Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയുടെ വിളക്കാണ് ഓരോ കുട്ടിയും

thanooja-and-thasni-09

വീട്ടിൽ എല്ലായ്പ്പോഴും ഒരാളുടെ ശബ്ദംകൂടി കേൾക്കാനുണ്ടല്ലോ എന്നു തോന്നും. സന്തോഷവേളകളിൽ ഒരാളുടെ ചിരി കൂടി കാണാനുണ്ടെന്നു തോന്നും. പ്രതീക്ഷിച്ച ഒരു വിളി വന്നില്ലല്ലോ എന്ന് അറിയാതെ ശ്രദ്ധിച്ചുപോകും. എപ്പോഴും എന്തോ മറന്നതുപോലെ. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷത്തിന്റെ ഭാഗമായി കയറിയ ജീപ്പിടിച്ച്, ഞങ്ങളുടെ മകൾ തസ്നി ബഷീറിനു ഗുരുതരമായി പരുക്കേറ്റതു കഴിഞ്ഞ സെപ്റ്റംബർ 19ന് ആണ്. അടുത്തദിവസം അവൾ പോയി. പെരുന്നാളിനു നാട്ടിലെത്തി മടങ്ങി, ഓണാവധിക്കു വരാമെന്നു പറഞ്ഞു പോയതാണ്. തിരുവനന്തപുരത്തുനിന്നു പുതുവസ്ത്രമെടുത്ത്, ധരിച്ച് അതിന്റെ ചിത്രം അയച്ചുതരികയും ചെയ്തു. അതിരുവിട്ട ആഘോഷം അവളുടെ ജീവനെടുത്തിട്ട് ഒരുവർഷമായിട്ടില്ല. അപ്പോഴേക്കും നമ്മുടെ കുട്ടികൾ എല്ലാം മറന്നിരിക്കുന്നു. അതേ തിരുവനന്തപുരത്തു റോഡ് തടസ്സപ്പെടുത്തി വീണ്ടും ആഘോഷം സംഘടിപ്പിച്ചിരിക്കുന്നു.

എത്ര വേഗത്തിലാണു നമ്മുടെ കുട്ടികളെ മറവി പിടികൂടുന്നത്! സിഇടിയിൽത്തന്നെയാണു 2002ൽ മറ്റൊരു കുട്ടി വാഹനമിടിച്ചു മരിച്ചത്. ആ ഓർമ നഷ്ടമായപ്പോഴാണു കഴിഞ്ഞ വർഷം അപകടമുണ്ടായത്. നമുക്ക് ഓർമകളുണ്ടാകുന്നതു നമ്മെ ബാധിക്കുന്ന കാര്യത്തിൽ മാത്രമാണെന്നു വരുമ്പോൾ ഇതിനെക്കാൾ വലിയ അപകടങ്ങളുണ്ടാകും. മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും നമുക്കു വേണം. ധാർമികവും സാമൂഹികവുമായ അവബോധം, സ്വയംസജ്ജമായ അച്ചടക്കം എന്നിവ നഷ്ടപ്പെടുമ്പോൾ നിയന്ത്രണമില്ലാത്ത ആൾക്കൂട്ടങ്ങളുണ്ടാകും. വിദ്യാർഥികൾ പക്ഷേ, അങ്ങനെ ആകാൻ പാടുണ്ടോ?

തസ്നി പഠിക്കാൻ മിടുക്കിയായിരുന്നു. അതായിരുന്നു അവളെക്കുറിച്ചുള്ള വലിയ പ്രതീക്ഷകൾക്കു കാരണം. സിവിൽ എൻജിനീയറിങ് പഠനത്തിനുശേഷം നല്ലൊരു ജോലി നേടണമെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു. തൊഴിൽസാധ്യതകളെക്കുറിച്ച് അന്വേഷിച്ചറിയുമായിരുന്നു. വിവാഹാലോചനകൾ വന്നപ്പോഴും പഠനം നടക്കട്ടെ എന്നു ഞങ്ങൾ തീരുമാനിച്ചു. സമ്പാദ്യമായി ഒന്നുമില്ലാത്ത കുടുംബത്തിൽ നിന്നാണു പഠിക്കാൻ പോകുന്നതെന്ന ബോധം അവൾക്കുണ്ടായിരുന്നു. പ്രയാസപ്പെടുന്ന കൂട്ടുകാരെപ്പറ്റി ഞങ്ങളോടു പറയാറുണ്ട്. ചെറുപ്പകാലത്തുതന്നെ ഗൾഫിൽ പോയിത്തുടങ്ങിയ, നാട്ടിലെത്തുമ്പോൾ മറ്റുള്ളവുടെ വാഹനങ്ങളിൽ ഡ്രൈവറായി പോയി കുടുംബം പോറ്റിയ ഉപ്പയെ ‍അവൾ ഞങ്ങളെക്കാളേറെ സ്നേഹിച്ചു. ‘ഉപ്പ ഇനി ഗൾഫിൽ പോകണ്ട, ഞാൻ നന്നായി പഠിക്കുന്നുണ്ടല്ലോ’ എന്നു തസ്നി പറയുമ്പോഴൊക്കെ ‘നിന്റെ പഠിപ്പു തീർന്ന അന്നുമുതൽ ഞാൻ നാട്ടിലുണ്ടാകാം’ എന്ന് ഉപ്പ തിരിച്ചുപറയുമായിരുന്നു.

പ്ലസ് ടു വരെ നമ്മുടെ കുട്ടികളെ വീട്ടുകാരും അധ്യാപകരും അയൽവാസികളുമൊക്കെ നന്നായി നോക്കും. അതു കഴിഞ്ഞാൽ എല്ലാവരും കുട്ടികളെത്തന്നെ അവരുടെ ജീവിതം വിശ്വസിച്ചേൽപിക്കുകയാണ്. കുട്ടികളെക്കുറിച്ച് അവർക്കുതന്നെയുണ്ടാകേണ്ട ആ വിശ്വാസമാണ്, ദൂരെ എവിടെയോ ഇരിക്കുന്ന മാതാപിതാക്കൾക്കും അവരെ മുൻപു പഠിപ്പിച്ച അധ്യാപകർക്കും അവരിൽ നാടിന്റെ ഭാവി കാണുന്നവർക്കുമുള്ള കരുത്ത്.

മക്കളാണു ജീവിതം എന്നു വിശ്വസിച്ചുപോന്ന സാധാരണ കുടുംബമാണു ഞങ്ങളുടേത്. സിഇടിയിൽ അന്നുണ്ടായത് അറിവില്ലായ്മ കൊണ്ടുള്ള അപകടമല്ല. കുട്ടികൾ നിറഞ്ഞ സ്ഥലത്തേക്കു വാഹനങ്ങൾ ഓടിച്ചുകയറ്റിയാൽ അപകടമുണ്ടാകുമെന്ന് ആർക്കാണ് അറിയാത്തത്? ഓരം ചേർന്നു നടന്നുപോയ ഒരു പാവം പെൺകുട്ടിയെ പെട്ടെന്ന് അവളുടെ ലോകത്തുനിന്നു മായ്ച്ചുകളഞ്ഞതു നേരത്തെ പറഞ്ഞ അച്ചടക്കമില്ലായ്മയാണ്. കോളജിനകത്തു പഠനം നടക്കണം, ആഘോഷവും വേണം. എന്നാൽ, ആഘോഷങ്ങളിൽ നാം നമ്മെത്തന്നെ മറന്നുപോകരുത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവിധാനങ്ങളും വലുതാകുംതോറും അതുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തവും വലുതാകണം. അധ്യാപകർ പഠിപ്പിച്ചാൽ മാത്രം പോരാ, കുട്ടികളെ അറിയുകയും നേർവഴി കാട്ടുകയും േവണം. പ്രഫഷനൽ കോളജുകളിൽ അവരുടെ സാങ്കേതിക വിഷയങ്ങളിൽ ഒതുങ്ങിനിൽക്കരുത്. സാമൂഹികമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ വിദ്യാർഥികളെ സഹായിക്കണം.

തസ്നിയുടെ അനുജൻ മുഹമ്മദ് റാഫി കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ബിടെക്കിനു ചേർന്നു. അനുജത്തി ഫാത്തിമ റഹീൽ ഇപ്പോൾ ഒൻപതിൽ. കുഞ്ഞനുജൻ അമീൻ രണ്ടാംക്ലാസിലാണ്. എന്നിട്ടും വീട്ടിൽ ഒരാളുടെ കുറവ് ഓരോനിമിഷവും അനുഭവപ്പെട്ടുകൊണ്ടേയിരിക്കും. അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാരുടെയും വേദനയാണത്. ഓരോ കുട്ടിയും ഉപാധികളില്ലാത്ത സ്നേഹത്തിന്റെ, പ്രതീക്ഷയുടെ വിളക്കാണ്. ആഘോഷങ്ങളിൽ അത് അണഞ്ഞുപോകാതിരിക്കട്ടെ.

(തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷത്തിനിടെ ജീപ്പ് ഇടിച്ച്  2015 സെപ്റ്റംബർ 20നു മരിച്ച മലപ്പുറം വഴിക്കടവ് സ്വദേശി തസ്നി ബഷീറിന്റെ മാതാവാണ് ലേഖിക)

Your Rating: