Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമേള

vachakamela-image-08-10-2016

നമ്പൂതിരി: ജീവിതത്തിൽ കാണാൻ മോഹിച്ച കവിയായിരുന്നു പി. കുഞ്ഞിരാമൻ നായർ. അക്കിത്തം എഴുതിയതു പോലെ കേശാദിപാദം കവി തന്നെ. മഹാകവിയാണെന്ന നാട്യലേശമില്ലാത്ത നിഷ്കളങ്കത. എഴുതിയതെല്ലാം കവിതയായി മാറുകയാണ്. ഇപ്പോൾ ചിലർ എഴുതുന്നതു കവിതയാണെന്നു കരുതി വായിക്കേണ്ടി വരുമ്പോഴാണ് ഇടശ്ശേരിയും പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയുമൊക്കെ എഴുതിയതിലെ സൗന്ദര്യം അതിശയമായി നിലനിൽക്കുന്നത്.

ടി. പത്മനാഭൻ: ഇന്ന് ആർക്കും കവിതയെഴുതാം. ഒരു വാചകം മൂന്നായി വിഭജിക്കുക. എന്നിട്ട് അട്ടിവയ്ക്കുക. വ്യാകരണപ്പിശകുള്ള വാചകങ്ങൾ. ഇവരാരും കവികളല്ലെന്നതാണു സത്യം. 

ടി.പി.രാമകൃഷ്ണൻ: പാർട്ടി സമ്മേളനം കഴിഞ്ഞു ചൈനയ്ക്കു പോകണമെന്നു തീരുമാനമെടുത്തിരുന്നു. ഞാനും ഭാര്യയും ഉണ്ടായിരുന്നു. യാത്രയ്ക്കുള്ള പൈസയൊക്കെ മക്കൾ തന്നു. അതിനിടയിലാണു ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടത്. അതിൽ പാർട്ടിക്കൊരു ബന്ധവുമുണ്ടായില്ല. പാർട്ടി ചൈനയിൽ പോകാൻ അനുവദിച്ചു. തിരിച്ച് ഇറങ്ങിയപ്പോൾ വിമാനത്താവളത്തിൽ പത്രക്കാർ മുഴുവൻ ഉണ്ട്. കോഴിക്കോട് ഓഫിസിൽ വന്നപ്പോൾ അവിടെ മുഴുവൻ പത്രക്കാർ. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. അന്നു മാധ്യമങ്ങൾ മുഴുവൻ എനിക്കും പാർട്ടിക്കും എതിരായി. അങ്ങനെ കാത്തിരുന്നു കാത്തിരുന്നുള്ള എന്റെ ചൈന യാത്ര വലിയ വിവാദമായി.

എം.എ. ബേബി: സൗമ്യ വധക്കേസിലെ കുറ്റവാളിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് സിപിഎം നിലപാട്. ഹൈക്കോടതി അംഗീകരിച്ച കൊലപാതകം എന്ന കുറ്റം സുപ്രീം കോടതി സ്വീകരിച്ചില്ല. അതു പുനഃസ്ഥാപിച്ചു ഗോവിന്ദച്ചാമിക്കു കൊലപാതകത്തിനുള്ള ശിക്ഷ ലഭിക്കണം. എന്നാൽ, അവനെ തൂക്കിക്കൊല്ലൂ എന്ന ആൾക്കൂട്ടവാദത്തിനൊപ്പം ചേരാൻ സിപിഎം ഇല്ല.

സുനിൽ പി. ഇളയിടം: വധശിക്ഷയ്ക്കു വേണ്ടി ഇടതുപക്ഷ നേതാക്കളും ആവേശപൂർവം രംഗത്തിറങ്ങിയതു നിർഭാഗ്യകരമാണ്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം സ്ഥാപിച്ചെടുക്കുകയാണു പ്രധാനം. അതിനപ്പുറം ആൾക്കൂട്ട വികാരത്തിനൊപ്പം ചേർന്നു വധശിക്ഷയുടെ വക്താക്കളായി ഇടതുപക്ഷ നേതാക്കൾ രംഗത്തിറങ്ങുന്നത് ആശാസ്യമല്ല.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി: നരച്ചുകൊണ്ടിരിക്കുന്ന കേരളം വൃദ്ധസദനങ്ങളാൽ നിറയുന്ന കാലം വിദൂരമല്ല. പത്തു മാസം ചുമന്നു നൊന്തുപ്രസവിച്ച അമ്മയെയും വളർത്തി വലുതാക്കിയ അച്ഛനെയും പടിയിറക്കുമ്പോൾ നമ്മുടെ പിന്നിലും ഒരു വാതിൽ ഉണ്ടെന്ന കാര്യം മറന്നുപോകരുത്.

സി.രാധാകൃഷ്ണൻ: കമ്പോസിങ്ങിലോ പ്രൂഫിങ്ങിലോ ഒക്കെ അല്ലറ ചില്ലറ ശ്രമദാനം കഴിഞ്ഞു രാത്രി ഞാനും രവിയും മടങ്ങുക എം. ആർ. ചന്ദ്രശേഖരന്റെ ലോഡ്ജ് വഴിയാണ്. അവിടെ കഞ്ഞി കിട്ടും. പക്ഷേ, അക്കാലത്തൊന്നും ഞങ്ങളറിഞ്ഞില്ല, ഞങ്ങൾ കുടിച്ചത് എംആർസിയുടെ അത്താഴക്കഞ്ഞിയായിരുന്നുവെന്ന്. അധ്യാപകരും കമ്യൂണിസ്റ്റുകാരുമായ ചെറുപ്പക്കാർ ജീവിച്ച ലോഡ്ജ് എന്ന ആ വീട്ടിൽ റേഷൻ കിട്ടുന്നതുകൊണ്ടു മാത്രമായിരുന്നു പാചകം. വിശപ്പടക്കിയ ഞങ്ങളെ യാത്രയാക്കിയ എല്ലാ ദിവസവും എംആർസി സാർ ഉറങ്ങാൻ കിടന്നതു വെറുംവയറോടെ ആയിരുന്നു.

സേതു: എഴുപതുകളിൽ പ്രസിദ്ധമായിരുന്നു കാസർകോട് പരിഷത്തിൽ മൂപ്പരുടെ (പുനത്തിൽ കുഞ്ഞബ്ദുള്ള) പ്രസംഗം. അച്ഛനമ്മമാരോട് ഒരു കടപ്പാടുമില്ലെന്ന ടിപ്പിക്കൽ അസ്തിത്വവാദ പ്രഖ്യാപനം. അതിന്റെ പേരിൽ പിന്നീടു പല മാധ്യമങ്ങളിലും പൊതുവേദികളിലും ഏറെ ആക്രമിക്കപ്പെട്ടപ്പോഴും അയാൾ കുലുങ്ങിയില്ല. പൊതുവേദികളിൽ മുനവച്ച വാചകങ്ങളുടെ കൈബോംബുകളെറിഞ്ഞു ജനത്തെ വിരട്ടുകയെന്ന കലാപരിപാടികളുടെ തുടക്കം അവിടെ നിന്നായിരുന്നുവെന്നു തോന്നുന്നു. അതായത് ഇന്നത്തെ വാചകമേളകളുടെ തുടക്കം.

പി.കെ. പാറക്കടവ്: പുനത്തിൽ കുഞ്ഞബ്ദുള്ള 1970കളുടെ അവസാനം ‘ജീവരാഗം’ മാസികയുടെ പത്രാധിപരായി പ്രവർത്തിച്ചിരുന്നത് അധികമാരും അറിഞ്ഞിട്ടില്ല. കോവിലന്റെയൊക്കെ സ്ഥിരം കോളം ഉണ്ടായിരുന്ന ജീവരാഗത്തിന്റെ പിന്നിൽ ഇ.എം. ഹാഷിമിന്റെ നേതൃത്വത്തിൽ ഞങ്ങൾ ദുബായിൽ അന്നുണ്ടായിരുന്ന കുറച്ചു പേരായിരുന്നു. എൻ.പി. ഹാഫിസ് മുഹമ്മദും ഇ.എം. അഷ്റഫുമായിരുന്നു ഇവിടെ കാര്യങ്ങൾ നോക്കിയിരുന്നത്. നല്ല നിലവാരം പുലർത്തിയിരുന്ന ആ മാസിക കുറച്ചു ലക്കങ്ങൾ മുടങ്ങി അൽപായുസായൊടുങ്ങി.

താഹ മാടായി: അവരവർ കൈകൊണ്ട് എഴുതുമ്പോഴേ സാഹിത്യമാകൂ എന്ന അപരിഷ്കൃത ചിന്ത ഇനിയുള്ള കാലം അത്ര പ്രസക്തമല്ല. മനസ്സിൽ തോന്നുന്ന ഭാവപ്പകർച്ചകൾ കടലാസിൽ പകർത്താൻ ഒരു പകർപ്പെഴുത്തുകാരൻ മതി. മഹാനായ ദസ്തയേവ്സ്കി പോലും അങ്ങനെയാണു ചെയ്തത്.

ശ്രീകുമാരൻതമ്പി: ഞാനിത്രയും കവിതകളെഴുതിയിട്ടും എന്റെ ഒരുകവിതപോലും ഒരു പാഠപുസ്തകത്തിലും വന്നിട്ടില്ല. അതിനു കാരണം അതു തിരഞ്ഞെടുക്കുന്നത് ഇവിടത്തെ രാഷ്ട്രീയപാർട്ടികളുടെ ആൾക്കാർ ആയതാണ്.

മുരളി തുമ്മാരുകുടി: ചായയാണോ കാപ്പിയാണോ മനുഷ്യനു കൂടുതൽ ഹാനികരം എന്നു ഗവേഷണം നടത്തിയ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നുവത്രേ! ജയിൽപുള്ളികളെ ആണ് അദ്ദേഹം പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഒരു കൂട്ടർക്കു സ്ഥിരം ചായ നൽകും. മറുകൂട്ടർക്കു കാപ്പിയും. ആദ്യം മരിച്ചത് ഈ രണ്ടു കൂട്ടരുമല്ലാതെ ശാസ്ത്രജ്ഞൻ തന്നെ ആയതിനാൽ ഈ ഗവേഷണം പകുതിവഴിയിൽ നിന്നുപോയി.

ടി.ജെ.എസ്. ജോർജ്: പുറത്തറിയാത്ത പല കാര്യങ്ങളും ഇസ്രയേൽ ചെയ്യുന്നുണ്ട്. ഇന്ത്യയ്‌ക്ക് അതിൽ നിന്നു ചിലതു പഠിക്കാനുമുണ്ട്. അതിലൊന്നു ചാരസംഘടനകളുടെയും രഹസ്യാന്വേഷണ സംഘടനകളുടെയും തലവൻമാർ പൊതുപ്രസ്‌താവനകൾ നടത്തരുത് എന്നതാണ്. മൊസാദിന്റെ സ്‌ഥാനമൊഴിഞ്ഞ മേധാവി ഒരഭിപ്രായം പറഞ്ഞതിന് അദ്ദേഹത്തിന്റെ നയതന്ത്ര പാസ്‌പോർട്ട് കണ്ടുകെട്ടുകയാണ് ഇസ്രയേൽ ചെയ്‌തത്.

ഡോ. മധു വാസുദേവൻ: എം. എസ്.സുബ്ബലക്ഷ്മിയുടെ ജീവിതവും സാമൂഹിക പശ്ചാത്തലവും മാത്രമേ ഗ്രന്ഥകാരൻ (ടി.ജെ. എസ്. ജോർജ്) അന്വേഷിക്കുന്നുള്ളൂ. കലയും സൗന്ദര്യമൂല്യങ്ങളും സംഗീതസമീപനങ്ങളും ചിന്തകളും സർഗാത്മകതയും അതിനു വെളിയിൽ അനാഥമായി കിടക്കുന്നു. ഭക്ഷ്യപദാർഥങ്ങളുടെ ചിത്രം നോക്കിയാൽ രുചി ആസ്വദിക്കാൻ കഴിയില്ല എന്ന ലളിതസത്യം സുബ്ബലക്ഷ്മിയുടെ വിഷയത്തിൽ പലപ്പോഴും ജീവചരിത്രകാരന്മാർ മറന്നുപോകുന്നു.

ഡോ. എം.ജി.ശശിഭൂഷൺ: ഒന്നര ദശകത്തിനു മുൻപു സെൻസസ് ഡിപ്പാർട്ട്മെന്റ് പൂർത്തിയാക്കാൻ ആഗ്രഹിച്ച ഒരു ധൈഷണിക സംരംഭത്തിൽ ഞാനും ഒരു എളിയ പങ്കാളിയായിരുന്നു. ബാബു പോൾ അധ്യക്ഷനും ഷീലാ തോമസ് കൺവീനർ ആയുമുള്ള ഒരു സമിതിക്ക് 1900നു മുൻപുള്ള കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച് ഒരു സർവേ നടത്താനും തുടർന്ന് ഒരു സമഗ്ര രചന തയാറാക്കാനും അനുവാദം ലഭിച്ചു. ആറു മാസം തികയും മുൻപ് ഇനിയും വ്യക്തമാക്കപ്പെടാത്ത കാരണങ്ങളിൽ സമിതിയുടെ പ്രവർത്തനം പൊടുന്നനെ നിർത്തിവച്ചു.

ഡോ. ബി. ഇക്ബാൽ: ‘നിർമാല്യം’ ഇപ്പോഴാണു പ്രദർശനത്തിനെത്തിയിരുന്നതെങ്കിൽ ഉണ്ടാകുമായിരുന്ന പുകിൽ ഒന്നാലോചിച്ചു നോക്കൂ. വെളിച്ചപ്പാടിന്റെ ഭാര്യയുമായി ഒരു മുസ്‌ലിം അവിഹിതബന്ധം പുലർത്തുന്നതു മുസ്‌ലിം വിരുദ്ധമെന്നു ചില മതേതര ബുദ്ധിജീവികൾ വിമർശിച്ചേനെ. വെളിച്ചപ്പാട് ദേവീപ്രതിഷ്ഠയിൽ കാർക്കിച്ചു തുപ്പിയതിനെ ഹിന്ദുക്കളെ അപമാനിക്കലായി തീവ്ര ഹിന്ദുത്വവാദികൾ ആരോപിച്ചേനെ. വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ. ആന്റണി ക്രിസ്ത്യാനിയുമാണെന്നോർക്കണം. എംടിക്കു നാടുവിടേണ്ടി വന്നേനെ.

രാമചന്ദ്രബാബു: മുരുക്കുംപുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ ഡയമെൻഷൻ അറിയാൻ ആർട്ട് ഡയറക്ടർ കൃഷ്ണൻകുട്ടി പോയപ്പോൾ രസകരമായ ഒരു സംഭവമുണ്ടായി. അടുത്തൊരു ദിവസമാണ് പ്രതിഷ്ഠാ വാർഷികം എന്നു പറഞ്ഞ് ആ പരിപാടിയുടെ ബ്രോഷർ അമ്പലത്തിലെ ഭാരവാഹികൾ നൽകി. അതു നോക്കിയപ്പോഴാണു തമാശ. അതിൽ മുഖച്ചിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ ആയി നൽകിയത് ഗുരുവിന്റെ വേഷമണിഞ്ഞ് തലൈവാസൽ വിജയ് നിൽക്കുന്ന ഫോട്ടോ.

പ്രിയദർശൻ: പലപ്പോഴും നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഓണം. ഇക്കുറി ചെന്നൈയിലെ വീട്ടിൽ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു സദ്യ വിളമ്പി. ഒരില മാത്രം. ബലിയിടുമ്പോൾ മാത്രമാണ് ഒരില ഇടുന്നത്. ഒറ്റയ്ക്കിരുന്നു കഴിക്കാൻ തോന്നിയില്ല. പിന്നെ തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണസദ്യ കഴിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.