Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടത്തിച്ചു പാഠം പഠിപ്പിക്കും !

series-2

എന്തിനും ഏതിനും വിദ്യാർഥികളെ കുറെ പ്രാവശ്യം നടത്തിക്കുക എന്നതാണ് എംജി സർവകലാശാലയിലെ ചില വിഭാഗങ്ങളുടെ ഹോബി. ഉദാഹരണവും ഉണ്ട്. ബിരുദഫലം വന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒന്നും രണ്ടും വർഷം എടുക്കുമെന്നതു സർവകലാശാലയിലെ കീഴ്‌വഴക്കമായി തുടരുകയാണ്. അപ്പോഴാണു ജോലിക്കും മറ്റും കൊടുക്കാനായി പ്രൊവിഷനൽ സർട്ടിഫിക്കറ്റിനായി വളരെദൂരെനിന്നുള്ള വിദ്യാർഥികൾവരെയെത്തുന്നത്. രാവിലെ ഫീസടച്ച് അപേക്ഷ നൽകിയാൽ അന്നുതന്നെ കൊടുക്കാവുന്നതേയുള്ളൂ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്. നടപടിക്രമങ്ങൾ അത്രയ്ക്കു ലളിതമാണെന്നു പറയുന്നത് ആ വിഭാഗത്തിലെതന്നെ ചില ഉദ്യോഗസ്ഥരാണ്.

എന്നാൽ, മൂന്നുമാസം വട്ടംചുറ്റിച്ചല്ലാതെ സർട്ടിഫിക്കറ്റ് കൊടുക്കാറില്ല. വലിയ സ്വാധീനമൊക്കെ ചെലുത്തുകയാണെങ്കിൽ ഒരു മാസം കൊണ്ടു ലഭിച്ചേക്കാം. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകേണ്ടത് അസിസ്റ്റന്റ് റജിസ്ട്രാർ ആണ്. എന്നാൽ, അദ്ദേഹം അവധിയാണെങ്കിൽ ഡപ്യൂട്ടി റജിസ്ട്രാർക്കും അദ്ദേഹവും അവധിയാണെങ്കിൽ ജോയിന്റ് റജിസ്ട്രാർക്കും ഒപ്പിട്ടു നൽകാനുള്ള അധികാരമുണ്ട്. പക്ഷേ, അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണു പതിവ്.

കേരളത്തിൽ മറ്റേതു സർവകലാശാലയിൽ പഠിച്ചാലും എംജി സർവകലാശാലയിൽ ഏതെങ്കിലും കോളജിൽ പ്രവേശനം ലഭിച്ചാൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വിദ്യാർഥി ഹാജരാക്കണം. ഇത് കോളജ് അധികൃതർതന്നെ സർവകലാശാലയിലെ മെട്രിക്കുലേഷൻ സെക്‌ഷനിലേക്കും പരീക്ഷാവിഭാഗത്തിലേക്കും അയച്ചുകൊടുക്കാറാണു പതിവ്. ഇത് അവിടെ ഭദ്രവുമാണ്. പരീക്ഷാഫീസടച്ച് അപേക്ഷയൊക്കെ നൽകുമ്പോഴാകും ഇകെ 1 സെക്‌ഷനിൽനിന്ന് മൈഗ്രേഷൻ സർട്ടിഫിക്കറ്റില്ലെന്നതിനാൽ പരീക്ഷയെഴുതാൻ തടസ്സമുന്നയിക്കുന്നത്. തൊട്ടടുത്ത ഇകെ 2 സെക്‌ഷനിൽ ഇരിപ്പുണ്ടാവും സർട്ടിഫിക്കറ്റ്. അവിടെ ഉണ്ടോയെന്ന് ഒന്നെഴുതിച്ചോദിക്കുകയോ വിളിച്ചുചോദിക്കുകയോ ചെയ്താൽ മതി. പക്ഷേ, അതിനു മിനക്കെടില്ല. അപേക്ഷ നിരസിച്ചുകൊണ്ടു കത്തയയ്ക്കും.

നിരസിക്കലല്ലോ സുഖപ്രദം

മിക്ക അപേക്ഷയും നിരസിച്ചുകൊണ്ട് അപേക്ഷയുടെ മുകളിൽ ‘റിജക്ടഡ്’ എന്ന് എഴുതിവിടുകയാണ് എംജിയിൽ പതിവ്. എന്നാൽ എന്തിനു നിരസിച്ചുവെന്നും ആരെ വന്നു കാണണമെന്നും സൂചിപ്പിക്കാതെയാണ് ഇൗ നിരസിക്കൽ. പ്രഫഷനൽ കോഴ്സുകളുടെ കാര്യം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് എംജി സർവകലാശാലയിൽ ഇത്തരം നിരസിക്കൽ വീരന്മാർ കൂടുതൽ. ഒരു അപേക്ഷയും ഇത്തരത്തിൽ മര്യാദയില്ലാതെ നിരസിക്കാൻ പറ്റില്ലെന്നതാണു സർവകലാശാല ചട്ടം. വിദ്യാർഥിയെ ഇക്കാര്യം വ്യക്തമായി അറിയിച്ച് അവർക്കു പറയാനുള്ളതോ അല്ലെങ്കിൽ അപേക്ഷയിൽ വിട്ടുപോയതോ ഉൾപ്പെടുത്തണം. 14 ദിവസത്തെ സമയം കൊടുത്തു മറുപടി കേട്ടശേഷം മാത്രമേ മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷ നിരസിക്കാനാകൂ. പക്ഷേ, സർവകലാശാലയിൽ ഇൗ പരിപാടിയില്ല. അപേക്ഷ കിട്ടിയാലുടൻ റിജക്ടഡ് എന്ന് എളുപ്പത്തിലെഴുതി തലയൂരാമോയെന്നാണു ചിലർ നോക്കുന്നത്.

ബിഫാം ഫലം നിൽക്കട്ടെ, ആദ്യം എംഫാം പ്രവേശനം

seriy

കേരളത്തിലെ മുഴുവൻ ഫാർമസി ബിരുദവിദ്യാർഥികളുടെയും (ബിഫാം) പരീക്ഷാഫലം വരുന്നതിനു മുൻപുതന്നെ ഉപരിപഠന കോഴ്സായ എംഫാമിനുള്ള പ്രവേശനം ആരോഗ്യ സർവകലാശാല ഒറ്റദിവസംകൊണ്ടു പൂർത്തിയാക്കി. പ്രവേശനച്ചുമതല ഏറ്റെടുത്ത സർക്കാർ സ്വയംഭരണസ്ഥാപനമായ എൽബിഎസ് ആണ് ബി‌ഫാം ബിരുദവിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയത്. ബിഫാമിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു 10 ദിവസം മുൻപുതന്നെ എംഫാമിന്റെ പ്രവേശനവും നടത്തി, ക്ലാസും തുടങ്ങിക്കളഞ്ഞു!

അവസാന വർഷ ബിഫാം വിദ്യാർഥികളിൽനിന്നടക്കം അപേക്ഷകൾ സ്വീകരിക്കുകയും അഖിലേന്ത്യാ പ്രവേശന പരീക്ഷയായ ‘ജി പാറ്റി’ന്റെ അടിസ്ഥാനത്തിൽ വിവിധ അലോട്മെന്റുകളിലായി എംഫാം പ്രവേശനം നടത്തുകയുമാണു പതിവുരീതി. ബിരുദപരീക്ഷയിൽ ലഭിച്ച മ‍ാർക്ക‍് അലോട്മെന്റിനു മുൻപേ കൂട്ടിച്ചേർക്കുകയും ചെയ്യും. എന്നാൽ, ഇത്തവണ പ്രവേശനം നടന്നതു തലകീഴായാണ്. ഓഗസ്റ്റ് ഒന്നിന് എംഫാം ക്ലാസുകൾ തുടങ്ങിയിരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചതായി ചൂണ്ടിക്കാട്ടി നടപടിക്രമങ്ങളൊന്നും പാലിക്കാതെ പ്രവേശനം പൂർത്തിയാക്കി. ഇതോടെ ബിഫാം അവസാനവർഷ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമായി.

കാലിക്കറ്റിലെ കുത്തഴിഞ്ഞ ഡിഗ്രി പ്രവേശനം


കാലിക്കറ്റ് സർവകലാശാലയിലെ കുത്തഴിഞ്ഞ ഡിഗ്രി പ്രവേശന നടപടികളുടെ ഇരയാണു പാലക്കാട് സ്വദേശിനിയായ പതിനെട്ടുകാരി. പ്ലസ്ടുവിനു 95.25% മാർക്ക് കിട്ടിയ കുട്ടിക്ക് ഏകജാലകത്തിലെ ആദ്യ അലോട്മെന്റിൽത്തന്നെ പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ബികോമിനു പ്രവേശനം കിട്ടി. അവിടെ ചേർന്നതോടെ മറ്റ് ഓപ്ഷനുകൾ റദ്ദായി. ജൂലൈ 13നു ക്ലാസും തുടങ്ങി. തുടർ അലോട്മെന്റുകൾ നടക്കുന്നുണ്ടായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുട്ടിയെ പ്രിൻസിപ്പൽ വിളിപ്പിച്ചു. അഞ്ചാം അലോട്മെന്റിൽ മറ്റൊരു വിദ്യാർഥിക്ക് അതേ സീറ്റിലേക്കു സർവകലാശാല പ്രവേശനം നൽകിയെന്നും അതുകൊണ്ടു ടിസി വാങ്ങി പൊയ്ക്കൊള്ളാനുമായിരുന്നു പ്രിൻസിപ്പലിന്റെ നിർദേശം. കുട്ടിയും വീട്ടുകാരും വിഷമത്തിലായി. കുട്ടി പ്രവേശനം നേടിയത് ഒബിഎച്ച് (അദർ ബാക്ക്‌വേഡ് ഹിന്ദു) എന്ന സംവരണവിഭാഗത്തിലായിരുന്നു. കുട്ടിയുടെ രക്ഷിതാവ് സർവകലാശാലയിലെത്തി തിരക്കിയപ്പോൾ ഓപ്പൺവിഭാഗത്തിലേക്ക് അപേക്ഷ മാറ്റണമെന്നും അടുത്ത അലോട്‌മെന്റിൽ എല്ലാം ശരിയാകുമെന്നും ഉപദേശം കിട്ടി. വിക്ടോറിയയിൽത്തന്നെ തുടരാൻ അനുവാദവും നൽകി.

എന്നാൽ, പിന്നീടുള്ള അലോട്മെന്റിൽ കുട്ടിക്കു കിട്ടിയതു സ്വാശ്രയ കോളജ്. അടുത്ത അലോട്മെന്റിനായി കാത്തു. അപ്പോഴും സ്വാശ്രയ കോളജ് തന്നെ. രക്ഷിതാവ് ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും മാർക്കുള്ള കുട്ടിക്ക് എത്രയും വേഗം ഇഷ്ടമുള്ള കോളജിൽ പ്രവേശനം നൽകാൻ കോടതി നിർദേശിച്ചപ്പോൾ സർവകലാശാല വഴങ്ങി. കുട്ടി ഇപ്പോൾ വിക്ടോറിയയിൽ പഠിക്കുന്നു. ഒന്നരമാസം താനും മകളും നേരിട്ട മനഃസംഘർഷത്തിന് ആരു സമാധാനം പറയുമെന്നാണു രക്ഷിതാവു ചോദിക്കുന്നത്.

ഇവിടെ ക്യാമറ വേണ്ട!


കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ചോദ്യക്കടലാസുകൾ സൂക്ഷിക്കുന്ന മുറികളിലെല്ലാം സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു കോളജിൽനിന്ന് ഒരു ജീവനക്കാരൻ ചോദ്യക്കടലാസിന്റെ പകർപ്പെടുത്തു വിറ്റ സംഭവത്തെ തുടർന്നാണു നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ സർവകലാശാല നിർദേശിച്ചത്. കോളജുകൾ സർവകലാശാലയുടെ നിർദേശം പാലിച്ചു. പക്ഷേ, കാലിക്കറ്റിലെ പരീക്ഷാഭവനിലേക്കെത്തിയാൽ ക്യാമറയോ സുരക്ഷയോ ഒന്നുമില്ല. പഴയ ഇസ്‍ലാമിക് ചെയർ കെട്ടിടത്തിലാണ് ഉത്തരക്കടലാസുകൾ കൂട്ടിയിട്ടിരിക്കുന്നത്. സർവകലാശാല സ്വന്തം കാര്യാലയത്തിൽ ക്യാമറ വയ്ക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

കൊണ്ടാലും പഠിക്കില്ല

2007ലെ ബിബിഎ ഡിഗ്രി പരീക്ഷയുടെ 11 പേപ്പറുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിച്ച ആനന്ദ് ജേക്കബ് മാത്യു എന്ന വിദ്യാർഥിയുടെ ഉത്തരക്കടലാസുകൾ കണ്ടെത്താൻ എംജി സർവകലാശാലയ്ക്കു കഴിഞ്ഞില്ല. വിദ്യാർഥി ൈഹക്കോടതിയെ സമീപിച്ചു. കോടതി പറഞ്ഞിട്ടും നഷ്ടപ്പെട്ട പേപ്പർ തിരികെക്കൊടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് 50,000 രൂപ നഷ്ടപരിഹാരമായി സർവകലാശാല വിദ്യാർഥിക്കു നൽകാൻ ഹൈക്കോടതി വിധിച്ചു. ഇതിലൊന്നും സർവകലാശാല പഠിച്ചില്ല. ഇപ്പോഴും ഉത്തരക്കടലാസുകൾ നഷ്ടമാകുന്നു.

അഞ്ചു പേർക്ക് ഉന്നതവിജയം

എംഎ സോഷ്യോളജി തോറ്റ ഏഴു വിദ്യാർഥികളിൽ അഞ്ചുപേർക്കും ഇന്നലെ നടന്ന വിദഗ്ധ സമിതിയുടെ മൂല്യനിർണയത്തിൽ ഉന്നതവിജയം ലഭിച്ചു.സിഎംഎസ് കോളജ് വിദ്യാർഥിനിയായിരുന്ന അക്ഷയ സി. അലക്സിന് രണ്ടാം സെമസ്റ്റർ കണ്ടംപററി തിയറി എന്ന പേപ്പറിന് ആദ്യ മൂല്യനിർണയത്തിൽ തോൽവി പിണഞ്ഞതും പുനർമൂല്യനിർണയത്തിൽ 91 മാർക്കു ലഭിച്ചതും മനോരമ പരമ്പര ചൂണ്ടിക്കാട്ടിയിരുന്നു.

ഇതെ തുടർന്ന് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നേരിട്ടു നടത്തിയ പരിശോധനയിൽ ഏഴ് വിദ്യാർഥികൾക്കും ഇതുപോലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ യഥാർഥ മാർക്കല്ല കിട്ടിയതെന്നു ബോധ്യപ്പെട്ടു. തുടർന്ന് ഇന്നലെ രണ്ടു വിദഗ്ധ അധ്യാപകരടങ്ങുന്ന സമിതിയെ സർവകലാശാലയിൽ വരുത്തി അക്ഷയയുടേതുൾപ്പെടെ ഏഴു വിദ്യാർഥികളുടെ ഉത്തരക്കടലാസും അടിയന്തര പുനർമൂല്യനിർണയം നടത്തി. ഇതിൽ അക്ഷയ സി.അലക്സിന്റെ 40 മാർക്ക് ഇരട്ടിയായി, 80 മാർക്കാണു ലഭിച്ചത്. 13 മാർക്ക് കിട്ടിയ മറ്റൊരു വിദ്യാർഥിക്ക് 58 ആയി. 18 കിട്ടിയ വിദ്യാർഥിക്ക് 54 മാർക്കായി ഉയർന്നു. 20 മാർക്കു കിട്ടിയ വിദ്യാർഥിക്ക് 46 മാർക്കും, 56 മാർക്ക് നേടിയ കുട്ടിക്ക് ഇന്നലത്തെ പരിശോധനയിൽ നൂറിൽ 97 മാർക്കുമാണു ലഭിച്ചത്.

സിൻഡിക്കറ്റിന്റെ പ്രത്യേക യോഗം ഇന്ന്

എംജി സർവകലാശാലയിലെ മൂല്യനിർണയത്തിലുണ്ടാകുന്ന ഗുരുതര പാളിച്ചയിൽ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുന്ന സംഭവം ഇനി ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികളാലോചിക്കാൻ ഇന്നു പ്രത്യേക സിൻഡിക്കറ്റ് യോഗം ചേരുന്നു. മൂല്യനിർണയത്തിലെ പാളിച്ചകളും വിദ്യാർഥികളുടെ ദുരനുഭവവും വെളിപ്പെടുത്തുന്ന മനോരമ പരമ്പരയുടെ പശ്ചാത്തലത്തിലാണ് യോഗമെന്നു പരീക്ഷാ വിഭാഗം സിൻഡിക്കറ്റ് ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു.

സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ. ഹരികുമാർ, പി.കെ. പത്മകുമാർ, ഡോ. പി. കൃഷ്ണദാസ്, ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, ഡോ. പ്രവീൺകുമാർ. ഡോ. കെ. അലക്സാണ്ടർ എന്നിവരാണ് ഇന്നു ചേരുന്ന അടിയന്തര സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ ഇപ്പോഴുള്ള ശിക്ഷാ നടപടികൾ പുനഃപരിശോധിച്ച് പിഴയുൾപ്പെടെ ഉയർത്തിക്കൊണ്ടുള്ള പുതിയ ശുപാർശകൾ സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുന്നോട്ടുവയ്ക്കും.

Your Rating: