Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമേള

salma-and-k-g-george-23

സെൽമ: സ്വപ്നാടന’ത്തിനു മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന അവാർഡും ലഭിച്ചു. പക്ഷേ, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഇതുവരെ കൊടുത്തില്ല. അതിലാണ് എനിക്കു ദുഃഖം. നല്ല സംവിധായകരില്ലാതെ നല്ല സിനിമ പിറക്കില്ല. എന്നിട്ട് എന്തുകൊണ്ട് അദ്ദേഹത്തെ തഴഞ്ഞു? സിനിമാ മേഖലയിലുള്ള ചിലരുടെ താൽപര്യങ്ങൾ ഇതിനൊക്കെ പിന്നിലുണ്ടെന്നു ഞാൻ കരുതുന്നു.

കെ.ജി. ജോർജ്: അവാർഡ് ആത്യന്തികമല്ല. എല്ലാം കിട്ടണമെന്നു നിർബന്ധമില്ല. എല്ലാ അംഗീകാരങ്ങളും എല്ലാവർക്കും കിട്ടണമെന്നു പ്രതീക്ഷിക്കുകയും ചെയ്യരുത്. കിട്ടാത്തതുകൊണ്ടു നഷ്ടബോധമില്ല. മികച്ച സംവിധായകനുള്ള അവാർഡ് കിട്ടാത്തതിൽ ദുഃഖമില്ല. ചെയ്ത ജോലിയുടെ സംതൃപ്തിയാണു പ്രധാനം.

പി.വത്സല: ‘പണിമുടക്കുക’ എന്നത് ആപ്തവാക്യമായി സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിനപ്പുറം ‘കർമം ചെയ്യുക, നന്നായി ജീവിക്കുക’ എന്ന ഇന്ത്യയുടെ തനതു സംസ്കാരത്തെ നമ്മൾ തിരിച്ചുപിടിക്കണമെന്നാണു പ്രധാനമന്ത്രി മോദി ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകളുടെ വേദിയായി ഭരണപീഠം നിലനിന്നുകൂടാ. സൗജന്യങ്ങൾ വർധിപ്പിച്ചു ജനത്തെ കർമവിമുഖരാക്കുകയെന്നതു മനുഷ്യസംസ്കാരത്തിനു യോജിച്ചതല്ല.

രൺജി പണിക്കർ: പ്രത്യയശാസ്ത്രങ്ങൾ കാലഹരണപ്പെട്ടാലും നേതാക്കൾ ഇല്ലാതായാലും ഇവിടെ രാഷ്ട്രീയം നിലനിൽക്കും. ഈ ഭൂമിയിൽ രണ്ടു മനുഷ്യർ മാത്രം അവശേഷിച്ചാലും ആ രണ്ടുപേർക്കിടയിലും രാഷ്ട്രീയമുണ്ടാകും. രാഷ്ട്രീയം മനുഷ്യന്റെ ജീവവായുപോലെയാണ്.

സെബാസ്റ്റ്യൻ പോൾ: പതിനായിരം വാക്കുകളിൽ പരത്തിയെഴുതുന്നതിനെ ‘ബ്രീഫ്’ എന്നു വിളിക്കുന്നവരാണ് അഭിഭാഷകർ.

മാനസി: ഞാൻ മനോരമ ആഴ്ചപ്പതിപ്പ് ഒളിച്ചുവായിച്ചിരുന്നു. കണക്കുപുസ്തകത്തിന്റെ ഇടയിൽ മറച്ചുവച്ചായിരുന്നു വായന. കണക്കുചെയ്യുകയാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കും. മനോരമ വായനയിൽനിന്നു പ്രചോദനംകൊണ്ടാണു ഞാൻ ആദ്യ കഥയെഴുതിയത്.

എം.സുകുമാരൻ: ‘ശേഷക്രിയ’ എന്ന നോവലി‍ൽ എഴുതിയ വിമർശനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പാർട്ടി അന്നത്തെക്കാളും ജീർണിച്ചു. മുതലാളിത്തത്തെ എതിർക്കാൻ വേണ്ടിയായിരുന്നു പാർട്ടി കെട്ടിപ്പടുത്തത്. പക്ഷേ, പാർട്ടി മുതലാളിത്തത്തിന്റെ ഭാഗമായി. വലിയ ആസ്തികൾ വന്നുചേർന്നു.

സക്കറിയ: പുറത്താക്കൽ ഒരു അധികാരപ്രകടനമാണ്. എം.സുകുമാരൻ എന്ന കമ്യൂണിസ്റ്റുകാരനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഒരു പൂമ്പാറ്റയെ അടിച്ചുകൊല്ലുന്ന അധ്വാനമേ വേണ്ടിവന്നിരിക്കുകയുള്ളൂ. പക്ഷേ, ഇന്ന് പാർട്ടിയുടെ യജമാനന്മാരായി മാറിയിരിക്കുന്ന വെള്ളക്കോളർ വർഗങ്ങളിലെ അഴിമതിയിലും നിഷ്ക്രിയത്വത്തിലും മുങ്ങിയ ജനശത്രുവായ ഒരു പാർട്ടിയംഗത്തെ പുറത്താക്കുക പോകട്ടെ, ഒരു തൂവൽ ചൂണ്ടി ചോദ്യംചെയ്യാൻപോലും പാർട്ടിക്ക് ആത്മബലമില്ല എന്നതാണു സത്യം.

കെ.സി.നാരായണൻ: ‘ശേഷക്രിയ’ എഴുതിയപ്പോൾ അതെഴുതിയ കൈ വെട്ടേണ്ട കൈയാണ് എന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞതായി കേട്ടിരുന്നു. ശരിയാവാം, തെറ്റാവാം, കൗമുദിയിൽ ആ നോവൽ സീരിയലൈസ് ചെയ്തു വന്നപ്പോൾ അതിന്റെ പ്രസിദ്ധീകരണം തടയാൻ വലിയ സമ്മർദമുണ്ടായി എന്ന് എം.സുകുമാരൻ തന്നെ പറഞ്ഞിട്ടുണ്ട്.

ടി.ഡി.രാമകൃഷ്ണൻ: ലൈംഗികതയെക്കുറിച്ചു പറയുമ്പോൾ അതു കാളിദാസന്റെ കാലം മുതൽ ഇപ്പോൾ വരെയുള്ള എഴുത്തിൽ വരെ എല്ലാക്കാലത്തും പലതരത്തിൽ ഉണ്ട്. ആഴ്ചപ്പതിപ്പിൽ ‘ഇട്ടിക്കോര’ പബ്ലിഷ് ചെയ്യുന്ന സമയത്ത് അവർ രണ്ടു ശ്ലോകങ്ങൾ ഒഴികെ ബാക്കിയെല്ലാം ഞാൻ കൊടുത്തതുപോലെ എഴുതി. ഒഴിവാക്കിയ രണ്ടു ശ്ലോകങ്ങളും കാളിദാസൻ എഴുതിയതായിരുന്നു. അതിന്റെ അർഥംകൂടി ഞാൻ എഴുതിക്കൊടുത്തു എന്നേ ഉള്ളൂ.

സന്തോഷ് ഏച്ചിക്കാനം: പത്തിരുപത്തഞ്ചു വർഷമായി എഴുതിയ പലകഥകളിലും മതേതരമായ നിലപാടുകൾ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ വായിച്ചവർ തന്നെയാണ് ‘ബിരിയാണി’ക്കകത്തുനിന്നു വർഗീയതയുടെ കല്ലും കുപ്പിച്ചില്ലും ചികഞ്ഞെടുക്കാൻ ശ്രമിച്ചത്. അക്കൂട്ടത്തിൽ ഇരുപതുവർഷമായി അടുത്തറിയുന്ന ആത്മസുഹൃത്തുക്കൾ വരെയുണ്ടെന്നതാണ് അത്ഭുതം.

പി.എഫ്.മാത്യൂസ്: വിവരങ്ങൾ കുത്തിനിറച്ച് അക്രമവാസനയും ലൈംഗികതയും കലർത്തി അതിനാടകീയതയോടെ എല്ലാവർക്കും മനസ്സിലാകുന്ന മട്ടിൽ ലളിതമായി വിവരിക്കുന്ന നോവലുകൾ നമ്മുടെ ഭാഷയിലും ഉൽപാദിപ്പിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അവ വ്യാപാര വിജയം നേടുന്നതിൽ അതിശയമില്ല. പക്ഷേ, അതെല്ലാം മഹത്തായ സാഹിത്യമായി കൊണ്ടാടപ്പെടുന്നിടത്താണു കുഴപ്പം. ജീവിതാനുഭവങ്ങളെ സാഹിത്യമായി അവതരിപ്പിക്കുന്നതും ഫിക്‌ഷൻ എന്നാൽ അനുഭവമെഴുത്താണെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതും അപകടകരമാണ്.

പി.കെ.പാറക്കടവ്: എഴുത്തുകാരൻ, റേഷൻകടകളിൽനിന്ന് അരി വിതരണം ചെയ്യുന്നതുപോലെ ആഴ്ചയ്ക്കാഴ്ചയ്ക്കു കഥകളെഴുതണമെന്നു വിശ്വസിക്കുന്നവരാണു നാം. വാചകമേളകളിൽ നിറഞ്ഞുനിൽക്കുകയും മുറുക്കാൻകടകളിൽ തൂങ്ങിനിൽക്കുന്ന എല്ലാ ആനുകാലികങ്ങളുടെയും കവർചിത്രമാവുകയും ചെയ്തതുകൊണ്ടുമാത്രം ഒരാൾ എഴുത്തുകാരനാകണമെന്നില്ല.

എസ്.കെ.വസന്തൻ: ഒരു കുട്ടി പവിത്രൻ തീക്കുനിയുടെ കവിതകളിൽ ഗവേഷണം നടത്തുന്നതിനെപ്പറ്റി പറഞ്ഞു. ഞാൻ സംശയിച്ചു; പവിത്രൻ തീക്കുനി അത്ര വലിയ റൈറ്ററാണോ? അവരുടെ ഗൈഡായ പ്രഫസറാണു പറഞ്ഞുകൊടുത്തത്, ‘‘അതു മതി. രണ്ടു പുസ്തകമേയുള്ളൂ. എളുപ്പമാണ്’’ എന്ന്.

ദേശമംഗലം രാമകൃഷ്ണൻ: മൂന്നു പുത്തന്റെ ഒരു മുണ്ടിനുവേണ്ടി ഒരു ഗ്രന്ഥം വ്യാഖ്യാനിച്ചുകൊടുത്തിട്ടുണ്ടത്രെ കൈക്കുളങ്ങര രാമവാരിയർ. കേരള ചിന്താമണി പത്രാധിപരായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കർ. തന്റെ ശമ്പളത്തിന്റെ കണക്കിൽ ഒരുദിവസം എടങ്ങഴി അരിയും രണ്ടു നാളികേരവുമായി പത്രമോഫിസിൽനിന്നു താമസസ്ഥലത്തേക്കു വിസി പോകുന്നതു പലരും കണ്ടിട്ടുണ്ടത്രെ.

സി.രാധാകൃഷ്ണൻ: വർഷങ്ങൾക്കു മുൻപ് ഒരുദിവസം എന്റെ ഒരു പരിചയക്കാരന്റെകൂടെ എനിക്കു മുൻപരിചയമില്ലാത്ത ഒരാൾ എന്നെ കാണാൻ വന്നു. കുശലപ്രശ്നങ്ങൾക്കിടെ അയാൾ എന്റെ ചിത്രം ക്യാമറയിൽ പകർത്തി. പിറ്റേന്നാൾ ഞാൻ കാണുന്നതു സന്തതസഹചാരിയായ ചാരുകസേരയിൽ കാലും നീട്ടി ഇരുന്നു പുകവലിക്കുന്ന എന്റെ ചിത്രം ഒരു സിഗരറ്റിന്റെ ഗുണമേന്മയ്ക്കു സാക്ഷ്യമായി വലിയൊരു പരസ്യത്തിൽ വന്നതാണ്. ഞാൻ കൊടുത്ത തിരുത്ത് ആ പത്രം അച്ചടിച്ചുമില്ല. നിങ്ങൾ സമ്മതിക്കാതെ നിങ്ങളുടെ പടം എടുക്കുന്നതെങ്ങനെ എന്നായിരുന്നു ചോദ്യം. അതോടെ ഞാൻ പുകവലി ഉപേക്ഷിച്ചു എന്നൊരു നേട്ടമുണ്ടായി!

ജി.സുധാകരൻ: സിനിമാതാരങ്ങളുടെ പേരിനൊപ്പം ജാതിപ്പേരു ചേർക്കുന്നതു ശരിയല്ല. വാരിയർ, മേനോൻ തുടങ്ങിയ ജാതിപ്പേരുകൾ നടീനടന്മാർ സ്വന്തം പേരിനൊപ്പം ചേർക്കുകയാണ്. കലാകാരന്മാർക്ക് എന്തിനാണു ജാതിയുടെ മേൽവിലാസം?

പൂവച്ചൽ ഖാദർ: ഞാൻ ചിറയിൻകീഴിൽനിന്നു വിവാഹം കഴിച്ചിരിക്കുന്നതിനാലാണ് ആ പാട്ടിൽ ‘ചിറയിൻകീഴിലെ പെണ്ണി’നെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നാണു പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ‘കായലും കയറും’ എന്ന ചിത്രത്തിനു വേണ്ടിയാണു ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ, ചിറയിൻകീഴിലെ പെണ്ണേ’ എന്ന പാട്ടെഴുതുന്നത്. ആ സിനിമയുടെ ലൊക്കേഷൻ ചിറയിൻകീഴും പരിസരപ്രദേശങ്ങളുമായിരുന്നു. അങ്ങനെയാണ് ‘ചിറയിൻകീഴ്’ ആ പാട്ടിൽ സ്ഥാനംപിടിച്ചത്.

ജോൺ പോൾ: ഭരതനു ശ്രീവിദ്യയുമായി പ്രണയമുണ്ടായിരുന്നു എന്നും ലളിത ആദ്യകാലത്ത് അവരിരുവരുടെയും ഹംസം ആയിരുന്നു എന്നും ഞാൻ എഴുതിയപ്പോൾ ചിലർക്കൊക്കെ മോറൽ ഡിസൻട്രി പിടിച്ചു. മനോരമയിൽ മുഖാമുഖത്തിൽ ചോദിച്ചപ്പോൾ ലളിത പറഞ്ഞത് ജോൺ പോൾ പറഞ്ഞതു സത്യമാണ് എന്നാണ്. ഭരതന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ലളിത. ഭരതന്റെ സ്വപ്നങ്ങളുടെ ഭാഗമായിരുന്നു ശ്രീവിദ്യ. ഒന്നിനും പൂർണമായി കീഴ്പ്പെടുന്ന ആളല്ല ഭരതൻ. രണ്ടറ്റവും കത്തിച്ചുവച്ച ജ്വലിക്കുന്ന ഒരു പന്തമായിരുന്നു ഭരതൻ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.