Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റമുറി, 12 സർവകലാശാല!

ajayan-fake വടക്കയിൽ അജയൻ, ടിന്റു ബി. ഷാജി(ഇടത്) അജയന്റെ രഹസ്യ കേന്ദ്രത്തിൽ നിന്നു പിടിച്ചെടുത്ത വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സീലുകൾ.(വലത്)

തലശ്ശേരി അമൃത കോളജിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കൊന്നും തങ്ങൾക്കു കിട്ടിയ സർട്ടിഫിക്കറ്റിനെക്കുറിച്ച് ഒരു സംശയവുമില്ലായിരുന്നു. കാരണം, സർട്ടിഫിക്കറ്റ് അയച്ചതു സർവകലാശാല നേരിട്ടാണ്. കവറിൽ ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയുമൊക്കെ പോസ്റ്റൽ സീലുകൾ.

കോളജിലെ ജീവനക്കാർക്കുമില്ല സംശയം. പഠനക്കുറിപ്പുകളും പ്രോസ്പെക്ടസുമെല്ലാം മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്നു കൊറിയറായാണു വരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ ഒരു കാര്യം കൂടി പറഞ്ഞു. ‘‘സ്ഥാപന ഉടമയായ വടക്കയിൽ അജയൻ ഇടയ്ക്കിടെ വിവിധ സർവകലാശാലകൾ സന്ദർശിക്കാറുണ്ട്. സാർ പലപ്പോഴും ഛത്തീസ്ഗഡിലും മധ്യപ്രദേശിലുമൊക്കെയാവും.’’

തലശ്ശേരി ലോഗൻസ് റോഡിലെ അജയന്റെ രഹസ്യകേന്ദ്രം പൊലീസ് പരിശോധിച്ചതോടെ കാര്യങ്ങൾ വ്യക്തമായി. വിവിധ സർവകലാശാലകളുടെ സീലുകൾ, ഹോളോഗ്രാം മുദ്രകൾ, കംപ്യൂട്ടർ പ്രിന്റർ അങ്ങനെ വ്യാജസർട്ടിഫിക്കറ്റ് നിർമാണത്തിന്റെ ഫാക്ടറി ആയിരുന്നു ആ ഒറ്റമുറി.

ഇവിടെ നിർമിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അജയൻ ഇടയ്ക്കിടെ ഉത്തരേന്ത്യൻ പര്യടനം നടത്തും. വിവിധ സർവകലാശാലകളുടെ ആസ്ഥാനമുള്ള നഗരങ്ങളിൽ മുറിയെടുത്തു താമസിക്കും. അവിടെ നിന്നു സർവകലാശാലകളുടെ പേരിൽ ഈ സർട്ടിഫിക്കറ്റുകൾ നാട്ടിലേക്കയയ്ക്കും. എന്തും നടക്കുന്ന ഉത്തരേന്ത്യൻ സർവകലാശാലകളെക്കുറിച്ചും അവിടെ തങ്ങൾക്കുള്ള ഏജന്റുമാരെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ വ്യാജസർട്ടിഫിക്കറ്റ് ഇടനിലക്കാർക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവരിൽ പ്രധാനിയായിരുന്നു അജയൻ.

LP-SERIES-THALASSERY-BUILDING വടക്കയിൽ അജയൻ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്ന തലശ്ശേരി ലോഗൻസ് റോഡിലെ കെട്ടിടം. ഏറ്റവും മുകളിലെ നിലയിലായിരുന്നു രഹസ്യകേന്ദ്രം. ചിത്രം: എം.ടി. വിധുരാജ്

അജയൻ എന്ന വ്യാജ സർവകലാശാല

ഡോ. വടക്കയിൽ അജയൻ
രണ്ടു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം
സോഷ്യോളജിയിൽ ഡോക്ടറേറ്റ്
റീജനൽ എജ്യുക്കേഷനൽ ചാരിറ്റബിൾ
ട്രസ്റ്റ് ചെയർമാൻ
തലശ്ശേരി അമൃത കോളജ് ഉടമ

പത്താം ക്ലാസും സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സും മാത്രം യോഗ്യതയായി 23 വർഷം മുൻപു തലശ്ശേരിയിൽ വിദൂരവിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയ അജയന്റെ ഇപ്പോഴത്തെ യോഗ്യതകളാണിത്. ഡിഗ്രിയും പിജിയും ഡോക്ടറേറ്റുമെല്ലാം അജയൻ തന്നെ ഉണ്ടാക്കിയ സർട്ടിഫിക്കറ്റുകളാണ്; ഈ സർട്ടിഫിക്കറ്റുണ്ടാക്കുന്ന വിദ്യ കൊണ്ട് അജയനുണ്ടാക്കിയതു കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളും. സ്വന്തമായി അഞ്ചു വീടുകൾ, കോടിക്കണക്കിനു രൂപയുടെ ഭൂസ്വത്ത്, ഒട്ടേറെ ബിസിനസുകളിൽ പങ്കാളിത്തം.

തിരുവനന്തപുരം വട്ടിയൂർക്കാവിൽ മാസങ്ങൾക്കു മുൻപ് അജയൻ പുതിയൊരു ആഡംബരവീട് കൂടി നിർമിച്ചു. അജയന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ അമൃത കോളജിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിനു ലഭിച്ചത് 12 സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ. വിദൂരവിദ്യാഭ്യാസ സെന്ററുകാർ അവകാശപ്പെടും പോലെ എല്ലാം സർവകലാശാലകൾ നേരിട്ടു നൽകിയ സർട്ടിഫിക്കറ്റുകളാണെന്നായിരുന്നു അജയന്റെ അവകാശവാദം.

fake-certificate-troll

തലശ്ശേരി ലോഗൻസ് റോഡിൽ ആറുമാസം മുൻപു വാടകയ്ക്കെടുത്ത മുറിയിൽ രാത്രിയിലാണ് അജയനെത്തുക. തിരുവനന്തപുരത്തെ സ്വകാര്യ പ്രസിൽ അച്ചടിക്കുന്ന സർട്ടിഫിക്കറ്റുകൾ സർവകലാശാലകളുടേതായി മാറുന്നത് അവിടെ വച്ചാണ്. റജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയുമെല്ലാം ഒപ്പിടുന്നതടക്കം എല്ലാ കാര്യങ്ങളും ചെയ്യുന്നത് അജയൻ തനിച്ചായിരുന്നെന്നു പൊലീസ് കണ്ടെത്തി.

സർട്ടിഫിക്കറ്റിൽ വ്യാജൻ, പരീക്ഷയിലും വ്യാജൻ

പത്താം ക്ലാസിന്റെയും പ്ലസ്ടുവിന്റെയും തുല്യതാ പരീക്ഷകൾ മുതൽ ബിടെക് വരെ ഇരുപതോളം വിദൂരവിദ്യാഭ്യാസ കോഴ്സുകളാണ് അജയന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ അമൃത കോളജ് ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ നടത്തിയിരുന്നത്. അഡ്മിഷൻ എടുക്കുന്നവർക്കു പഠനക്കുറിപ്പുകൾ കൃത്യമായി നൽകും. കോളജിൽ തന്നെ പരീക്ഷയും നടത്തും. മൂല്യനിർണയം കഴിയുമ്പോൾ ഫലം കോളജിൽ നിന്നാണു വിദ്യാർഥികളെ അറിയിക്കുക. ഒരു മാസത്തിനകം തപാലിൽ സർട്ടിഫിക്കറ്റെത്തും. എല്ലാം കിറുകൃത്യം.

എന്നാൽ, തിരുവനന്തപുരത്തെ പ്രമുഖ പ്രിന്റിങ് സ്ഥാപനത്തിൽ അച്ചടിച്ചു തലശ്ശേരിയിലെ രഹസ്യകേന്ദ്രത്തിൽ വച്ചു സർവകലാശാലകളുടെ ഹോളോഗ്രാം മുദ്രയും സീലും പതിപ്പിച്ചു നിർമിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നു ഇതെന്ന കാര്യം ജീവനക്കാർക്കു പോലുമറിയില്ലായിരുന്നു. പരീക്ഷയും പഠനക്കുറിപ്പും മൂല്യനിർണയവുമെല്ലാം വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം. അന്യസംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകളുടെ ബിരുദകോഴ്സുകൾക്ക് കാലിക്കറ്റ് സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ പഠനക്കുറിപ്പുകളാണ് അജയൻ നൽകിയിരുന്നത്.

പണം വാങ്ങി വ്യാജസർട്ടിഫിക്കറ്റ് വെറുതേ അച്ചടിച്ചു നൽകിയാൽ പോരേ, പഠനക്കുറിപ്പുണ്ടാക്കുകയും പരീക്ഷ നടത്തുകയും ചെയ്യുന്നത് എന്തിനാണെന്ന ചോദ്യത്തിന് അജയനു മറുപടിയുണ്ട്. ഒന്ന്: കയ്യിലുള്ളത് ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന് ആളുകൾ കരുതുന്നതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്.

LP-SERIES-FAKE-CERTIFICATES-ONE അജയന്റെ സർട്ടിഫിക്കറ്റ് നിർമാണ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത സർട്ടിഫിക്കറ്റുകളിൽ ചിലത്.

രണ്ട്: കൊടുക്കുന്നതു വ്യാജ സർട്ടിഫിക്കറ്റാണെങ്കിലും പഠനക്കുറിപ്പു നൽകി പരീക്ഷ നടത്തുന്നതിനാൽ ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികൾക്ക് അറിവുണ്ടായിരിക്കും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലിക്കു ചേർന്നാലും തുടർപഠനത്തിനു പോയാലും പെട്ടെന്നു പിടിക്കപ്പെടില്ല !
ആറുമാസം കൊണ്ടു ഡിഗ്രി, നാലു മാസം കൊണ്ട് എസ്എസ്എൽസി തുടങ്ങിയ പരസ്യങ്ങളിലൂടെ തന്നെയായിരുന്നു അജയനും വിദ്യാർഥികളെ ആകർഷിച്ചിരുന്നത്.

വിദേശത്തു പ്രശ്നമില്ല, നാട്ടിൽ സൂക്ഷിക്കണം !

കോഴ്സും പരീക്ഷയും നടത്തി മാത്രമല്ല വ്യാജസർട്ടിഫിക്കറ്റാണെന്നറിഞ്ഞു വരുന്ന ആവശ്യക്കാർക്കും സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിരുന്നു. പക്ഷേ, അടുത്ത പരിചയക്കാർക്കും ഏജന്റുമാർ വഴി വരുന്നവർക്കും മാത്രം. വിദേശത്തേക്കു പോകാനും ജോലിയിൽ പ്രമോഷൻ നേടാനുമായിരുന്നു ആളുകൾ ഈ സർട്ടിഫിക്കറ്റ് അന്വേഷിച്ചുവന്നിരുന്നത്. നാൽപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് സർട്ടിഫിക്കറ്റുകൾക്ക് അജയൻ ഈടാക്കിയിരുന്നത്.
വിദേശത്താണെങ്കിൽ പിടിക്കപ്പെടാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നായിരുന്നു അജയൻ നൽകുന്ന ഉറപ്പ്. എന്നാൽ, നാട്ടിൽ സൂക്ഷിക്കണമെന്നു മുന്നറിയിപ്പും.

ബിടെക് സർട്ടിഫിക്കറ്റ് വരെ അജയൻ ഇങ്ങനെ നിർമിച്ചു നൽകിയിരുന്നു. ഇവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ചു വിദേശത്തു ജോലി ചെയ്യുന്നവരുടെ കഥകളും അവധിക്കു നാട്ടിൽ വന്നപ്പോൾ അവർ നൽകിയ സമ്മാനങ്ങളുമെല്ലാം കാണിച്ചായിരുന്നു ആവശ്യക്കാരെ വിശ്വസിപ്പിച്ചത്. കേരള സർവകലാശാലയിൽ ബിടെക് പൂർത്തിയാക്കാൻ സാധിക്കാത്ത കാസർകോട് സ്വദേശിയായ യുവാവ് അജയനെ തേടിയെത്തിയതു രണ്ടാഴ്ച മുൻപ്.

ലാറ്ററൽ എൻട്രി സ്കീമിൽ ബിടെക് എന്ന പരസ്യം കണ്ടു വന്ന യുവാവിനോടും അജയൻ ഈ വീരകഥകളുടെ കെട്ടഴിച്ചു. ഒടുവിൽ ഒരു ലക്ഷം രൂപയ്ക്കു കച്ചവടമുറപ്പിച്ചു. അൻപതിനായിരം രൂപ അഡ്വാൻസും വാങ്ങി. ഒരാഴ്ച കഴിഞ്ഞുവന്നാൽ സർട്ടിഫിക്കറ്റ് നൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ അജയനെ പൊലീസ് പിടികൂടി. അഡ്വാൻസ് നൽകിയ പണം തിരിച്ചുകിട്ടുമോ എന്നറിയാൻ പൊലീസ് സ്റ്റേഷനിലുമെത്തിയിരുന്നു ഈ യുവാവ്.

പഠിക്കാനെത്തി; പങ്കാളിയായി

വ്യാജസർട്ടിഫിക്കറ്റ് വിതരണക്കേസിൽ അജയനൊപ്പം അറസ്റ്റിലായ ടിന്റു ബി. ഷാജിയുടെ ചിത്രം കണ്ടു ഞെട്ടിയതു തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവുകാരാണ്. വട്ടിയൂർക്കാവ് പോളിടെക്നിക്കിനു സമീപമുള്ള അമൃത കോളജിൽ അവർ ടിന്റുവിനെ കണ്ടിട്ടുണ്ട്. പക്ഷേ, അവർക്കറിയുന്ന പേര് പൂജയെന്നായിരുന്നു. പരിചയപ്പെടുത്തിയിരുന്നത് അജയന്റെ ഭാര്യ എന്ന നിലയിലായിരുന്നെന്ന് അവർ ഓർമിക്കുന്നു. തലശ്ശേരി കഴിഞ്ഞാൽ അമൃത കോളജിന്റെ പ്രധാന പ്രവർത്തന കേന്ദ്രം തലസ്ഥാനമായിരുന്നു.

LP-SERIES-AMRITHA-COLLEGE-TVM അമൃത കോളജിന്റെ തിരുവനന്തപുരത്തെ ഓഫിസ്.

വട്ടിയൂർക്കാവിലെ സെന്ററിലായിരുന്നു ഇടപാടുകൾ. സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നത് തിരുവനന്തപുരത്തെ പ്രമുഖ പ്രിന്റിങ് സ്ഥാപനത്തിലും. ടിന്റുവിനായിരുന്നു വട്ടിയൂർക്കാവിലെ സെന്ററിന്റെ ചുമതല. അജയന്റെ സ്ഥാപനത്തിൽ കോഴ്സ് ചെയ്യാനെത്തിയ ടിന്റു പിന്നീട് ബിസിനസ് പങ്കാളിയായി മാറുകയായിരുന്നു. കായംകുളം സ്വദേശിയായ ടിന്റു ദുബായിലാണു ജനിച്ചുവളർന്നത്. പ്ലസ് ടു വരെ വിദ്യാഭ്യാസവും അവിടെ.

പിന്നീടു നാട്ടിലെത്തി കായംകുളത്തെ സ്വകാര്യകോളജിൽ ബിസിഎയ്ക്കു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. അപ്പോഴാണു ലാറ്ററൽ എൻട്രി വഴി ബിരുദം പൂർത്തിയാക്കാമെന്ന അജയന്റെ പരസ്യം കാണുന്നത്. തലശ്ശേരിയിലെത്തിയ ടിന്റു ബിസിഎ പൂർത്തിയാക്കിയതിനു ശേഷം അജയന്റെ സഹായത്തോടെ എംബിഎയും സ്വന്തമാക്കി. ഇതിനിടെ ഇരുവരും തമ്മിൽ അടുത്തു. സി.വി. രാമൻ സർവകലാശാലയുടെ പരീക്ഷാകേന്ദ്രം തലശ്ശേരിയിൽ തുടങ്ങാൻ മുൻകയ്യെടുത്തത് ടിന്റുവായിരുന്നു.

ഹിന്ദിയും ഇംഗ്ലിഷുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ടിന്റുവിന്റെ സഹായം ബിസിനസിൽ മുതൽക്കൂട്ടാകുമെന്ന് അജയനും ഉറപ്പിച്ചു. തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന അജയന്റെ പ്രവർത്തനം തിരുവനന്തപുരത്തേക്കും വ്യാപിച്ചു. ഇതിനു പുറമേ സംസ്ഥാനത്തിന്റെ പലയിടത്തായി നൂറോളം വിദൂരവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അജയൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പത്താം ക്ലാസിനു ശേഷം സംസ്കൃതം അധ്യാപക കോഴ്സ് ചെയ്ത അജയൻ 1993ലാണ് തലശ്ശേരിയിൽ അമൃത കോളജ് ആരംഭിക്കുന്നത്.

അഗ്രികൾച്ചർ ഓഫിസർ കോഴ്സും തമിഴ്നാട് എസ്എസ്എൽസിയുമൊക്കെയായിരുന്നു ആദ്യകാല കോഴ്സുകൾ. രണ്ടായിരത്തിൽ പിണറായിയിലെ എയ്ഡഡ് യുപി സ്കൂളിൽ സംസ്കൃതം അധ്യാപകനായി ചേർന്നെങ്കിലും മൂന്നുവർഷം കൊണ്ട് ആ ജോലി ഉപേക്ഷിച്ചു. കാരണം, സർക്കാർ ശമ്പളത്തെക്കാൾ വരുമാനം വിദൂരവിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നു നേടാനുള്ള വിദ്യ അജയൻ അപ്പോഴേക്കും പഠിച്ചിരുന്നു. മൂന്നു വർഷത്തെ അധ്യാപക ജോലി നൽകിയ അജയൻമാഷ് എന്ന മേൽവിലാസം ഈ വ്യാജസർട്ടിഫിക്കറ്റ് വ്യാപാരത്തിൽ ഗുണമേറെ നൽകി.

അജയനു മാത്രമല്ല; അധ്യാപകജോലിയുടെ മേൽവിലാസമാണു സംസ്ഥാനത്തെ പല വ്യാജസർട്ടിഫിക്കറ്റ് സംഘങ്ങൾക്കും മറ തീർക്കുന്നത്. അതേക്കുറിച്ചു നാളെ...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.