Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതിരഹിത സമൂഹം ഗുരുസന്ദേശം

sree-narayana-guru

ഇന്നു ശ്രീനാരായണഗുരുവിന്റെ 162–ാമതു തിരുജയന്തി ദിനമാണ്. ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും ഏറെ പ്രാധാന്യമുള്ള ഒരു വർഷമാണു 2016. മഹാകവി കുമാരനാശാൻ ഗുരുവിന്റെ ഷഷ്ടിപൂർത്തി ആഘോഷങ്ങളോടനുബന്ധിച്ചു രചിച്ച ‘ഗുരുസ്തവ’ത്തിന്റെ രചനാശതാബ്ദി, ഗുരുവിന്റെ ദർശനമാല, നിർവൃതി പഞ്ചകം എന്നീ സംസ്കൃത കൃതികളുടെ രചനാശതാബ്ദി, തിരുവണ്ണാമല സന്ദർശനത്തിന്റെ ശതാബ്ദി, കൂടാതെ ആനുകാലികമായി ഏറെ പ്രസക്തിയുള്ളതും ഇന്ന് ഏറെ ചർച്ചകൾക്കു കാരണമായിട്ടുള്ളതുമായ ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല’ എന്ന വിളംബരത്തിന്റെ ശതാബ്ദി...ഇങ്ങനെ ഒട്ടേറെ ശതാബ്ദികൾ സംഗമിക്കുന്ന വർഷംകൂടിയാണിത്.

ഗുരുവിന്റെ മഹത്തായ ദർശനത്തെക്കുറിച്ചും മാനവികമായ സന്ദേശങ്ങളെക്കുറിച്ചും പഠിക്കുന്നതിനും അതിനനുസരണമായ ജീവിതം നയിക്കുന്നതിനും ആഗോളതലത്തിൽത്തന്നെ കൂടുതൽ ആളുകളും രാജ്യങ്ങളും മുന്നോട്ടു വരുന്ന സാഹചര്യം ഇന്നു നിലവിലുണ്ട്. ഈ വർഷം നമ്മുടെ അയൽസംസ്ഥാനമായ കർണാടക ഔദ്യോഗികമായിത്തന്നെ ഗുരുജയന്തി ആഘോഷിക്കുകയാണ്. മുൻപു ഗുരുവിനെ ആദരിച്ചുകൊണ്ടു കേന്ദ്രസർക്കാരും ശ്രീലങ്കൻ സർക്കാരും തപാൽ സ്റ്റാംപുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഗുരുവിന്റെ കാലഘട്ടത്തിലെ തിരുവിതാംകൂറിലെയും തിരു–കൊച്ചിയിലെയും മലബാറിലെയും സാമൂഹികാന്തരീക്ഷം ഏറെ മലിനമായിരുന്നു. ജാതിരാക്ഷസന്റെ കരാളഹസ്തങ്ങളിൽ കിടന്നു ബഹുഭൂരിപക്ഷം വരുന്ന ജനതതികൾ ഞെരിഞ്ഞമരുകയായിരുന്നു. അതുകൊണ്ടു ജാതിനിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് ഗുരു ആദ്യകാലത്തു പ്രാധാന്യം കൊടുത്തത്. തുടർന്നു വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും ഈശ്വരഭക്തിക്കും കൃഷിക്കും കച്ചവടത്തിനും കൈത്തൊഴിലുകൾക്കും വ്യവസായത്തിനും ശാസ്ത്ര സാങ്കേതിക പരിശീലനങ്ങൾക്കും ഊന്നൽ നൽകി.

കൂടാതെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മചെയ്യാനും സാത്വികമായ ആരാധനാക്രമം സ്ഥാപിക്കാനും യത്നിച്ചു. അങ്ങനെ ഗുരു പൂജ്യനായിത്തീർന്നു; കേരള നവോത്ഥാനത്തിന്റെ പിതാവുമായി. ഇങ്ങനെയൊക്കെയാണെങ്കിലും പല ഭാഗത്തുനിന്നും ഒറ്റയ്ക്കും കൂട്ടായും ഗുരുവിനെ ഇകഴ്ത്തിക്കാണിക്കാനും ഗുരുസന്ദേശങ്ങൾ ദുർവ്യാഖ്യാനം ചെയ്യാനുമുള്ള ബോധപൂർവമായ ശ്രമങ്ങളും കണ്ടുവരുന്നുണ്ട്.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ, ഗുരുമന്ദിരങ്ങൾ ക്ഷേത്രങ്ങളല്ലെന്നും ഗുരു വെറും സാമൂഹിക പരിഷ്കർത്താവു മാത്രമാണെന്നും അൻപത്തിനാലിൽപരം ക്ഷേത്രപ്രതിഷ്ഠകൾ നിർവഹിക്കുകയും ഒട്ടേറെ സ്തോത്രകൃതികൾ രചിക്കുകയും ചെയ്ത ഗുരു വിഗ്രഹാരാധനയെ എതിർത്തിരുന്നു എന്നും മറ്റുമുള്ള പരാമർശം ഇങ്ങനെയുള്ളവർ ആയുധമാക്കുന്നു.

ഗുരു ആരാണെന്നു വിലയിരുത്തേണ്ടതും എങ്ങനെയാണു ഗുരുവിനെ ആരാധിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതും ഭക്തജനങ്ങളാണ്. അതിനു മൗലികമായ അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ ഏതു മതവിശ്വാസിക്കും അവരവരുടെ മതതത്വങ്ങളിൽ വിശ്വസിക്കുന്നതിനും അവയുടെ പ്രചാരണത്തിനു മതസ്ഥാപനങ്ങൾ ആരംഭിക്കാനും അതിലൂടെ അവരവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രചരിപ്പിക്കാനും അതു നിയമപരമായി നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള പരിപൂർണ അധികാരം നമ്മുടെ ഭരണഘടന വിഭാവനചെയ്യുന്നുണ്ട്.

ഭാരതീയ ഋഷിപരമ്പരയിൽത്തന്നെ ആദ്യമായി ജാതിക്കെതിരെ വിളംബരം പുറപ്പെടുവിച്ചതു ഗുരുദേവനാണ്. ജാത്യാചാരങ്ങളെ സംരക്ഷിക്കാൻ രാജകൽപനകൾപോലും നിലനിന്നിരുന്ന കാലഘട്ടത്തിലാണു മനുഷ്യസൃഷ്ടമായ ജാതിയുടെ എല്ലാ അതിരുകളും ഭേദിക്കുന്ന ഗുരുവിന്റെ ജാതിയില്ലാ വിളംബരം പുറത്തു വന്നത്.

ജാതിയില്ലാത്ത മനുഷ്യസമൂഹത്തെ സൃഷ്ടിക്കുകയെന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആ പാവനലക്ഷ്യത്തിന്റെ ആദ്യത്തെ വിളംബരമാണ് 1888ൽ ഗുരുദേവൻ അരുവിപ്പുറത്തു നടത്തിയ പ്രതിഷ്ഠയും ‘സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’മെന്ന സന്ദേശവും. തുടർന്നുള്ള ഗുരുവിന്റെ സന്ദേശങ്ങളും വചനങ്ങളും പ്രതിഷ്ഠകളുമെല്ലാംതന്നെ മനുഷ്യനെ സ്വതന്ത്രനാക്കുന്നതിനുള്ളതായിരുന്നു.

ഗുരുവിനെ പിന്തുടരുന്നതിൽ സമൂഹത്തിനുണ്ടായ ഇടർച്ചകളിൽനിന്നാണു ജാതിവിവേചനം വീണ്ടും ശക്തമാകാൻ തുടങ്ങിയത്.
ഗുരുദേവൻ ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും മാനവികവും സനാതനവുമായ സന്ദേശമാണ് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നുള്ളത്. കൂടാതെ ‘ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത്’ എന്ന സന്ദേശവും ശ്രദ്ധിക്കുക.

നമുക്കു ജാതിയില്ല എന്ന വിളംബരംപോലെതന്നെ ‘മനുഷ്യരുടെ മതം, വേഷം, ഭാഷ ഇവ എങ്ങനെയിരുന്നാലും പരസ്പരം വിവാഹവും പന്തിഭോജനവും നടത്തുന്നതിന് ഒരു ദോഷവുമില്ല’ എന്ന മറ്റൊരു വിളംബരംകൂടി ആലുവ അദ്വൈതാശ്രമത്തിൽനിന്നു പുറപ്പെടുവിച്ചിട്ടുണ്ട്. ജാതിസന്ദേശം ഭാവിയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നറിഞ്ഞ ഗുരു, ജാതിനിർണയം, ജാതിലക്ഷണം എന്നീ പേരുകളിൽ രണ്ടു കൃതികൾ രചിച്ചു.

ആ പാവനമായ ജീവിതത്തിലെ ചെറുതും വലുതുമായ ഏതു കർമം എടുത്തു പരിശോധിച്ചാലും ജാതിക്കെതിരായ സന്ദേശം എല്ലായിടത്തും പ്രായോഗികമാക്കിയിട്ടുള്ളതായി നമുക്കു മനസ്സിലാക്കാൻ കഴിയും. ഇന്നു ഭാരതത്തിന്റെ ആവശ്യം ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരങ്ങളിൽനിന്നുള്ള മോചനമാണ്. ഈ ഗുരുവചനവും വിളംബരവും ശതാബ്ദിയാഘോഷ വർഷത്തിൽ ഒരു ജാതിരഹിത സമൂഹത്തിനായി നമുക്ക് ഉയർത്തിപ്പിടിക്കാം. ഇതായിരിക്കട്ടെ 162–ാമതു ജയന്തി സന്ദേശം.

(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറിയാണ് സ്വാമി ഋതംഭരാനന്ദ)

Your Rating: