Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർഷിക സ്വാശ്രയ നാടകം ഇനി വേണ്ട

നമ്മുടെ നാട്ടിൽ സ്വാശ്രയ കോളജുകൾ ഉണ്ടായ കാലം മുതൽ അവയെച്ചൊല്ലി പ്രശ്നങ്ങളുമുണ്ട്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റിനും ഫീസിനും അപ്പുറം ഈ പ്രശ്നം തെരുവുയുദ്ധമായി മാറുന്നതും ജനം കണ്ടുപോരുന്നു. സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനോ സമരത്തിന് അറുതിവരുത്താനോ സാധിച്ചിട്ടില്ല.

രക്ഷിതാക്കളുടെ ആധിയും കുട്ടികളുടെ ഭാവിയും മറന്നുള്ള ഈ വാർഷിക സ്വാശ്രയ സംഘർഷനാടകത്തിന് ഇനിയെങ്കിലും എന്നേക്കുമായി തിരശ്ശീല വീഴ്ത്തേണ്ടേ? ആദ്യകാലത്ത് എല്ലാ സ്വാശ്രയ കോളജുകളിലെയും പ്രവേശനം സർക്കാരിനു തലവേദനയായിരുന്നു. എന്നാൽ, കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതോടെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ളവയുടെ കാര്യത്തിൽ മാനേജ്മെന്റുകൾ വിട്ടുവീഴ്ചയ്ക്കു തയാറായി.

എൻജിനീയറിങ് കോളജുകളടക്കം പല കോളജുകളിലും പഠിക്കാൻ ആവശ്യത്തിനു വിദ്യാർഥികൾ ഇല്ലാത്തതാണു മാനേജ്മെന്റുകൾ അയയാൻ കാരണം. എന്നാൽ, ഇപ്പോഴും എംബിബിഎസ് സീറ്റുകൾക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ, സീറ്റിന്റെയും ഫീസിന്റെയും കാര്യത്തിൽ മാനേജ്മെന്റുകൾ കഴിയുന്നത്ര വിലപേശുന്നു. മാനേജ്മെന്റ്, എൻആർഐ സീറ്റുകളിൽ വൻതുകയാണു പല കോളജുകളും വാങ്ങുന്നത്. പണം നൽകുന്നവർക്കു പരാതിയില്ലാത്തതിനാൽ ഇവർക്കെതിരെ നടപടി എടുക്കാൻ സാധിക്കുന്നുമില്ല.

കോഴവാങ്ങുന്നവർക്കെതിരെ വിജിലൻസും തുടർന്നു ക്രൈംബ്രാഞ്ചും അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യത്യസ്ത ദിവസങ്ങളിൽ നിയമസഭയിൽ പ്രഖ്യാപിക്കുകയുണ്ടായി. മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് ജെ. എം. ജയിംസ് കമ്മിറ്റി കഴിഞ്ഞദിവസം രണ്ടു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കുന്ന കടുത്ത നടപടിയാണു സ്വീകരിച്ചത്.

കുഴപ്പക്കാരായ മാനേജ്മെന്റുകളെ നിലയ്ക്കുനിർത്താൻ മതിയായ സർക്കാർ പിന്തുണ ഈ കമ്മിറ്റിക്കു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. പ്രവേശന മേൽനോട്ട സമിതി നിർജീവമാകുന്നത് ഈ മേഖലയിലെ അഴിമതി വർധിപ്പിക്കാനേ വഴിയൊരുക്കൂ. സ്വാശ്രയ മേഖലയിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാനാണു സർക്കാർ നടപടി സ്വീകരിക്കേണ്ടത്. പലപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടല്ല, രാഷ്്ട്രീയ കക്ഷികൾ ഭരണത്തിലെത്തുമ്പോൾ സ്വീകരിക്കുന്നതെന്നത് ഇതോടു ചേർത്ത് ഓർമിക്കേണ്ട കാര്യം.

എല്ലാ വർഷവും സെപ്റ്റംബർ മുപ്പതിനു മെഡിക്കൽ, ഡെന്റൽ പ്രവേശനം അവസാനിക്കേണ്ടതാണെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വർഷത്തെ പ്രവേശനം വെള്ളിയാഴ്ചവരെ സുപ്രീം കോടതി നീട്ടിനൽകിയിരിക്കുകയാണ്. പ്രവേശനത്തെച്ചൊല്ലി പ്രതിപക്ഷം നടത്തുന്ന സമരം രമ്യമായി തീർക്കാനുള്ള അവസരം കഴിഞ്ഞദിവസം ഒത്തുവന്നെങ്കിലും അതു നഷ്ടപ്പെടുകയായിരുന്നു. പാവപ്പെട്ട വിദ്യാർഥികൾക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന സ്കോളർഷിപ്പും നഷ്ടമായി.

അടുത്ത വർഷം നീറ്റ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും മെഡിക്കൽ,‍ ഡെന്റൽ പ്രവേശനമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ, നീറ്റ് സംബന്ധിച്ചും മെഡിക്കൽ കൗൺസിലിന്റെ നിയമ ഭേദഗതി സംബന്ധിച്ചുമുള്ള കേസുകൾ സുപ്രീം കോടതിയിൽ നിലവിലുണ്ട്. അവയുടെ തീർപ്പിനു വിധേയമായി മാത്രമേ അടുത്ത വർഷത്തെ മെഡിക്കൽ, ഡെന്റൽ പ്രവേശനം നടക്കൂ.

സ്വാശ്രയ മേഖലയെ നിയന്ത്രിക്കുന്നതിനു 2006ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമത്തിലെ മിക്ക വ്യവസ്ഥകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇപ്പോഴാണു സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുന്നത്. ഇത് ഉൾപ്പെടെയുള്ള വിവിധ കേസുകളിലെ വിധികളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത വർഷത്തെ സ്വാശ്രയ പ്രവേശനമെന്നും കരുതാം.

മെഡിക്കൽ, ഡെന്റൽ, എൻജിനീയറിങ് തുടങ്ങിയ എല്ലാ സ്വാശ്രയ കോഴ്സുകളിലെയും അടുത്തവർഷത്തെ പ്രവേശനം സംബന്ധിച്ച് അടുത്തമാസം ചർച്ച തുടങ്ങാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. സർക്കാരും മാനേജ്മെന്റുകളുമായി എത്രയുംവേഗം അനുരഞ്ജനത്തിലെത്തുന്നത് ഈ മേഖലയിലെ സംഘർഷം കുറയ്ക്കാൻ മാത്രമല്ല, പ്രവേശനം കുറ്റമറ്റതാക്കാനും സഹായിക്കും. കുട്ടികളുടെ ഭാവി പന്താടില്ലെന്ന നിർബന്ധം ബന്ധപ്പെട്ടവർക്കു മുന്നിലുണ്ടാവുകയും വേണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.