Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയോടെ ഇരുപക്ഷവും

hillary-and-trump-22

അമേരിക്കയിൽ ഈ മാസം 11ന് ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ മൊബൈൽ ഫോണിൽ ന്യൂസ് അലർട്ടിൽ വന്ന ഒരു വിഡിയോ ഞങ്ങളെയെല്ലാം ആകാംക്ഷാഭരിതരാക്കി. കുഴഞ്ഞുവീണ ഹിലറി ക്ലിന്റനെ സുരക്ഷാ ഉദ്യോഗസ്ഥർ വാനിലേക്ക് എടുത്തുകൊണ്ടുപോകുന്നതായിരുന്നു അത്. ഹിലറിക്കു ന്യുമോണിയ ബാധിച്ചിരുന്നുവെന്ന് പിറ്റേന്ന് അവരുടെ ഡോക്ടർ അറിയിച്ചു. 

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആറാഴ്ചയോളം മാത്രം ബാക്കിയുള്ളപ്പോൾ ഹിലറിയുടെ ആരോഗ്യസ്ഥിതിയും എതിർ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവർ അപലപനീയരാണെന്ന അവരുടെ ആക്ഷേപവും ട്രംപിന് പ്രചാരണരംഗത്തു കുതിപ്പു നൽകിയിട്ടുണ്ട്. എതിരാളിയെ പിന്തുണയ്ക്കുന്നവരെ അപഹസിക്കുന്നതു തിരഞ്ഞെടുപ്പിൽ ഒരിക്കലും ഗുണകരമല്ല. അവരാണല്ലോ മനസ്സുമാറ്റി പക്ഷം മാറേണ്ടത്. ഹിലറി പിന്നീടു തന്റെ പ്രസ്താവനയിൽ മാപ്പപേക്ഷ നടത്തിയിരുന്നു.

ഔദ്യോഗിക ഇ–മെയിൽ ആവശ്യത്തിനായി സ്വകാര്യ സർവർ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ഇ–മെയിൽ വിവാദം, സർക്കാർ കുറ്റവിമുക്തയാക്കിയിട്ടുണ്ടെങ്കിലും, അവരെ വിടാതെ പിന്തുടരുന്നുണ്ട്. അവസാനം നടന്ന അഭിപ്രായവോട്ടിൽ ഹിലറി എതിരാളിയെക്കാൾ മൂന്ന് – നാല് പോയിന്റ് മുന്നിലാണ്. ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രധാനമായും ഹിലറി ക്ലിന്റനും ഡോണൾഡ് ട്രംപും തമ്മിൽ നേരിട്ടുള്ള ഏറ്റ‌ുമുട്ടലാണെങ്കിലും ഇരുവരുടെയും വിജയത്തിനു വിലങ്ങുതടിയാകാൻ പ്രാപ്തരായ ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തുണ്ട്. 8 –10 % വോട്ടർമാരുടെ പിന്തുണ ലഭിക്കാനിടയുള്ള ലിബർട്ടേറിയൻ പാർട്ടിയുടെ ഗാരി ജോൺസൻ, രണ്ട് – മൂന്ന് ശതമാനം വോട്ടു ലഭിച്ചേക്കാവുന്ന ജിൽ സ്റ്റെയ്ൻ എന്നിവരാണവർ. അമേരിക്കക്കാർക്ക് ഇനിയും ഉത്തരം കണ്ടെത്താനാവാത്ത ഒരു ചോദ്യമുണ്ട്: ട്രംപിന് എങ്ങനെ ഇത്രമാത്രം പിന്തുണ നേടാനായി?

‘ക്ലിന്റൻ ട്രസ്റ്റ്’ സംബന്ധമായ വിവാദങ്ങളും വമ്പൻ കമ്പനികളുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഉണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പ് ഹിലറിക്ക് എളുപ്പമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. അമേരിക്കയ്ക്കു ഹിലറി ക്ലിന്റനെ പൂർണമായും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല, ചിലപ്പോൾ ഒരിക്കലും കഴിയില്ലായിരിക്കും. എങ്കിലും, അടുത്ത ആറാഴ്ചകളിൽ ആത്മഹത്യാപരമായതൊന്നും അവർ ചെയ്തില്ലെങ്കിൽ നവംബർ എട്ടിലെ വോട്ടെടുപ്പിൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ ആവശ്യമായ വോട്ട് അവർക്കു ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷ.

പൊതുവേദിയിൽ കുഴഞ്ഞുവീണു പ്രശ്നമാകുന്നതിനു മുൻപു തന്നെ തനിക്കു ന്യുമോണിയ ഉണ്ടെന്ന കാര്യം അവർക്കു വെളിപ്പെടുത്താമായിരുന്നു. പക്ഷേ, അവരതു മറച്ചുവച്ചു. പ്രസിഡന്റ് സ്ഥാനാർഥിയിൽ നിന്നു സുതാര്യത പ്രതീക്ഷിക്കുന്നവരാണു യുഎസിലെ വോട്ടർമാർ. അമേരിക്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടേറെ പുതുമകളാകുന്ന തിരഞ്ഞെടുപ്പാണിത്: ആളുകളെ ഹരം പിടിപ്പിക്കുന്ന പ്രചാരണം, എതിരാളിയെ രൂക്ഷമായി ആക്രമിക്കുന്ന വ്യക്തിപരമായ ആരോപണങ്ങൾ, പച്ചക്കള്ളങ്ങൾ, റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് എതിർപക്ഷ സ്ഥാനാർഥിക്ക് അർധമനസ്സോടെ പിന്തുണ... ഇങ്ങനെ വിശകലനം ചെയ്യാൻ ഏറെ പ്രയാസമുള്ള കാര്യങ്ങളാണു നടക്കുന്നത്.

കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന സ്ഫോടനവും ആകാംക്ഷ വർധിപ്പിക്കുന്നു. ഇരു സ്ഥാനാർഥികളും ഭീകരതയ്ക്കെതിരെ കടുത്ത നടപടിയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇത്തരം ആക്രമണങ്ങൾ തടയാനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ച് ആർക്കും പദ്ധതിയില്ല.

thrump-and-hillary-23

ചരിത്രത്തിലെ ഏറ്റവും ആവേശകരമായേക്കാവുന്ന ടിവി സംവാദത്തിനു തിങ്കളാഴ്ച ഹിലറിയും ട്രംപും തുടക്കം കുറിക്കുകയാണ്. ഇരുവരും അൽപം പോലും വിട്ടുകൊടുക്കാനിടയില്ല. മാത്രമല്ല വായിൽവരുന്നതു വിളിച്ചുപറയുന്ന രീതിയാണു ട്രംപിനുള്ളത്. ഏറ്റവും കൂടുതൽ പേർ കാണുന്ന ടിവി പരിപാടിയാകും ഇത്. ഈ നാലു സംവാദങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനമാവും തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുകയെന്നും പറയുന്നു.

ഹിലറി കുഴഞ്ഞു വീണ സംഭവം ഉണ്ടാകുന്നതിനു മുൻപുതന്നെ അവരുടെ മാനസികവും ശാരീരികവുമായ കരുത്തിനെ ട്രംപ് ചോദ്യംചെയ്തിരുന്നു. അവർക്കു ഗുരുതരമായ രോഗമുണ്ടെന്നും അവരതു മറച്ചുവയ്ക്കുകയാണെന്നുമാണു ട്രംപ് പറയാനുദ്ദേശിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സത്യമൊന്നുമില്ലെന്ന് ഇതുവരെ വ്യക്തമാണ്. പ്രസിഡന്റ് ഒബാമ അമേരിക്കയിൽ ജനിച്ചയാളാണെന്നു കഴിഞ്ഞയാഴ്ചയാണു ട്രംപ് അംഗീകരിച്ചത്. ഏറെ വർഷങ്ങളായി ട്രംപ് ചോദ്യംചെയ്തിരുന്ന കാര്യമാണിത്. ഹിലറിയുടെ സീക്രട്ട് സർവീസ് ഏജന്റുമാരെ ഉടൻ ഒഴിവാക്കണമെന്നാണു മറ്റൊരു ആവശ്യം, അല്ലെങ്കിൽ അവർ വധിക്കപ്പെട്ടേക്കുമെന്നാണു ട്രംപ് നൽകുന്ന പരോക്ഷ സൂചന.

സത്യത്തെ വളച്ചൊടിക്കുന്നതിലും തെറ്റായി ധരിപ്പിക്കുന്നതിലും പറഞ്ഞതു മാറ്റിപ്പറയുന്നതിലും അവസരോചിതമായി നിലകൊള്ളുന്നവരാണു രാഷ്ട്രീയക്കാർ. ട്രംപിനാകട്ടെ നുണയല്ലാതെ മറ്റൊന്നും പറയാനില്ലെന്നു തോന്നും. യഥാർഥ ലോകത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണു ട്രംപിന്റെ ലോകം. അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ വസ്തുത പരിശോധിച്ചു സത്യം വെളിപ്പെടുത്തുന്ന മികച്ച ജോലി അമേരിക്കയിലെ മാധ്യമങ്ങൾ നന്നായി ചെയ്യുന്നു. ഇതൊന്നും അതിശയോക്തി കലർന്ന പുതിയ കഥകൾ ഉണ്ടാക്കി പറയുന്നതിൽ നിന്നു ട്രംപിനെ വിലക്കുന്നില്ല.

മെക്സിക്കോക്കാർ മാനഭംഗക്കാരും കൊലയാളികളുമാണെന്ന് അധിക്ഷേപിച്ച ട്രംപ് കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടു കഴിഞ്ഞ മാസം മെക്സിക്കോയുടെ പ്രസിഡന്റിനെ കാണാൻ പോയി. യുഎസിലെ മെക്സിക്കൻ വംശജരുടെ പിന്തുണ തേടാനുള്ള ഈ ശ്രമം പക്ഷേ, ഏറെ വൈകിപ്പോയെന്നാണു വിലയിരുത്തൽ.

വിഭാഗീയതയും സമുദായസ്പർധയുമെല്ലാം തനിക്കു ഗുണകരമാകുംവിധം ഉപയോഗപ്പെടുത്തുന്ന തിരഞ്ഞെടുപ്പു തന്ത്രമാണു ട്രംപ് പിന്തുടരുന്നത്. സ്വന്തം പ്രസ്താവനകൾ എത്രതവണ വേണമെങ്കിലും മാറ്റിപ്പറയാൻ അദ്ദേഹത്തിനു മടിയില്ല. പ്രചാരണത്തിന്റെ തുടക്കത്തിൽ മുസ്‍ലിംകളെ അമേരിക്കയിൽ വിലക്കുന്നതു സംബന്ധിച്ച് അദ്ദേഹം പറഞ്ഞിരുന്നു. വിമർശനം ശക്തമായപ്പോൾ, തീവ്രവാദം പിന്തുടരുന്നവരെ അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്നു തന്റെ വാക്കുകൾ മയപ്പെടുത്തി. അമേരിക്കയെ സംബന്ധിച്ച തന്റെ വ്യത്യസ്തമായ നിലപാടുകൾക്കു വേണ്ടത്ര പിന്തുണയുണ്ടെന്നും വൈറ്റ്ഹൗസിലെത്താൻ അതു തന്നെ സഹായിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കുടിയേറ്റം സംബന്ധിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ‘ചൂതാട്ടം’. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ നാടുകടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. ലോകമെങ്ങും നിന്നുള്ള കഠിനാധ്വാനികളായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്തു പുരോഗതിയിലേക്കു കുതിക്കുന്ന അമേരിക്കയുടെ രീതികൾക്കു വിരുദ്ധമാണിത്.

അമേരിക്കയുടെ ഇപ്പോഴത്തെ വ്യാപാരനയം രാജ്യതാൽപര്യങ്ങൾക്കു ഗുണകരമല്ലെന്നും അദ്ദേഹം പറയുന്നു. അതുപോലെ, അമേരിക്ക ലോക പൊലീസാവുന്നതിനെയും അദ്ദേഹം എതിർക്കുന്നു. ട്രംപ് സർവകലാശാലയിലൂടെ കോടിക്കണക്കിനു ഡോളറിന്റെ തട്ടിപ്പു നടത്തിയ കേസ് പരിഗണിക്കുന്ന മെക്സിക്കൻ – അമേരിക്കൻ ജഡ്ജിയെയും അദ്ദേഹം വിമർശിക്കുന്നു.

അമേരിക്കയിലെ കൂടുതൽ പേരും ട്രംപ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ട്രംപ് വിതറിയ വിദ്വേഷത്തിന്റെയും ഭീതിയുടെയും വിഷവിത്തുകൾ തിരഞ്ഞെടുപ്പിനുശേഷവും ബാക്കിയാവും. അമേരിക്കൻ സമൂഹത്തിലെ സാമൂഹികവും, വംശീയവും, സാംസ്കാരികവും, സാമ്പത്തികവുമായ വിഭാഗീയതകളെ അദ്ദേഹം മുഖ്യധാരയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഇതിൽനിന്നെല്ലാം അമേരിക്കയെ മോചിപ്പിക്കാൻ അടുത്ത പ്രസിഡന്റ് ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.