Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയവഴിയിൽ പ്രഭ ചൊരിഞ്ഞ്

P Parameswaran പി. പരമേശ്വരൻ

‘ഈ രാഷ്ട്രത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ് എന്റെ ജീവിതം; അത് ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്–’ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഒന്നാം നിലയിലുള്ള ആദ്യമുറിയുടെ വാതിലിനു മുകളിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. ഇന്ത്യ മുഴുവൻ കാതോർത്തിരിക്കുന്ന ഒരു ശബ്ദത്തിന്റെ ഉടമയാണു മുറിക്കുള്ളിൽ. പിതാവിന്റെ വാൽസല്യം നിറഞ്ഞ ചിരിയുമായി പി.പരമേശ്വരൻ നാളെ തന്റെ തൊണ്ണൂറാം പിറന്നാളിലേക്കു കടക്കുകയാണ്.

‘‘നവതി... അത് കുടുംബക്കാരും സംഘം പ്രവർത്തകരും ചേർന്ന് ആഘോഷിക്കുന്നു. എനിക്ക് അവരോടൊത്തുള്ള പ്രവർത്തനം തന്നെയാണ് ഊർജം. ഇനിയും അങ്ങനെ തന്നെയായിരിക്കും–’’ സ്വതസിദ്ധമായ ചിരിയോടെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റുയർത്തിയ ആശയസംവാദങ്ങൾക്കു ബീജം പാകിയ പരമേശ്വർജിക്ക് വിശേഷണങ്ങൾ ഒത്തിരിയുണ്ട്. 1950കളിൽ ആർഎസ്എസിന്റെ മുഴുവൻ സമയ പ്രചാരകനായി മാറിയ അദ്ദേഹത്തെ തേടിയെത്താത്ത പദവികളില്ല. പക്ഷേ, എല്ലാറ്റിലും നിന്ന് സ്വയം വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.

‘സംഘത്തിന്റെ പ്രചാരകൻ’ എന്ന വിശേഷണം മാത്രമാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്നു പരമേശ്വരൻ പറഞ്ഞു. ‘‘നവതിയിലെത്തി തിരിഞ്ഞു നോക്കുമ്പോൾ ജീവിതം സഫലമാണെന്നു തോന്നുന്നുണ്ട്. ബാല്യം മുതൽ പല മഹദ് വ്യക്തികളുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ആഗമാനന്ദസ്വാമികളാണ് ജീവിതത്തിൽ ദേശീയതയുടെയും ആധ്യാത്മികതയുടെയും ബോധം പകർന്നു തന്നത്. അതു ജീവിതത്തിൽ പ്രകടമാക്കുവാനും സാമൂഹികവും ദേശീയവുമായ തലങ്ങളിലേക്കു വ്യാപിപ്പിക്കുവാനും ഗുരുജിയുമായുള്ള സമ്പർക്കത്തിലൂടെ സാധിച്ചു–’’ അദ്ദേഹം പറയുന്നു.

‘‘ഡൽഹി ദീൻദയാൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ദേശീയ തലത്തിലുള്ള കാഴ്ചപ്പാട് കൂടുതൽ വ്യക്തമായി ഉൾക്കൊള്ളാൻ സാധിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ‘മന്ഥൻ’ എന്ന ഇംഗ്ലിഷ്–ഹിന്ദി ദ്വിഭാഷാ മാഗസിൻ ആരംഭിച്ചത് നല്ല കാൽവയ്പായി എല്ലാവരും പരിഗണിച്ചിരുന്നു. പല പ്രഗൽഭരുടെയും ചിന്തകരുടെയും േലഖനങ്ങൾ അവയിൽ പ്രസിദ്ധീകരിക്കാനായി.

തിരിച്ചു വന്ന് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിക്കാനും കേരളത്തിലെ ബൗദ്ധികമായ ഉണർവിന് ഒരളവു വരെ ദിശാബോധം നൽകാനും സാധിച്ചു–’’ പരമേശ്വരൻ ഓർത്തു. നവതിയുടെ ഭാഗമായി പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ ചില പൂജകൾ നടത്തുന്നുണ്ട്. ഗണപതി ഹോമവും മൃത്യുഞ്ജയഹോമവും മാത്രം. സംഘടന അടുത്ത വർഷം ചില ആഘോഷങ്ങൾ പദ്ധതിയിടുന്നുണ്ട്. അത് എന്തൊക്കെയെന്ന് അവർ തീരുമാനിച്ചോട്ടെ– പരമേശ്വർജി വ്യക്തമാക്കി.

കാലത്തിനും ഭാരതചരിത്രത്തിനും ഒപ്പം നടന്ന പരമേശ്വരൻ എന്നും ആശയസംഘർഷങ്ങളുടെ വക്താവായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയമുന്നേറ്റത്തിനിടയിലും ആർഎസ്എസുമായുള്ള ‘ശാരീരിക സംഘർഷങ്ങൾ’ ഒഴിവാക്കാൻ പരമേശ്വരൻ എപ്പോഴും പ്രയത്നിച്ചു. പാർട്ടിയുടെ ആചാര്യനായ ഇഎംഎസിനോട് അദ്ദേഹം നേരിട്ട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും തുടരുന്ന ആർഎസ്എസ്–സിപിഎം സംഘർഷത്തെ കുറിച്ചു ചോദിക്കുമ്പോൾ, പരമേശ്വർജിക്ക് പറയാൻ ഒന്നേ ഉള്ളൂ. ‘‘മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് ഇപ്പോൾ ആശയങ്ങൾ ഇല്ലല്ലോ. ഉണ്ടെങ്കിലല്ലേ അവർ അതിനു തയാറാവുകയുള്ളൂ. ആശയങ്ങൾക്കു ക്ഷാമമുണ്ടാവുമ്പോഴാണ് അവർ ശാരീരിക സംഘർഷങ്ങളിലേക്കു തിരിയുന്നത്. കണ്ണൂരിലും മറ്റും കാണുന്നതും അതു തന്നെ. അത് അവർ അടിച്ചേൽപിക്കുന്നതാണ്.’’

ഇഎംഎസും പി.ഗോവിന്ദപ്പിള്ളയുമായൊക്കെ നല്ല അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം ഇപ്പോഴത്തെ സിപിഎം നേതാക്കളുമായി സമാനമായ ബന്ധങ്ങളില്ല എന്നു തുറന്നു സമ്മതിക്കുന്നുണ്ട്. ‘‘ഇഎംഎസുമായി പുലർത്തിയ അടുപ്പത്തിൽ എനിക്കു ബൗദ്ധികമായ സംതൃപ്തിയുണ്ട്. വൈരുധ്യാത്മകതയിലൂന്നിയ അടുപ്പമായിരുന്നു അദ്ദേഹവുമായി. ഇപ്പോൾ ആരുമായും വലിയ അടുപ്പമില്ല. അവരുടെ പ്രവർത്തനങ്ങളിലും സംതൃപ്തിയില്ല’’– അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.