Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മുങ്ങൽ വിദഗ്‌ധർ’ ഒട്ടേറെ

university-series-image-09

കേരള സർവകലാശാലയിലെ ചില സെക്‌ഷനുകളിൽ ജീവനക്കാർക്ക് ഒരു മണിക്കൂർ ചെയ്യാനുള്ള ജോലിയേയുള്ളൂവെന്നു പറയുന്നതു സർവകലാശാലയിലെതന്നെ ഉന്നതരാണ്. പക്ഷേ, ഇതു കൃത്യമായി അവർ ചെയ്യുന്നുണ്ടോ?

പഞ്ചിങ് വന്നതോടെ കാര്യങ്ങൾ മെച്ചപ്പെട്ടുവെന്നാണു ധാരണയെങ്കിൽ തെറ്റി. ഭർത്താവിന്റെകൂടെ ബൈക്കിൽ എത്തി സർവകലാശാലാ ഓഫിസിനു മുന്നിൽ പഞ്ച് ചെയ്‌തശേഷം ഷോപ്പിങ്ങിനായി നഗരം ചുറ്റുന്ന ജീവനക്കാരികളുണ്ട്. കാര്യവട്ടത്ത് ഓട്ടോറിക്ഷയിലെത്തുന്ന ചില ജീവനക്കാർ പഞ്ച് ചെയ്‌തശേഷം അതേ ഓട്ടോറിക്ഷയിൽത്തന്നെ സ്‌ഥലംവിടുന്നു.

ഉച്ചയ്‌ക്കു വീട്ടിലോ പുറത്തോ പോയി ഊണുകഴിക്കുന്നവർ, ചായകുടിയുടെ പേരിൽ മുങ്ങുന്നവർ, മൂന്നുമണിക്കു കുട്ടികളെ സ്‌കൂളിൽനിന്നു വിളിച്ചുകൊണ്ടു വന്ന് ഓഫിസിൽ ഇരുത്തുന്നവർ തുടങ്ങി വിവിധ തരക്കാരായ ജീവനക്കാരെക്കൊണ്ടു ‘സമ്പന്നമാണ്’ കേരള സർവകലാശാല. പഞ്ച് ചെയ്യുന്നവർ അവിടെ ഇരുന്നു ജോലിചെയ്യുന്നുണ്ടോ എന്നു നോക്കാൻ ആരുമില്ല. ഒരു വിഭാഗം ഉഴപ്പുമ്പോഴും കൃത്യമായി ജോലിചെയ്യുന്ന കുറെ ജീവനക്കാരുള്ളതുകൊണ്ടാണു സർവകലാശാലയിലെ കാര്യങ്ങൾ നടന്നുപോകുന്നത്.

പഞ്ചിങ് മെഷീൻ സ്ഥാപിക്കാൻ എംജി സർവകലാശാലയിൽ ചെലവായത് 50 ലക്ഷം രൂപയാണ്. 75 പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചു. ആദ്യം ജീവനക്കാരുടെ ചില സംഘടനകൾ ഒറ്റക്കെട്ടായി എതിർത്തു. ചിലതൊക്കെ കേടാക്കി. പിന്നെ സംഘടനാ നേതാക്കളുമായി ചർച്ചകളോടു ചർച്ച. തീരുമാനം ഇതായിരുന്നു: പഞ്ചിങ് നടന്നോട്ടെ; പക്ഷേ, ആ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ പിന്നീടു മതി. ഘട്ടംഘട്ടമായി മതിയത്രേ. ഒരു വർഷത്തിലേറെയായി ഇൗ ചർച്ചകൾ. പഞ്ചിങ് ഇപ്പോഴും തോന്നുംപടിയാണ്.

മറ്റ് ഓഫിസുകളിലൊന്നുമില്ലാത്ത ഓഫിസ് ക്രമമാണ് എംജി സർവകലാശാലയിൽ – രാവിലെ 10.30 മുതൽ വൈകിട്ടു 4.45 വരെ. ഉച്ചയ്ക്കു 30 മിനിറ്റ് മാത്രമാണ് ഇടവേള. കാലടി സംസ്കൃത സർവകലാശാലയിൽ പഞ്ചിങ് മെഷീൻ സ്ഥാപിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. പക്ഷേ, ഇതുവരെ അതു പ്രവർത്തനക്ഷമമായിട്ടില്ല. പ്രധാന എതിർപ്പ് ഇടത് അനുകൂല അധ്യാപക സംഘടനയുടേതാണ്. പഞ്ചിങ്ങിനു തയാറല്ലെന്നതാണ് അവരുടെ നിലപാട്. അധ്യാപകർക്കു കൃത്യസമയം പാലിക്കാൻ സാധിക്കില്ലെന്നും റിസർച് ഗൈഡ് കൂടിയായതിനാൽ പലപ്പോഴും കൃത്യസമയത്ത് ഓഫിസിലെത്താനും പോകാനും സാധിക്കില്ലെന്നുമാണ് ഇവരുടെ വാദം. ഇടത് അനുകൂല അനധ്യാപക സംഘടനയാകട്ടെ, പഞ്ചിങ്ങിന് അനുകൂല നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

നിഷ്ഫലം ഈ ഫലം!

പരീക്ഷതന്നെ വളരെ താമസിച്ചു നടത്തുന്ന എംജി സർവകലാശാല ഫലം പറയുന്നതും വളരെ വൈകിയാണ്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു മറ്റൊരിടത്തും സമയത്തു തുടർപഠനത്തിനോ ജോലിക്കോ പോകാൻ സാധ്യമല്ലാത്ത രീതിയിലാണു കാര്യങ്ങൾ നടക്കുന്നത്. ഫലം വന്നാൽത്തന്നെ സർട്ടിഫിക്കറ്റ് നൽകൽ ആറുമാസത്തിനുള്ളിൽ നടക്കണമെന്നാണു സർവകലാശാലാ ചട്ടം. എന്നാൽ, രണ്ടു വർഷമായാലും സർട്ടിഫിക്കറ്റ് ലഭിക്കാറില്ലെന്നതാണ് ഇപ്പോഴത്തെ നില.

ജോലിക്കും മറ്റും അപേക്ഷിക്കാനോ ഇന്റർവ്യൂവിനു ഹാജരാക്കാനോ അത്യാവശ്യമായി വന്നാൽ സർട്ടിഫിക്കറ്റ് െപട്ടെന്നു കിട്ടുക ലക്ഷ്യമിട്ടാണു സർവകലാശാലയിൽ ‘ഫാസ്റ്റ് ട്രാക്ക്’ സംവിധാനം കൊണ്ടുവന്നത്. സർവകലാശാലയ്ക്ക് അധികവരുമാനം നൽകുന്നതോടൊപ്പം അത്യാവശ്യക്കാർക്കു സർട്ടിഫിക്കറ്റ് പെട്ടെന്നു കിട്ടുകയും ചെയ്യുമെന്ന നിലയിൽ നിയമം കൊണ്ടുവന്നു. സർട്ടിഫിക്കറ്റ് കിട്ടാൻ ഫാസ്റ്റ് ട്രാക്കിൽ അപേക്ഷിക്കാൻ ഫീസ് 950 രൂപയാണ്. ആദ്യം പത്തു ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് അപേക്ഷകനു കിട്ടണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് അതിൽ വെള്ളം ചേർത്തു പത്തു പ്രവൃത്തിദിവസം എന്നു മാറ്റി. പിന്നീടിപ്പോൾ 30 ദിവസമെന്നാണു കണക്ക്. പത്തു ദിവസമായിരുന്നപ്പോഴും ഇപ്പോഴും ഫാസ്റ്റ് ട്രാക്കിൽ അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് കിട്ടാൻ ഏഴുമുതൽ പത്തു മാസംവരെ എടുക്കുന്നു.

മാർക്ക് വേറെ ആർക്കോ ! 

2014 നവംബറിൽ കോട്ടയം അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സർവകലാശാല നടത്തിയ ബികോം ആദ്യ സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മാർക്കുകളിൽ അസ്വാഭാവികമായ വ്യതിയാനം കണ്ടതിനെ തുടർന്ന് 27 വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി. അവർ എഴുതിയ ഉത്തരക്കടലാസല്ല മൂല്യനിർണയം നടത്തിയതെന്നാണ് ആ വിദ്യാർഥികൾക്കു കിട്ടിയ മറുപടി. ഉത്തരക്കടലാസ് മാറിയെന്നു ബോധ്യമായതോടെ പരീക്ഷയെഴുതിയ 80 പേരുടെയും ഫലം റദ്ദാക്കി. സർവകലാശാല അന്വേഷണ കമ്മിഷനെ വച്ചു. ഇതുവരെ കാരണം കണ്ടെത്തിയിട്ടില്ല.

ഉത്തരക്കടലാസ് വയ്ക്കും, ചോർന്നൊലിക്കുന്നിടത്ത്

2013ൽ എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷയെഴുതിയ ബിഎ, ബിഎസ്‌സി, ബികോം വിദ്യാർഥികളുടെ പാർട്ട്–ഒന്ന് ഇംഗ്ലിഷ് സപ്ലിമെന്ററി പരീക്ഷയുടെ 324 ഉത്തരക്കടലാസുകൾ എംജി സർവകലാശാലയിൽനിന്നു കാണാതെപോയി. ഓരോ ഉത്തരക്കടലാസും ഓരോ വിദ്യാർഥിയുടെ ഭാവിയാണെന്ന ചിന്തയൊന്നും സർവകലാശാലയ്ക്ക് ഉള്ളതായി തോന്നുന്നില്ല. 324 ഉത്തരക്കടലാസുകൾ പോയതിനു രണ്ടു സെക്‌ഷൻ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. പിന്നീടു തെളിവില്ലെന്നു പറഞ്ഞ് ഇവരെ തിരിച്ചെടുത്തു.

ഉത്തരക്കടലാസുകൾ കണ്ടെടുക്കാനാകാതെ വന്നതോടെ ആ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തി. ഉത്തരക്കടലാസ് സൂക്ഷിക്കുന്നതിലെ സൂക്ഷ്മതക്കുറവ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടു ചെറുതല്ല. കോലാഹലങ്ങൾ കെട്ടടങ്ങിയെങ്കിലും സർവകലാശാല പാഠം പഠിച്ചില്ല. പിന്നീടിങ്ങോട്ടു രണ്ടു വർഷങ്ങളിൽത്തന്നെ 15 വിദ്യാർഥികളുടെ വിവിധ വിഷയങ്ങളിലെ ഉത്തരക്കടലാസുകൾ വീണ്ടും നഷ്ടപ്പെട്ടു. ഉത്തരക്കടലാസുകൾ കാണാതാകുമ്പോൾ പ്രശ്നം ഒതുക്കാനായി പരീക്ഷാ ഫീസ് അടപ്പിക്കാതെ സൗജന്യമായി ഒന്നുകൂടി വിദ്യാർഥികളെകൊണ്ടു പരീക്ഷയെഴുതിച്ചു തലയൂരുകയാണു സർവകലാശാല ചെയ്യുന്നത്. കൂടാതെ സിൻഡിക്കറ്റ് തലത്തിൽ ഒരു അന്വേഷണ സമിതിയെ വയ്ക്കും. പക്ഷേ, ഇന്നുവരെ ഉത്തരവാദികളെ കണ്ടെത്തി ഒരു ശിക്ഷാനടപടിയും സർവകലാശാല എടുത്തിട്ടില്ലെന്നു സർക്കാരിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തി.

സർവകലാശാലയിൽ മൂല്യനിർണയത്തിനു നൽകാനുള്ളതും മൂല്യനിർണയത്തിനുശേഷം ലഭിച്ചതുമായ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനു കേന്ദ്രീകൃത സംവിധാനമോ അടിസ്ഥാന സൗകര്യമോ ഇല്ലെന്ന് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തു. ഇതിനു ഫോട്ടോ സഹിതമുള്ള തെളിവും ഓഡിറ്റ് വിഭാഗം സർക്കാരിനു സമർപ്പിച്ചു. ചോർന്നൊലിക്കുന്ന, ചിതലരിക്കുന്ന മുറികളിൽ തറകളിലാണ് ഉത്തരക്കടലാസുകൾ വച്ചിരിക്കുന്നത്. 

ബിരുദദാനം കഴിഞ്ഞിട്ട് ഏഴു മാസം, സർട്ടിഫിക്കറ്റില്ല

ആരോഗ്യ സർവകലാശാലയിലെ ആദ്യ എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നതു കഴിഞ്ഞ ഫെബ്രുവരിയിലാണ്. പക്ഷേ, സർട്ടിഫിക്കറ്റ് വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. കുറച്ചു വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് നൽകിയെന്നു സർവകലാശാല പറയുന്നുണ്ടെങ്കിലും ഇല്ലെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു കിട്ടിയിട്ടില്ലെന്നാണു കാരണം പറയുന്നത്. 

കെടുകാര്യസ്ഥതയുടെ കഥകൾക്കു പഞ്ഞമില്ല. ഇവയെല്ലാം കേൾക്കുമ്പോഴും ജനം പ്രതീക്ഷ കൈവിടുന്നില്ല. ഭാവിയിലെങ്കിലും സർവകലാശാലകൾ മികവിന്റെ ളിച്ചവുമായി വരുമെന്നാണ് അവർ കരുതുന്നത്. പരീക്ഷാഫലത്തിനും സർട്ടിഫിക്കറ്റിനുമുള്ള കാത്തിരിപ്പുപോലെ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പ്.

Your Rating: