Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മമിത്രം എങ്ങനെ കൊടുംശത്രുവായി?

dogs-09

മനുഷ്യന്റെ ഉറ്റബന്ധുവായിരുന്ന നായ്ക്കൾ എങ്ങനെ കൊലയാളിയും ഹിംസ്രജീവിയും സമൂഹശത്രുവുമായിത്തീർന്നു? മഹാഭാരതകാലം മുതൽ ആർത്തനായ മർത്ത്യനെ നിഴൽപോലെ വിട്ടുപിരിയാതെ അവനുണ്ട്. ഭൂമിയിലെ ജീവികളിൽ ഏറ്റവും വിശ്വസ്തൻ, ഏറ്റവും യജമാനസ്നേഹമുള്ളവൻ, ചത്താലും ചതിക്കാത്തവൻ, ഒരുരുളച്ചോറിനും ഒരു തലോടലിനും പകരമായി ജീവിതം നമ്മുടെ കാൽക്കൽ സമർപ്പിച്ചവൻ – ഇതൊക്കെയായിരുന്നു നമുക്കറിയാവുന്ന നായ എന്ന മൃഗം. ആയിരമായിരമാണ്ടുകളായി അവൻ നമുക്കു കാവൽ നിന്നു. നമുക്കുവേണ്ടി വേട്ടയാടി, പടവെട്ടി. നമ്മുടെ ആട്ടിൻപറ്റങ്ങൾക്കും കന്നുകാലിക്കൂട്ടങ്ങൾക്കും താറാപ്പറ്റങ്ങൾക്കുമെല്ലാം അവൻ കാവൽക്കാരനും തുണയുമായി. അന്ധനു വഴികാട്ടിയായി, കുട്ടികൾക്കു കൂട്ടുകാരനായി. എന്നും നമ്മുടെ പിന്നാലെ നടന്ന, ഏറെ ബുദ്ധിയും സ്നേഹവായ്പുമുള്ള ഈ മൃഗത്തെ ഈ വിധത്തിൽ കൊടുംഭീകരനാക്കിത്തീർത്തതാര്?

നാം തന്നെ എന്നു സമ്മതിച്ചുകൊള്ളുക. അതിദ്രുതമായ നഗരവൽക്കരണത്തിന്റെ, വമ്പിച്ച ഉപഭോഗാസക്തിയുടെ, പ്രകൃതിനാശത്തിന്റെ, പാടേ മാറിയ ഭക്ഷണശൈലിയുടെ ഫലമായി റോഡരികുകളും കവലകളും മാലിന്യക്കൂമ്പാരങ്ങൾ കൊണ്ടു നിറഞ്ഞു. അവയിൽ എലികളും പെരുച്ചാഴികളും പെറ്റുപെരുകി. മാംസഭുക്കുകളായ മനുഷ്യരുടെയും എണ്ണം പെരുകി. തെരുവുനായ്ക്കൾക്ക് അങ്ങനെ സുഭിക്ഷമായ ഭക്ഷണമായി. നാം ദിവസേന കൊന്നുതിന്നുന്ന ലക്ഷക്കണക്കിനു കോഴികളുടെ തലയും കുടലുമെല്ലാം തെരുവോരങ്ങളിൽ. പോരെങ്കിൽ കശാപ്പുകടകളിൽനിന്നു തള്ളുന്ന ചോരയിറ്റുന്ന മാംസാവശിഷ്ടങ്ങൾ. പച്ചമാംസത്തിന്റെ രുചി ദിവസേന നുണയുന്ന തെരുവുനായ്ക്കൾക്ക് അക്രമവാസന വർധിക്കുമെന്നതിൽ അശാസ്ത്രീയതയൊന്നുമില്ല. വലിയ എസ്റ്റേറ്റുകളിൽ കാവൽനായ്ക്കൾക്കു പച്ചയിറച്ചിയും എല്ലും കശാപ്പുശാലയിൽനിന്നുള്ള ചോരയുംവരെ കൊടുത്ത് ഏതു പുലി വന്നാലും കടിച്ചുകുടയാനുള്ള ശൗര്യമുണ്ടാക്കിയെടുക്കുമെന്നു കേട്ടിട്ടുണ്ട്. നാമിന്നു നഗരങ്ങളിൽ നിത്യവും അതുതന്നെയാണു ചെയ്യുന്നത്. അങ്ങനെ നായ്ക്കൾക്കു മനുഷ്യസഹവാസം മൂലമുണ്ടായ സുദീർഘകാല പരിണാമപ്രക്രിയയിലൂടെ കിട്ടിയ മര്യാദയും അനുസരണശീലങ്ങളുമെല്ലാം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു.

തെരുവുനായ്ക്കൾ പെരുകുന്നതിനു വേറെയും കാരണങ്ങളുണ്ട്. വീടിനു കാവലായി ഏറെ വർഷം കഴിഞ്ഞ പട്ടിക്കൊരു രോഗം വന്നാൽ, രോമം കൊഴിഞ്ഞാൽ, വാർധക്യം ബാധിച്ചാൽ ഉടൻതന്നെ അടിച്ചോടിക്കാൻ നമുക്കു യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. പെൺപട്ടികളാണെങ്കിൽ പ്രസവിക്കാറാകുമ്പോൾ ഓടിച്ചുകളയും. പ്രസവിച്ചുപോയാൽ കുഞ്ഞുങ്ങളെയെല്ലാം ചാക്കിൽ പെറുക്കിയിട്ടു ദൂരെക്കൊണ്ടുപോയി തള്ളും. അവയിലധികവും തള്ളപ്പാലു കുടിക്കാതെ ചാവും. ചിലവ ഇഴഞ്ഞുചെന്ന് വാഹനങ്ങൾക്കു കീഴിൽ ചതഞ്ഞൊടുങ്ങും. ആയുസ്സുള്ളവ തെരുവുനായ്ക്കളുടെ യൂണിയനിൽ ചേർന്നു പൊരുതി ജീവിക്കാൻ പഠിക്കും. തീറ്റി വർധിക്കുംതോറും ഇണചേരലും പെറ്റുപെരുകലും കൂടുകയും ചെയ്യും.

മലയാളിയുടെ അക്രമാസക്തി വർധിച്ചുവരുന്നതിനെപ്പറ്റി നമുക്കെന്താണു പറയാനുള്ളത്? പെരുകിവരുന്ന ഗാർഹിക പീഡനങ്ങൾ, കുഞ്ഞുങ്ങളെ മാത്രമല്ല, കിടപ്പിലായ വൃദ്ധസ്ത്രീകളെയും ബലാൽസംഗം ചെയ്യൽ, ഏറുന്ന കൊലപാതകങ്ങൾ, ക്രൂരപീഡനങ്ങൾ, വെറുതെയുള്ള ആക്രമണശീലം–ഇവയെല്ലാം വർധിച്ചുവരുന്നതു ഗവേഷണവിഷയമാക്കേണ്ടതല്ലേ? മലയാളിയുടെ തികച്ചും മാറിയ ആഹാരശൈലിയോ? ലഹരിയോടുള്ള ആസക്തിയോ? വിഡിയോ ഇന്റർനെറ്റ് വൈകൃതങ്ങളോടുള്ള അഭിനിവേശമോ? നിരന്തരം വിഷംകലർന്ന ഭക്ഷണം കഴിക്കലോ? ഹോർമോണുകളും മരുന്നുകളും രാസവസ്തുക്കളുമൊക്കെ കുത്തിവച്ച മാംസാഹാരപ്രിയമോ? ഇക്കാര്യവും തീർച്ചയായും വിദഗ്ധർ അന്വേഷണ/പഠനവിഷയമാക്കേണ്ടതല്ലേ?

പാശ്ചാത്യ രാജ്യങ്ങളിൽ വളർത്തുനായ്ക്കളില്ലാത്ത ഭവനങ്ങൾ അപൂർവമാണ്. ഒറ്റമുറി ഫ്ലാറ്റുകളിൽവരെ അവയുണ്ട്. സമയത്തു പ്രതിരോധ മരുന്നുകൾ കുത്തിവയ്പിക്കാനും വന്ധ്യംകരണം നടത്താനും രോഗം വന്നാൽ ചികിൽസിക്കാനും അതിവാർധക്യമോ മാറാത്ത കഠിനരോഗമോ ബാധിച്ചാൽ കാരുണ്യത്തോടെ ദയാവധം നടത്തി ഉറക്കുന്നതിനും ഒക്കെ അവർക്കറിയാം. നടക്കാൻ പോകുമ്പോൾ മാത്രമല്ല, ഷോപ്പിങ്ങിനു പോകുമ്പോഴും കുട്ടികളെപ്പോലെ നായ്ക്കളും സ്വാതന്ത്ര്യത്തോടെ ഒപ്പം നടക്കുന്നതു കാണാം.

കഷ്ടം–നമുക്കു മാത്രമെന്തിങ്ങനെ? കൊല്ല് കൊല്ല് എന്ന് എല്ലാവരും ഗർജിക്കുന്നു. അരുതെന്നു പറയുന്നവരെ പരിഹസിച്ചു കൊല്ലുന്നു. ശരിയാണ്, തെരുവുനായ്ക്കൾ നമ്മെ കൊന്നുതുടങ്ങിയിരിക്കുന്നു. പാവപ്പെട്ട ഒരമ്മയെ കടിച്ചുകൊന്നു. ഒരുപാടു കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും കടിയേൽക്കുന്നു. വീട്ടിൽ വളർത്തുന്ന ആടുകളും കോഴികളും വരെ കൊല്ലപ്പെടുന്നു. പാമ്പിനെപ്പോലെ പട്ടിയെയും നാം പേടിക്കുന്നു. പിന്നെ കൊല്ലാതെന്തു ചെയ്യണം? കൊല്ലാനെന്തെളുപ്പം!

പക്ഷേ, പരിഹാരങ്ങളുണ്ട്.

1. മാലിന്യനിർമാർജനം:  അതെപ്പറ്റി വർത്തമാനം പറഞ്ഞാൽ പോരാ. പൊതുസ്ഥലങ്ങളിൽ അഴുക്കുകൊണ്ടെറിയുന്നവർക്കു കഠിനശിക്ഷ നൽകുകയും ഇപ്പോഴുള്ള മാലിന്യങ്ങൾ പെട്ടെന്നുതന്നെ സംസ്കരിക്കുകയും ചെയ്യുക.

2. അതോടൊപ്പംതന്നെ തെരുവുനായ്ക്കളെ താൽക്കാലിക ഷെൽട്ടറുകളിലേക്കു മാറ്റുക. ഓരോ പഞ്ചായത്തും നഗരസഭയും ഇതിനുള്ള ഇടം കണ്ടെത്തി ഉടൻ പണി തുടങ്ങുക. കെട്ടിടം വേണ്ട, ഷെഡ്ഡുകൾ മതിയാകും. പട്ടികളെ പിടിച്ചുകൊണ്ടുപോയി പട്ടിണിയിട്ടു കൊല്ലാനല്ല, അവയെ വന്ധ്യംകരിച്ചു സംരക്ഷിക്കുക. മൃഗസ്നേഹികളും എൻജിഒകളും ഈ സംരംഭത്തിനു തുണനിൽക്കും. അധികം ആയുസ്സില്ലാത്തവയാണു പട്ടികൾ. അധികകാലം അവ നിങ്ങൾക്കു ഭാരമാവില്ല.

3. എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസ് ഏർപ്പെടുത്തുക. അങ്ങനെയാണെങ്കിൽ ഉപേക്ഷിക്കപ്പെട്ടവയുടെ ഉടമസ്ഥനെ കണ്ടുപിടിച്ചു നടപടിയെടുക്കാൻ അധികൃതർക്കു സാധിക്കുന്നതാണ്. ഒരൊറ്റ പട്ടിയും ഉടമയില്ലാതെ അലയാൻ പാടില്ല.

4. കൂടുതൽ മൃഗാശുപത്രികളും ഡോക്ടർമാരും ജീവനക്കാരുമുള്ള, ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുക. ഏറ്റവും അവഗണിക്കപ്പെട്ട ഒന്നാണ് ഈ വകുപ്പ്. നായ്ക്കൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.

Your Rating: