Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴുകു പ്രതിമകളുടെ നിയമവശം

Author Details
kandle-cartoon

മാധ്യമപ്രവർത്തകർക്കു ഭാവന അലങ്കാരമാണെന്നു കരുതുന്നവരുണ്ട്. തൂമ്പയെ തൂമ്പയെന്നു വിളിക്കുകയല്ലാതെ ആ തൂമ്പയിൽ അക്ഷരപ്പൂക്കൾ വിടർത്തുന്ന കൃഷി നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഭാവനാ സ​ഞ്ചാരികളായ മാധ്യമപ്രവർത്തകരെ മുൻപറഞ്ഞ തൂമ്പകൊണ്ടു തലങ്ങും വിലങ്ങും തല്ലി ഭാവനയുടെ കൂമ്പൊടിക്കണം എന്നു വാശിയുള്ളവർ വേറെയുമുണ്ട്.

എന്നാൽ, കേരളത്തിലെ മാധ്യമങ്ങളെ സ്നേഹിക്കാൻ നിയുക്തമായ കേരള മീഡിയ അക്കാദമിയുടെ ചെയർമാനു മികച്ച ഭാവനയുള്ളതുകൊണ്ടാണ് ഈയിടെ മെഴുകെടുത്തു പെരുമാറിയതെന്നു ഭാവനവിരുദ്ധർ മറക്കുന്നു. അദ്ദേഹം തുടങ്ങാൻ പോകുന്ന മീഡിയ മ്യൂസിയത്തിൽ 100 മാധ്യമപ്രതിഭകളുടെ മെഴുകു പ്രതിമകളാണു സ്ഥാപിക്കുക. മെഴുകിന്റെ വെണ്മയാർന്ന ശോഭയിൽ ഈ നൂറുപേർ പരസ്പരം നോക്കിച്ചിരിക്കുന്ന കാഴ്ച കാണണമെങ്കിൽ തീർച്ചയായും നല്ല ഭാവന വേണം.

നമ്മുടെ മീഡിയ അക്കാദമി ഭാവനയെയും ഭാവനാജീവിതത്തെയും മാത്രമല്ല മരണാനന്തര ഭാവനയെപ്പോലും അംഗീകരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. മെഴുകു പ്രതിമകളാക്കേണ്ട മാധ്യമ പ്രതിഭകളെ ആര്, എങ്ങനെ തിരഞ്ഞെടുക്കും എന്ന ആശങ്കമൂലം ഒരാഴ്ചയായി ഒരു വാർത്തപോലും എഴുതാൻ കഴിയുന്നില്ലെന്നു ചില പത്രലേഖകർ സങ്കടം പറയുന്നതു കേട്ടു.

എന്നാൽ, സങ്കട നിവാരണത്തിനുള്ള മരുന്നു കേരള ഹൈക്കോടതിയിലെ ചില അഭിഭാഷക മാന്ത്രികരുടെ കൈവശമുണ്ടെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. ഹൈക്കോടതിയിൽ വാർത്ത ശേഖരിക്കാൻ ഏതൊക്കെ ലേഖകർക്കു കയറാം, ആരൊക്കെ കയറിക്കൂടാ എന്നു വാദിച്ച പ്രതിഭകൾ വിചാരിച്ചാൽ പ്രതിമയാകേണ്ടവരുടെ പട്ടിക സിവിലായും ക്രിമിനലായും തയാറാക്കാൻ ഒരു പ്രയാസവുമുണ്ടാവില്ല.

ഇന്നയിന്ന കേസുകളിൽ ഇന്നയിന്ന വക്കീലന്മാർ ഹാജരാകണമെന്നും മറ്റു ചിലർ ഹാജരായിക്കൂടെന്നും മാധ്യമങ്ങളോ കോട്ടിടാത്ത മറ്റാരെങ്കിലുമോ നിർദേശിക്കാറില്ലല്ലോ എന്നു തടസ്സവാദം ഉന്നയിക്കരുത്. ക്രോസ് വിസ്താരം വക്കീലന്മാർക്കു മാത്രം അവകാശപ്പെട്ടതാണ്. ഹൈക്കോടതിക്കു മുൻപിൽ നിയമം കയ്യിലെടുത്തു നിൽക്കുന്ന പ്രതിമകൾ ഭാവനയിൽ കാണുമ്പോൾ അവ മെഴുകിൽത്തന്നെയായിക്കൊള്ളണമെന്നില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.