Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറിയേ തീരൂ സർവകലാശാലകൾ

university-series-image-13-09

'കണ്ണീർ കുടിപ്പിക്കും സർവകലാശാലകൾ' എന്ന പരമ്പരയോട് പ്രമുഖർ പ്രതികരിക്കുന്നു:

കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം

ഡോ. രാജൻ ഗുരുക്കൾ (മുൻ വൈസ് ചാൻസലർ, എംജി സർവകലാശാല)

rajan-gurukkal-12

സർവകലാശാലകൾക്ക് അവയുടെ പരമപ്രധാന ചുമതല നിർവഹിക്കാനാവുന്നില്ലെന്ന പരമാർഥം ബോധ്യപ്പെടുത്തുന്ന പരമ്പരയാണ് മനോരമയുടേത്. ഒരധ്യാപകനും സർവകലാശാലാ പ്രവർത്തകനും എന്ന നിലയ്ക്കു ലജ്ജകൊണ്ട് എന്റെ തല കുനിഞ്ഞുപോവുന്നു. കെടുകാര്യസ്ഥത, ഉത്തരം വായിച്ചുനോക്കാതെയുള്ള മൂല്യനിർണയം, പരീക്ഷയുടെ കൃത്യമായ കലണ്ടറില്ലാത്ത അവസ്ഥ, വൈകുന്ന മൂല്യനിർണയവും ഫലപ്രഖ്യാപനവും അങ്ങനെ വീഴ്ചകളേറെ. ഈ വീഴ്ചകൾക്കെല്ലാം ഉത്തരവാദി താനാണെന്ന ബോധം വൈസ് ചാൻസലർക്കുണ്ടാവണം. പ്രോ വൈസ് ചാൻസലറും പരീക്ഷാ കമ്മിറ്റിയും കൺട്രോളറും ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്ചയും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു വൈസ് ചാൻസലർ ആണല്ലോ. മൂല്യനിർണയവുമായി ബന്ധപ്പെട്ട അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മ കണ്ടുപിടിച്ചു നടപടിയെടുക്കേണ്ടതും വൈസ് ചാൻസലർ തന്നെ.

കാര്യക്ഷമതയുള്ള ജീവനക്കാരെ പരീക്ഷാജോലികൾക്കു ലഭ്യമാക്കുന്നതിനു റജിസ്ട്രാറുടെ പ്രത്യേക ശ്രദ്ധ ഉറപ്പുവരുത്തേണ്ടതും വൈസ് ചാൻസലർ ആണ്. മിക്ക സർവകലാശാലകളിലും വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും കീരിയും പാമ്പും പോലെയാവും. റജിസ്ട്രാറും കൺട്രോളറും അതുപോലെതന്നെ. പിന്നെ ജീവനക്കാരും മേലധികാരികളും തമ്മിലും ബന്ധം മോശമായിരിക്കും. ഇതിനിടയിൽ അപൂർവം വരുന്ന കുറേ നല്ല അധ്യാപകരും ജീവനക്കാരും ചേർന്നാണു കാര്യങ്ങളൊക്കെ ഇത്രയെങ്കിലും നടത്തിക്കൊണ്ടുപോവുന്നത്.

വൈസ് ചാൻസലർക്കു വിശ്വാസത്തിലെടുക്കാവുന്ന നല്ല കഴിവുള്ള പ്രോ വൈസ് ചാൻസലർ ഉണ്ടെങ്കിലതുമതി. ഒരു പരിധിവരെ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കാം. എന്റെ അനുഭവം അതാണ്. കുറ്റവാളികളെ കടുത്ത ശിക്ഷയ്ക്കു വിധേയരാക്കണം. സ്വന്തം പദവിയെക്കാളെത്രയോ വലുതാണു സ്ഥാപനമെന്ന തോന്നൽ എല്ലാ മേലധികാരികൾക്കും വേണം.

പ്രശ്നം, നിലവാരമില്ലാത്ത അധ്യയനം

ജെ.ദേവിക (അസോഷ്യേറ്റ് പ്രഫസർ, സിഡിഎസ്, തിരുവനന്തപുരം)

devika-12

കോളജുകളിലെ വിദ്യാഭ്യാസ നിലവാരം തകരാനുള്ള മുഖ്യ കാരണം സെമസ്റ്റർ സമ്പ്രദായമാണ്. വൻതുക കോഴ നൽകി എയ്ഡഡ് കോളജുകളിൽ അധ്യാപക ജോലി നേടുന്നവർക്കു നിലവാരമില്ല. ഇത് അവർ പഠിപ്പിക്കുന്ന വിദ്യാർഥികളെ ബാധിക്കുന്നു. മിടുക്കർ പുറത്തു നിൽക്കുമ്പോൾ പണമുള്ളവർ അധ്യാപകരാകുന്ന അവസ്ഥ നമ്മുടെ നാടിന്റെ ശാപമാണ്. നമ്മുടെ സ്കൂളുകളിൽ വിദ്യാർഥികളെ നന്നായി വായിക്കാനും എഴുതാനും കണക്കു കൂട്ടാനും പഠിപ്പിക്കുന്നില്ല. ഭാഷാ പഠനത്തിനു വിലയില്ലാതായി. എങ്ങനെയും പ്രവേശനപ്പരീക്ഷ ജയിച്ച് പ്രഫഷനൽ കോളജിൽ ചേരണമെന്ന ചിന്തയാണ്. പ്രവേശനപ്പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലനംകൊണ്ടു വിദ്യാർഥിക്കു വിവരം ഉണ്ടാവില്ല. ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിക്കാനെത്തുന്നവരിൽ ഏറെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കളാണ്. അവിടെ അവർക്കു നിലവാരമില്ലാത്ത പരിശീലനമാണു ലഭിക്കുന്നത്.

വേണ്ടതു പൊളിച്ചെഴുത്ത്

ഡോ. ബി. ഇക്ബാൽ (മുൻ വൈസ് ചാൻസലർ, എംജി സർവകലാശാല)

Dr. B Iqbal

എംജി സർവകലാശാലയിലെ ഇൗ വർഷത്തെ വിജയശതമാനം 33% ആയിരുന്നുവെന്നത് കേരളത്തിലെ പൊതുസമൂഹവും അധ്യാപകസമൂഹവും കാണാതെ പോകരുത്. മലയാളത്തിന്റേതു വെറും 13%. എന്നുവച്ചാൽ 87 % പേർ തോറ്റുവെന്ന യാഥാർഥ്യം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സയൻസ് വിഷയങ്ങളാണ് അൽപമെങ്കിലും പിടിച്ചുനിന്നത്– 62%. നേരത്തേ നൂറ് ശതമാനം എത്തിയ സയൻസ് വിഷയങ്ങളിലാണ് ഇത്രയും വലിയ പിന്നാക്കം പോക്കുണ്ടായത്. സർവകലാശാലകളിലെയും ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും ഇൗ നിലവാരത്തകർച്ച കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നേയില്ല.  എല്ലാവർക്കും ചർച്ച ചെയ്യാനുള്ളത് സെൽഫ് ഫിനാൻസിങ് കോളജുകളിലെ ഫീസ് നിരക്കും തോൽവിയും വിജയവും ഒക്കെയാണ്.

ആർട്സ് ആൻസ് സയൻസ് കോളജുകളിലെ നിലവാരത്തകർച്ചയ്ക്ക് ആദ്യം പ്രതിസ്ഥാനത്തു നിർത്തേണ്ടത് ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്ന അധ്യാപകസമൂഹത്തെ തന്നെയാണ്. അവർ സാമൂഹികനീതി മറക്കുന്നു. അതുവഴി ഇൗ കലാലയങ്ങളിൽ സാമൂഹികനീതി ഇല്ലാതെപോകുന്നു. മൂല്യനിർണയത്തിലെ ഗുരുതരമായ പാളിച്ച ചൂണ്ടിക്കാണിക്കുന്ന മനോരമ പരമ്പര അധ്യാപക സമൂഹത്തിന്റെ കണ്ണുതുറപ്പിക്കണം. ഇൗ അധ്യാപകരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കുകയാണു വേണ്ടത്. മൂല്യനിർണയത്തിൽ മുൻപെടുത്ത തീരുമാനങ്ങളിലൊക്കെ വെള്ളം ചേർത്തിരിക്കുന്നുവെന്നതാണ് ഇൗ പരമ്പരയിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിക്കുന്നത്.

അധ്യാപകർ വീട്ടിൽ കൊണ്ടുപോയി ഉത്തരക്കടലാസ് നോക്കുന്ന സ്ഥിതിയിൽ പാളിച്ചകളേറെയായിരുന്നു. അവർ ഉത്തരക്കടലാസ് സർവകലാശാലയിൽ തിരിച്ചെത്തിക്കാൻ വൈകിയതോടെയാണ് പുനർമൂല്യനിർണയത്തിന് ഏറെ താമസമുണ്ടായത്. അതിനു പരിഹാരം കാണാനാണ് കേന്ദ്രീകൃത മൂല്യനിർണയം തുടങ്ങിയത്. മൂല്യനിർണയ ക്യാംപുകളിലെത്തി ഉത്തരക്കടലാസൂകൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന സംഭവങ്ങളും പിന്നീട് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതോടെ ആ സംവിധാനവും പാളിയെന്നതാണ് ഇൗ മൂല്യത്തകർച്ച കാണിക്കുന്നത്. വേണ്ടത് സമഗ്രമായ പൊളിച്ചെഴുത്താണ്. മൂല്യനിർണയം സുതാര്യവും കുറ്റമറ്റതുമാക്കാൻ കർശന നിലപാടുകളും എടുക്കണം.

കേരളത്തിലെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പറയുന്നു:

വ്യത്യസ്തത വേണം, സ്വാതന്ത്ര്യവും 

ഡോ. കുഞ്ചെറിയ പി. ഐസക്, സാങ്കേതിക സർവകലാശാല

Kuncheria-P-Isaac-12

കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം മോശമാണെന്ന് എല്ലാവരും കുറ്റപ്പെടുത്താറുണ്ട്. നിലവിലുള്ളവയുടെ മാതൃകയിൽ മറ്റൊരു സർവകലാശാല കൂടി ഉണ്ടാക്കിയിട്ട് എന്തു കാര്യം? പുതിയതായി ഒരു സർവകലാശാല തുടങ്ങുമ്പോൾ പഴയ മോശപ്പെട്ട രീതികൾ തന്നെ പിന്തുടർന്നാൽ മതിയോ? വ്യത്യസ്‌തത വേണ്ടേ. വീഴ്‌ചകൾ തിരുത്തേണ്ടേ? അപ്പോൾ അധികൃതർക്ക് അതിനുള്ള സ്വാതന്ത്ര്യം വേണം. എല്ലാ കാര്യങ്ങളിലും പുതിയ കാഴ്‌ചപ്പാട് ഉണ്ടെങ്കിലേ നന്നാവൂ.

വേണ്ടത് അച്ചടക്കം

ഡോ. പി.കെ.രാധാകൃഷ്‌ണൻ, കേരള സർവകലാശാല

p-k-radhakrishnan-12

അച്ചടക്കമില്ലായ്‌മയാണ് കേരള സർവകലാശാല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും ഇടയിൽ ഈ അച്ചടക്കമില്ലായ്‌മ പ്രകടമാണ്. ഇ ഗവേണൻസ് നടപ്പാക്കിയാൽ സർവകലാശാലയിൽ ജീവനക്കാരെ കുറയ്‌ക്കാനാകും. പക്ഷേ, അധ്യാപകരെ കുറയ്‌ക്കാനാവില്ല. സർവകലാശാലയിൽ ഇ ഗവേണൻസ് 50% നടപ്പാക്കി. ജീവനക്കാർ ഹാജരാകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഓഫിസ് മേധാവികളാണ്. വൈസ് ചാൻസലർക്ക് ഇതെല്ലാം നേരിട്ടു നോക്കാനാവില്ല.

ജീവനക്കാർ കുറവ്

ഡോ. ഖാദർ മാങ്ങാട്, കണ്ണൂർ സർവകലാശാല

khader-mangad-12

കണ്ണൂർ സർവകലാശാലയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ജീവനക്കാരുടെ കുറവാണ്. സർവകലാശാലയിൽ 326 ജീവനക്കാരുടെ കുറവുണ്ടെന്നു സർക്കാർ  നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ജീവനക്കാർക്കു പഞ്ചിങ് നടപ്പാക്കിയെങ്കിലും ശമ്പളവുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഇതിന് ഉടൻ നടപടിയെടുക്കും. പരിമിതികൾക്കിടയിലും ബിരുദ പരീക്ഷാഫലം റെക്കോർഡ് സമയത്തിനുള്ളിലാണു കണ്ണൂരിൽ പ്രഖ്യാപിച്ചത്. സർട്ടിഫിക്കറ്റുകൾ ഏറ്റവും വേഗത്തിൽ വിതരണം ചെയ്യുന്നതും കണ്ണൂരിലാണ്. 

  

പരീക്ഷകൾ വർധിച്ചു; മൂല്യനിർണയം  മോശമായി

ഡോ. കെ.മുഹമ്മദ് ബഷീർ, കാലിക്കറ്റ് സർവകലാശാല

Dr.K.Mohammed Basheer

സെമസ്റ്റർ സമ്പ്രദായം വന്നതോടെ പരീക്ഷകൾ ഇരട്ടിയായി, പക്ഷേ, അധ്യാപകരുടെയോ ജീവനക്കാരുടെയോ എണ്ണത്തിൽ മാറ്റമുണ്ടായില്ല. മൂല്യനിർണയത്തിൽ പിഴവുകളുണ്ടാകാൻ പ്രധാന കാരണമതാണ്. എനിക്കുള്ള നിർദേശമിതാണ്: കേരളത്തിലെ സർവകലാശാലകളിലെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ മൂല്യനിർണയം അതതു കോളജുകളിൽ നടത്തുക. ബാക്കിയുള്ളവയുടേതു സർവകലാശാല നടത്തണം. ഇങ്ങനെയായാൽ മൂല്യനിർണയത്തിലെയും ഫലപ്രഖ്യാപനത്തിലെയും പ്രശ്നങ്ങൾ ഇല്ലാതാകും. 

കൂട്ടായ്മയുടെ നേട്ടം

ഡോ. എം.കെ.സി. നായർ, ആരോഗ്യ സർവകലാശാല

dr-mkc-Nair-12

ആരംഭകാലത്തെ ബാലാരിഷ്ടതകൾ ഒത്തായ പ്രവർത്തനം കൊണ്ടുമാത്രം മാറ്റിയെടുത്ത ചരിത്രമാണ് ആരോഗ്യ സർവകലാശാലയുടേത്. നാലായിരവും അയ്യായിരവും സ്ഥിരംജീവനക്കാരുള്ള മറ്റു സർവകലാശാലകൾക്കു സാധിക്കാത്തതു പലതും 140 താൽക്കാലിക – ഡപ്യൂട്ടേഷൻ ജീവനക്കാരെ ഉപയോഗിച്ചു ഞങ്ങൾ സാധിച്ചിട്ടുണ്ട്. എന്നാൽ, 500 സ്ഥിരം ജീവനക്കാരെയെങ്കിലും നിയമിക്കാതെ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് സർവകലാശാല. ഇപ്പോഴുള്ളത് ഒരേയൊരു സ്ഥിരം ജീവനക്കാരൻ മാത്രം. 

വിലയിരുത്താൻ സംവിധാനം വേണം

ഡോ. ജെ.ലത, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

dr-j-latha

കേരളത്തിലെ സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അധ്യാപകരുടെ പ്രകടനം വിലയിരുത്താനുള്ള സംവിധാനം (പെർഫോമൻസ് അപ്രൈസൽ) എല്ലാ വർഷവും വേണം. ഗഹനമായ പഠനങ്ങൾ ഉൾപ്പെടുന്ന പബ്ലിക്കേഷനുകൾ പുറത്തിറങ്ങണം. സർവകലാശാലയിൽ ജോലിചെയ്യുന്ന എല്ലാവരുടെയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ സംവിധാനം വേണം. 

ആവശ്യത്തിന് ജീവനക്കാരില്ല

ഡോ. എ.രാമചന്ദ്രൻ, ഫിഷറീസ് സമുദ്രപഠന സർവകലാശാല

dr-a-ramachandran-12

പുതിയ സർവകലാശാലകൾ രൂപീകരിക്കുമ്പോൾ പലപ്പോഴും ആവശ്യത്തിനു ജീവനക്കാരെ ലഭിക്കാറില്ല. കാർഷിക സർവകലാശാല വിഭജിച്ചു ഫിഷറീസ് സമുദ്ര ഗവേഷണ സർവകലാശാല ആരംഭിച്ചപ്പോൾ 67 ജീവനക്കാരുടെ തസ്തിക മാറ്റം ചെയ്തു ലഭിക്കേണ്ടിയിരുന്നു. എന്നാൽ വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകാനുള്ള  കാരണമിതാണ്. പുതിയ കോഴ്സുകൾ ആരംഭിച്ചെങ്കിലും അധ്യാപകരെ  നിയമിക്കുന്നതിൽ  തടസ്സമുണ്ട്. 

രാഷ്ട്രീയ അതിപ്രസരം

ഡോ. എം.സി. ദിലീപ്‌‌കുമാർ, കാലടി സംസ്കൃത സർവകലാശാല

dr-m-c-dileep-kumar-12

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. അധ്യയന വർഷത്തിന്റെ നല്ലൊരു ഭാഗം സമരം കാരണം നഷ്ടപ്പെടുന്നതാണ് സ്ഥിതി. വിദ്യാർഥികളുടെ രാഷ്ട്രീയത്തിൽ അധ്യാപകർ ഭാഗമാകാൻ പാടില്ല. പിഎച്ച്ഡി വിദ്യാർഥികളുടെ ഗവേഷണം പലപ്പോഴും കാലങ്ങൾ നീണ്ടുപോകുകയാണ്. പേരിനൊരു ഗവേഷണം എന്ന നിലയിലാണു പലരുമെത്തുന്നത്. സമൂഹത്തിന് ആവശ്യമുള്ള വിഷയങ്ങളാകണം ഗവേഷണത്തിനു വിഷയമാക്കേണ്ടത്. 

മൂല്യനിർണയ ക്യാംപ് നിരീക്ഷണത്തിൽ

ഡോ. ബാബു സെബാസ്റ്റ്യൻ, എംജി സർവകലാശാല

babu-sebastian-12

മൂല്യനിർണയ ക്യാംപുകൾ ഇനിമുതൽ കർശന നിരീക്ഷണത്തിലായിരിക്കും. ഉത്തരക്കടലാസിൽ 25% മാർക്കിനുമേൽ വ്യത്യാസം വന്നാൽ അധ്യാപകനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കും. സ്ഥാനക്കയറ്റം ഉൾപ്പെടെ വിലക്കും. അടുത്ത സെമസ്റ്റർ മുതൽ ചില പരീക്ഷകൾ ഘട്ടം ഘട്ടമായി ഓൺലൈൻ വഴിയാക്കും. പരീക്ഷാ വിഭാഗത്തിൽ  ജീവനക്കാരുടെ കുറവ് നികത്താനും നടപടിയായി. പരീക്ഷ സംബന്ധിച്ച പരാതികൾ കേൾക്കാനും മറുപടി നൽകാനുമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന സെൽ  ഉടൻ  തുടങ്ങും.

Your Rating: