകൽ സമയത്തു മാത്രമേ ഫോണെടുക്കാറുള്ളൂ. ഫോണെടുക്കുന്നതു പെൺകുട്ടികൾ. 10,000 രൂപയുടെ ഒരു ഇടപാടുകാരനെ ഫോണിലൂടെ സംഘടിപ്പിച്ചാൽ അതിന്റെ പത്തു ശതമാനംവരെയാണ് ഇവരുടെ കൂലി.

ആവശ്യക്കാരന്റെ അഭിരുചിക്കനുസരിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനൊപ്പം അയാളുടെ വിശദാംശങ്ങളും ഇവർ ശേഖരിക്കുന്നു. തുടർന്നു കോൾ സെന്റർ നടത്തിപ്പുകാരനു കസ്റ്റമറുടെ മൊബൈൽ നമ്പർ കൈമാറും. അതിനുശേഷമാണ് ഇവർ തമ്മിൽ നേരിട്ടുള്ള ഇടപാട്. കൊച്ചിയിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം സംഘങ്ങൾ വീടുകൾ വാടകയ്ക്കെടുത്തു കോൾ സെന്റർ പ്രവർത്തിപ്പിക്കുന്നു.

കോൾ ലിസ്റ്റ് ഉണ്ടെങ്കിൽ ലക്ഷങ്ങൾ കൂടെപ്പോരും

പെൺവാണിഭസംഘത്തിൽപെട്ടവരെ കിട്ടിയാൽ പ്രതികളുടെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് കൊണ്ടു പണം വാരുന്ന ചില പൊലീസുകാരുണ്ട്. കേസ് വേണ്ടവിധത്തിൽ അന്വേഷിച്ചു കുറ്റവാളികളെ നിയമത്തിനു മുൻപിൽ എത്തിക്കണമെന്നു ചിന്തിക്കുന്നവരാണു പൊലീസിൽ ഭൂരിപക്ഷം. എന്നാൽ, എങ്ങനെയും പ്രതികളെ രക്ഷപ്പെടുത്തി നാലു തുട്ടു സമ്പാദിക്കണമെന്നു വിചാരിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. പ്രതികൾ ഫോണിൽ ബന്ധപ്പെട്ടവരെ വിളിച്ചു വിരട്ടി പണം തട്ടാൻ ഇക്കൂട്ടർ ശ്രമിക്കാറുണ്ട്.

ഇത്തരം പൊലീസുകാരുടെ കയ്യിൽ പെൺവാണിഭക്കാരെ കിട്ടിയാൽ പിന്നെ അവർക്കു ചാകരയാണ്. ആദ്യം പിടിയിലായവരെ വിട്ടയയ്ക്കാൻ നോക്കും. അതു നടന്നില്ലെങ്കിൽ കേസിൽ നിസ്സാര വകുപ്പുകൾ ചുമത്തി എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ വഴിയൊരുക്കും. രണ്ടിനും കിട്ടുന്നതു ലക്ഷങ്ങൾ.

അതിനുശേഷമാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ശരിക്കുള്ള ‘കേസ് അന്വേഷണം’. പിടിയിലായവരുടെ മൊബൈൽ ഫോണിലുള്ള നമ്പറുകൾ മുഴുവൻ ചികഞ്ഞെടുക്കും. ഓരോരുത്തരും അതിലേക്കു വിളിച്ചതും എടുത്തതുമായ കോളുകളുടെ എണ്ണം ശേഖരിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഓരോരുത്തരെയായി വിളിപ്പിക്കും. പ്രതിയുമായുള്ള ബന്ധം തിരിച്ചും മറിച്ചും ചോദിക്കും.

ഒന്നുരണ്ടു ദിവസം വിളിപ്പിക്കുമ്പോൾ തന്നെ ഈ ‘മാന്യൻ’ മാനസികമായി തളരും. നല്ല സാമ്പത്തികശേഷിയുള്ള ആളാണെന്നു കണ്ടാൽ ഉദ്യോഗസ്ഥന്റെ ഡ്രൈവറോ ശിങ്കിടിയോ അയാളെ സമീപിക്കും. ‘‘നല്ലൊരു തുക കൊടുത്താൽ സാർ കേസിൽനിന്ന് ഒഴിവാക്കുമെന്നു പറയുന്നു.’’ – ശിങ്കിടിയുടെ വക അടക്കംപറച്ചിൽ. വഴങ്ങിയില്ലെങ്കിൽ ഭീഷണി. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ ചിത്രം എടുത്തു പത്രങ്ങളിൽ കൊടുക്കുമെന്നും പറഞ്ഞുനോക്കും. ഒരുമാതിരിപ്പെട്ടവർ ഈ കേസിൽ ബന്ധമില്ലെങ്കിൽപോലും നാണക്കേടു പേടിച്ച് ഉള്ള പണം കൊടുത്ത് ഊരും. അതേസമയം മറ്റു ചിലർ ഇത്തരം ഉദ്യോഗസ്ഥരുടെ തട്ടിപ്പ് സധൈര്യം പുറത്തു കൊണ്ടുവരുന്നു. ചുരുക്കത്തിൽ, കേസെടുത്തതുകൊണ്ടു നേട്ടവും കോട്ടവും ആർക്കെന്ന ചോദ്യമാണു പൊലീസ് തന്നെ ഉയർത്തുന്നത്.

കൊൽക്കത്തയിൽനിന്ന് ഇരകളെ ‘വാങ്ങൽ’, വിൽപന കേരളത്തിൽ

ഏതാനും മാസം മുൻപു തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവതി പിടിയിലായപ്പോഴാണ് ഓൺലൈൻ പെൺവാണിഭത്തിന്റെ മറ്റൊരു വഴിയെപ്പറ്റി പൊലീസിനു മനസ്സിലായത്.കൊൽക്കത്തയിൽനിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിലയ്ക്കു വാങ്ങുന്നു. കേരളത്തിൽ മോഡലിങ്, സീരിയലുകളിൽ അവസരം എന്നിങ്ങനെ പറഞ്ഞാണ് ഇടനിലക്കാർ വഴി ഇവരെ കൊണ്ടുവരുന്നത്. മൂന്നുനാലു കുട്ടികളെ ഒരുമിച്ചു കൊണ്ടുവരും. ഒരു ലക്ഷം രൂപമുതൽ മൂന്നു ലക്ഷം രൂപവരെ ഇടനിലക്കാർ സ്വന്തമാക്കും.

കേരളത്തിൽ ഏതെങ്കിലും വലിയ വീടു വാടകയ്ക്കെടുക്കും. അവിടെ ഇവരെ താമസിപ്പിക്കും. അതിനുശേഷം സംവിധായകർ, നിർമാതാക്കൾ എന്ന പേരിൽ ആവശ്യക്കാരെ പരിചയപ്പെടുത്തും. ശേഷം കുട്ടികളെ നിർബന്ധിക്കും. ഒടുവിൽ മുഖം കാണിക്കാൻ ഒരു ചാൻസിനുവേണ്ടി ചിലർ എല്ലാം നഷ്ടപ്പെടുത്തുന്നു. ഒരു മാസത്തിനുള്ളിൽ മുടക്കുമുതൽ, പലിശ, ലാഭം എല്ലാം നടത്തിപ്പുകാർ നേടും. തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് പിടിയിലായവരിൽ 18 തികയാത്ത നാലഞ്ചു പെൺകുട്ടികൾ ഉണ്ടായിരുന്നു. എല്ലാവരും ബംഗാളികൾ. പൊലീസ് അവരെ രക്ഷപ്പെടുത്തി ഷെൽറ്റർ ഹോം വഴി നാട്ടിലേക്കു വിട്ടു. നടത്തിപ്പുകാരി ജാമ്യത്തിലിറങ്ങി. ഇവർ പുതിയ വെബ്സൈറ്റ് തുറന്നിരിക്കുകയാണ്.

സൂക്ഷിക്കുക, സൈബർ ഡോം മുദ്ര പതിയും

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഉപയോഗിച്ചു വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ഓൺലൈൻ പെൺവാണിഭത്തട്ടിപ്പു നടത്തുന്നവരെ കുടുക്കാൻ കേരള പൊലീസിന്റെ സൈബർ ഡോം സജ്ജം. പ്രവർത്തനം തുടങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ 39 വ്യാജ പ്രൊഫൈലുകൾ കണ്ടെത്തി. പിന്നിൽ പ്രവർത്തിച്ച പത്തു കോളജ് വിദ്യാർഥികൾ പിടിയിലായി. ആരും പരാതി നൽകാത്തതിനാൽ ഇവരെ മുന്നറിയിപ്പു നൽകി വിട്ടയച്ചു. പതിനായിരക്കണക്കിനു സംശയകരമായ ഫെയ്സ്ബുക് പേജുകൾ നിരീക്ഷിച്ചാണു തട്ടിപ്പു കണ്ടെത്തിയത്. വ്യാജ പ്രൊഫൈലുകൾ കണ്ടെത്താൻ സൈബർ ഡോമിൽ സോഷ്യൽ മീഡിയ ലാബ് പ്രവർത്തിക്കുന്നുണ്ട്.

പെൺവാണിഭത്തിനും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്ന ഫെയ്സ്ബുക് പേജുകളിൽ കടന്നുകയറി കവർ പേജിൽത്തന്നെ സൈബർ ഡോം തങ്ങളുടെ മുദ്ര പതിക്കുന്നുണ്ട്. ആ മുന്നറിയിപ്പു കാണുമ്പോൾത്തന്നെ ഈ പേജുകൾ അപ്രത്യക്ഷമാകുന്നു. എന്നാൽ, തൊട്ടുപിന്നാലെ മറ്റൊരു പേരിൽ പ്രത്യക്ഷപ്പെടുന്നു. ഇതു തുടർന്നാൽ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്കെതിരെ കേസെടുക്കുമെന്നു സൈബർ ഡോം നോഡൽ ഓഫിസർ ഐജി: മനോജ് ഏബ്രഹാം പറഞ്ഞു.

ഓൺലൈൻ പെൺവാണിഭക്കാരെ കണ്ടെത്താൻ ഐഐടി ന്യൂഡൽഹിയുമായി ചേർന്നു പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ബാച്ചിലായി 120 പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പരിശീലനം നേടിക്കഴിഞ്ഞു.

ശ്രദ്ധിക്കാം, സെൽഫി ചിലപ്പോൾ ചതിക്കും

ഐടി രംഗം കുതിച്ചു മുന്നേറുന്നതിനാൽ ഓൺലൈൻ പെൺവാണിഭവും അതിവേഗം വളരുകയാണ്. ദിനംപ്രതി ഈ ചതിവലയത്തിൽ എത്തുന്ന യുവതികളുടെയും പെൺകുട്ടികളുടെയും എണ്ണം ഭയനാകമാം വിധം വർധിക്കുന്നു. വീട്ടമ്മമാരും പെൺകുട്ടികളും സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ അവ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം ഓർക്കണമെന്നു പൊലീസ് മുന്നറിയിപ്പുനൽകുന്നു.

ചതിവലയിൽ പെട്ടവർ സംസാരിക്കുന്നു

‘‘നസീർ എന്നെ ഒരു മുറിയിൽ കൊണ്ടുപോയി അടച്ചു. അവിടെ ഒരു ഹിന്ദിക്കാരൻ കയറി വന്നു. അയാൾ എന്നെ ഒരുപാട് അടിച്ചു. കുറച്ചു കഴിഞ്ഞു മൂന്നുപേർ വന്നു സിഐഡി എന്നു പറഞ്ഞ് ഐഡി കാർഡ് കാണിച്ചു. എന്നെ ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചു. എന്റെ ചുരിദാർ വലിച്ചുകീറി.’’ – ബഹ്റൈനിൽ പെൺവാണിഭസംഘത്തിന്റെ കയ്യിലകപ്പെട്ട കൊല്ലം സ്വദേശിനി അവർക്കു വഴങ്ങാതെ രക്ഷപ്പെട്ടു നാട്ടിലെത്തിയപ്പോൾ പൊലീസിനു നൽകിയ മൊഴിയാണിത്. ഓൺലൈൻ സെക്സ് മാഫിയയുടെ വലയിൽ അകപ്പെട്ടു കേരളത്തി‍ൽനിന്നുള്ള അറുപത്തഞ്ചിലധികംപേർ ബഹ്റൈനിൽ മാത്രം കുടുങ്ങിക്കിടക്കുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ധൈര്യശാലികളും ഭാഗ്യശാലികളുമായ ഏതാനും യുവതികൾ മാത്രം രക്ഷപ്പെട്ടു നാട്ടിലെത്തി. രക്ഷപ്പെട്ടെത്തിയ കോട്ടയം സ്വദേശിനിക്കു സംസാരശേഷി നഷ്ടപ്പെട്ടു.

രക്ഷപ്പെട്ട കൊല്ലം സ്വദേശിനിയുടെ മൊഴിയിൽനിന്ന്: ‘‘ഗീതയെ അമ്പലത്തിൽവച്ചാണു പരിചയപ്പെട്ടത്. വിദേശത്തു പോകാൻ താൽപര്യമുണ്ടോയെന്നു ചോദിച്ചു, ഉണ്ടെന്നു പറഞ്ഞു. ടിക്കറ്റിനും വീസയ്ക്കും പണമില്ലെന്നു പറഞ്ഞപ്പോൾ അവർ അയച്ചുതരുമെന്നും പിന്നീടു ശമ്പളത്തിൽനിന്നു പിടിച്ചോളുമെന്നും പറഞ്ഞു. ബഹ്റൈനിലേക്കുള്ള വീസയ്ക്കു നാട്ടിൽ ‘മെഡിക്കൽ’ എടുക്കേണ്ടെന്നും പറഞ്ഞു. പാസ്പോർട്ട് കൊല്ലത്തെ ഒരു ട്രാവൽ ഏജൻസിയിൽ എത്തിക്കാൻ നിർദേശിച്ചു.

‘‘ഒരാഴ്ച കഴിഞ്ഞു വീസയും ടിക്കറ്റും വന്നു. വിമാനം മുംബൈയിൽ നിന്നാണെന്നു പറഞ്ഞു. അവരോടൊപ്പം മുംബൈയിൽ പോയി. രാത്രി വിമാനത്തിൽ കയറ്റിവിട്ടു. പുലർച്ചെ ബഹ്റൈനിൽ എത്തി. നസീർ എന്നയാളുടെ നമ്പർ ഗീത തന്നിരുന്നു. നസീറിനെ മൊബൈലിൽ വിളിച്ചു. അയാളും ഒരു സ്ത്രീയും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. കാറിൽ നസീറിന്റെ ഫ്ലാറ്റിലേക്കു കൊണ്ടുപോയി. മൂന്നു മുറികളുള്ള ഫ്ലാറ്റ്.

‘‘രണ്ടു മുറികളിൽ ഓരോന്നിലും ആറുവീതം യുവതികൾ. അതിലൊരു മുറിയിൽ കിടന്നു. മുറിയിലുണ്ടായിരുന്ന എല്ലാ പെൺകുട്ടികളും മലയാളികളായിരുന്നു. കൂടുതലും തൃശൂർ, എറണാകുളം സ്വദേശിനികൾ. ജോലി എന്താണെന്നു ചോദിച്ചപ്പോൾ ‘ഉടൻ ശരിയാകും, വിസിറ്റ് വീസയിലാണു വന്നത്’ എന്നു പറഞ്ഞു. അതിനിടെ നസീറും കൂടെയുള്ള സ്ത്രീയും ഫ്ലാറ്റിലെ പെൺകുട്ടികളെ ഒരുക്കി പുറത്തേക്കു പോകുന്നതു കണ്ടു.

ആഹാരവും ജോലിയുമില്ലാതെവന്നപ്പോൾ നസീറുമായി വഴക്കായി. നസീർ ഉദ്ദേശിക്കുന്ന ജോലിക്ക് എന്നെ കിട്ടില്ലെന്നു പറഞ്ഞു. ‘ഇവർക്കൊക്കെ ആകാമെങ്കിൽ നിനക്കെന്താ കുഴപ്പ’മെന്നു നസീർ ചോദിച്ചു. ‘മാനം വിറ്റു ജീവിക്കാൻ തയാറല്ല, കെട്ടിത്തൂങ്ങി മരിക്കു’മെന്നു പറഞ്ഞു. ഒടുവിൽ ഒരു മാസം അവരുടെ ഹോട്ടലിൽ ജോലി തന്നു. വഴക്കുണ്ടായപ്പോൾ നിന്നെ കൊണ്ടുവരാൻ രണ്ടു ലക്ഷം രൂപ ചെലവായതാണെന്നും നസീർ പറഞ്ഞു.

രണ്ടു മാസം കഴിഞ്ഞപ്പോൾ എന്നെ കാറിൽ കയറ്റി ഒരു മുറിയിൽ കൊണ്ടുപോയി അടച്ചു. അവിടെവച്ചാണു ഹിന്ദിക്കാരനും സിഐഡി എന്ന പേരിൽ മൂന്നുപേരും വന്നു മർദിച്ചതും വസ്ത്രം വലിച്ചു കീറിയതും. ഞാൻ മയങ്ങി വീണപ്പോൾ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പോകുന്ന വഴി ഒരു അറബി സ്ത്രീയെയും വണ്ടിയിൽ കയറ്റി. ആശുപത്രിയിൽനിന്ന് എന്നെ ജയിലിലാക്കി. ഒടുവിൽ നസീറിനെ വിളിച്ചുകിട്ടിയപ്പോൾ നാട്ടിൽ പോകണമെന്നു പറഞ്ഞു.

‘‘അഞ്ചു ദിവസം കഴിഞ്ഞ് അയാൾ ഒരു ഡ്രൈവറുടെ കയ്യിൽ ടിക്കറ്റ് കൊടുത്തുവിട്ടു. അയാൾ എന്നെ വിമാനത്തിൽ കയറ്റിവിട്ടു. ആദ്യം ശ്രീലങ്കയിൽ ഇറങ്ങി. അവിടെനിന്നു തിരുവനന്തപുരത്തെത്തി. ഞാൻ ബഹ്റൈനിൽ ആയിരുന്നപ്പോൾ നസീറിനൊപ്പമുള്ള സ്ത്രീ രണ്ടു പ്രാവശ്യം നാട്ടിൽ വന്നു. ഒരു പ്രാവശ്യം തിരികെ വന്നപ്പോൾ കോട്ടയം സ്വദേശിയായ പെൺകുട്ടി ഒപ്പമുണ്ടായിരുന്നു. ആ കുട്ടി അവിടെ ബഹളംവച്ചപ്പോൾ വന്ന ദിവസംതന്നെ തിരിച്ചുവിട്ടു. ഒരാഴ്ച കഴിഞ്ഞ്, ബഹളമുണ്ടാക്കിയ തമിഴ്നാട്ടുകാരിയെയും കയറ്റിവിട്ടു.

‘‘നസീറിന്റെ പെൺവാണിഭ ബിസിനസിൽ ഒരു ആലുവ സ്വദേശിയും പാർട്ണറാണ്. രണ്ടുപേരും കൈവശമുള്ള പെൺകുട്ടികളെ പരസ്പരം കൈമാറും’’. ഈ യുവതി അവരുടെ മൊബൈലിൽ പകർത്തിയ ഫോട്ടോയും ഫോൺ നമ്പറുമെല്ലാം പൊലീസിനു കൈമാറിയിട്ടുണ്ട്. ആലുവക്കാരൻ ഇപ്പോഴും വിദേശത്താണ്. അയാളെ പിടികൂടാൻ കേരള പൊലീസിനു കഴിഞ്ഞിട്ടില്ല. ഈ സംഘത്തെക്കുറിച്ച് ഇന്ത്യൻ എംബസിക്കു കേരള പൊലീസ് കത്തെഴുതിയിട്ടു മറുപടിപോലും ലഭിച്ചില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

വർധിക്കുന്ന കുറ്റകൃത്യങ്ങൾ

ഒരു കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു സംശയമില്ല: കഴി‍ഞ്ഞ അഞ്ചു വർഷം സംസ്ഥാനത്തു സമൂഹ മാധ്യമങ്ങൾവഴി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം കൂടി. ഓൺലൈൻ പെൺവാണിഭവും വർധിക്കുന്നു.

മുഖ്യമന്ത്രി നിയമസഭയിൽ വച്ച കണക്കുകൾ ഇങ്ങനെ: കഴിഞ്ഞ അഞ്ചു വർഷം (2011 മേയ് മുതൽ 2016 മേയ് വരെ) കേരളത്തിൽ നടന്ന ഓൺലൈൻ പെൺവാണിഭം – ആകെ കേസുകൾ 25. ഇതിൽ പന്ത്രണ്ടും ഈ വർഷം റജിസ്റ്റർ ചെയ്തത്. ആകെ പിടികൂടിയ പ്രതികൾ 85. ഇതിൽ 57 പേരെ പിടിച്ചത് ‘ഓപ്പറേഷൻ ബിഗ് ഡാഡി’ ആരംഭിച്ചശേഷം. ഇതിൽ ശിക്ഷ ലഭിച്ചത് 2012ൽ പിടിച്ച മൂന്നുപേർക്കു മാത്രം. ഇനി പിടികൂടാനുള്ള പ്രതികൾ മൂന്ന്.

സമൂഹ മാധ്യമങ്ങൾ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ 371. പിടികൂടിയ പ്രതികൾ 278. ശിക്ഷിക്കപ്പെട്ടവർ ഒൻപത്. പിടികിട്ടാപ്പുള്ളികൾ 94. രണ്ടു സംഭവങ്ങളിലും ഓരോ വർഷവും കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു.

പ്രതികളെ പിടികൂടിയതുകൊണ്ടുമാത്രമായില്ല, അവർക്ക് അർഹമായ ശിക്ഷ സമയത്തു ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം കേസുകളിൽ പിടിയിലാകുന്നവർക്കു 90 ദിവസത്തിനകം കുറ്റപത്രം നൽകുന്ന ഏർപ്പാട് ഇപ്പോൾ കേരള പൊലീസിനില്ല. പല ഉദ്യോഗസ്ഥർക്കും മറ്റു ജോലിത്തിരക്കായിരിക്കും. അതിനാൽത്തന്നെ ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യത്തിലിറങ്ങി പലരും പുതിയ പേരുകളിൽ പഴയ പരിപാടി ആരംഭിക്കുന്നു.

sex-racket-image-1

കൂലിക്കു പ്രേമിക്കും; ഊരാക്കുടുക്കിലാക്കും

‘ഓപ്പറേഷൻ ബിഗ് ഡാഡി’ക്കിടെ പൊലീസിന് ഒന്നു മനസ്സിലായി: യുവതികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും മാത്രമല്ല ഈ സംഘത്തിന്റെ ഇരകൾ. തലസ്ഥാനത്തെയും കൊച്ചിയിലെയും പ്രമുഖ സ്കൂളുകളിലെ കുട്ടികളെയും ഇത്തരം സംഘങ്ങൾ വലയിൽപെടുത്തിയിട്ടുണ്ട്.

ഇപ്പോൾ അറസ്റ്റിലായ ‘അച്ചായ’ന്റെ സംഘത്തിൽ പതിനെട്ടുകാരനായ ഇടുക്കി സ്വദേശിയുണ്ട്. പ്രതിയുടെ വിശ്വസ്തൻ. ചിലർ പണ്ടേ വീസ തട്ടിപ്പുകേസിലെ പ്രതികൾ. ഇവരോടൊപ്പം അകപ്പെട്ടതാണ് ഇടുക്കി പയ്യൻ. അവനെ പിടിച്ചപ്പോൾ കുറെ വിവരങ്ങൾ കിട്ടി.

സ്കൂൾ വിദ്യാർഥികളെ പ്രേമിച്ചു വലയിലാക്കുന്നതാണു പണി. പിന്നീട് ഈ സംഘത്തിന്റെ കയ്യിൽ പെൺകുട്ടി എത്തുമ്പോൾ ബീയറും ചെറിയ ലഹരിവസ്തുക്കളും നൽകി ഊരാക്കുടുക്കിലാക്കും. ആ പെൺകുട്ടി പിന്നീടു കൂട്ടുകാരികളെ ഈ സംഘത്തിലെത്തിക്കും. പലപ്പോഴും നിർധന കുടുംബങ്ങളിൽനിന്നു വരുന്ന പെൺകുട്ടികൾ പോക്കറ്റ് മണിക്കു വേണ്ടിയാണു സ്കൂൾ സമയത്ത് ഇവരുടെ അടുത്തെത്തുന്നത്. ചില ആൺകുട്ടികളെ ഉപയോഗിച്ചു സഹപാഠികളെ വലയിലാക്കാനും ഈ സംഘം ശ്രമിച്ചിരുന്നു. അത്തരത്തിൽ കൊച്ചിയിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ 12 പേരെ പൊലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപിച്ചു.

തിരുവനന്തപുരത്തെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിലെയും ഏതാനും കുട്ടികൾ ഇവരുടെ വലയിലായി. അവരെയും പൊലീസ് രക്ഷിച്ചു. സ്കൂളിന്റെ സൽപേരിനു കളങ്കമുണ്ടാകുമെന്നു കരുതി അധികൃതർ പരാതിപ്പെടാൻ തയാറാകാത്തതിനാൽ ഈ വിഷയങ്ങളിൽ കേസെടുത്തില്ലെന്നു മാത്രം. തിരുവനന്തപുരത്തെ മറ്റൊരു സ്കൂളിലെ പെൺകുട്ടി നൽകിയ മൊഴിയിൽ സ്കൂളിനു പിന്നിലൂടെ യൂണിഫോം മാറി സംഘമായി പുറത്തു കടക്കുന്ന വിദ്യയും വെളിപ്പെട്ടു.

Your Rating: