Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമേള

vachakamela-image-09

∙ മുനിനാരായണപ്രസാദ്: ആരാധന നടത്തുന്നത് ഒരുതരം മതവികാരത്താൽ പ്രേരിതമായിട്ടാണ്. മതവികാരത്തെ ഇല്ലാതാക്കാൻ നിയമനടപടികൾക്കും കോടതി വിധികൾക്കും കഴിയില്ല. എന്നുതന്നെയല്ല, അങ്ങനെയുള്ള ശ്രമങ്ങൾ നടത്തുന്നത്, മുഖത്ത് രോമം വളരുന്നതിനെ ക്ഷൗരം കൊണ്ട് തടയുന്നതുപോലെയാണെന്ന് നാരായണഗുരു തന്നെ പറഞ്ഞിട്ടുണ്ട്.

∙ സ്വാമി ഋതംഭരാനന്ദ: ഗുരുവിന്റെ അന്തേവാസിയായി കഴിഞ്ഞിരുന്ന യുക്തിവാദിയായ പരവൂർ കേശവനാശാൻ ഗുരുവിന്റെ ആദ്യ പ്രതിമ തലശ്ശേരിയിൽ സ്ഥാപിച്ചതിനെക്കുറിച്ച് സംഭാഷണമധ്യേ പ്രതിമവച്ച് പൂജിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് ഗുരുവിനോടുതന്നെയാരാഞ്ഞു. അപ്പോൾ ഗുരു പറഞ്ഞ മറുപടി ‘കേശവാ നാളെ നാം പരക്കെ ആദരിക്കപ്പെടും. കേശവൻ അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ലല്ലോ’ എന്നാണ്. ഇതേ മറുപടി തന്നെയാണ് ഗുരുവിനെയും ഗുരുമന്ദിരങ്ങളെയും ആക്ഷേപിക്കുന്നവരോട് ഞങ്ങൾക്കും പറയാനുള്ളത്.

∙ സി.വി. ബാലകൃഷ്ണൻ: കാലോചിതമായി പാർട്ടിയെ നവീകരിക്കാനുള്ള ധൈഷണികത പുലർത്തുന്നവർ ഇന്ന് ഇടതുപക്ഷത്തില്ല. വാസ്തവത്തിൽ, ഇന്ത്യൻ ഇടതുപക്ഷത്ത് ധിഷണാശാലികൾ ഉണ്ടായിട്ടേയില്ല.

∙ സി. രൈരുനായർ: 1942 വരെ പല ഇടതുപക്ഷ നേതാക്കളും അവരുടെ ഒളിസങ്കേതമായി കണ്ടിരുന്നത് പിണറായിയിലെ പാറപ്രം ഭാഗത്തെയാണ്. ആദ്യകാലത്ത് ‘ഒറ്റുകാരില്ലാത്ത ഗ്രാമ’മായിരുന്നു പിണറായി. ആരും ആരെയും ഒറ്റിക്കൊടുത്തില്ല. ഈയൊരു ഉറപ്പ് എല്ലാവരെയും ഇങ്ങോട്ടുവരാൻ പ്രേരിപ്പിച്ചു.

∙ ഉമ്മൻ ചാണ്ട‌ി: ഞാൻ മറ്റുള്ളവർക്കുവേണ്ടി ഉറങ്ങാതെ കഠിനാധ്വാനം ചെ‌യ്യുന്നുവെന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. യഥാർഥത്തിൽ അതു മറ്റുള്ളവർക്കുവേണ്ടിയല്ല, എനിക്കുവേണ്ടിയാണ്. കാരണം, ഏതെങ്കിലും ഒരു ജോലി തീർക്കാതെ കിടന്നാൽ എനിക്ക് ഒട്ടും ഉറങ്ങാൻ സാധിക്കില്ല. അതിനാൽ എല്ലാ ജോലിയും ചെയ്തു തീർക്കുന്നത് എനിക്ക് ഉറങ്ങാൻവേണ്ടിയാണ്.

∙ മധു നായർ: മദ്യം സുലഭമായി തുച്ഛമായ വിലയ്ക്കു കിട്ടിയിട്ടും ക്യൂബയിൽ അമിത മദ്യപാനം ഒരു ദേശീയ പ്രശ്നമൊന്നും ആയിട്ടില്ല. വളരെ സുലഭമായി മദ്യം തുച്ഛമായ വിലയ്ക്കു ലഭിച്ചാൽ മദ്യപാനത്തിലെ ഹരം ഇല്ലാതാകുമെന്നതാണ് ഗുണപാഠമെങ്കിൽ കേരള സർക്കാർ ശ്രദ്ധിക്കേണ്ടയൊരു കാര്യം തന്നെയാണിത്.

∙ സക്കറിയ: നരേന്ദ്രപ്രസാദും വിനയചന്ദ്രനുമാണ് എന്റെ എഴുത്തിനെക്കുറച്ച് ആദ്യം എഴുതിയത്. അതൊരു വലിയ തുടക്കമായിരുന്നു. ‍ഞാനും ആധുനികനായ ഒരു എഴുത്തുകാരനാണെന്ന് ആദ്യമായി തോന്നി. വാർഷികപ്പതിപ്പുകൾക്കുവേണ്ടി കഥകൾ ചോദിച്ചു കത്തുകൾ വന്നുതുടങ്ങിയപ്പോഴാണ് ഞാനും അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണെന്നു മനസ്സിലായത്. എന്നോട് ആദ്യമായി വാർഷികപ്പതിപ്പിനുവേണ്ടി കഥ ചോദിച്ചത് മനോരമയുടെ മണർകാട് മാത്യുവാണ്.

∙ എം.ടി.വാസുദേവൻ നായർ: വളരെ, വളരെ അപകടത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നു തോന്നുന്നു. പെരുമാൾ മുരുകനോട് ആ സമൂഹം ചെയ്തതു വലിയ തെറ്റ്. ഒരെഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം എടുത്ത നിലപാടിനോടും എനിക്കു യോജിപ്പില്ല. ഇത്തരം വെല്ലുവിളികളെ എഴുത്തുകാരൻ നേരിടണം എന്നാണ് എന്റെ അഭിപ്രായം. അതയാളുടെ ബാധ്യതയാണ്. അയാൾ നിശ്ശബ്ദനാകരുത്. ഞാനിനി എഴുതില്ല എന്ന നിലപാട് സ്വീകരിക്കരുത്.

∙ സുഗതകുമാരി: അച്ഛന്റെ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്ന് കൈപിടിച്ച് ഞാൻ പറഞ്ഞു, ‘‘അച്ഛൻ സങ്കടപ്പെടല്ലേ... അച്ഛൻ എല്ലാം തന്നല്ലോ.’’ ‘ഞാൻ എന്തു തന്നു?’’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു: ‘‘ഒരു പേന കയ്യിൽവെച്ച് തന്നില്ലേ? ഞങ്ങളുടെ മൂന്നു പേരുടെയും കയ്യിൽ. പിന്നെ, ആരുടെ മുമ്പിലും വളയാത്ത ഒരു നട്ടെല്ലു തന്നില്ലേ, അതിനപ്പുറം എന്താ വേണ്ടത്?’’ പെട്ടെന്ന് അച്ഛന്റെ മുഖമൊന്നു തെളിഞ്ഞു: ‘‘അതു മതിയല്ലേ?’’ ‘‘ധാരാളം മതി. അതുകൊണ്ടു ജീവിച്ചോളാം ഞങ്ങൾ’’ എന്നു പറഞ്ഞു.

∙ സാറാ ജോസഫ്: എനിക്കു വ്യക്തതയുള്ള കാര്യങ്ങളല്ലാതെ ഞാൻ ചെയ്യാറില്ല. വത്സല ടീച്ചറൊക്കെ എന്തെല്ലാം ആരോപണങ്ങളാ പറഞ്ഞത്, അവാർഡിന്റെ തുക തിരിയെ കൊടുത്തില്ല എന്നൊക്കെ. തിരിച്ചടച്ചതിന്റെ രസീതും മറ്റും എന്റെ കൈയിലുണ്ട്. വേണമെങ്കിൽ കാണിച്ചുതരാം. ഞാനവാർഡിനെ അവാർഡ് മാത്രമായല്ല കാണുന്നത്. ഞാനതിൽ ഒരു ജനതയെയാണ് കാണുന്നത്.

∙ എം. മുകുന്ദൻ: ഫ്രഞ്ച് അംബാസഡർ ഡിന്നറിനു വിളിച്ചാൽ ബോളിവുഡിലെ സൂപ്പർ താരങ്ങൾ പോലും വിമാനം പിടിച്ച് മുംബൈയിൽനിന്നെത്തും. പക്ഷേ അയൽക്കാരനായ ഒ.വി. വിജയൻ വരില്ല. തിരുവോണത്തിനു രാഷ്ട്രപതി നൽകുന്ന പ്രഭാത ഭക്ഷണത്തിൽനിന്നുപോലും വിട്ടുനിൽക്കുന്ന ആളായിരുന്നു വിജയൻ.

∙ ശ്രീനിവാസൻ: ഞാനിന്നുവരെ കേരളത്തിൽ ഒരു പൊതു പരിപാടിക്കു പോയി അഞ്ചു പൈസ ഒരാളോടും വാങ്ങിച്ചിട്ടില്ല. എല്ലാ ക്ഷണങ്ങളും ഞാൻ സ്വീകരിക്കാറുമില്ല. പൈസയ്ക്കുവേണ്ടി ഞാനിതു തുടങ്ങിയാൽ ബാർബർ ഷോപ്പ് ഉദ്ഘാടനത്തിനും ഞാൻ‌ പോകേണ്ടിവരും. പൈസ കൊടുത്താൽ കിട്ടുന്ന ഒരാളാണ് ഞാൻ എന്നു മറ്റുള്ളവർ എന്നെക്കുറിച്ച് വിചാരിക്കുന്നതിലും എനിക്കു വലിയ താൽപര്യമില്ല.

∙ വിജയകുമാരി: വിവാഹത്തിനു മുൻപ് മാധവൻ ചേട്ടന് പെണ്ണു കാണാൻ ഞാനും പോയിട്ടുണ്ട്. എവിടെ പോയിട്ടും ഇഷ്ടപ്പെട്ടില്ല. കാരണവരായ കാമ്പിശേരിയായിരുന്നു കല്യാണത്തെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞത്. ‘എന്തിനാണ് അങ്ങുമിങ്ങുമായി ഇങ്ങനെ പെണ്ണു കാണുന്നത്, നമ്മുടെ വിജയകുമാരി ആയാലെന്താ?’ എന്ന്.

∙ സത്യൻ അന്തിക്കാട്: ഇപ്പോൾ സജീവമല്ലാത്ത, എന്നാൽ മുൻപ് കുറച്ചു നല്ല കഥകളെഴുതിയിട്ടുള്ള ഒരെഴുത്തുകാരന്റെ അൽപം ദീർഘമായ ഒരു കഥ എനിക്കു വളരെ ആകർഷകമായി തോന്നി. അഡ്രസ് തേടിപ്പിടിച്ച് ഞാനദ്ദേഹത്തിന് അഭിനന്ദനക്കത്തയച്ചു. ഉടനെതന്നെ സന്തോഷമറിയിച്ചുകൊണ്ടുള്ള മറുപടിയും വന്നു. അപകടം മനസ്സിലായത് എന്റെ അടുത്ത സിനിമ റിലീസ് ചെയ്യാറായപ്പോഴാണ്. കോടതിയിൽ എനിക്കെതിരെ ഒരു കേസ്. കഥാമോഷണം! തെളിവായി കാണിച്ചത് എഴുത്തുകാരന് ഞാനയച്ച അഭിനന്ദന കത്ത്! എന്റെ മഹാഭാഗ്യത്തിന് ആ കഥയുമായി സിനിമയ്ക്ക് വിദൂരസാമ്യം പോലുമില്ലായിരുന്നു.

∙ തമ്പി ആന്റണി: ടെക്സസിലെ ഡാലസിലുള്ള ദാസേട്ടന്റെ വീട്ടിൽ ഒരിക്കൽ ഞാൻ സംവിധായകൻ ബ്ലെസിയും എന്റെ കൂട്ടുകാരൻ ബിനോയി സെബാസ്റ്റ്യൻ എന്ന ലേഖകനുമായി പോയിരുന്നു. വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം തന്നെ ചെയ്യുന്നതുകണ്ടിട്ട് ബ്ലെസിയാണ് ഞങ്ങളേക്കാൾ അദ്ഭുതപ്പെട്ടത്. പച്ചക്കറി മേടിക്കാനും ഷോപ്പിങ്ങിനും മറ്റും തന്നെ കാറോടിച്ചുപോകും. കുക്കിങ്ങിന് പ്രഭച്ചേച്ചിയെ സഹായിക്കാനും ഒരു മടിയുമില്ല. ഒരുപക്ഷേ, ഇതൊക്കെ നമ്മുടെ സിനിമാ ലോകത്തുള്ളവർക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് സ്വതന്ത്രമായിട്ടാണ് ആ മഹാ ഗായകന്റെ അമേരിക്കൻ ജീവിതം.

∙ ചെലവൂർ വേണു: ‘അഗ്രഹാരത്തിൽ കഴുത’ പൂർത്തിയാക്കാൻ കഴിയാതെ വിഷമിച്ചുനടന്ന ജോൺ ഏബ്രഹാമുമായി പട്ടത്തുവിള കരുണാകരനെ കാണാൻ‌ പോയി. അയ്യായിരം രൂപയാണ് കടമായി ചോദിച്ചത്. കവർ ഏറ്റുവാങ്ങുമ്പോൾ പതുക്കെ പറഞ്ഞു: ‘ഇതു തിരിച്ചു തരണ്ട.’’ പുറത്തിറങ്ങി കവർ തുറന്നു നോക്കിയപ്പോൾ കറക്ട് അയ്യായിരം രൂപ.

Your Rating: