Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഴങ്ങുന്നു, വളർച്ചയുടെ ശംഖൊലി

bjp-flag-1

ജനസംഘത്തിന്റെ പ്രാഥമിക പ്രവർത്തനം മാത്രം കേരളത്തിലുണ്ടായിരുന്ന കാലത്താണ്, 1967 ഡിസംബർ 30, 31, 1968 ജനുവരി ഒന്ന് തീയതികളിലായി പാർട്ടിയുടെ 14ാം സമ്പൂർണ ദേശീയ സമ്മേളനം കോഴിക്കോട്ടു നടന്നത്. അത് ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും വലിയൊരു നാഴികക്കല്ലായിരുന്നു. പാർട്ടിയുടെ ദാർശനികൻ ദീനദയാൽ ഉപാധ്യായ അധ്യക്ഷപദവിയിലെത്തിയ സമ്മേളനംകൂടിയായിരുന്നു അത്.

ശ്രീനാരായണ ഗുരുവിനെ കമ്യൂണിസ്റ്റുകൾ തള്ളിപ്പറഞ്ഞിരുന്ന അക്കാലത്ത് കോഴിക്കോട്ടെ സമ്മേളനനഗരിയുടെ പേര് ശ്രീനാരായണ നഗർ എന്നായിരുന്നു. സ്നേഹത്തിന്റെ മാർഗത്തിൽ‍ക്കൂടി, രക്തച്ചൊരിച്ചിലില്ലാതെ സാമൂഹിക വിപ്ലവം നടത്താൻ ശ്രീനാരായണഗുരുവിനു കഴിഞ്ഞു. ഇന്ത്യയിൽ പലയിടത്തും നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പല പരിഷ്കർത്താക്കളും കർമരംഗത്തുണ്ടായിരുന്നെങ്കിലും പലയിടത്തും അതു സംഘർഷത്തിൽ കലാശിച്ചിരുന്നു. എന്നാൽ, ഗുരുവിന്റെ പ്രവർത്തനത്തിലൂടെ കേരളം കണ്ടത് അതിൽനിന്ന് ഏറെ ഭിന്നമായ ചിത്രമാണ്.

അങ്ങനെയൊരു സാമൂഹിക വിപ്ലവകാരിയുടെ സന്ദേശം ഇന്ത്യ മുഴുവൻ അറിയണം എന്നു ജനസംഘം ആഗ്രഹിച്ചു. അതാണു സമ്മേളന നഗരിക്കു ശ്രീനാരായണ ഗുരുവിന്റെ പേരു നൽകാൻ കാരണമായത്. സമ്മേളന നഗരിക്കു മുന്നിൽ ശ്രീനാരായണ ഗുരുവിന്റെ വലിയൊരു സ്തൂപം സ്ഥാപിച്ചിരുന്നു. സ്തൂപത്തിനു ചുറ്റും, ‘സംഘടിച്ചു ശക്തരാകുവിൻ‍, വിദ്യകൊണ്ട് പ്രബുദ്ധരാകൂ’ തുടങ്ങിയ ഗുരുവാക്യങ്ങൾ എഴുതിച്ചേർത്തിരുന്നു.

ദീനദയാൽ ഉപാധ്യായ ദീർഘകാലം ജനസംഘത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചശേഷം അധ്യക്ഷ പദവിയിലെത്തിയ സമ്മേളനം എന്നതും ഏകാത്മമാനവദർശനത്തിലൂടെയാണു ഭാരതം മുന്നോട്ടുപോകേണ്ടതെന്ന ചിന്താധാര സ്വീകരിക്കാൻ തീരുമാനിച്ചതും 67ലെ സമ്മേളനത്തിനു ചരിത്രപരമായ പ്രാധാന്യം നൽകുന്നു. അന്നു ഞാൻ ജനസംഘത്തിന്റെ സംസ്ഥാന ജനറൽ‍ സെക്രട്ടറിയായിരുന്നു. ഇന്നത്തെപ്പോലെ കേരളത്തിൽ വിപുലമായ അടിത്തറ പാർട്ടിക്കുണ്ടായിരുന്നില്ലെങ്കിലും സമ്മേളനം വൻവിജയമായിരുന്നു. 12,000 പ്രതിനിധികളാണ് അന്നു പങ്കെടുത്തത്. പ്രാദേശിക ഭാഷാവാദം കൊടുമ്പിരിക്കൊണ്ടിരുന്ന കാലംകൂടിയായിരുന്നു അത്. തമിഴ്നാട്ടിൽ പ്രശ്നം കുറെക്കൂടി ശക്തവും സംഘർഷഭരിതവുമായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ തമിഴ്നാട്ടിൽക്കൂടിയായിരുന്നു വരേണ്ടിയിരുന്നത്. പ്രതിനിധികൾ വരുന്ന വാഹനങ്ങൾക്കു നേരെ തമിഴ്നാട്ടിൽവച്ച് അക്രമം ഉണ്ടായേക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.

പക്ഷേ ഒന്നും സംഭവിച്ചില്ല. 1967ലെ സമ്മേളനത്തിൽവച്ചു ഭാഷാപ്രശ്നത്തിൽ വ്യക്തമായ നിലപാടെടുക്കാൻ പാർട്ടിക്കു സാധിച്ചു. മാതൃഭാഷ പഠിക്കുക, കൂടാതെ ‘ലിങ്ക് ലാംഗ്വേജ്’ ആയി ഇംഗ്ലിഷും ഹിന്ദിയും പഠിക്കണം എന്ന തീരുമാനവും കൈക്കൊണ്ടു. ഹിന്ദി മാതൃഭാഷയായിട്ടുള്ളവരുടെ കാര്യത്തിൽ ഇംഗ്ലിഷിനു പുറമെ മറ്റൊരു ഭാഷ കൂടി പഠിക്കുക എന്ന തീരുമാനവും ഈ സമ്മേളനത്തിൽ കൈക്കൊണ്ടു.

സാമൂഹിക രംഗത്തു തൊട്ടുകൂടായ്മ പാടില്ലെന്ന തീരുമാനവും സമ്മേളനത്തിൽ സ്വീകരിച്ചു. ഓരോ രാഷ്ട്രീയ പാർ‍ട്ടികളുടെയും കാഴ്ചപ്പാടും ആശയങ്ങളും ദർശനങ്ങളുമൊക്കെ വേറിട്ടതായിരിക്കും പക്ഷേ അവരും ഭാരതീയർക്കിടയിൽ പ്രവർത്തിക്കുന്നവർ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അകറ്റിനിർത്തേണ്ടതില്ലെന്ന് ഏറെ ചർച്ചകൾക്കുശേഷം സമ്മേളനം നിലപാടു കൈക്കൊണ്ടു. ഇതേത്തുടർന്നാണു ബിഹാറിൽ അന്നു സിപിഐയുമായി േചർന്നു സർക്കാരുണ്ടാക്കാൻ നിലപാടെടുത്തത്.

1967ലെ സമ്മേളനം നടക്കുമ്പോൾ ആറു സംസ്ഥാനങ്ങളിലായിരുന്നു ജനസംഘത്തിനു ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്നത്. സംയുക്ത വിധായക് ദൾ (എസ്‌വിഡി) സർക്കാരുകളായിരുന്നു അന്നു ഭരിച്ചിരുന്നത്. മുതലാളിത്തം, സോഷ്യലിസം എന്നീ ചിന്താഗതികളിൽനിന്നു മാറി മാനവദർശനത്തിന്റെ ഉദാത്തതയിലൂടെ ഭാവി ഭാരതം കെട്ടിപ്പടുക്കാനുള്ള ആശയങ്ങളാലും ചർച്ചകളാലും സമ്പുഷ്ടമായിരുന്നു ജനസംഘത്തിന്റെ സമ്മേളനം. കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്കു വലിയൊരളവിൽ തുടക്കമിട്ട സമ്മേളനത്തിൽ ഭാഗഭാക്കാകാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ ആവേശവും ആത്മാഭിമാനവും സിരകളിൽ നുരയുന്നു.

1967ലെ സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ ദീനദയാൽ ഉപാധ്യായ താമസിച്ചത് അളകാപുരിയിലായിരുന്നു. ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇക്കുറി കോഴിക്കോട്ടെത്തിയപ്പോൾ താമസിക്കാനായി എനിക്കു ലഭിച്ചിരിക്കുന്നതും ദീനദയാൽ ഉപാധ്യായ താമസിച്ച അളകാപുരിയിലെ അതേ മുറി. ഈ മുറിയിലിരിക്കുമ്പോൾ അന്നത്തെ സമ്മേളനകാലം ഗൃഹാതുരത്വം നിറഞ്ഞ ഓർമയായി മനസ്സിൽ അലയടിക്കുകയാണ്. ആ സമ്മേളനകാലം കഴിഞ്ഞ് ആണ്ടുകളെത്ര കടന്നുപോയിരിക്കുന്നു. പാർട്ടിയുടെ അടിത്തറ കേരളത്തിൽ വളരുകയായിരുന്നു. അഭിഭാഷക ജോലി ഉപേക്ഷിച്ചു ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി ദീനദയാൽ ഉപാധ്യായയുടെ ആശയപ്രചാരണത്തിനായി ഇറങ്ങിയപ്പോൾ പലരും അദ്ഭുതപ്പെട്ടു. പഞ്ചായത്ത് അംഗം പോലും ആകാൻ സാധ്യതയില്ലാത്ത പാർ‍ട്ടിക്കുവേണ്ടി അഭിഭാഷക ജോലി ഉപേക്ഷിക്കേണ്ട കാര്യമുണ്ടോ എന്നു സംശയിച്ചവരുണ്ട്.

ഇന്നു കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബിജെപിയുടെ അംഗസംഖ്യ പരിശോധിച്ചാൽത്തന്നെ പാർട്ടിയുടെ വളർച്ചയുടെ രേഖ മനസ്സിലാകും. നിയമസഭയിൽ പാർ‍ട്ടിയുടെ സാന്നിധ്യമുണ്ട്. നിയമസഭയിലേക്കുള്ള ബിജെപിയുടെ വാതിൽ തുറക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനവും ചാരിതാർഥ്യവുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ലഭിച്ച വോട്ട് കൂടി പരിശോധിച്ചാൽ ജനങ്ങൾ ഇടതു, വലതു മുന്നണികളുടെ കാപട്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നു വ്യക്തമാകും. പാർട്ടി കേരളത്തിൽ അധികാരത്തിലേക്കു വളരുന്നതിനുള്ള ശംഖൊലികൂടിയായിരിക്കും ദേശീയ കൗൺസിൽ യോഗം എന്ന കാര്യം ഉറപ്പിക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.