Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ് ശല്യം: പ്രായോഗിക സമീപനം വേണം

stray-dog-1

പെരുകുന്ന തെരുവുനായ്ക്കളും അവയുടെ നിയന്ത്രണമാർഗങ്ങളും ലോകമെമ്പാടും അതീവശ്രദ്ധ നൽകപ്പെട്ടിരിക്കുന്ന വിഷയമാണ്. തെരുവുനായ്ക്കൾമൂലം മറ്റു മൃഗങ്ങൾക്കും പരിസ്ഥിതിക്കും പൊതുജനത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങളും ഏറെ ചർച്ചചെയ്യപ്പെടുന്നു. ക്രിസ്തുവിന് ഏകദേശം 10,000 വർഷങ്ങൾക്കു മുൻപാണു നായ്ക്കൾ മനുഷ്യകുലത്തിന്റെ സുഹൃത്തും സഹചാരിയുമൊക്കെയായിത്തുടങ്ങിയത്.

കാർണിവോറാ വിഭാഗത്തിൽപെടുന്ന ഇവ ആ വിഭാഗത്തിൽത്തന്നെ ഉൾപ്പെടുന്ന ചെന്നായ, കുറുനരി, കുറുക്കൻ, ഡിങ്കോ, റക്കൂൺ എന്നിവയെപ്പോലെ‌ നീണ്ട കോമ്പല്ലുള്ള (കനൈൻ) ജീവികളാണ്. ഓടിച്ചുപിടിക്കാൻ കഴിയുന്ന ജീവികളെ കൂട്ടംചേർന്നു പിടിച്ചു ചോരയോടുകൂടിയ പച്ചമാംസം കഴിക്കുക എന്നതായിരുന്നു ഇവയുടെ പിൽക്കാല സ്വഭാവം. അതായതു പൂർണമായും മാംസഭുക്കുകൾ. ശാസ്ത്രജ്ഞരായ എറിക് ആക്സൽസണും സംഘവും സ്വീഡനിലെ ഉപ്സാലാ യൂണിവേഴ്സിറ്റിയിൽ (പരിണാമ ജനിതക വിഭാഗം) നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ‘നേച്വർ’ മാസികയുടെ 2013 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നായ്ക്കളുടെയും ചെന്നായ്ക്കളുടെയും ജീനോമിക് റീസീക്വൻസിങ്ങിലൂടെ 3.8 ദശലക്ഷം ജനിതക വ്യതിയാനങ്ങളെ ഉപയോഗിച്ചു നായ്ക്കളുടെ സ്വഭാവ പരിണാമത്തിനു കാരണമായ ജീനോമിക് സെന്ററുകളെ പഠനത്തിലൂടെ കണ്ടെത്തി. ചെന്നായ്ക്കളെ അപേക്ഷിച്ച് അന്നജം (സ്റ്റാർച്ച് / കാർബോഹൈഡ്രേറ്റ്) ദഹിപ്പിക്കാനുള്ള നായ്ക്കളുടെ കഴിവിന് ആധാരമായ 10 ജീനുകളാണു നായ്ക്കളുടെ സ്വഭാവപരിണാമത്തിന്റെ മർമപ്രധാനമായ ഘടകം.

ഈ കണ്ടുപിടിത്തം നമുക്കു ചില സൂചനകൾ തരുന്നുണ്ട്. ശ്വാനവിഭാഗത്തെ മനുഷ്യനോട് അടുപ്പിച്ചതു മിശ്രഭുക്കുകളായ നമ്മുടെ ആഹാരത്തിലെ ധാന്യങ്ങളടങ്ങിയ അന്നജവും വേവിച്ച മത്സ്യമാംസാദികളുമാണ്. വീട്ടിൽ വളർത്തുന്ന ഓരോ നായയ്ക്കും നാം നൽകുന്നത് ഇത്തരത്തിലുള്ള സംയോജിത ആഹാരമോ അല്ലെങ്കിൽ ഡോഗ്ഫുഡോ ആണല്ലോ. വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമായുള്ള പ്രധാന വ്യത്യാസം രണ്ടാമത്തെ കൂട്ടർ അലഞ്ഞുതിരിഞ്ഞ് അവയ്ക്കായുള്ള ഭക്ഷണം കണ്ടെത്തണം എന്നതാണ്.

ഇങ്ങനെ ഭക്ഷണത്തിനായുള്ള അലച്ചിലും മത്സരവും അവയുടെ സ്വഭാവത്തിൽ ഏറെ മാറ്റങ്ങളും സമ്മർദവും ഉണ്ടാക്കുന്നു. തെരുവുകളിൽ നാംതന്നെ നിക്ഷേപിക്കുന്ന അവശിഷ്ടങ്ങളും ഉച്ചിഷ്ടങ്ങളുമൊക്കെ ഇവയുടെ ഭക്ഷ്യവസ്തുക്കളായിത്തീരുന്നു. ഇത്തരം അവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയുകയും പിന്നീട് അവ തിന്നുകൊണ്ടു ജീവിക്കാനായി വന്ധ്യംകരിച്ച നായ്ക്കളെ ‘നിയമിക്കുകയും’ അതിനെ ന്യായീകരിക്കുകയുമാണോ ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത്?

ഇനി മറ്റൊരു ചോദ്യം, ഇത്തരം അവശിഷ്ടങ്ങൾ മാത്രമാണോ തെരുവുനായ്ക്കളുടെ ക്രമാതീതമായ വർധനയ്ക്കു കാരണം? ഒറ്റപ്രസവത്തിൽത്തന്നെ 6–10 കുഞ്ഞുങ്ങൾ ഉണ്ടാകുന്നു എന്നതും വർഷത്തിൽ ഏതാണ്ട് രണ്ടു പ്രസവം സാധ്യമാകുന്നു എന്നതും ഗൗരവപൂർവം കാണേണ്ടതുണ്ട്. തെരുവുനായ്ക്കളുടെ ഇടയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതു തെരുവിൽ പിറന്നുവീഴുന്ന നായ്ക്കുട്ടികളിൽ 70–80 ശതമാനവും ചത്തുപോകുന്നു എന്നാണ്. ഇതും ക്രൂരതയായി കാണേണ്ടതല്ലേ?

ഒരുകാര്യം ഉറപ്പ്. തെരുവുനായ ആയാലും വളർത്തുനായ ആയാലും ചുടുചോരയും പച്ചമാംസവും രുചിച്ചു ശീലിച്ചാൽ, പ്രത്യേകിച്ച് ഇരയെ ഓടിച്ചിട്ടുപിടിച്ചതാണെങ്കിൽ, ഈ ദുഃസ്വഭാവം മാറ്റിയെടുക്കുക ശ്രമകരമായിരിക്കും. ഏറെ പ്രാധാന്യമുള്ള മറ്റൊരു ചോദ്യം തെരുവുനായ്ക്കളെ വന്ധ്യംകരിച്ചാൽ അവയുടെ ആക്രമണസ്വഭാവം മാറുമോ എന്നാണ്. വന്ധ്യംകരണം ചെയ്യപ്പെട്ട നായ്ക്കളിൽ അക്രമസ്വഭാവത്തിലോ ലൈംഗിക താൽപര്യത്തിലോ ഒരു കുറവും വന്നിട്ടില്ല എന്നാണു ചിലെയിൽ നടത്തിയ പഠനത്തിൽ കണ്ടത്.

ഇനി പാശ്ചാത്യലോകത്ത് എന്താണു നടക്കുന്നത് എന്നുകൂടി മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. 10 രാജ്യങ്ങളിൽ തെരുവിൽനിന്നു പിടിക്കുന്ന നായ്ക്കളെ ഉടമസ്ഥർ വന്നു കൊണ്ടുപോകാതിരിക്കുകയോ ദത്തെടുത്തു വളർത്താൻ തൽപരരായ ആളെ കിട്ടാതെവരികയോ ചെയ്താൽ അവയെ ദയാവധത്തിനു വിധേയമാക്കുന്നു. രണ്ടു രാജ്യങ്ങളിൽ പിടിച്ച ഉടനെതന്നെ അവയെ ദയാവധത്തിനു വിധേയമാക്കുന്നു.

മൂന്നു രാജ്യങ്ങൾ (ജർമനി, ഗ്രീസ്, ഇറ്റലി) ദയാവധം നടത്താതെ പിന്നീടുള്ള കാലം അവയെ കൂട്ടിലടച്ചു വളർത്തുന്നു. ഇതിൽത്തന്നെ ഗ്രീസിൽ മാത്രം ഇവയെ വന്ധ്യംകരിച്ചു തെരുവിൽ വിടുന്നു. നായ്ക്കളെ വീട്ടിലെ ഒരംഗത്തെപ്പോലെ ഏറെ സ്നേഹത്തോടെയാണു പാശ്ചാത്യലോകം കാണുന്നതെങ്കിലും ഇന്നു നമ്മുടെ നാട്ടിലുള്ളതുപോലെ ഒരു പ്രശ്നമുണ്ടായാൽ അത്തരം സാഹചര്യങ്ങളെ ആരോഗ്യമേഖലയിലെ ഒരു ‘അടിയന്തരാവസ്ഥ’ ആയിട്ടാണ് അവർ കാണുക.

രാജ്യത്തിന്റെ സാമ്പത്തിക കഴിവിനും സ്ഥലലഭ്യതയ്ക്കുമനുസരിച്ചുള്ള പ്രായോഗിക സമീപനങ്ങളിലേക്കു നമുക്കു വരാം. ദത്തെടുക്കാൻ പറ്റിയ നല്ല മനസ്സുള്ളവരാകാം, കൂട്ടിലടയ്ക്കണോ തെരുവിൽ വീണ്ടും ഉപേക്ഷിക്കണോ, നിയമഭേദഗതിയിലൂടെയുള്ള മറ്റു പ്രായോഗിക സമീപനങ്ങൾ വേണോ എന്നിങ്ങനെയുള്ള സംവാദങ്ങളിലൂടെ ശാശ്വത പരിഹാരത്തിലേക്ക് എത്താം.

(വെറ്ററിനറി സർവകലാശാല ലൈവ്സ്റ്റോക് റിസർച് സ്റ്റേഷൻ മേധാവിയായ ലേഖകൻ ശ്വാനപരിപാലനത്തെ സംബന്ധിക്കുന്ന പുസ്തകരചയിതാവും നായ്ക്കളുടെ പരിചരണം, പ്രത്യുൽപാദനം എന്നീ മേഖലകളിൽ ഗവേഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞനും ചികിത്സകനുമാണ്)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.