Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമേള

sara-balakrishnan

∙ സി.വി. ബാലകൃഷ്ണൻ: ഞങ്ങളുടെ തലമുറ വായിച്ചിരുന്ന എഴുത്തുകാരികൾ ഒന്ന് മാധവിക്കുട്ടിയാണ്. പിന്നെയൊരാൾ സാറാ ജോസഫും. സാറാ ജോസഫിന്റെ കഥകൾ എനിക്കിഷ്ടമായിരുന്നു. പക്ഷേ പ്രണയമോ സ്നേഹമോ ഒക്കെ തോന്നിയത് മാധവിക്കുട്ടിയോടാണ്.

∙ സാറാ ജോസഫ്: ഞാൻ കാർത്തിക എന്ന പേരിൽ ആദ്യ കഥ ജനയുഗത്തിന് അയച്ചപ്പോൾ പത്രാധിപർ കാമ്പിശേരി കരുണാകരൻ പറഞ്ഞു, കാർത്തിക എന്ന പേരിൽ മറ്റാരോ എഴുതുന്നുണ്ട്, അതുകൊണ്ട് സ്വന്തം പേരിൽ എഴുതിയാൽ മതി എന്ന്. സാറാ എന്ന കുഞ്ഞുപേര് ‘റ’യിൽ അവസാനിക്കുന്നു. ഒരു അവസാനിപ്പിക്കൽ വരില്ല ‘റ’യിൽ. ഭർത്താവിന്റെ പേരുകൂടെ ചേർത്തെഴുതുന്നത് ഒരു ഫാഷനായി വന്ന സമയമാണ്, പേരിന് അവസാനിപ്പിക്കലും കിട്ടും. അങ്ങനെയാണ് സാറാ ജോസഫ് ആയത്.

∙ മാമുക്കോയ: ഒരു പാർട്ടിയോടും എനിക്ക് അടുത്ത ബന്ധമില്ല. പാർട്ടിക്കാർ തെറ്റു ചെയ്താൽ അതു ശരിയാണെന്നു പറയാൻ എന്നെ കിട്ടില്ല. അറിയപ്പെടുന്ന ഒരു ചെറ്റയെ സാർ എന്നു വിളിക്കണം, കൊള്ളാവുന്ന ഒരു മാന്യനെ ചെറ്റയെന്നു വിളിക്കണം. അതാണ് ഇന്നത്തെ രാഷ്ട്രീയം. അതിനു കൂട്ടുനിൽക്കാൻ എനിക്കു കഴിയില്ല.

∙ ഡോ. കെ.പി.അരവിന്ദൻ: കേരളത്തിലെ രണ്ടു പ്രമുഖ മാധ്യമങ്ങളാണ് പലപ്പോഴും ആധുനിക ശാസ്ത്രത്തിനെതിരെയുള്ള പ്രചാരണങ്ങൾക്ക് വേദിയൊരുക്കുന്നത്. മതരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു ന്യൂനപക്ഷ രാഷ്ട്രീയ കക്ഷിയുടെ മാധ്യമമാണ് അതിലൊന്ന്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രമാണ് മറ്റൊന്ന്.

∙ സെബാസ്റ്റ്യൻ പോൾ: രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ശിക്ഷാ നിയമത്തിലെ വകുപ്പ് അസ്വീകാര്യവും ദുരുപദിഷ്ടവുമാണെന്ന് ജവാഹർലാൽ നെഹ്റു പറഞ്ഞത് 1951 ലാണ്. ആറു ദശകങ്ങൾക്കുശേഷം സുപ്രീം കോടതിക്ക് അതുതന്നെ പറയേണ്ടിവന്നു. ജനാധിപത്യത്തിലെ മുറുകുന്ന കുരുക്കുകളാണ് സ്വതന്ത്രഭാഷണത്തെ വിലക്കുന്ന നിയമ വ്യവസ്ഥകൾ.

∙ നിരുപമ റാവു: ഒരിക്കൽ ജപ്പാൻ ചക്രവർത്തിയുടെ പിറന്നാൾ ക്ഷണം കിട്ടി. ആർഭാടപൂർവം നടന്ന ചടങ്ങിൽ അര മണിക്കൂറോളം പങ്കെടുത്തിട്ട് മറ്റു പരിപാടികളുണ്ടായിരുന്നതിനാൽ ഞാൻ അവിടെനിന്നിറങ്ങി. മൂന്നു മിനിറ്റ് കഴിഞ്ഞതും അവിടെ തീവ്രവാദി ആക്രമണം നടന്നു. എല്ലാവരേയും ബന്ദികളാക്കി. നാലു മാസത്തോളമെടുത്താണ് ആ പ്രശ്നം പരിഹരിച്ചത്.

∙ മുകുന്ദൻ: വലിയ എഴുത്തുകാർക്ക് എഴുത്തുമുറിയുണ്ട്. അങ്ങനെയൊരു മുറി എനിക്കുമുണ്ട്. പക്ഷേ അവിടെയിരുന്ന് ഞാൻ ഒന്നും എഴുതാറില്ല. പാർക്കിലെ മരച്ചുവട്ടിലിരുന്നും കാറിന്റെ സ്റ്റിയറിങ്ങിൽ റൈറ്റിങ് പാഡ് വച്ചും കുളിമുറിയിൽ വാതിലടച്ചിരുന്നുമൊക്കെ ഞാൻ എഴുതിയിട്ടുണ്ട്.

∙ സക്കറിയ: സെന്റിമെന്റൽ അല്ലാതെ കാര്യങ്ങൾ എഴുതണമെന്ന് ഞാൻ പഠിച്ചത് ബഷീറിൽനിന്നും മാധവിക്കുട്ടിയിൽനിന്നുമാണ്. സഞ്ജയൻ, ഇ.വി.കൃഷ്ണപിള്ള തുടങ്ങിയവരും സി.മാധവൻ പിള്ളയുടെ ‘വിജയഭാനു’ ഫലിത മാസികയും എന്റെ അടിസ്ഥാനവായനകളായിരുന്നു. അന്ന് ഞാൻ എംടിയെ വായിച്ചിട്ടില്ല. ഞാൻ വായന നടത്തിയിരുന്ന 1960 കാലത്ത് ഞങ്ങളുടെ ഭാഗത്തെ വായനശാലകളിൽ എംടി കൃതികൾ എത്തിയിരുന്നില്ലെന്നു തോന്നുന്നു.

∙ ദിലീപ്: പുട്ടപർത്തിയിൽ രാവിലെ പ്രാർഥനയ്ക്കു പോകും മുൻപ് അവിടത്തെ റസ്റ്ററന്റിൽ കയറി ഇഡ്ഡലി ഓർഡർ ചെയ്തു. ഒരു പയ്യൻ തറ തുടച്ച് വൃത്തിയാക്കുകയാണ്. അവിടെ മറ്റാരുമില്ല. ഭിത്തിയിൽ സായിബാബയുടെ ഒരു ഫോട്ടോ ഉണ്ട്. പെട്ടെന്ന് പയ്യന്റെ അമ്പരപ്പോടെയുള്ള നിലവിളി കേട്ടു. ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ തുടച്ച് വൃത്തിയാക്കിയ ഭാഗത്ത് അപ്പോൾ ആരോ ചവിട്ടിപ്പോയ കാൽപ്പാടുകൾ. ആരും അവിടേക്കു കയറിവന്നിട്ടില്ല. ഏതാണ്ട് ഹാളിന്റെ മധ്യത്തിൽനിന്നാണ് പൊടുന്നനെ കാൽപ്പാടുകൾ ആരംഭിക്കുന്നത്. സായിബാബയുടെ ഫോട്ടോയ്ക്കു മുന്നിൽ അവ അവസാനിക്കുന്നു. ഞാൻ ആ കാൽപ്പാടിൽ തൊട്ടുനോക്കി. നനഞ്ഞ ഭസ്മം!

∙ ടി.ജെ.എസ്.ജോർജ്: വി. ശങ്കർ ഒരു കഥ പറഞ്ഞു: എം.എസ്. സുബ്ബലക്ഷ്മിയുടെ കച്ചേരി കേൾക്കാൻ ഒരു വൃദ്ധ ദമ്പതിമാർ എത്തിയ കഥ. ദൂരെയെവിടെയോ ആണ് അവർ താമസിച്ചിരുന്നത്. വണ്ടി പിടിക്കാൻ വേണ്ട സാമ്പത്തികസ്ഥിതിയുമില്ല. അവർ നടന്നു. ഒരു ദിവസം മുഴുവൻ വേണ്ടിവന്നു കച്ചേരി നടക്കുന്ന ഹാളിൽ ചെന്നുചേരാൻ. എത്തിയപ്പോഴേക്ക് കച്ചേരി തീരുകയായിരുന്നു. ആരോ എം.എസിനെ വിവരമറിയിച്ചു. മനസ്സുരുകിയ എം.എസ്. ഒട്ടും മടിക്കാതെ കച്ചേരി നീട്ടി. ഒരു മണിക്കൂർ മുഴുവൻ അവർ ആ ദമ്പതിമാർക്കു മാത്രമെന്നോണം രാഗവിസ്താരം നടത്തി.

∙ വിനീത് ശ്രീനിവാസൻ: പത്താം ക്ലാസുവരെ പഠിച്ചതൊക്കെ തലശേരിയിലാണ്. അന്നൊക്കെ കാറിൽ സ്കൂളിൽ വരുന്നതാണ് നാണക്കേട്. പിള്ളേർ കളിയാക്കും. ഇന്നും ഞാനൊരു ഫങ്ഷനൊക്കെ പോകുമ്പോൾ കാറ് കുറച്ചപ്പുറം മാറ്റിയിടും. എന്നിട്ടു നടക്കും. സാധാരണക്കാരോടുള്ള ആ ഇഷ്ടം എന്റെ സിനിമയിൽ കാണും.

∙ കുഞ്ചാക്കോ ബോബൻ: എനിക്ക് മുത്തച്ഛന്റെ യാതൊരു സ്വഭാവവും കിട്ടിയിട്ടില്ലെന്നാ തോന്നുന്നെ. വിചാരിച്ച കാര്യങ്ങൾക്കായി ഇറങ്ങി, ഏതു രീതിയിലും നടത്തിക്കാൻ വാശിയും മിടുക്കുമുള്ള കൂട്ടത്തിലായിരുന്നു പുള്ളി. ഒരിക്കൽ ഒരു സിനിമയുടെ പെർമിഷൻ പ്രശ്നവുമായി ബന്ധപ്പെട്ട് പുള്ളിയെ ജയിലിലടച്ചു. പക്ഷേ, ജയിലിൽനിന്ന് ഇറങ്ങിയ മുത്തച്ഛൻ പ്രതികാരബുദ്ധിയോടെ മറ്റൊരു സിനിമയെടുത്തു. ജയിൽ എന്നു പേരുമിട്ടു.

∙ കനിഹ (നടി): പഴശ്ശിരാജയുടെ ഷൂട്ടിങ്ങിന് ഇടയ്ക്കായിരുന്നു വിവാഹം. വിവരം പറഞ്ഞപ്പോൾ ഹരിഹരൻ സാർ ഞെട്ടി. ഷൂട്ടിങ് പൂർത്തിയായശേഷമേ ഗർഭം ധരിക്കാവൂ എന്ന് അദ്ദേഹം നിബന്ധന വച്ചിരുന്നു. ഞങ്ങൾ വാക്കു പാലിച്ചു. എന്റെ രണ്ട് ബർത്ത്ഡേയും വിവാഹവും ഞാൻ ആഘോഷിച്ചത് പഴശ്ശിരാജയുടെ സെറ്റിൽ വച്ചാണ്. കാരണം രണ്ടു വർഷംകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.

∙ മിൻമിനി: പാടിക്കൊണ്ടിരിക്കുമ്പോഴേ മരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതു സിനിമയിലോ പ്രോഗ്രാമിലോ എന്നർഥമില്ല, പാടിക്കൊണ്ടിരിക്കുമ്പോൾ – വീട്ടിലായാലും.

∙ വിപിൻ വിജയ്(ചലച്ചിത്ര സംവിധായകൻ): എല്ലാ സിനിമയ്ക്കു മുൻപും സിഗ്നേച്ചർ ഫിലിം കാണിക്കുകയാണല്ലോ പതിവ്. ആ വർഷം ഒരു സിനിമ കാണാൻ ഞാൻ ഫെസ്റ്റിവലിൽ പോയി. സിനിമയ്ക്കു മുന്നേ സിഗ്നേച്ചർ ഫിലിം പ്രദർശിപ്പിച്ചപ്പോൾ ആൾക്കാർ കൂവിത്തുടങ്ങി. തൊട്ടടുത്ത് ഒരു ഫ്രഞ്ച് ദമ്പതികൾ ഇരിപ്പുണ്ടായിരുന്നു. അവരും കൂവി. എന്തിനാണ് കൂവിയതെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു, അവർ ധരിച്ചത് കേരളത്തിൽ സിനിമ തുടങ്ങുന്നതിനു മുന്നേയുള്ള ആചാരമാണ് ഇതെന്ന്.

Your Rating: