Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ചർച്ച തന്നെ പരിഹാരമാർഗം

nottam-yechuri

പാർലമെന്റിൽനിന്നുള്ള പ്രതിനിധി സംഘത്തിന്റെ കശ്മീർ യാത്ര രണ്ടു മാസം വൈകി. ആറാഴ്ച മുൻപെങ്കിലും പോയിരുന്നെങ്കിൽ ഏറെ ചോരയൊഴുക്കലും മരണങ്ങളും ഒഴിവാക്കാമായിരുന്നു. 2010ൽ അങ്ങനെയൊരു ഇടപെടൽ ഉണ്ടായതാണ്. എന്നാൽ, 2010ലെ സ്ഥിതിയുമായി ഇപ്പോഴത്തെ സ്ഥിതിയെ താരതമ്യം ചെയ്യുന്നതും ഉചിതമാവില്ല. കാരണം, 2016ൽ പ്രക്ഷോഭം കൂടുതൽ ശക്തമാണ്.

ആദ്യമായി അതു കശ്മീരിലെ ഗ്രാമീണ മേഖലയിലേക്കും പുതിയ ആളുകളിലേക്കും കടന്നിറങ്ങിയിരിക്കുന്നു– പ്രത്യേകിച്ച്, സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലേക്ക്. ആ അർഥത്തിൽ ഇതു കൂടുതൽ വലുതായ വെല്ലുവിളി ഉയർത്തുന്നു – സംഭവിച്ച വഞ്ചനകളുടെ പരമ്പരയ്ക്കെതിരെയുള്ള വെല്ലുവിളി.

എന്തൊക്കെ വഞ്ചനകൾ‍? ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തു രൂപീകരിച്ച വർ‍ക്കിങ് ഗ്രൂപ്പുകൾ പല ശുപാർശകളും നൽകിയതാണ്. അവയിൽ ഒന്നുപോലും ശരിയായ രീതിയിൽ പരിഗണിക്കുക പോലുമുണ്ടായിട്ടില്ല. 2008ലും 2010ലും കശ്മീർ സന്ദർ‍ശിച്ച പാർലമെന്ററി സംഘവും മധ്യസ്ഥരായി നിയോഗിക്കപ്പെട്ടവരും വിശദമായ റിപ്പോർട്ടുകളും ശുപാർശകളും നൽകി. അവയും പരിഗണിക്കപ്പെട്ടില്ല. ഫലത്തിൽ, കശ്മീരിലേക്കു സർവകക്ഷി സംഘങ്ങൾ പോകുന്നതിന്റെ പ്രസക്തി നഷ്ടമായി.
എന്നാൽ, ഇത്തവണത്തെ സർവകക്ഷി സന്ദർശനത്തിന്റെ കാര്യത്തിൽ എടുത്തുപറയാവുന്നത് ഹുറിയത് നേതാക്കളുമായി കൂടിക്കാണാൻ സംഘത്തിലെ ചിലർ നടത്തിയ ശ്രമമാണ്. ഹുറിയത്തിനു രണ്ടു വിഭാഗങ്ങളാണുള്ളത്. സയ്യദ് അലി ഷാ ഗീലാനി, മീർവായിസ് ഉമർ ഫാറൂഖ് എന്നിവർ ഓരോ വിഭാഗത്തിനും നേതൃത്വം നൽകുന്നു. ഇരുകൂട്ടർക്കുമായുള്ള അഞ്ചു നേതാക്കളിൽ നാലു പേർ ഞങ്ങൾ നാല് എംപിമാരെ – ജനതാ ദളിന്റെ ശരദ് യാദവും സിപിഐയുടെ ഡി. രാജയും ആർജെഡിയുടെ ജയപ്രകാശും ഞാനും – കാണാൻ തയാറായി.

കശ്മീർ താഴ്‌വരയിലെ ഇപ്പോഴത്തെ സാഹചര്യം, മരണങ്ങൾ, പരുക്കുകളുടെ സ്വഭാവം, ഒട്ടേറെ പേരുടെ കാഴ്ച നഷ്ടപ്പെടുത്തുംവിധം പെല്ലറ്റ് തോക്കുകളുടെ ഉപയോഗം – ഇവയൊക്കെ പരിഗണിക്കുമ്പോൾ‍ ഇതല്ല രാഷ്ട്രീയചർച്ച തുടങ്ങാൻ ഉചിതമായ സമയമെന്നാണ് അഞ്ചു പേരുടെയും നിലപാട്. ഗീലാനി ഞങ്ങളെ കാണാൻ താൽപര്യപ്പെടാതിരുന്നതിന്റെ കാരണമതാണ്.

എന്റെ നോട്ടത്തിൽ, രാഷ്ട്രീയചർച്ച മുന്നോട്ടു കൊണ്ടുപോകാനെന്നോണം അവർ ഞങ്ങളെ കാണാനോ ചർച്ച നടത്താനോ തയാറായോ ഇല്ലയോ എന്നതല്ല കാതലായ സംഗതി. കശ്മീരിലെ ജനങ്ങൾക്കു വ്യക്തമായ സൂചന നൽകാൻ ഞങ്ങൾക്കു സാധിച്ചു: ഇന്ത്യൻ പാർലമെന്റിന്റെ പ്രതിനിധി സംഘം ഈ നേതാക്കളെ കാണാൻ മുൻകയ്യെടുക്കുന്നു. കാരണം, വെറുതേ ജനത്തിന്റെ ആശങ്കയിലും ദുരിതത്തിലും പങ്കുചേരുന്നു എന്നു വ്യക്തമാക്കുകയല്ല പ്രധാന ഉദ്ദേശ്യം.

ജനത്തിന്റെ ആശങ്കയിലും ദുരിതത്തിലും ഞങ്ങൾ പങ്കുചേരുകയും അവരോട് െഎക്യദാർഢ്യം വ്യക്തമാക്കുകയും ചെയ്തിട്ടുമുണ്ട്. അതിനപ്പുറം, ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് അറുതി വരുത്താനുള്ള നടപടികൾക്കായി പരിശ്രമിക്കേണ്ടതുണ്ട്. പ്രശ്നങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ നിരുപാധിക അജൻഡയുള്ള രാഷ്ട്രീയചർച്ച നടക്കണം. ആ പ്രക്രിയ ഉടനെ തുടങ്ങുകയും വേണം.

അത് അനുപേക്ഷണീയമാക്കുന്ന രണ്ടു കാരണങ്ങളുണ്ട്: ഇപ്പോഴത്തെ സ്ഥിതി കൂടുതൽ വഷളാവുന്നതു തടയേണ്ടതുണ്ട്; സമാധാനവും സാധാരണ സാഹചര്യവും പുനഃസ്ഥാപിക്കപ്പെടണം, ഭാവിയിൽ പരിഹാരം സാധ്യമാക്കാനെന്നോണമുള്ള രാഷ്ട്രീയ ചർച്ചാ പ്രക്രിയയ്ക്ക് അടിത്തറയുണ്ടാക്കണം. ജനത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഏതാനും നടപടികൾ വേണമെന്നു കശ്മീരിൽ വച്ചു ഞങ്ങൾ വ്യക്തമായി പറഞ്ഞു. അതിൽ‍ അഞ്ചു നടപടികൾ നേരത്തേതന്നെ വ്യക്തമാക്കപ്പെട്ടതാണ്:

1. പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. 2. ജനങ്ങൾക്കു നേരെയുള്ള വഴിവിട്ട നടപടികളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തി നടപടിയെടുക്കുക. 3. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും കാഴ്ചശക്തി വീണ്ടെടുക്കാൻ ശ്രമിക്കുന്നവർക്കും ആശുപത്രികളിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുക. അവരുടെ പുനരധിവാസം ഉറപ്പാക്കുക. 4. സൈന്യത്തിനുള്ള സവിശേഷാധികാരം (എഎഫ്എസ്പിഎ) സിവിലിയൻ മേഖലകളിൽനിന്നു പിൻവലിക്കുക.

ഇവിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. ആരും ആവശ്യപ്പെടുന്നതിനു മുൻപു തന്നെ ത്രിപുരയിലെ ഇടതു ‌സർക്കാർ സൈന്യത്തിനു സവിശേഷാധികാരം നൽകുന്ന നിയമം പിൻവലിച്ചു. ആദ്യമായി ഇതുചെയ്തതും ഇതുവരെ ചെയ്തിട്ടുള്ളതും ത്രിപുര മാത്രമാണ്. അപ്പോൾ, വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തിയാൽ തികച്ചും സാധ്യമാകുന്ന കാര്യമാണിത്. 5. കശ്മീരിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. കശ്മീരിൽ മാത്രമല്ല ജമ്മു, ലഡാക്ക് മേഖലകളിലും അതു വേണം. ദീർഘകാലമായുള്ള പദ്ധതികൾ പൂർത്തിയാക്കാൻ വ്യക്തമായ രൂപരേഖയും സാമ്പത്തിക സഹായവും വേണം.

കശ്മീരിലെ യുവജനങ്ങൾക്ക് അടിയന്തര ആശ്വാസം ലഭിക്കണമെങ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേ മതിയാവൂ.
മേൽപറഞ്ഞവയ്ക്കൊപ്പംതന്നെ, എല്ലാ വിഭാഗങ്ങളുമായുമുള്ള നിരുപാധിക രാഷ്ട്രീയ ചർച്ചയ്ക്കുള്ള പ്രക്രിയ തുടങ്ങണം. ഒപ്പം, ഇന്ത്യ – പാക്ക് ചർച്ചയും തുടങ്ങണം.
വർക്കിങ് ഗ്രൂപ്പുകളുടെ ശുപാർശകളും 2010നുശേഷം മധ്യസ്ഥ ചർച്ചകൾ നടത്തിയവരുടെ റിപ്പോർട്ടും പരിഗണിച്ച് ധാരണയുണ്ടാക്കുകയെന്ന ഗൃഹപാഠം സർക്കാർ ചെയ്തില്ല.

അതു ചെയ്തിരുന്നെങ്കിൽ വ്യക്തമായ നിർദേശങ്ങളും ബദലുകളും മുന്നിൽവച്ചു കൃത്യമായ ചർച്ചകൾ‍ സാധിക്കുമായിരുന്നു. സർക്കാർ അതിനു നടപടിയെടുത്തില്ല. മറിച്ചായിരുന്നെങ്കിൽ സർവകക്ഷി സംഘത്തിന്റെ സന്ദർശനം കൂടുതൽ അർഥവത്തായേനെ.

(ലേഖകൻ സിപിഎം ജനറൽ സെക്രട്ടറിയാണ്)

Your Rating: