Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവുണങ്ങാതെ ദലിത് ഗ്രാമങ്ങൾ

dalith-protest-09 അഹമ്മദാബാദിൽ മുനിസിപ്പൽ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്കു സമരത്തിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോൾ മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ. ചിത്രം: വിഷ്ണു വി. നായർ

ഉനയിൽ വെയിൽ തിളച്ചുപഴുത്തുകിടന്നു. ബുള്ളറ്റ് എൻജിനിൽ പെട്ടിവണ്ടി കൂട്ടിയിണക്കിയ ചക്ക്ഡയിൽ പൊള്ളിവിയർത്തു ജനങ്ങൾ ഓരോ സങ്കടങ്ങളിലേക്കു ജീവിതമുരുട്ടി. ഇതേ പട്ടണത്തിലാണു രണ്ടു മാസം മുമ്പു പശുവിന്റെ പേരിൽ നാലു യുവാക്കളെ ഗോസംരക്ഷകർ അടിച്ചുനടത്തിയതെന്ന ഒരു ഓർമയും ഉന ബാക്കിവച്ചിട്ടില്ല. പഴയ പതിവുകളിലേക്കു തിരിച്ചു വന്നിരിക്കുന്നു. ഒരു പകൽ മുഴുവൻ കിലോമീറ്ററുകളോളം മർദിച്ചു നടത്തിയതിനുശേഷം ഉനയിൽ അതിന്റെ കലാശക്കൊട്ട്. തുടർന്നു പൊലീസ് സ്റ്റേഷനിലും അതിന്റെ തനിയാവർത്തനം. ദലിത് വിഭാഗങ്ങളുടെ രോഷം ഉയർന്നതിനെത്തുടർന്ന് ആശുപത്രിയിലാക്കിയിട്ടും അവിടെനിന്ന് ഒഴിപ്പിക്കാൻ രാഷ്ട്രീയ സമ്മർദം. ഇല്ല, ഇതിന്റെയൊന്നും തെളിവുകൾ ഉനയിൽ ബാക്കിയില്ല.

എന്നാൽ, ഗുജറാത്തിലെ ദലിത് ഗ്രാമങ്ങളിൽ ഉനയുടെ മുറിവുകൾ ഉണങ്ങിയിട്ടില്ല. ആക്രമണത്തിനിരയായ യുവാക്കൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടില്ല. ഗ്രാമത്തിലെ മുതിർന്ന അംഗമായ സർവയ്യ ബാലുബായ് ആഘാതത്തിൽനിന്നു മുക്തനായിട്ടില്ല. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ചോദ്യങ്ങൾ ഒന്നും ചോദിക്കരുതെന്നു ദലിത് സന്നദ്ധപ്രവർത്തകർ മുന്നറിയിപ്പു നൽകി.

ബാലുബായിയുടെയും സഹോദരന്റെയും മക്കളായ മറ്റു നാലുപേർ – വശ്രാരാം, രമേശ്, അശോക്, ബേച്ചാർ – കഴിഞ്ഞ രണ്ടു മാസമായി ഉനയിൽനിന്ന് ഇരുപതോളം കിലോമീറ്റർ അകലെ മോട്ടാ സമഡ്യാലിയ ഗ്രാമത്തിലെ വീട്ടിൽനിന്നു പുറത്തിറങ്ങിയിട്ടില്ല, ഒരു കാര്യത്തിനും. ഒരു മരണവീടുപോലെ തോന്നിച്ചു പരിസരം. യന്ത്രത്തോക്കു പിടിച്ച സ്റ്റേറ്റ് റിസർവ് പൊലീസുകാർ ഇരുപത്തിനാലു മണിക്കൂറും കാവലിനുണ്ടായിട്ടും. വശ്രാറാമിന്റെ മുഖത്തുമുണ്ട് ഒരു മരണവീടിന്റെ മൗനം. അയാളും ചോദ്യങ്ങളെ പേടിക്കുന്നുണ്ട്. അല്ല, എല്ലാറ്റിനെയും പേടിക്കുന്നുണ്ട്.

പല ഗ്രാമങ്ങളിലും ചത്ത പശുവിനെ കുഴിച്ചുമൂടുകയെന്ന പരമ്പരാഗത തൊഴിൽ ഇനിമേലിൽ എടുക്കുകയില്ലെന്നു ചമാർ സമുദായക്കാർ കട്ടായം നിലപാടെടുത്തതോടെ മേൽജാതിക്കാരുടെ ആക്രമണത്തിന് ഏതു നിമിഷവും ഇരയാവുമെന്ന സ്ഥിതിയുണ്ട്. ചമാർ, ഗരോഡ, സെൻവ, മഹ്യവംശി തുടങ്ങി പത്തോളം സമുദായങ്ങളടങ്ങുന്ന ദലിതുകൾക്ക് ഉനയ്ക്കുശേഷം സമ്മർദങ്ങൾ ഏറിവരികയാണ്. അമ്രേലി ജില്ലയിലെ വർലി ഗ്രാമത്തിൽ ഇരുപത്തഞ്ചോളം ദലിത് കുടുംബങ്ങൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മോട്ടാ സമഡ്യാലയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ നന്ദോ രോകോ ഗ്രാമത്തിലും. കുടിക്കാനും കഴിക്കാനും ഒന്നും കൊടുത്തുപോകരുതെന്ന ഗ്രാമത്തിന്റെ കാർക്കശ്യം ആരും ലംഘിക്കാൻ ധൈര്യപ്പെടില്ല. ഗ്രാമത്തിലെ മരത്തണലിന്റെ സിമന്റുകെട്ടിന്റെ ഒതുക്കുകല്ലിൽ ഇരിക്കുകയായിരുന്ന ഗ്രാമീണർ ബാലുബായിയുടെ വീട്ടിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിത്തന്നു. എന്നാൽ ആരും വരാനില്ലായിരുന്നു കൂടെ.

യഥാർഥത്തിൽ ഉനയ്ക്കു പുറത്ത് രണ്ടു മാസത്തിനുള്ളിൽ എന്താണ് ഇത്രയും മാറിയിരിക്കുന്നത്?

∙ ഉന സംഭവത്തിൽ ദലിത് അതിക്രമവിരുദ്ധ നിയമമനുസരിച്ചു ബുധനാഴ്ച 34 ആളുകൾക്കെതിരെ ഉന അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരും. ഉന സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കം നാലു പൊലീസുകാരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്യായ ലോക്കപ്പ് മർദനത്തിനും പ്രതികളെ സഹായിച്ചതിനും തെളിവുകൾ അവർക്കനുകൂലമായി വളച്ചൊടിച്ചതിനുമാണ് അറസ്റ്റ്. കൊലപാതകശ്രമം, അന്യായമായ തടങ്കൽ, വ്യക്തിഹത്യ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ദലിത് യുവാക്കളെ മർദിക്കുന്നതിനു ഗോസംരക്ഷകർക്കു പ്രാദേശിക പൊലീസുകാർ സമ്മതം നൽകുകയായിരുന്നു. പിന്നീട് ഉന സ്റ്റേഷനിൽ അവരുടെ വകയും. 

ഗുജറാത്തിൽ ഇപ്പോൾ, ദലിതുകളെ ആക്രമിക്കുന്നതു പുറംലോകം അറിയുന്നു. പരാതി കൊടുത്താൽ പൊലീസ് പെട്ടെന്നു നടപടിയെടുക്കുമെന്നായി. കേസുകൾ കോടതികളിലെത്തുമെന്നായി. 

മനുഷ്യാവകാശഭൂപടത്തിലെ ഉന

അഹമ്മദാബാദിൽനിന്നു നാനൂറ്റൻപതോളം കിലോമീറ്റർ അകലെയുള്ള ഉന ഒരു ഭൂപടത്തിലും സ്ഥാനംപിടിച്ചിരുന്നില്ല; തൊട്ടടുത്തു സോമനാഥക്ഷേത്രവും കടൽത്തീര നഗരമായ വെരാവലും കേന്ദ്രഭരണ പ്രദേശമായ ദിയുവും ഉണ്ടെങ്കിലും. ഇന്ന് ഉന മനുഷ്യാവകാശ ഭൂപടത്തിൽ സ്ഥാനംപിടിച്ചിരിക്കുന്നു. ഉനയെന്നു കേട്ടാൽ അവകാശബോധം ചോരയിൽ തിളയ്ക്കുന്നു. ഈ തിളനിലയാണ് അഹമ്മദാബാദിൽ മുനിസിപ്പൽ ശുചീകരണത്തൊഴിലാളികളിൽ നെടുനാൾ നീണ്ട പണിമുടക്കു സമരത്തിനു പ്രേരകമായത്. തോട്ടിത്തൊഴിലാളികളായതിനാൽ അറസ്റ്റ് ചെയ്തു വാനിൽ കയറ്റുമ്പോൾ പൊലീസുകാരിലുമുണ്ടു കത്തുന്ന പുച്ഛസ്ഥായീഭാവം. നാളിതുവരെ അവഗണിക്കപ്പെട്ട, സമൂഹത്തിന്റെ അരികുപുറ തൊഴിലാളികളിൽ ഉനയുണ്ടാക്കിയതു വലിയതെന്നുതന്നെ പറയാവുന്ന സംഘബോധമാണ്, അവകാശബോധമാണ്. 

കാലിൽ ഉന കൊണ്ട മുഖ്യമന്ത്രി

കാലിൽ ഉന കൊണ്ടതിനുശേഷമാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിനു തിരിഞ്ഞുനോക്കേണ്ടിവന്നതും രാജി നൽകേണ്ടിവന്നതും. ഉനയെ ഊതിപ്പെരുപ്പിക്കുന്നതാണെന്ന വാദത്തോടെ ബിജെപിക്കു പാർട്ടിയുടെ പട്ടികവിഭാഗ സെൽ നേതാക്കളെ രംഗത്തിറക്കേണ്ടിവന്നതും. ദലിതുകളോടുള്ള അതിക്രമങ്ങളെ അപലപിച്ചുകൊണ്ടു കോൺഗ്രസ് ഇതിനെ വലിയൊരു രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. മായാവതിയുടെ ബിഎസ്പിക്കും ഈ വോട്ടുബാങ്കിൽ കണ്ണുണ്ട്. ഉന സംഭവത്തിലെ ഇരകൾക്കു മായാവതി ഉദാരമായ സാമ്പത്തികസഹായം ഇതിനോടകം നൽകിക്കഴിയുകയും ചെയ്തു. ഗുജറാത്തിൽ ബിജെപി മാത്രം എന്ന രാഷ്ട്രീയ സാഹചര്യമാണ് ഉന അട്ടിമറിച്ചത്.

മാറുന്ന അപകർഷതാബോധം

പരമ്പരാഗതമായി അവഗണനയും അവഹേളനവും അനുഭവിച്ചുവന്നതിനാൽ ദലിത് വിഭാഗങ്ങൾക്കിടയിൽ കാടുപിടിച്ചിരുന്ന അടിമ കോംപ്ലക്സിൽ വിള്ളൽ വീണുതുടങ്ങിയെന്നതാണ് ഉനയുണ്ടാക്കിയ മാറ്റം. ഏറ്റവും ശോചനീയമായ തൊഴിലിടങ്ങളിലെ അരികുജീവിതത്തെ തുടർന്നുണ്ടായ അപകർഷതാബോധം മാറിത്തുടങ്ങുന്നതിന്റെ സൂചനകളാണ്. ഉന അതിക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ മുദ്രാവാക്യം വിളിക്കുന്ന കൂലിത്തൊഴിലാളികൾ സൃഷ്ടിക്കപ്പെടുകയായിരുന്നില്ല, മറിച്ച് ദലിതുകളുടെ മനസ്സിലേക്ക് അഭിമാനം എന്ന കനൽ‌ച്ചീളുയർന്നു പൊള്ളിച്ചുതുടങ്ങുകയായിരുന്നു. 

una-balu-house-09 മോട്ടാ സമഡ്യാല ഗ്രാമത്തിൽ ബാലുബായിയുടെ വീടിന് ഗുജറാത്ത് റിസർവ് പൊലീസ് ഉദ്യോഗസ്ഥൻ കാവൽ നിൽക്കുന്നു.

സമരങ്ങൾ ഒരുങ്ങുന്നു

നാലു വർഷം മുമ്പു സുരേന്ദ്രനഗർ ജില്ലയിലെ തനഗഥിൽ നടന്ന പൊലീസ് വെടിവയ്പിൽ മൂന്നു ദലിത് യുവാക്കൾ മരിച്ച സംഭവത്തിൽ നാളിതുവരെയില്ലാത്ത താൽപര്യമാണ് ഉനയ്ക്കുശേഷം സംസ്ഥാന സർക്കാരിന്. അന്വേഷണം പുതിയ പ്രത്യേക സംഘം ആറുമാസത്തിനകം പൂർത്തിയാക്കും. ഉന ദലിത് അതിക്രമവിരുദ്ധ സമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ദലിത് വിഭാഗത്തിൽ പെട്ടവർക്കു ഭൂമി എന്നതാണു മറ്റൊന്ന്. ഈ ആവശ്യത്തിൽ കൂടുതൽ സമ്മർദത്തിനു സമിതി അടുത്ത സമരമാർഗങ്ങൾക്ക് ഒരുങ്ങുകയാണ്. സൗരാഷ്ട്ര മേഖലയിലെ രാജ്കോട്ടിൽ, ജുനഗഡിൽ, ദാദ്രിയിൽ പുതിയ ദലിത് കൂട്ടായ്മകൾ, ചെറുത്തുനിൽപ്, പ്രതിഷേധങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന പ്രാദേശിക ദലിത് പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഈ കൂട്ടായ്മയെ ഏറ്റവുമധികം ഭയക്കുന്നതു സർക്കാരാണ്. വരാനിരിക്കുന്നതു മോദിയില്ലാത്ത ഇതാദ്യത്തെ തിരഞ്ഞെടുപ്പും. ഉനയിലെന്താണ് എന്നല്ല, ഉനയെന്താണ് എന്നതാണ്. ഉന ഗുജറാത്തിനെ രണ്ടായി തിരിച്ചിരിക്കുന്നു – ഉനയ്ക്ക് മുൻപും പിൻപും എന്ന്.

വീടൊഴിയൽ; എങ്ങോട്ടെന്നില്ലാതെ

ഉനയ്ക്കടുത്തു സാംതേർ ഗ്രാമത്തിലെ രാമേശ്വർ പാട്യയിൽ എത്തുമ്പോഴേക്കും രാജുബായ് പു‍ഞ്ചാബായ് പർമാർ സ്വന്തം വീടിന്റെ എല്ലാ ഓർമകളെയും പിക്കപ്പ് വാനിൽ അടുക്കിക്കഴിഞ്ഞിരുന്നു. വീട്ടുസാധനങ്ങൾക്കിടയിൽ ഭാര്യയെയും ഗർഭിണിയായ മകളെയും ഇരുത്തിക്കഴിഞ്ഞിരുന്നു. മക്കളിലൊരാൾ വീടുപൂട്ടിക്കഴിഞ്ഞു. അയൽപക്കങ്ങളിൽനിന്നുള്ള എത്തിനോട്ടങ്ങളില്ല. ഇനിയും കാവൽ നിൽക്കേണ്ടെന്ന ഒരു പതിവു കുസൃതി പൊലീസുകാരുടെ ഓരം പറ്റിയുള്ള നിൽപിലുണ്ടായിരുന്നു. എങ്ങോട്ടാണ്? എല്ലാവരും ചോദിക്കാതെ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും അതിനൊരു മറുപടി രാജുബായിയുടെ മുഖത്തുണ്ടായിരുന്നില്ല. നാളിതുവരെ താമസിച്ച, സർക്കാരിൽനിന്നു കിട്ടിയ തുണ്ടിൽ പണിതെടുത്ത വീട്ടിൽനിന്നിറങ്ങുകയാണ് എന്നുമാത്രം. എങ്ങോട്ട് എന്നതിന് ഒരുത്തരം ഇല്ലാഞ്ഞിട്ടുതന്നെ. എങ്ങോട്ടാണെന്നു രാജുബായിക്കും അറിയില്ല.

dalith-migration-09 ഉനയ്ക്കടുത്തു സാംതേർ ഗ്രാമത്തിലെ രാമേശ്വർ പാട്യയിൽ രാജുബായ് പു‍ഞ്ചാബായ് പർമാർ പിക്കപ്പ് വാനിൽ വീട്ടുസാധനങ്ങൾക്കിടയിൽ ഭാര്യയെയും ഗർഭിണിയായ മകളെയും ഇരുത്തി യാത്രയ്ക്കായി തയാറെടുക്കുന്നു.

ഉനയിൽ പശുവിന്റെ പേരിൽ അതിക്രമമുണ്ടാകുന്നതിനു മുമ്പു തൊട്ടടുത്ത ഗ്രാമത്തിലുണ്ടായ സമാനസംഭവത്തിൽ ഇരകളായവർക്ക് ഒത്താശ നൽകുകയാണെന്ന ആരോപണം ആരൊക്കെയോ ചേർന്നു കർഷകത്തൊഴിലാളിയായ രാജുവിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു. ബാലികയോട് അപമര്യാദയായി പെരുമാറിയെന്ന കള്ളക്കേസായിരുന്നു പിന്നാലെ. മാനസികസമ്മർദങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ രാജുബായ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അതിൽനിന്നു രക്ഷപ്പെട്ടെങ്കിലും സമ്മർദങ്ങളും അവഹേളനങ്ങളും തുടർക്കഥയായപ്പോൾ ഗ്രാമമൊഴിഞ്ഞു പോകാനുള്ള തീരുമാനമെടുത്തിരുന്നു നേരത്തേ. മേൽജാതിക്കാർക്കു പ്രാബല്യമുള്ള ഗ്രാമമാണു സാംതേർ. ഓഗസ്റ്റ് പതിനഞ്ചിന് ഉന റാലി  കഴി‍ഞ്ഞു മടങ്ങുകയായിരുന്ന ദലിതർക്കുനേരെ അക്രമം അഴിച്ചുവിട്ടതിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു സാംതേർ.

വെരാവൽ ജില്ലാ കലക്ടറെക്കൂടി കാണുന്നുണ്ടെന്നു മാത്രം സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് പ്രവർത്തകർ പറഞ്ഞു. ഉന സംഭവത്തിലും തുടർന്നുള്ള അതിക്രമങ്ങളിലും ഇരയായവർക്കു സർക്കാരിൽനിന്നു സാമ്പത്തികസഹായമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കലക്ടർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോ എന്നും ഉറപ്പില്ല. ദലിതരുടെ പ്രശ്നങ്ങളെക്കുറിച്ചു മുഖ്യമന്ത്രിതലത്തിൽ നടക്കുമായിരുന്ന ചർച്ചകൾ നാലു വർഷമായി മുടങ്ങിയിട്ട്. ഉനയിലെ ഇരകളുമായി ബന്ധപ്പെടാൻ സന്നദ്ധ സംഘടനാ പ്രവർത്തകരുമായി നടത്തിയ ശ്രമങ്ങൾ പലതും വിജയം കണ്ടിരുന്നില്ല. പല ആളുകളിൽനിന്നു മാറിമാറി പുതിയ വ്യക്തികളിലേക്ക് അന്വേഷണമെത്തുമ്പോൾ ഉന ഗ്രാമത്തിൽ ഒരാളെ കണ്ടുപിടിച്ചുകിട്ടാൻ വിഷമിക്കേണ്ടിവന്നു. ആരൊക്കെയോ ആരെയൊക്കെയോ സംശയിക്കുന്നതുപോലെ തോന്നിച്ചിരുന്നു. ആരെയോ പേടിക്കുന്നുണ്ട് ഈ ഗ്രാമങ്ങൾ. ഉനയിൽനിന്നു മോട്ടാ സമഡ്യാല ഗ്രാമത്തിലേക്കു പുറപ്പെട്ടതാണ്, എത്തിപ്പെട്ടതു നാനാ സമഡ്യാല ഗ്രാമത്തിലേക്കുള്ള വഴിയിൽ.

മോപ്പഡിൽ പുല്ലുമായി വന്ന ചെറുപ്പക്കാരനു ഗ്രാമത്തിന്റെ ഉൾവഴികളറിയാം. കൂടെ വരൂ എന്ന് അഭ്യർഥിച്ചപ്പോൾ സമ്മതിച്ചു. മോട്ട സമഡ്യാല ഗ്രാമത്തിലേക്കുള്ള വഴി ദൂരെ നിന്നു ചൂണ്ടിക്കാണിച്ചതിനുശേഷം പിന്നെ കൂടെ വന്നില്ല. ഗ്രാമങ്ങളിലെ ഓരോ നീക്കവും ആരോ ശ്രദ്ധിക്കുന്നുണ്ട്. ജാതി സമവാക്യങ്ങളിൽ തട്ടിത്തകർന്ന ഗുജറാത്ത് ഗ്രാമങ്ങളിലെ പരസ്പരാശ്രയത്വം പരസ്പര സംശയങ്ങളിലേക്കു വളർന്നിരിക്കുന്നു; മറുവശത്തു ദലിത് സമുദായങ്ങളാണെങ്കിൽ പ്രത്യേകിച്ച്.

Your Rating: