Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്: രാഷ്ട്രീയ പിന്തുടർച്ചയിലെ പ്രതിസന്ധി

PTI10_12_2016_000263b ജയലളിതയുടെ ആരോഗ്യത്തിനു വേണ്ടി പ്രാർഥനകളുമായി അണ്ണാ ഡിഎംകെ പ്രവർത്തകർ കാവടിയെടുത്തപ്പോൾ.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്രാദേശിക പാർട്ടികളിലെ പിന്തുടർച്ച സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ചോദ്യംചെയ്യപ്പെടാനാവാത്ത പരമാധികാരം കയ്യാളുന്ന പ്രാദേശിക പാർട്ടിനേതാക്കളിൽ അധികാരം കൈമാറാൻ മക്കളില്ലാത്തവർക്കാണു പ്രതിസന്ധി. തമിഴ്നാട്ടിൽ ധനമന്ത്രി ഒ. പനീർശെൽവത്തിനാണു മുഖ്യമന്ത്രിയുടെ വകുപ്പുകളുടെയും കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതിന്റെയും ചുമതല നൽകിയിരിക്കുന്നത്.

പാർട്ടി അധ്യക്ഷ ജയലളിതയുടെ ആശുപത്രിവാസം ദീർഘനാൾ നീണ്ടാൽ പാർട്ടിയെയും സർക്കാരിനെയും ആരു നയിക്കുമെന്ന ചോദ്യം അണ്ണാ ഡിഎംകെയിൽ ഉയർന്നുകഴിഞ്ഞു. പാർട്ടി സ്ഥാപകനും പരമോന്നത നേതാവുമായിരുന്ന എം. ജി. രാമചന്ദ്രനുശേഷം ജയയല്ലാതെ പാർട്ടിക്കു മറ്റൊരു ‘നേതാവി’ല്ലായിരുന്നു. പല പ്രാദേശിക പാർട്ടികളിലും കുടുംബവാഴ്ച തുടരുന്നു. ബഹുജൻ സമാജ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ പോലെ മറ്റു ചില പാർട്ടികളുടെ നേതാക്കൾ – മായാവതി, മമത ബാനർജി, നവീൻ പട്നായിക് എന്നിവർ– പിൻഗാമികളായി ആരെയും നിശ്ചയിച്ചിട്ടില്ല.

ഡിഎംകെ പാർട്ടി അധ്യക്ഷൻ കരുണാനിധിയുടെ മകൻ എം. കെ. സ്റ്റാലിനെ നേതാവായി അംഗീകരിച്ചുകഴിഞ്ഞു. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെ മകൻ ഉദ്ധവിന് അധികാരം കൈമാറിയിരുന്നു. ഉദ്ധവ് തന്റെ പിൻഗാമിയായി മകൻ ആദിത്യയെ രംഗത്തിറക്കിക്കഴിഞ്ഞു. അകാലിദൾ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മകനുമായ സുഖ്ബീർ ബാദലിനെ പാർട്ടിയിലെ അടുത്ത പരമാധികാരിയായി തിരിച്ചറിയുന്നു. പിന്തുടർച്ചാവിഷയത്തിൽ നേരത്തെ തീരുമാനമെടുത്ത സമാജ്‍വാദി പാർട്ടിയിൽ ഈയിടെ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിൽ മുലായം സിങ് യാദവ് സ്ഥാപിച്ച പാർട്ടിയിൽ മുലായത്തിന്റെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും മുലായത്തിന്റെ സഹോദരൻ ശിവ്പാൽ യാദവും തമ്മിലുള്ള അധികാരത്തർക്കം രൂക്ഷമാകുകയാണ്. നാലുവർഷം മുൻപു പിൻഗാമിയായി മകൻ അഖിലേഷ് യാദവിനെ നിശ്ചയിച്ച മുലായം ഇപ്പോൾ ചാഞ്ചാട്ടത്തിലാണ്. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന മുലായത്തിന്റെ പ്രസ്താവന അഖിലേഷിനെ വേദനിപ്പിച്ചു.

താൻതന്നെയാവും മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു വ്യക്തമാക്കിയ അഖിലേഷ് പാർട്ടിനേതൃത്വത്തിലുണ്ടായിട്ടുള്ള ആശയക്കുഴപ്പത്തിനു മുലായം പരിഹാരം കാണണമെന്നും താ‍ൽപര്യപ്പെടുന്നു. ജനതാദൾ (സെക്കുലർ) സ്ഥാപകൻ എച്ച്. ഡി. ദേവെഗൗഡ തന്റെ രണ്ടു മക്കൾക്കും – എച്ച്. ഡി. കുമാരസ്വാമിക്കും എച്ച്. ഡി. രേവണ്ണയ്ക്കും – തുല്യസ്ഥാനം നൽകിയെങ്കിലും പാർട്ടിയിൽ കുമാരസ്വാമിക്കാണ് ഇപ്പോൾ മേൽക്കൈ.

ജയലളിതയെപ്പോലെ മായാവതിയും മമതയും നവീൻ പട്നായിക്കും അവിവാഹിതരാണ്, അതുകൊണ്ടുതന്നെ കുടുംബവാഴ്ചയുടെ പ്രശ്നം ഉദിക്കുന്നുമില്ല. മമത തന്റെ ബന്ധു അഭിഷേക് ബാനർജിയെ പാർട്ടിയിൽ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. നവീൻ പട്നായിക്കിന്റെ ബന്ധു ബൈജയന്ത് പാണ്ഡയും അഭിഷേകിനെപ്പോലെ ലോക്സഭാംഗമാണ്. ഇരുവരും അവരവരുടെ പാർട്ടിനേതൃസമിതികളിൽനിന്നു വിട്ടുനിൽക്കുന്നു.

ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ കാൻഷി റാം പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയും ആകാനായി മായാവതിയെ ഒരുക്കിയെടുത്തിരുന്നു. എന്നാൽ, പാർട്ടിയിലെ പരമാധികാരിയായി മാറിയ മായാവതി എല്ലാ നേതാക്കന്മാരുടെയും അധികാരമോഹം മുളയിലേ നുള്ളാൻ ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഒട്ടേറെ പ്രമുഖ നേതാക്കൾ ഈയിടെ ബിഎസ്പി വിട്ടു മറ്റു പാർട്ടികളിൽ ചേക്കേറിയതും.

നേതാവിനു ദൈവതുല്യപദവിയുള്ള ഈ പാർട്ടികളിലെ അണികളാകട്ടെ നേതൃമാറ്റത്തെക്കുറിച്ചു ചിന്തിക്കാൻപോലും തയാറുമല്ല. അണ്ണാഡിഎംകെയിലാണ് ഈ വികാരം ഏറ്റവും ശക്തം. അമ്മയ്ക്കു പകരം ആരും അവരുടെ സ്വപ്നത്തിൽപോലുമില്ല. എംജിആറിന്റെ അവസാനനാളുകളിലും സമാന പ്രതിസന്ധി പാർട്ടി നേരിട്ടിരുന്നു. എംജിആറിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ വിധവ ജാനകിയും എംജിആർ സിനിമകളിലെ നായികയും പാർട്ടിയുടെ പ്രൊപ്പഗാൻഡ സെക്രട്ടറിയുമായ ജയലളിതയും തമ്മിൽ അധികാരത്തിനുവേണ്ടി നടന്ന കഠിനപോരാട്ടം ആരും മറക്കാനിടയില്ല.

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടായിട്ടും ജാനകിക്കു വൈകാതെ തോൽവി വഴങ്ങേണ്ടിവന്നു. 1991ൽ അധികാരം പിടിച്ച ജയലളിത 2001, 2011, 2016 തിരഞ്ഞെടുപ്പുകളിൽ തകർപ്പൻ വിജയം ആവർത്തിച്ച് അനിഷേധ്യ നേതൃപദവിയിലുറച്ചു. അണ്ണാ ഡിഎംകെ അണികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രാർഥനയേയുള്ളു – രോഗങ്ങളുമായുള്ള ഈ പോരാട്ടത്തിൽ അമ്മ പരുക്കൊന്നുമില്ലാതെ വിജയിച്ചു വന്ന് തങ്ങളെ എന്നും നയിക്കണമെന്ന പ്രാർഥന.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.