Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമേള

vachakamela-image-15-10-2016

∙ എം.പി. പരമേശ്വരൻ: പിണറായി റിവിഷനിസ്റ്റാണ്, പരിഷ്കരണവാദിയാണ് എന്നൊക്കെ വി.എസ്. പറയും. എന്നാൽ, വി.എസ്സിന്റെ വിപ്ലവം എന്താണ്? വി.എസ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എഴുതിയതായും ഒന്നും കണ്ടിട്ടില്ല. ഗ്രൂപ്പ് വിധേയത്വം കൊണ്ടാണ് പാർട്ടിയിൽ ഇത്തരമൊരു തോന്നലുണ്ടാക്കാനാകുന്നത്. പൊളിറ്റിക്കിങ്ങിലാണ് ഇതൊക്കെ വരുന്നത്, പൊളിറ്റിക്സിലല്ല.

∙ പി.പി. മുകുന്ദൻ: തിരഞ്ഞെടുപ്പിനു മുൻപ് കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടതുകൊണ്ടാണ് ബിജെപിയിലേക്കു തിരിച്ചുവന്നത്. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ബിജെപി നേതാക്കൾ ആരും വിളിച്ചിട്ടില്ല.

∙ ഡോ. തോമസ് ഐസക്: ഞങ്ങൾ രണ്ടു മാസം കോളജിൽ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നടത്തി. ഞാൻ അന്നു കണ്ണടയെല്ലാം മാറ്റി മീശ വടിച്ച് ആൾമാറാട്ടം നടത്തിയാണ് കോളജിൽ പോയിരുന്നത്. പൊലീസിന് എന്നെ അറസ്റ്റ് ചെയ്യാൻ പറ്റിയില്ല. പക്ഷേ, വെറ്റില മുറുക്കുന്ന ശീലം ഞാൻ ഉപേക്ഷിച്ചിരുന്നില്ല. കോളജ് പൂട്ടിയപ്പോൾ ഞാൻ നാട്ടിൽ പോയി. ‍ഞങ്ങളുടെ തുണിക്കടയുടെ അടുത്ത് ഒരു മുറുക്കാൻ കടയിൽ മുറുക്കിക്കൊണ്ടു നിൽക്കുമ്പോൾ പെട്ടെന്ന് പിറകിൽ നിന്ന് ഐസക് എന്നൊരു വിളി. ഞാൻ തിരിഞ്ഞു നോക്കി. മഫ്തി പൊലീസ് ആയിരുന്നു. അപ്പോൾത്തന്നെ എന്നെ പൊക്കി.

∙ ഹമീദ് ചേന്ദമംഗലൂർ: സാസ്കാരിക സങ്കുചിതത്വത്തിൽ നിന്നു കുതറിമാറാൻ മുസ്‌ലിം സംഘടനകളോ നേതാക്കൾ ശ്രമിച്ചാൽ തന്നെ അതിനു വല്ല വിധേനയും തടയിടാൻ തക്കംപാർത്തു നിൽക്കുന്ന ചില ‘മാർക്സിസ്റ്റ്’ സാംസ്കാരിക പ്രവർത്തകർ സംസ്ഥാനത്തുണ്ടെന്നതാണു മലയാളികളുടെ ദൗർഭാഗ്യം. ആ ജനുസ്സിൽപെട്ടവർ മുൻപെന്ന പോലെ ഇപ്പോഴും ഇറ്റാലിയൻ കമ്യൂണിസ്റ്റ് അന്റോണിയോ ഗ്രാംഷിയെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ച് ഹിന്ദു മുസ്‌ലിം സാസ്കാരിക വിഘടനം അരക്കിട്ടുറപ്പിക്കുന്ന വേല തുടരുന്നു. 

∙ ഗീത: നായ്ക്കളാണു മനുഷ്യരുടെ ഏറ്റവും വലിയ ശത്രുക്കൾ എന്ന മട്ടിൽ ഇപ്പോൾ ഉണ്ടാക്കിയെടുത്ത ചർച്ചകൾ അത്ഭുതപ്പെടുത്തുന്നുണ്ട്. ഒന്നുരണ്ടു വർഷം കൊണ്ടു ഭരണകൂടത്തിന്റെയും ചില രാഷ്ട്രീയപാർട്ടികളുടെയും ഒന്നുരണ്ടു  മുതലാളിമാരുടെയും ദുരൂഹതാൽപര്യങ്ങളുടെ ഫലമായി അച്ചടി –ദൃശ്യ മാധ്യമങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരാശയമാണു തെരുവുനായ്ക്കൾക്കെതിരെയുള്ള ഇൗ ‘ജന’വികാരം.

 ∙ അക്കിത്തം: മരിക്കില്ല്യാന്ന് ഒരു ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചിരിക്കണു. മരിക്കാത്ത ആളുകളെ ഉണ്ടാക്കണണ്ടത്രെ. എനിക്കിപ്പോത്തന്നെ ജീവിച്ചിരിക്കണത് മതിയായീന്ന് തോന്നണ്‌ണ്ട്.

∙ വിനീത നെടുങ്ങാടി: ബ്രോഡ് ഹിപ് ഉള്ള സ്ത്രീകൾ ചെയ്യുന്ന നൃത്തമെന്നു മോഹിനിയാട്ടത്തെ ഇപ്പോഴും പല വെബ് ൈസറ്റുകളും പരിചയപ്പെടുത്തുന്നു. പല വേഷവിധാനങ്ങളും അത്രമേൽ ആഭാസവുമാകുന്നുണ്ട്. കലോൽസവത്തിനു വരുന്ന കുഞ്ഞുകുട്ടികളെ വരെ ഇൗ വിധം വേഷം കെട്ടിക്കുന്നതു ക്രൂരമാണ്. ഇതല്ല മോഹിനിയാട്ടം.

∙ പ്രിയദർശൻ: എന്റെ രൂപവും ഭാവവും കൊണ്ടെന്തോ ഹിന്ദി താരങ്ങൾക്ക് അൽപം ഭയമുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ദേഷ്യപ്പെടും, മുഖം നോക്കാതെ ചീത്ത വിളിക്കും എന്നൊക്കെ അവർക്കിടയിലൊരു സംസാരമുണ്ടായിരുന്നു. ഞാനതു തിരുത്താൻ പോയതുമില്ല. അതങ്ങനെ നിന്നത് ഗുണകരമായെന്ന് എനിക്കു മനസ്സിലായി.

∙ ടി.പി. ശാസ്തമംഗലം: പിറ്റേന്ന് കെ.എസ്. സേതുമാധവൻ എത്തിയപ്പോൾ സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥൻ ഈണം അപ്പാടെ മാറ്റിയിരിക്കുന്നു. സഹസംവിധായകനായ വാസുദേവിന്റെ അഭിപ്രായം മുൻനിർത്തിയാണ് എന്ന് എം.എസ്. വിശ്വനാഥൻ. ഭൂരിപക്ഷം പേരും അനുകൂലിച്ച ഈണം കേട്ടിട്ട് ‘കുഴപ്പമില്ല’ എന്നായിരുന്നു വാസുദേവ് പ്രതികരിച്ചത്. ജന്മംകൊണ്ട് മലയാളിയാണെങ്കിലും കർമംകൊണ്ട് മലയാളിയല്ലാത്ത വിശ്വനാഥന് ആ പ്രയോഗത്തിന്റെ പൊരുൾ അത്ര പിടികിട്ടിയില്ല. അദ്ദേഹം അത് വിപരീതാർഥത്തിൽ എടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.