Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണം, പ്രത്യേക ടൂറിസം മേഖലകൾ

iguacu-09 ബ്രസീലിലെ ഇഗ്വാസു വെള്ളച്ചാട്ടം. വലത്തു ഭാഗത്ത്, വെള്ളച്ചാട്ടം അടുത്തുനിന്നു കാണാനായി നിർമിച്ചിരിക്കുന്ന നടപ്പാതയും പ്ലാറ്റ്ഫോമും.

കേരളത്തിൽ ആകെ നാലു മേഖലകൾ മാത്രമാണു സാമ്പത്തിക പുരോഗതി സൃഷ്ടിക്കുംവിധം വളർന്നിട്ടുള്ളത്. ആദ്യകാലത്തു റബർ ഉൾപ്പെടെയുള്ള നാണ്യവിളകൾ, എഴുപതുകളിൽ വിദേശപണം വരവ്, തൊണ്ണൂറുകളിൽ ടൂറിസത്തിന്റെ വളർച്ച. പ്രവാസവും ടൂറിസവും ചേരുമ്പോൾ വ്യോമയാനരംഗത്തെ വളർച്ചയാണു നാലാമത്തേത്. പക്ഷേ, ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഗൾഫ് പണം വരവ് അടുത്ത പത്തുവർഷത്തിനുള്ളിൽ കാര്യമായി കുറയുന്നതിന്റെ ലക്ഷണങ്ങളാണു കാണുന്നത്.

ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. എണ്ണവില ഇടിഞ്ഞതോടെ ശമ്പളവും തൊഴിലവസരങ്ങളും കാര്യമായി കുറയുന്നു. ഷെയ്ൽ ഗ്യാസും റീചാർജ് ചെയ്യാവുന്ന ബാറ്ററി കാറുകളും വ്യാപകമായി വാഹനരംഗത്തു പെട്രോളിയത്തിന്റെ പ്രസക്തിക്ക് ഇടിവുതട്ടിയാൽ ഗൾഫിലെ തൊഴിലവസരങ്ങളും പണം വരവും പഴങ്കഥയാവും. കേരളത്തിൽ ഐടി ഉൾപ്പെടെ മറ്റൊരു രംഗവും ലക്ഷങ്ങൾക്കു തൊഴിലും സാമ്പത്തിക പുരോഗതിയും സൃഷ്ടിക്കുംവിധം വളരുന്ന ലക്ഷണം കാണിക്കുന്നുമില്ല. ഗൾഫ് പണം വരവു നിലയ്ക്കുകയും ലക്ഷക്കണക്കിനു പ്രവാസികൾ തിരികെ വരികയും ചെയ്താൽ അതുണ്ടാക്കാവുന്ന ക്രമസമാധാന പ്രശ്നവും അരാജകത്വവും ആലോചിച്ചുനോക്കുക. ഈ സാഹചര്യത്തിൽ കേരളത്തിന് ഇനിയുമേറെ മുന്നേറാൻ എല്ലാ സാഹചര്യവുമുള്ള ടൂറിസം രംഗം തന്നെയാവും ആശ്രയമായി മാറുക.

സഞ്ചാരികളെ ആകർഷിക്കുന്നതിൽ കേരളം ഏറ്റവും വലിയ മൽസരം നേരിടുന്ന ശ്രീലങ്കയാണ് ഇക്കാര്യത്തിൽ നമുക്കു വഴികാട്ടിയായി മാറുന്നത്. എൽടിടിഇ ഭീകരത മൂലം കാൽ നൂറ്റാണ്ട് ശ്രീലങ്ക ടൂറിസം മാപ്പിൽനിന്ന് അപ്രത്യക്ഷമായിരുന്നു. ഭീകരത അവസാനിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ശ്രീലങ്ക ടൂറിസത്തിൽ വൻ കുതിച്ചുചാട്ടം നടത്തുന്നതാണു കാണുന്നത്. ബീച്ചുകളും മലകളും പുരാതന നഗരികളും അവർക്കുണ്ടെന്നു മാത്രമല്ല അതിവേഗ പാതകൾ അവയെ കൂട്ടിയിണക്കുകയും ചെയ്യുന്നു. മദ്യത്തിനു കേരളത്തിലുള്ളതുപോലുള്ള അതികർശന നിയന്ത്രണങ്ങളും അവിടെയില്ല. കേരളത്തിനു ശ്രീലങ്കയെക്കാളേറെ മനോഹരമായ കടൽത്തീരങ്ങളും ഹൈറേഞ്ചുകളും തോട്ടങ്ങളും കായലുകളുമെല്ലാമുണ്ടെങ്കിലും ഒട്ടേറെ കാര്യങ്ങൾ ടൂറിസം വികസനത്തിനു തടസ്സമായി നിൽക്കുന്നു.

വിവിധ ടൂറിസം കേന്ദ്രങ്ങൾ തമ്മിൽ കൂട്ടിയിണക്കുന്ന മികച്ച ഗതാഗത സൗകര്യങ്ങളില്ല. ഇവിടെയുള്ള ദേശീയപാതകൾപോലും വെറും റോഡുകളാണ്. അവയിലൂടെ വേഗം സഞ്ചരിക്കാൻ കഴിയില്ല. കൊളംബോയിൽനിന്നു 120 കിലോമീറ്റർ ദൂരെയുള്ള ഗോൾ എന്ന കടൽത്തീര നഗരത്തിലേക്കു പോകാൻ പണ്ടു നാലു മണിക്കൂർ എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നര മണിക്കൂർ മതി. അത്തരം ഹൈവേകൾ കേരളത്തിലും ഉണ്ടാവണം. കോവളം തീരവും വർക്കലയും കുമരകവും തേക്കടിയും മൂന്നാറും ഫോർട്ട് കൊച്ചിയും വയനാടും ബേക്കലും മറ്റും അങ്ങനെ ബന്ധിപ്പിക്കാൻ കഴിയണം.

അതിലുപരി ഈ സ്ഥലങ്ങളെ എന്തുകൊണ്ടു പ്രത്യേക ടൂറിസം മേഖലകളായി (സ്പെഷൽ ടൂറിസം സോൺ) പ്രഖ്യാപിച്ചുകൂടാ? ഇവ മാത്രമല്ല, സഞ്ചാരികൾ വൻതോതിൽ വരുന്ന മറ്റു സ്ഥലങ്ങളെയും ഉൾപ്പെടുത്താവുന്നതാണ്. പ്രത്യേക സാമ്പത്തിക മേഖലകളിൽ (എസ്ഇസെഡ്) വൻതോതിൽ വ്യവസായം വളർന്നപോലെ എസ്ടിസെഡുകളിലും വൻ തോതിൽ ടൂറിസം വളർച്ചയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാം. ഒട്ടേറെ ഇളവുകൾ നൽകി നിക്ഷേപം പ്രോൽസാഹിപ്പിക്കാം. മദ്യനയം ഈ മേഖലകൾക്കു പ്രത്യേകം ഉദാരമാക്കാം.

അതിലുപരി വിദേശസഞ്ചാരികളെ ആകർഷിക്കുംവിധം വൃത്തിയും വെടിപ്പും മനോഹാരിതയും ഈ മേഖലകളി‍ൽ ഏർപ്പെടുത്താൻ കഴിയും. എസ്ടിസെഡുകൾക്കുള്ളിൽ പാശ്ചാത്യ നഗരങ്ങളിലെപ്പോലെ, അല്ലെങ്കിൽ സിംഗപ്പൂരിലെപോലെ വൃത്തിയും മനോഹാരിതയും നിലനിർത്താൻ കഴിയും. കൊളംബോയിൽ ഈയിടെ പോയപ്പോൾ അവിടത്തെ പരിസരശുചിത്വം കണ്ടു ഞാൻ അദ്ഭുതപ്പെട്ടുപോയി. അയലത്തുള്ള കൊച്ചുരാജ്യമായ ശ്രീലങ്കയുടെ നിലവാരത്തിലെങ്കിലും നമുക്ക് എത്താൻ കഴിയേണ്ടതല്ലേ?

കേരളത്തിന്റെ വിസ്തീർണം ഏകദേശം 40,000 ചതുരശ്ര കിലോമീറ്ററാണെങ്കിൽ സിംഗപ്പൂരിന്റേതു വെറും ആയിരം ചതുരശ്ര കിലോമീറ്ററാണ്. പക്ഷേ, അവരുടെ വാർഷിക ടൂറിസം വരുമാനം 2000 കോടി ഡോളറും (ഏകദേശം 1,30,000 കോടി രൂപ). കേരളത്തിന് ഇപ്പോൾ 350 കോടി ഡോളർ (22,500 കോടി രൂപ) മാത്രമാണു ടൂറിസം വരുമാനം. അത് 1000 കോടി ഡോളറാക്കി (65000 കോടി രൂപ) മാറ്റാൻ പത്തുവർഷത്തിനുള്ളിൽ കഴിയും. അതുണ്ടാക്കുന്ന തൊഴിലവസരങ്ങളും നിക്ഷേപവും വളരെ വലുതായിരിക്കും.

സിംഗപ്പൂരിൽ വെറും 55 ലക്ഷം സാക്ഷരരായ ജനങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ 3.3 കോടിയുണ്ട്. ഇത്ര സമ്പന്നമായ കായലുകളും കടൽത്തീരവും വേറെങ്ങുമില്ല. സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യൂവിനെ കൊച്ചി പോലൊരു നഗരം ഏൽപ്പിച്ചിരുന്നെങ്കിൽ ലോകത്തിലെ അതിമനോഹര നഗരമാക്കി മാറ്റിയേനെ എന്നു ലോകം കണ്ട മലയാളികൾ സ്വകാര്യമായി പറയാറുണ്ട്. സിംഗപ്പൂരിലെ പോലെ നമുക്കും ഷിപ്പിങ്ങും തുറമുഖവും വിമാനത്താവള ഹബും എല്ലാമുണ്ട്. വേണ്ടതു ദീർഘവീക്ഷണമുള്ള പദ്ധതികളാണ്.

ശ്രീലങ്ക തകർച്ചയിൽനിന്നു വലിയ കാലടികൾ വേഗം മുന്നോട്ടുവച്ച് ഉയരങ്ങളിലെത്തിയതു നോക്കുക. പതിയെ ചെറിയ കാലടികൾ വച്ചു കേരള ടൂറിസം മുമ്പോട്ടുനീങ്ങുന്നതിനു പകരം ഇനി വേണ്ടതു വലിയ കാലടികളാണ്, കുതിപ്പുകളാണ്. അതോടെ മലയാളി വിദേശത്തു തൊഴിൽതേടുന്നതു മതിയാക്കി, നാട്ടിൽത്തന്നെ ജീവിതാഭിലാഷങ്ങൾ പൂർത്തീകരിക്കുന്ന സ്ഥിതി വരും. നമ്മുടെ ഭാഷയും സംസ്കാരവുമെല്ലാം തഴയ്ക്കും.

ചെറിയ മാറ്റം, വലിയ നേട്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്റെ അദ്ഭുതമാണ്. ലോകത്തെ മികച്ച വെള്ളച്ചാട്ടങ്ങളുമായി കിടപിടിക്കുന്നത്. പക്ഷേ, വെള്ളച്ചാട്ടം അടുത്തുനിന്നു കാണാനായി മൂന്നാം ലോകരാജ്യങ്ങൾപോലും ചെയ്തിട്ടുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടോ? ദൂരെനിന്നു കാണാനല്ലേ കഴിയൂ. ബ്രസീലിലെ ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം നോക്കുക. സഞ്ചാരികൾക്ക് അടുത്തുനിന്നു കാണാനായി നടപ്പാത നിർമിച്ചിരിക്കുന്നു. ഇത്തരമൊരു നടപ്പാത അതിരപ്പിള്ളിയിൽ സ്ഥാപിച്ചാൽ സഞ്ചാരികളുടെ എണ്ണം പതിന്മടങ്ങാവില്ലേ? അങ്ങനെ ചെറിയ കാര്യങ്ങൾ ഒട്ടേറെ കേരളത്തിലാകെ ചെയ്യാനുണ്ട്. വലിയ കാര്യങ്ങളായി അവ മാറുകയും ചെയ്യും.

(ലേഖകൻ എബിഎൻ അംറോ ബാങ്കിന്റെ ശ്രീലങ്കയിലെ സിഇഒയും സിംഗപ്പൂരിൽ എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നു. ഫെഡറൽ ബാങ്കിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്)

Your Rating: