Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊണ്ടും കൊടുത്തും യുഎസ് സ്ഥാനാർഥി സംവാദം

USA-ELECTION/DEBATE

ഹൃദയം കവർന്നത് ഹിലറി

ഔദ്യോഗികാവശ്യങ്ങൾക്കു സ്വകാര്യ ഇ മെയിൽ ഉപയോഗിച്ചതു തെറ്റായിപ്പോയെന്നു ഹിലറി ക്ലിന്റൻ തുറന്നു സമ്മതിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള സ്ഥാനാർഥി സംവാദത്തിലാണു ചോദ്യത്തിനു മറുപടിയായി ഹിലറിയുടെ കുറ്റസമ്മതം. കോടിക്കണക്കിന് അമേരിക്കൻ വോട്ടർമാർ തൽസമയം കണ്ട ചൂടേറിയ സംവാദത്തിൽ കൊണ്ടും കൊടുത്തുമാണ് ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറിയും റിപ്പബ്ലിക്കൻ എതിരാളി ഡോണൾ‍ഡ് ട്രംപും മുന്നേറിയത്. സംവാദത്തിൽ ഹിലറി മേൽക്കൈ നേടിയെന്നു വിവിധ സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.

വംശീയവാദിയും സ്ത്രീവിരുദ്ധനും നികുതിവെട്ടിപ്പുകാരനുമായ ട്രംപിന്റെ കയ്യിൽ അമേരിക്കയുടെ സുരക്ഷ ഏൽപിക്കാൻ കഴിയുമോ എന്നാണു ഹിലറി സംവാദത്തിൽ പ്രധാനമായും ചോദിച്ചത്. അമേരിക്കയിലെ തൊഴിലവസരങ്ങൾ വിദേശരാജ്യക്കാർ കയ്യടക്കുന്നുവെന്നതായിരുന്നു ട്രംപ് ഉയർത്തിയ പ്രധാന വിഷയം. ന്യൂയോർക്കിനു സമീപം ഹെംപ്സ്റ്റഡിലെ ഫോഫ്സ്ട്ര യൂണിവേഴ്സിറ്റിയാണു സംവാദവേദിയായത്. സംവാദത്തിൽ നിന്ന്...

∙ സാമ്പത്തികം‌‌/തൊഴിലവസരം

ട്രംപ്: ‘‘ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കൻ ജനതയുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുകയാണ്. ഇതു തടയാനുള്ള നടപടികൾ സ്വീകരിക്കും. നികുതി ഇളവു നൽകി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നതു തടയും’’

ഹിലറി: ‘‘പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ്‌വ്യവസ്ഥയാണു സ്വപ്നം. സ്ത്രീകൾക്കു തുല്യവേതനം, അടിസ്ഥാനവേതനത്തിൽ വർധന എന്നിവയുണ്ടാകും. ഞാൻ സാധാരണക്കാർക്കു വേണ്ടിയാണു നിലകൊള്ളുന്നത്. എതിർസ്ഥാനാർഥി പണക്കാരെ സംരക്ഷിക്കാനും’’

∙ സൈനിക ഇടപെടലുകൾ

ട്രംപ്: ‘‘ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാൻ എന്തു പദ്ധതിയാണു ഹിലറിക്കുള്ളത്? ഇറാഖിൽ അമേരിക്കൻ സൈന്യം പോകാൻ പാടില്ലായിരുന്നു. പോയ സൈന്യം ഇറാഖിൽനിന്നു മടങ്ങിയപ്പോഴുണ്ടായ ശൂന്യതയിലാണ് ഐഎസ് വളർന്നത്.

ഒബാമയും ഹിലറിയുമാണ് അവരെ സൃഷ്ടിച്ചത്. കറുത്തവർഗക്കാരോടു മാറിമാറി വന്ന സർക്കാരുകൾ അനീതി കാണിച്ചു’’. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നു ട്രംപ് ആരോപിച്ചു.

ഹിലറി: ‘‘ഐഎസിനെ തോൽപിക്കാൻ വ്യക്തമായ പദ്ധതി ഞാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാഖ് അധിനിവേശത്തിന്റെ കാര്യത്തിൽ ട്രംപ് ആടിക്കളിക്കുകയാണ്. അദ്ദേഹം ആദ്യം അധിനിവേശത്തെ അനുകൂലിക്കുകയായിരുന്നു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണു കറുത്തവർഗക്കാരെ അസ്വസ്ഥരാക്കുന്നത്’’.

∙ ആരോഗ്യം

ഡോണൾഡ് ട്രംപ്: ‘‘അവർക്ക് ആരോഗ്യമില്ല. യുഎസ് പ്രസിഡന്റാകാനുള്ള പ്രാപ്തിയും ബലവുമില്ല’’

ഹിലറി ക്ലിന്റൻ: ‘‘അദ്ദേഹം 112 രാജ്യങ്ങൾ സന്ദർശിക്കട്ടെ, ചർച്ചകൾ നടത്തട്ടെ, സമാധാന ഉടമ്പടിയും വെടിനിർത്തൽ കരാറും ഒപ്പുവയ്ക്കട്ടെ, അല്ലെങ്കിൽ 11 മണിക്കൂർ കോൺഗ്രസ് സമിതിയുടെ മുൻപിൽ മൊഴിനൽകട്ടെ... ഇതെല്ലാം ചെയ്തിട്ട് ആരോഗ്യത്തെക്കുറിച്ചും കരുത്തിനെക്കുറിച്ചും അദ്ദേഹം സംസാരിക്കട്ടെ’’ (വിദേശ സെക്രട്ടറിയായിരിക്കെ താൻ നടത്തിയ പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട്)

∙ നികുതി, ഇ മെയിൽ

ഹിലറി: ‘‘അദ്ദേഹം നികുതിവെട്ടിപ്പുകാരനാണ്. അദ്ദേഹം നികുതിവിവരങ്ങൾ പുറത്തുവിടാത്തതെന്തുകൊണ്ടാണ്? ഒന്നുകിൽ അദ്ദേഹം പറയുന്നതുപോലെ ധനികനല്ല. അല്ലെങ്കിൽ അദ്ദേഹം അവകാശപ്പെടുന്നതുപോലെ കാരുണ്യപ്രവർത്തനമൊന്നും നടത്തുന്നില്ല. അതുമല്ലെങ്കിൽ ഇതുവരെ അദ്ദേഹം നികുതിയൊന്നും അടച്ചിട്ടില്ല’’

ട്രംപ്: ‘‘നിങ്ങൾ മായ്ച്ചുകളഞ്ഞ 33,000 സ്വകാര്യ ഇ–മെയിലുകൾ പുറത്തുവിടൂ. അപ്പോൾ ഞാൻ എന്റെ ടാക്സ് വിവരങ്ങളും പരസ്യമാക്കാം’’
(ഈ വിഷയത്തിൽ ഇരുവരും തമ്മിൽ ചൂടേറിയ വാദപ്രതിവാദമുണ്ടായി)

∙ തയാറെടുപ്പ്

ട്രംപ്: ‘‘അവരെ സൂക്ഷിക്കണം, അവർ തയാറായിട്ടാണു വന്നത്, അവർ ഈ സംവാദത്തെ ഹൈജാക്ക് ചെയ്യും’’

ഹിലറി: ‘‘അതെ ഞാൻ തയാറെടുത്തുതന്നെയാണു വന്നത്; പക്ഷേ സംവാദത്തിനല്ല, പ്രസിഡന്റാകാനാണു ഞാൻ തയാറെടുത്തത്’’

∙ സ്ത്രീ

ഹിലറി: ‘‘അദ്ദേഹം സ്ത്രീവിരുദ്ധനാണ്. വംശീയവാദിയാണ്. ഒബാമ അമേരിക്കൻ പൗരനല്ലെന്ന ട്രംപിന്റെ ആരോപണം യുഎസ് പ്രസിഡന്റിനു വലിയ ബുദ്ധിമുട്ടുണ്ടാക്കി’’

ട്രംപ്: ‘‘ഹിലറിക്ക് അനുഭവപരിചയമുണ്ട്, പക്ഷേ അതു മോശം അനുഭവപരിചയമാണ്. രാജ്യത്തിന് ഇനിയും നാലുവർഷം ഈ മോശം അനുഭവമുണ്ടാകാൻ പാടില്ല’’

ചിരിച്ച് ഹിലറി, കലിപൂണ്ട് ട്രംപ്

സംവാദത്തിലുടനീളം ഹിലറി പുഞ്ചിരിച്ചുകൊണ്ടാണു നിന്നത്. എന്നാൽ ട്രംപ് അസ്വസ്ഥനും ദേഷ്യംപിടിച്ചും കാണപ്പെട്ടു. ഹിലറിയെ ഇടയ്ക്കിടെ ട്രംപ് തടസ്സപ്പെടുത്താൻ ശ്രമിച്ചു. പലതവണ അദ്ദേഹം വെള്ളം കുടിക്കുകയും ചെയ്തു. തനിക്കു മോശം മൈക്കാണു നൽകിയതെന്നു ട്രംപ് പിന്നീടു പരാതിപ്പെട്ടു.

നുണക്കൂമ്പാരവുമായി ട്രംപ്

സംവാദത്തിൽ ഓരോ സ്ഥാനാർഥിയും എത്ര നുണകൾ പറഞ്ഞുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 90 മിനിട്ട് സംവാദത്തിൽ ട്രംപ് 12 നുണകൾ പറഞ്ഞപ്പോൾ ഹിലറി ഒറ്റ നുണയേ പറഞ്ഞുള്ളൂവെന്നാണു റിപ്പോർട്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.