Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരിൽ തിളച്ച് യുപി ഭരണം

mulayam-akhilesh

പ്രധാന വകുപ്പുകളെല്ലാം തന്നിൽനിന്നു നീക്കം ചെയ്തശേഷവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഇളയച്ഛൻ ശിവ്പാൽ യാദവ് മാധ്യമങ്ങളെ കണ്ടതു പുഞ്ചിരിയോടെയാണ്. അദ്ദേഹം ആവർത്തിച്ചത് ഒരേ പല്ലവി: ‘എനിക്കും അഖിലേഷിനുമിടയിൽ ഭിന്നതകളൊന്നുമില്ല. വകുപ്പുകൾ നൽകുന്നതും എടുത്തുമാറ്റുന്നതും മുഖ്യമന്ത്രിയുടെ വിശേഷാധികാരമാണ്...’ എന്നാൽ കഷ്ടപ്പെട്ടു വരുത്തിയ പുഞ്ചിരിയും മുഖഭാവവും അദ്ദേഹത്തിന്റെ യഥാർഥ വികാരങ്ങളുടെ പ്രതിഫലനമായില്ല. ഉള്ളിലെവിടെയോ അദ്ദേഹത്തിന് ആഴത്തിൽ മുറിവേറ്റിരുന്നു.

പിന്നാലെ അദ്ദേഹം ഡൽഹിയിലേക്കു പോയി മൂത്ത സഹോദരനും പാർട്ടി മേധാവിയുമായ മുലായം സിങ് യാദവിനെ കണ്ടു പ്രശ്നങ്ങൾ അവതരിപ്പിച്ചു. ഇതേസമയം ലക്‌നൗവിലാകട്ടെ, മുഖ്യമന്ത്രി അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നു തലയൂരാനായി ബുധനാഴ്ചത്തെ മിക്കവാറും പൊതുപരിപാടികളും റദ്ദാക്കി. എന്നിട്ടും ഒരു ചെറിയ ചടങ്ങിനിടെ മാധ്യമങ്ങളുടെ പിടി വീണപ്പോൾ ഒരു പ്രശ്നവുമില്ലെന്ന്‌ അദ്ദേഹവും ആവർത്തിച്ചു:

‘കുടുംബത്തിനുള്ളിൽ ഒരു വഴക്കുമില്ല. സർക്കാരിലാണു വഴക്കുള്ളത്...’
എന്നാൽ, വസ്തുത ഇതാണ്; നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കടുത്ത പോരിൽ മുലായം കുടുംബം പിളർന്നിരിക്കുന്നു. അമർത്തിവച്ച ശത്രുത ഇപ്പോൾ മറനീക്കി. ഒത്തുതീർപ്പിലെത്താൻ കഴിയാത്തവിധം രൂക്ഷമാണു മുഖ്യമന്ത്രി അഖിലേഷും ഇളയച്ഛൻ ശിവ്പാലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ.

അടുത്തകാലത്തുണ്ടായതല്ല ഈ ഭിന്നതകൾ. 2012ൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദ് പാർട്ടിയുടെ വൻവിജയത്തിനുശേഷം മകൻ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കി മുലായം സിങ്ങിന്റെ പ്രഖ്യാപനമുണ്ടായി. പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾ ഇതിനെതിരായിരുന്നു. ഉത്തർപ്രദേശ് ഭരിക്കാൻ യുവാവായ അഖിലേഷ് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. ഈ വിമതനീക്കത്തിനു പിന്തുണ നൽകിയതു ശിവ്പാൽ യാദവും.

കഴിഞ്ഞ നാലു വർഷത്തിനിടെ പല സംഭവങ്ങളിലും അച്ഛന്റെയും പിതൃസഹോദരൻമാരുടെയും സമ്മർദത്തിനു വഴങ്ങി തീരുമാനങ്ങളെടുക്കുകയാണ് അഖിലേഷ് ചെയ്തത്. ഇതുമൂലം യുപിക്ക് നാലര മുഖ്യമന്ത്രിമാരാണെന്ന പറച്ചിലും യുപിയിലുണ്ടായി. പിതാവ് മുലായം, ഇളയച്ഛന്മാരായ ശിവ്പാൽ, രാംഗോപാൽ, മുതിർന്ന മന്ത്രി അസംഖാൻ എന്നിവരാണു നാലു മുഖ്യമന്ത്രിമാർ. അഖിലേഷ് അര മുഖ്യമന്ത്രിയും!

ഉള്ളിൽ നീറിപ്പുകഞ്ഞതു പുറത്തുവന്നത് കിഴക്കൻ യുപിയിലെ അധോലോക നേതാവായ മുഖ്താർ അൻസാരിയുടെ ക്വാമി ഏകതാ ദളിനെ എസ്‌പിയിൽ ലയിപ്പിക്കാനുള്ള നീക്കവുമായി ശിവ്പാൽ രംഗത്തിറങ്ങിയതോടെയാണ്. ഈ നീക്കം അഖിലേഷ് തടഞ്ഞു. മുഖ്‌താർ അൻസാരിയെപ്പോലുള്ള അധോലോക കുറ്റവാളിയെ പാർട്ടിക്കകത്തു പ്രവേശിപ്പിക്കുന്നതിനോട് അഖിലേഷിനു തീരെ യോജിപ്പില്ലായിരുന്നു. അപമാനിതനായ ശിവ്പാൽ രാജിഭീഷണി മുഴക്കിയതോടെ അന്തരീക്ഷം തണുപ്പിക്കാനായി മുലായം ഇടപെട്ടു. ഇരുവരോടും ഒരുമിച്ചിരുന്നു പ്രശ്നം പറഞ്ഞുതീർക്കാൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഇളയച്ഛനും ഒരുമിച്ചിരുന്നെങ്കിലും പ്രശ്നം തീർന്നില്ല.
അഴിമതിക്കാരായ ചില മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവൃത്തികൾ മൂലമായിരുന്നു അഖിലേഷ് മന്ത്രിസഭയുടെ പ്രതിച്ഛായ ഏറെ മോശമായത്. ഭൂമി തട്ടിപ്പ് അടക്കം വൻ അഴിമതികളിൽ മുങ്ങിയ ചില മന്ത്രിമാരെ മുലായം നേരിട്ടു ശാസിക്കുക പോലുമുണ്ടായി. ഇതോടെയാണ് അഴിമതിക്കെതിരെ ശുദ്ധീകരണവുമായി അഖിലേഷ് രംഗത്തിറങ്ങിയത്.

അനധികൃത സ്വത്തു കേസിലും അഴിമതിക്കേസുകളിലും കുടുങ്ങിയ ജ്യോത്രി പ്രജാപതി, രാജ്‌കിഷോർ സിങ് എന്നീ മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കി. രണ്ടു മന്ത്രിമാരും ശിവ്പാലിനോട് അടുപ്പമുള്ളവരായിരുന്നു. ശിവ്പാലിന്റെ വലം കൈയും മുൻ ചീഫ് സെക്രട്ടറിയുമായ ദീപക് സിംഗാളിനെയും തൊട്ടടുത്ത ദിവസം അഖിലേഷ് നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ ഈ രണ്ടു തീരുമാനങ്ങളും ശിവ്പാലിനെ കുറച്ചൊന്നുമല്ല രോഷം കൊള്ളിച്ചത്.

സഹോദരനെ ആശ്വസിപ്പിക്കാനായി മുലായം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് അഖിലേഷിനെ മാറ്റി പകരം ശിവ്പാലിനെ നിയോഗിച്ചു. ഇളയച്ഛൻ കൈകാര്യം ചെയ്തിരുന്ന നാലു പ്രധാന വകുപ്പുകൾ (റവന്യു, സഹകരണം, പൊതുമരാമത്ത്, ജലസേചനം) എടുത്തുനീക്കിയാണ് അഖിലേഷ് തിരിച്ചടിച്ചത്. ഇതോടെ ശിവ്പാൽ പൂർണമായും നിലംപരിശായി.

ശിവ്പാലും പുറത്താക്കപ്പെട്ട മന്ത്രി പ്രജാപതിയും ഡൽഹിയിലെത്തി മുലായമിനെ കണ്ടു. സഹോദരന്മാർ നാലുമണിക്കൂർ അടച്ച മുറിയിലിരുന്നു. ഒത്തുതീർപ്പിനായി അഖിലേഷിനെ ഡൽഹിയിലേക്കു വിളിപ്പിച്ചെങ്കിലും മകൻ കൂട്ടാക്കിയില്ലെന്നാണു വിവരം. എസ്പിയിലെ മുതിർന്ന നേതാവായ അമർ സിങ്ങും ശിവ്പാലും തമ്മിൽ പെട്ടെന്നുണ്ടായ ഇഷ്ടവും അഖിലേഷിനു രസിച്ചിട്ടില്ല. കാര്യങ്ങൾ ഇങ്ങനെ കുഴമറിഞ്ഞുപോകുന്നതു തുടർന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിൽ എസ്‌പിയുടെ കാര്യം കഷ്ടമാകുമെന്നാണു നിരീക്ഷകർ കരുതുന്നത്.

കുടുംബത്തിനകത്ത് ആളിക്കത്തുന്ന പോര് അണയ്ക്കാൻ മുലായമിനു മുന്നിൽ അധികം വഴികളില്ല. ഒരു വഴി, നഷ്ടപ്പെട്ട പ്രതാപം ശിവ്പാലിനു തിരിച്ചു നൽകലാണ്. എന്നാലതു മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന മകനെ ചെറുതാക്കലാകും. രണ്ടാമത്തെ വഴി, സഹോദരനെ കൈവിടുകയും അഴിമതിക്കെതിരെ രംഗത്തിറങ്ങിയ മകൻ അഖിലേഷിനെ പിന്തുണയ്ക്കുകയുമാണ്. സമാജ്‌വാദ് പാർട്ടിയുടെ തലവന് ഇതു വലിയ ധർമസങ്കടം തന്നെയാണ്.

Your Rating: