Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമേള

ken-brp-bhaskar

∙ കെഇഎൻ: മരിച്ചവർക്കു പുണ്യം കിട്ടാൻവേണ്ടിയല്ല, മറിച്ച് ജീവിച്ചിരിക്കുന്നവർക്ക് ഊർജം കിട്ടാൻവേണ്ടിയാണു രക്തസാക്ഷി അനുസ്മരണങ്ങൾ നിർവഹിക്കുന്നത്. എന്നിട്ടും അതിന്റെ ‘രൂപ’ത്തിന് ഹിന്ദു ആചാരവുമായുള്ള അടുപ്പം മറച്ചുവയ്ക്കാൻ ഇഎംഎസ് ശ്രമിച്ചില്ല. അതിനു സെക്യുലർ മുദ്ര ചാർത്തിയില്ല. അതേസമയം, ‘നിലവിളക്കി’ന്റെ കാര്യം വന്നപ്പോൾ അതിന്റെ ‘മതപരത’ ചൂണ്ടിക്കാട്ടുക മാത്രമല്ല, സർക്കാർ ചടങ്ങിൽ ഇത്തരം ‘മതചിഹ്നങ്ങൾ’ക്ക് ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം തീർത്തുപറയുകയും ചെയ്തു.

∙ ബി.ആർ.പി.ഭാസ്കർ: ഇഎംഎസ് അന്ന് ആവിഷ്കരിച്ച അവസരവാദപരമായ നയമാണ് അരനൂറ്റാണ്ടിനുശേഷവും അടവ് എന്ന പേരിൽ സിപിഎം പിന്തുടരുന്നത്. ഇടതുകക്ഷികളും ജനാധിപത്യ കക്ഷികളും ഉൾപ്പെടുന്നുവെന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണു മുന്നണിക്ക് എൽഡിഎഫ് എന്ന പേരു നൽകിയത്. എന്നാൽ, അതിലെ പല ഘടകകക്ഷികൾക്കും ജനാധിപത്യ പാർട്ടികൾ എന്ന് അവകാശപ്പെടാനുള്ള അർഹതയില്ല.

∙ കുമ്മനം രാജശേഖരൻ: ഗുരുദേവനെ മാത്രമല്ല, ശബരിമല അയ്യപ്പനെയും സിപിഎം െവെകാതെ അംഗീകരിക്കും. ശബരിമലയിലേക്കു മാലയിട്ടു പോയ ഒരു സഖാവിനെ ആലപ്പുഴ പാർട്ടി ഓഫിസിൽ നിന്നു ഗെറ്റ് ഒൗട്ട് അടിച്ചിട്ടുണ്ട്. മെംബർഷിപ്പിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. അങ്ങനെ ഒട്ടേറെപ്പേരെ. അങ്ങനെ ഉണ്ടായിരുന്നു ഒരു കാലം. ഇന്ന് അതു നടക്കുമോ ? പുതിയ തലമുറയെ കമ്യൂണിസത്തിലേക്ക് അടുപ്പിക്കാൻ നേതാക്കൾക്കു കഴിയുന്നില്ല. അവർ ആകൃഷ്ടരാകുന്നതു ഭാരതീയ ദർശനങ്ങളിലാണ്.

∙ ഡോ. ടി.എം.തോമസ് ഐസക്: ന്യൂയോർക്ക് ഐസനോവർ പ്രസിഡൻഷ്യൽ ആർക്കൈവ്സിൽ സിഐഎ രേഖകളുടെ വൻ ശേഖരമുണ്ട്. കിട്ടിയതിൽ ഏറ്റവും പ്രധാനം 1959 ഓഗസ്റ്റിൽ കേരളത്തെക്കുറിച്ചു സിഐഎ എഴുതിയ ‘ഫയൽ’ ആയിരുന്നു. ഒരു നിമിഷം ആഹ്ലാദിച്ചെങ്കിലും ഫയൽ തുറന്നപ്പോൾ കാലി.

ഇപ്പോഴും പരമരഹസ്യം. എന്തായിരിക്കാം ആ റിപ്പോർട്ട്? പുറത്തറിയാൻ പാടില്ലാത്ത എന്തോ ഒന്നായിരിക്കുമല്ലോ അത്. പക്ഷേ, ടോപ് സീക്രട്ട് എന്ന സീലടിച്ചു മാറ്റിയിട്ടില്ല. 2015ൽ ആരോ പരിശോധിച്ചിട്ടുണ്ട്. പിന്നീട് അതു രഹസ്യ ഫയലാക്കി തുടരാൻ തീരുമാനിച്ചതായി ഫയലിലെ സീലും കുറിപ്പും വ്യക്തമാക്കുന്നു. അജ്ഞാതനായ ആരോ 1959ലെ സിഐഎ ഫയൽ തിരയുന്നു എന്നതു കൗതുകമായി.

∙ ആഷാ മേനോൻ: ആത്മവിശ്വാസത്തിന്റെ മൂർത്തരൂപമാണു നരേന്ദ്ര മോദി. പതിനഞ്ചു വർഷം മുമ്പു തീരുമാനിക്കുകയും അതനുസരിച്ചു പ്രധാനമന്ത്രിയാവുകയും ചെയ്ത നിശ്ചയദാർഢ്യമുള്ള വ്യക്തി.

∙ വി.എസ്.സുനിൽകുമാർ: രാജു നാരായണ സ്വാമിയെ ഞാൻ ചോദിച്ചു വാങ്ങിയതാണ്. അദ്ദേഹം അഴിമതിക്കാരനല്ല. അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ചു ചില ആളുകൾ ചില അഭിപ്രായവ്യത്യാസങ്ങളൊക്കെ പറയാറുണ്ട്. ഓരോരുത്തർക്കും ഓരോ തരം പ്രവർത്തനരീതിയാണല്ലോ.

പലരും പല പ്രശ്നങ്ങളുള്ള ആൾക്കാരാണ്. എല്ലാം കൂടി ഒന്നിച്ചുചേർന്നു പെർഫെക്ടായിട്ടുള്ള ഒരു െഎഎഎസ് ഉദ്യേഗസ്ഥനുമില്ല, മന്ത്രിയുമില്ല. നമ്മുടെയും അവരുടെയും കഴിവുകളും ന്യൂനതകളും പരസ്പരം മനസ്സിലാക്കി േപാകുമ്പോഴാണു നന്നായി നടക്കുന്നത്.

∙ ടി.പി.ശ്രീനിവാസൻ: തെരേസ അമ്മയെ നീലച്ചിറകുള്ള മാലാഖ എന്നു വിളിക്കാൻ കാരണമായ നീല അരുവുകളുള്ള സാരി കൊൽക്കത്തയിലെ തോട്ടിസ്ത്രീകളുടെ യൂണിഫോം ആയിരുന്നു എന്നതു പലരെയും അതിശയിപ്പിച്ചേക്കാം. ആ സാരി മിഷനറീസ് ഓഫ് ചാരിറ്റിയുടെ യൂണിഫോം ആയി അംഗീകരിച്ചതുതന്നെ ഒരു വലിയ സന്ദേശമായിരുന്നു.

∙ ഗ്രേസി: കുരുക്ഷേത്ര യുദ്ധഭൂമിപോലെ കിടക്കുന്ന ബോൾഗാട്ടി കണ്ട് എന്റെ ഉള്ളം കലങ്ങിപ്പോയി. അനാവശ്യമായ കോൺക്രീറ്റ് നിർമിതികളും അതിന്റെ അവശിഷ്ടങ്ങളും ടൈൽ വിരിച്ച നടപ്പാതകളും കണ്ട് എനിക്കു ശ്വാസംമുട്ടി.

∙ കുരീപ്പുഴ ശ്രീകുമാർ: മുലക്കരം പിരിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ മുമ്പിൽവച്ച് മുലക്കരത്തിൽ പ്രതിഷേധിച്ചു സ്വന്തം മാറ് അരിവാൾകൊണ്ട് അറുത്ത നങ്ങേലി പിന്നോട്ടു മറിഞ്ഞുവീണു മരിച്ചു. ഭർത്താവ് കണ്ടൻ നങ്ങേലിയുടെ ചിതയിൽ ചാടി മരിച്ചു. പിന്നീട് ഈ സ്ഥലം മുലച്ചിപ്പറമ്പ് എന്നറിയപ്പെട്ടു. മുലച്ചിപ്പറമ്പ് ക്രമേണ മനോരമക്കവലയായി.

∙ പായിപ്ര രാധാകൃഷ്ണൻ: ഗോപി കൊടുങ്ങല്ലൂർ സംഘം സെക്രട്ടറിയായിരിക്കുമ്പോൾ എഴുത്തുകാരെ വെറുംകയ്യോടെ മടക്കാറില്ല. ഉച്ചയൂണും ചെക്കും ഉറപ്പ്. ഭാഷാപോഷിണിയിൽ‌ തരകൻസാറിനെ കണ്ടാലും പുതിയ എഴുത്തുകാരുടെ മനം തെളിയും.

സാഹിത്യകാരന്മാരെ കച്ചവടക്കണ്ണുമായല്ലാതെ കാരുണ്യത്തോടെ കാണുന്ന ഡി.സി.കിഴക്കെമുറിയും അന്നു കോട്ടയത്തുണ്ട്, സഹായത്തിന്. ഇന്നിപ്പോൾ താലൂക്ക് ഓഫിസ് വരാന്തയിൽ സർക്കാർ ആനുകൂല്യം തേടി ചെല്ലുന്നവർക്കു കിട്ടുന്ന പരിഗണനപോലും കോട്ടയത്തേക്കു വണ്ടികയറുന്ന സഹായാഭ്യർഥനകൾക്കു കിട്ടിയെന്നുവരില്ല.

∙ എസ്.കെ.വസന്തൻ: എംഎയ്ക്കു പേപ്പർ നോക്കിയപ്പോൾ ഒരു കുട്ടി അയ്യങ്കാളി എന്നതിന് ഐ.എൻ.കാളി എന്നെഴുതിയിരിക്കുന്നു. 50% മാർക്ക് കൊടുക്കേണ്ടിവരും; പകുതി ശരിയാണല്ലോ. ഇതാണു നിലവാരം.

∙ ഡോ. എം.കെ.നാരായണൻ: നായയ്ക്കു മുന്നിൽ വ്യക്തികളില്ല. നായ നമ്മുടെ വീട്ടിലുണ്ടെങ്കിൽ അഞ്ചുപേരുള്ള മനുഷ്യ കുടുംബമാണെങ്കിൽ ആ അഞ്ചുപേരെയും അഞ്ചു നായ്ക്കളായിട്ടാണു നായ കാണുന്നുണ്ടാവുക. നമ്മുടെ വീടും പറമ്പും നായ്ക്കളുടെ ടെറിട്ടറി ആണ്. അതിൽ ആറാമത് ഒരു ‘നായ’ കടന്നുവരുമ്പോൾ അതു കുരച്ചു ചാടിക്കാൻ ശ്രമിക്കും. നായ്ക്കളുടെ ഈ പ്രൊട്ടക്‌ഷൻ അഗ്രഷനാണ് വീടിന്റെ കാവലിനും രാജ്യത്തിന്റെ കാവലിനും നാം ഉപയോഗിക്കുന്നത്.

∙ ജോൺ പോൾ: മലയാള സിനിമയിലെ മുടിചൂടാമന്നനായ ഐ.വി.ശശിയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രൊഡ്യൂസർ എം.ഒ.ജോസഫും അന്നു തിരക്കഥാകൃത്ത് തോപ്പിൽ ഭാസിയുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ മുക്കാൽ മണിക്കൂർ കാത്തിരുന്നു. അതേ ഭാസി കാലു മുറിച്ചു തിരുവനന്തപുരത്ത് ആശുപത്രിയിൽ അവസാനകാലത്തു കിടന്നപ്പോൾ നാലു മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ടായിരുന്നു. ആകെ അദ്ദേഹത്തെ കാണാൻ ചെന്നതു മധു, ശങ്കരാടി, ഞാൻ. ഇതാണു ലോകം.

∙ സി.ആർ.ഓമനക്കുട്ടൻ: പുണെയിൽ പോയി ജ്ഞാനസ്നാനം ചെയ്തവർക്കെല്ലാം പെൺകുരൽ ആയിരുന്നല്ലോ മന്ദ്രമധുരങ്ങളായ സ്ത്രീസ്വനങ്ങൾ. അതിൽനിന്നു വേറിട്ടു നിന്നു ജോൺ ഏബ്രഹാമിന്റെയും കെ.ജി.ജോർജിന്റെയും ആഴമേറിയ ആൺശബ്ദങ്ങൾ. ആ രണ്ടു സ്വരങ്ങളും നല്ല കട്ടിയുള്ള, പരുപരുത്ത ആൺശബ്ദങ്ങൾ.

∙ സി.ജെ.കുട്ടപ്പൻ: എനിക്ക് ഇളയരാജയെ ചെറുപ്പത്തിലേ അറിയാം. ഉടുമ്പഞ്ചോലയിൽ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹം ചെറുപ്പത്തിൽ ഞങ്ങളു‌‌ടെ നാട്ടിൽ ഒട്ടേറെ വേദികളിൽ പാടിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിലെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം.

∙ കെ.ആർ.വിശ്വംഭരൻ: എന്റെ സഹോദരൻ നടത്തിയിരുന്ന കേരള ശ്രേയസ്സ് എന്ന പ്രസിദ്ധീകരണത്തിനായി നസീർ അടക്കമുള്ള സിനിമാതാരങ്ങളെ മമ്മൂട്ടി അഭിമുഖം ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ അവതരിപ്പിക്കാനായി രവി കുറ്റിക്കാട്, വിക്ടർ ലീനസ്, ഞാൻ, മമ്മൂട്ടി എന്നിവർ ചേർന്ന് ഒറ്റദിവസംകൊണ്ട് എഴുതി പൂർത്തീകരിച്ച നാടകം യൂണിവേഴ്സിറ്റിയിൽ സമ്മാനം നേടിയിരുന്നു.

∙ സത്യൻ അന്തിക്കാട്: പണ്ട്, ലണ്ടനിൽവച്ചൊരു സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകൻ. വീസയും ടിക്കറ്റുമൊക്കെ ഏർപ്പാടുചെയ്യാൻ സമയമായപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ക്ഷമിക്കണം, എന്നെയൊന്ന് ഒഴിവാക്കണം.’’ അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിനു ജന്മം നൽകാൻപോകുന്നു. ‘‘പ്രസവസമയത്തു ഞാൻ അടുത്തുണ്ടാവണം. അത് എന്റെയും ഭാര്യയുടെയും ആഗ്രഹമാണ്.’’ ഞാൻ സമ്മതിച്ചു. അന്നു ജനിച്ച കുഞ്ഞിനു മമ്മൂട്ടി ‘ദുൽഖർ സൽമാൻ’ എന്നു പേരിട്ടു. അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകൻ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.