Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക പരിജ്ഞാനമോ? പോയി പണി നോക്ക് !

matchfed-office-28 കൊല്ലം നഗരത്തിൽ മാച്ച്ഫെഡിന്റെ സ്ഥലവും കെട്ടിടവും.

പൊതുമേഖല ‘രാഷ്ട്രീയ പുനരധിവാസ മേഖല’യായിട്ട് കാലമേറെയായി. എങ്കിലും, സാങ്കേതിക പരിജ്ഞാനം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുടെ എങ്കിലും തലപ്പത്ത് ഇത്തരം കുടിയിരുത്തലുകൾ രാഷ്ട്രീയ പാർട്ടികൾ നടത്താറില്ല. പക്ഷേ, ഇത്തവണ ആ കീഴ്‌വഴക്കവും തെറ്റിച്ചു.

കഴിഞ്ഞ വിഎസ് സർക്കാർ അങ്കമാലിയിലെ ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരളയിൽ (ടെൽക്ക്) രാഷ്ട്രീയ നേതാവിനെ ചെയർമാനാക്കാൻ ശ്രമിച്ചിരുന്നു. വിഎസ് പക്ഷക്കാരിയായ കേന്ദ്രകമ്മിറ്റി അംഗത്തെ ചെയർമാനാക്കാനായിരുന്നു നീക്കം. എന്നാൽ, സിഐടിയു എതിർത്തു. സാങ്കേതിക പരിജ്ഞാനം ആവശ്യപ്പെടുന്ന സ്ഥാപനത്തിന്റെ തലപ്പത്തു രാഷ്ട്രീയ നിയമനം പാടില്ലെന്നായിരുന്നു സിഐടിയു നിലപാട്. ഇപ്പോഴിതാ, സ്ഥാപനത്തിന്റെ 52 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി രാഷ്ട്രീയ നേതാവ് ചെയർമാനായെത്തി. സിഐടിയുവിന്റെ നിലപാടു പാടേ തള്ളി ടെൽക്കിന്റെ ചെയർമാനായി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ സർക്കാർ നിയമിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥരോ ടെക്നോക്രാറ്റുകളോ മാത്രമാണു ടെൽക്കിന്റെ ചെയർമാൻ പദവിയിൽ ഇതുവരെ ഇരുന്നിട്ടുള്ളത്. ഏഴു വർഷം തുടർച്ചയായി ലാഭം നേടിയശേഷം കഴിഞ്ഞ രണ്ടു വർഷമായി ടെൽക്ക് നഷ്ടത്തിലാണ്. കഴിഞ്ഞ വർഷം 15 കോടിയും അതിനു മുൻപുള്ള വർഷം 30 കോടിയും നഷ്ടം. മാനേജ്മെന്റ് വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവുമുള്ളയാൾ തലപ്പത്തു വന്നാൽ വീണ്ടും ലാഭത്തിലാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു എണ്ണൂറോളം ജീവനക്കാരും സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളും. എന്നാൽ, ഇതെല്ലാം അട്ടിമറിച്ചുകൊണ്ടാണ് അഭിഭാഷകനായ രാഷ്ട്രീയക്കാരനെ ചെയർമാനായി വാഴിച്ചത്. പൊതുമേഖലാ സ്ഥാപനം നടത്താൻ പ്രത്യേകിച്ചൊരു യോഗ്യതയും വേണ്ടെന്ന രാഷ്ട്രീയ തീരുമാനംമൂലം തകർന്നുപോയ സ്ഥാപനങ്ങളുടെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

നടത്താനറിയില്ല; ഒരു തീപ്പെട്ടിക്കമ്പനിപോലും

തീപ്പെട്ടി വ്യവസായത്തെ പുനരുദ്ധരിക്കാൻ എന്ന പേരിലാണ് 25 വർഷം മുൻപു കൊല്ലത്ത് മാച്ച്ഫെഡ് (കേരള സ്റ്റേറ്റ് കോട്ടേജ് മാച്ച് ഇൻഡസ്ട്രീസ് ഫെഡറേഷൻ) തുടങ്ങിയത്. തീപ്പെട്ടിക്കു മാത്രമായി ഒരു സ്ഥാപനം. ഖാദി ബോർഡിൽനിന്നു വായ്പയെടുത്തു തീപ്പെട്ടി നിർമാണം നടത്തിവന്ന യൂണിറ്റുകൾക്ക് അസംസ്കൃത സാധനങ്ങൾ നൽകുക, ഉൽപന്നങ്ങൾ സംഭരിച്ചു വിറ്റഴിക്കുക, തീപ്പെട്ടി നിർമിച്ചു വിൽക്കുക എന്നിവയായിരുന്നു മാച്ച്ഫെഡിന്റെ ലക്ഷ്യം. തമിഴ്നാട്ടിൽ യന്ത്രവൽക്കരണ യൂണിറ്റുകളിൽ നിർമിക്കുന്ന തീപ്പെട്ടി കുറഞ്ഞ വിലയ്ക്കു കേരളത്തിൽ വന്നതോടെ മാച്ച്ഫെഡ് പ്രതിസന്ധിയിലായി. സ്ഥാപനം കാലത്തിനൊപ്പം നവീകരിക്കാൻ മാനേജ്മെന്റ് ശ്രമിച്ചുമില്ല. ലക്ഷങ്ങൾ കുടിശികയായതോടെ പിടിച്ചുനിൽക്കാനാവാതെ സ്ഥാപനം അടച്ചുപൂട്ടി. കൊല്ലം നഗരത്തിൽ മാച്ച്ഫെഡിന്റെ കോടികൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും കാടുകയറിക്കിടക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആഴമറിയാൻ ടെക്സ്റ്റൈൽ കോർപറേഷനു കീഴിൽ കോഴിക്കോട്ട് തിരുവണ്ണൂരിൽ പ്രവർത്തിക്കുന്ന മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസിന്റെ ചരിത്രം പഠിച്ചാൽ മതിയാവും.

നഷ്ടമാണെങ്കിലും പൂട്ടില്ല

നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുന്നതാണു നല്ലതെന്ന ആർ.സി.ചൗധരി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2003 ഓഗസ്റ്റ് അഞ്ചിനു പൂട്ടിയതായിരുന്നു തിരുവണ്ണൂർ കോട്ടൺ മിൽ. എന്നാൽ, തുടർന്നു വന്ന ഇടതുസർക്കാർ 2010ൽ 36 കോടി രൂപ ചെലവഴിച്ച് അത്യാധുനിക യന്ത്രോപകരണങ്ങൾ സ്ഥാപിച്ചു മിൽ തുറന്നു. ഇതിനു സർക്കാർ എക്സൈസ് തീരുവയിൽ എട്ടു ശതമാനത്തിന്റെ ഇളവും നൽകി. എട്ടു വർഷത്തിനകം ഈ യന്ത്രങ്ങളുപയോഗിച്ച് ഉൽപാദനം നടത്തി കയറ്റുമതി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. അനുവദിച്ച കാലാവധി തീരാൻ ഒരു വർഷം മാത്രമാണ് ഇനി ബാക്കി. തിരുവണ്ണൂർ മില്ലിൽനിന്നു ചില്ലിക്കാശിന്റെ നൂൽ ഇതുവരെ കയറ്റുമതി ചെയ്തിട്ടില്ല. വ്യവസ്ഥ ലംഘിച്ചതിനാൽ ഏഴു വർഷം മുമ്പു കൈപ്പറ്റിയ എട്ടു ശതമാനം എക്സൈസ് തീരുവ ഇളവും ആനുപാതികമായ പിഴയും തിരിച്ചടയ്ക്കേണ്ടിവരും.

വിദേശത്തേക്കു കയറ്റി അയയ്ക്കാൻപോയിട്ട് ആഭ്യന്തരവിപണിയിൽ നേരാംവണ്ണം മൽസരത്തിനിറങ്ങാനാവശ്യമായ ഉൽപാദനംപോലും ഇവിടെ നടക്കുന്നില്ലെന്നതാണു യാഥാർഥ്യം. 36 കോടി രൂപ ചെലവഴിച്ചു സ്ഥാപിച്ച 22 സ്പിന്നിങ് മെഷീനുകളിൽ പ്രവർത്തിക്കുന്നതു രണ്ടെണ്ണം മാത്രം! മില്ലിൽനിന്നു കഴിഞ്ഞ ദിവസം സർക്കാരിലേക്ക് ഒരു റിപ്പോർട്ട് അയച്ചിരുന്നു. ലാഭവും നഷ്ടവുമില്ലാത്ത നിലയിൽ മിൽ നടത്തിക്കൊണ്ടുപോകാൻ അടിയന്തരമായി 10.5 കോടി രൂപ അനുവദിക്കണമെന്നായിരുന്നു അപേക്ഷ!

നഷ്ടത്തിലാക്കാനുള്ള കഷ്ടപ്പാട് !

കൺസ്യൂമർഫെഡ് 2009-10ലെ ഓഡിറ്റ് പ്രകാരം ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു. എന്നാൽ, ഏറ്റവും ഒടുവിൽ ഓഡിറ്റിങ് നടന്ന 2014-15ലെ കണക്കുപ്രകാരം സഞ്ചിത നഷ്ടം 418 കോടി രൂപ! അഞ്ചു വർഷംകൊണ്ട് ഇത്രയും നഷ്ടം വരുത്തിവയ്ക്കാൻ ബന്ധപ്പെട്ടവർ സഹിച്ച കഷ്ടപ്പാട് ഓർക്കുമ്പോഴാണ്...

ഇതെങ്ങനെ സാധിക്കുന്നു ?

കോടികൾ കടത്തിൽ മുങ്ങിയ സ്ഥാപനമാണെങ്കിലും അഴിമതിയാരോപണത്തിന്റെ പേരിൽ ഭരണസമിതിതന്നെ പിരിച്ചുവിടുകയും ചെയ്തെങ്കിലും എംഡിയുടെ വക ഒരപേക്ഷ താൽക്കാലിക അഡ്മിനിസ്ട്രേറ്റർക്കു ചെന്നു: ‘എന്റെ ശമ്പളം 75,000 രൂപയിൽനിന്ന് ഒന്നേകാൽ ലക്ഷമാക്കണം’.

സർവീസിൽനിന്നു വിരമിച്ചശേഷം കരാർ അടിസ്ഥാനത്തിൽ എംഡി സ്ഥാനം നേടിയയാളാണ് കഴിഞ്ഞ ഏപ്രിലിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ചു ശമ്പളവർധന ശുപാർശ ചെയ്ത് അഡ്മിനിസ്ട്രേറ്റർ സർക്കാരിന് അയയ്ക്കുകയും ചെയ്തു. അപ്പോഴേക്കും മാധ്യമങ്ങളിലൂടെ സംഗതി വിവാദമായതിനാൽ ചോദിച്ച ശമ്പളവർധന കിട്ടിയില്ല. അൽപം കുറച്ചു. ഇപ്പോഴത്തെ ശമ്പളം 90,000 രൂപ.

കൺസ്യൂമർഫെഡ് ഭരണത്തിലെ ധൂർത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഈ സ്ഥാപനം ഇതുവരെ വരുത്തിവച്ച നഷ്ടങ്ങളുടെ ആകെത്തുക സംബന്ധിച്ചുപോലും തർക്കമാണ്. എന്നാൽ, അഴിമതിയും ധൂർത്തും നടന്നുവെന്ന കാര്യത്തിൽ അന്വേഷണം നടത്തിയവർക്കാർക്കും തർക്കമില്ല! എംഡിയായിരുന്ന ടോമിൻ തച്ചങ്കരി നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘമാണ് ആദ്യം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. 135 കോടി രൂപയുടെ ക്രമക്കേടാണ് അവർ കണ്ടെത്തിയത്. എന്നാൽ, അന്വേഷണം നടത്തിയതു ഭരണസമിതിയുടെ അനുമതിയില്ലാതെയാണെന്നും അന്വേഷണോദ്യോഗസ്ഥർക്കു യോഗ്യതയില്ലെന്നും പറഞ്ഞു ഭരണസമിതി റിപ്പോർട്ട് തള്ളി. പിന്നീടു ഭരണസമിതിതന്നെ തീരുമാനിച്ച ഉപസമിതി അന്വേഷണം നടത്തി. അവരും കണ്ടെത്തി 50 കോടി രൂപയുടെ ക്രമക്കേട്. 

എത്ര സദുദ്ദേശ്യത്തോടുകൂടി തുടങ്ങുന്ന പദ്ധതിയാണെങ്കിലും ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തെ ഏൽപിച്ചാൽ മതി, അത് ഏൽപിക്കുന്നവരുടെകൂടി വിശ്വാസ്യത കളയും. മന്ത്രി തോമസ് ഐസക്കിനും പറ്റി അത്തരമൊരു അക്കിടി.

തഴച്ചുവളരുന്നത് സ്വജനപക്ഷപാതം

kattuvalli-board-28

ബാംബൂ കോർപറേഷനിലെ തൊഴിലാളികളെ രക്ഷിക്കാനെന്ന പേരിലാണ് കോർപറേഷന് അനുബന്ധമായി ഈറ്റ, കാട്ടുവള്ളി, തഴ ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. ഈറ്റമേഖലയിലെ രണ്ടുലക്ഷത്തോളം തൊഴിലാളികളെ അംഗങ്ങളാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ന് ഈ ബോർഡിൽ ഈറ്റ മേഖലയിൽനിന്നുള്ള തൊഴിലാളികളുടെ എണ്ണം 3500ൽ താഴെ മാത്രം. എന്നാൽ, ബോർഡിന്റെ മൊത്തം അംഗസംഖ്യ 71,000 ആയി. ഇതെങ്ങനെ സംഭവിച്ചു?

ബോർഡ് നിലനിർത്തിക്കൊണ്ടുപോകാൻ, മാറിമാറി വന്ന സർക്കാരുകളുടെ മൗനാനുവാദത്തോടെ തൊഴിലാളി യൂണിയൻ നേതാക്കൾ നടപ്പാക്കിയ തന്ത്രമാണ് ഇതിനു പിന്നിൽ. മറ്റൊരു ബോർഡിലും അംഗങ്ങളല്ലാത്തവരെ നേതാക്കളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബോർഡ് അംഗങ്ങളാക്കി. പേര് ഈറ്റ, കാട്ടുവള്ളി, തഴ ബോർഡ് എന്നാണെങ്കിലും ഈ മേഖലയിലുള്ള അംഗങ്ങളെക്കാൾ കൂടുതൽപേർ പുറത്തുനിന്നുള്ളവരാണ്. യൂണിയനുകൾ മൽസരിച്ചു സ്വന്തക്കാരെ കുത്തിത്തിരുകിയെന്നതു പരസ്യമായ രഹസ്യം. അഞ്ചുവർഷം മുൻപു ബോർഡിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 30,000 ആയിരുന്ന സ്ഥാനത്താണ് അഞ്ചു വർഷംകൊണ്ട് ഈ വളർച്ച!

പിണറായിയിലെ എളമരം മോഡൽ !

public-sector-series-image-28

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തിലുണ്ട് പൊതുമേഖലാ സ്ഥാപനം എങ്ങനെ ആരംഭിക്കരുതെന്നതിന്റെ ഉത്തമ ഉദാഹരണം. എളമരം കരീം വ്യവസായമന്ത്രിയായിരിക്കെ 20 കോടി രൂപ ചെലവിൽ പിണറായിയിലാണു ടെക്സ്റ്റൈൽ മിൽ സ്ഥാപിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമിച്ച കെട്ടിടത്തിനു ചെലവഴിച്ചത് 7.55 കോടി രൂപ. ഒരേക്കർകൂടി ഏറ്റെടുക്കാതെ കെട്ടിടനിർമാണം പൂർത്തിയാവില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഈ ഏഴരക്കോടി രൂപ ചെലവഴിച്ചത്.

ജലലഭ്യതയോ ശരിയായ ഗതാഗതസൗകര്യമോ ഇല്ലാത്ത സ്ഥലത്താണു മിൽ. 2010ൽ തിരക്കിട്ട് ഉദ്ഘാടനം ചെയ്തതല്ലാതെ മിൽ ഇന്നും പ്രവർത്തനം ആരംഭിച്ചിട്ടില്ല. നഷ്ടക്കണക്കു കൂട്ടാൻ ഇനി പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കില്ലെന്ന നിലപാടിലായിരുന്നു വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മുൻ ഇടതുമന്ത്രിസഭ. എന്നാൽ, ഈ നയം തിരുത്തി എട്ടു പൊതുമേഖലാ സ്ഥാപനങ്ങളാണ് എളമരം കരീമിനു കീഴിലെ വ്യവസായവകുപ്പ് ആരംഭിച്ചത്. അവ എട്ടും എട്ടുനിലയിൽ പൊട്ടി. പിണറായിയിലെ ഉൾപ്പെടെ ഇതിൽ മൂന്നെണ്ണവും ടെക്സ്റ്റൈൽ കോർപറേഷന്റെ കീഴിലായിരുന്നു.

ആ കഥ നാളെ:

കുറഞ്ഞ വിലയ്ക്ക് ബിപിഎൽ കുടുംബങ്ങൾക്കു മണൽ!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.