Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരൂരിലെ സർട്ടിഫിക്കറ്റ് ഫാക്ടറി; ഉടമ ട്യൂട്ടോറിയൽ കോളജ് അധ്യാപകൻ

fake-certificate-2 ചെർപ്പുളശേരിയിൽ നിന്നു പൊലീസ് പിടിച്ചെടുത്ത വ്യാജസർട്ടിഫിക്കറ്റ്

‘തിരൂരിലിതുപോലെ കോഴ്സും പരീക്ഷയുമൊന്നുമില്ല; പണം കൊടുക്കുക. സർട്ടിഫിക്കറ്റ് വാങ്ങുക. ഡിഗ്രിയാണു വേണ്ടതെങ്കിൽ പ്ലസ്ടു പാസായ സർട്ടിഫിക്കറ്റുകൊണ്ട് ഒന്നവിടെവരെ പോയാൽ മതി!’

തലശ്ശേരിയിലെ അജയൻ പൊലീസ് പിടിയിലായി; അത്യാവശ്യമായി ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി എന്താണു  വഴിയെന്ന് ഏജന്റുമാർ വഴി നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചതു തിരൂരിലാണ്. പണവും യോഗ്യതാ സർട്ടിഫിക്കറ്റും നൽകിയാൽ ഒരു മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകുന്ന തിരൂർ സ്വദേശിക്കു സംസ്ഥാനത്തുടനീളം ഏജന്റുമാർ. ഓരോ സർട്ടിഫിക്കറ്റിനും ഇയാൾ നിശ്ചയിച്ച തുകയുണ്ട്. അതിൽ കൂടുതൽ എത്ര വാങ്ങിയാലും അത് ഏജന്റുമാർക്കുള്ളത്. പക്ഷേ, പ്ലസ്ടു സർട്ടിഫിക്കറ്റ് വാങ്ങുന്നവൻ പത്താം ക്ലാസ് ജയിച്ചിട്ടുണ്ടോയെന്നും ഡിഗ്രി സർട്ടിഫിക്കറ്റ് വേണ്ടവനു പ്ലസ്ടു ഉണ്ടോയെന്നും ഉറപ്പാക്കും. അതിനായി ഈ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അയച്ചുകൊടുക്കണം. മാർക്ക് ലിസ്റ്റ് നോക്കി പഠനനിലവാരം ഉറപ്പാക്കി അതിനനുസരിച്ചാണു വ്യാജനിലും മാർക്കിടുക. അങ്ങനെ വ്യാജൻമാർക്കിടയിലെ പ്രഫഷനൽ!

പക്ഷേ, കാഴ്ചയിൽ അങ്ങനെയൊന്നുമില്ല. പരമസാധുവായ ട്യൂട്ടോറിയൽ കോളജ് അധ്യാപകൻ. പക്ഷേ, തിരൂരിലെ ഇയാളുടെ വിദൂരവിദ്യാഭ്യാസ സ്ഥാപനം രണ്ടുമാസത്തിലേറെയായി പൂട്ടിക്കിടക്കുകയാണ്. വിദൂര വിദ്യാഭ്യാസ സെന്ററിന്റെ വെബ്സെറ്റ് പരിശോധിച്ചപ്പോൾ തലശ്ശേരിയിലെ വ്യാജസർട്ടിഫിക്കറ്റ് കേന്ദ്രമായ അമൃത കോളജിന്റെ തനിപ്പകർപ്പ്. വടക്കയിൽ അജയൻ വ്യാജനുണ്ടാക്കുന്ന അതേ സർവകലാശാലകളുടെ അതേപേരിലുള്ള കോഴ്സുകൾതന്നെ തിരൂരിലേതും! ഏജന്റുമാർ പറഞ്ഞ പ്രവർത്തനരീതികൾക്കു പുറമേ കോഴ്സും പരീക്ഷയുമെല്ലാം തിരൂരിലുമുണ്ട്. പക്ഷേ, വ്യാജൻ വേണ്ടവർക്കു വ്യാജൻ നൽകുമെന്നു മാത്രം. തലശ്ശേരിയിലെ അജയന്റെ തിരൂർ പതിപ്പ്. നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പക്ഷേ, ഇയാളുടെപേരിൽ ഒരു പരാതിപോലുമില്ല. നാട്ടുകാർക്കുമില്ല മോശം അഭിപ്രായം. രണ്ടുമാസമായി പക്ഷേ, ആളു സ്ഥലത്തില്ല. രണ്ടു ഫോണുകൾ സ്വിച്ച്‍ഡ്ഓഫ്.

‘‘ഒന്നു രണ്ടു ചെറിയ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. തൽക്കാലം ഒന്നു മുങ്ങിയതാ... രണ്ടു മാസംകൊണ്ടു ശരിയാകും. അതു കഴിയുമ്പോ പണവുമായി വന്നോളൂ.. ശരിയാക്കാം’’ഏജന്റിന്റെ ഉറപ്പ്. 

ഏജന്റ് പറഞ്ഞ ആ ചെറിയ പ്രശ്നങ്ങളെന്താവും? സ്ഥാപനവും പൂട്ടി ഫോണും സ്വിച്ച്ഡ്ഓഫ് ആക്കി മുങ്ങാനുള്ള കാരണം? കൊല്ലത്തും ചെർപ്പുളശ്ശേരിയിലുമെല്ലാം പിടികൂടിയ വ്യാജസർട്ടിഫിക്കറ്റ് സംഘങ്ങളുടെ പിന്നാലെ സഞ്ചരിച്ചാൽ അതിനുള്ള മറുപടി കിട്ടും. 

fake-certificate-1 ചെർപ്പുളശേരിയിൽ നിന്നു പൊലീസ് പിടിച്ചെടുത്ത വ്യാജസർട്ടിഫിക്കറ്റുകൾ

പ്ലസ് ടു തോറ്റാലും കോളജിൽ ചേരാം

ഡിഗ്രിക്കു ചേരാനായി പ്ലസ് ടു സർട്ടിഫിക്കറ്റ് വേണോ? സർട്ടിഫിക്കറ്റ് മാത്രമല്ല. കോളജിൽ പ്രവേശനവും ശരിയാക്കിത്തരും. കോളജ് അധികൃതർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന പേടിയും വേണ്ട; കാരണം ഈ കോളജിലെ  അധ്യാപകൻതന്നെയാണു സർട്ടിഫിക്കറ്റ് തരുന്നത്.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലാണു സംഭവം. പ്ലസ് ടുവിനു തുല്യമായ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ (എൻഐഒഎസ്) പേരിൽ വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റുകളാണു വിദ്യാർഥികൾക്കു നൽകിയിരുന്നത്. തട്ടിപ്പിനു നേതൃത്വം നൽകിയതു കരുമാനാംകുറിശ്ശിയിലെ സ്വാശ്രയ കോളജിലെ കൊമേഴ്സ് അധ്യാപകൻ! സർട്ടിഫിക്കറ്റ് മാത്രമല്ല കോളജിൽ പ്രവേശനവും ഈ അധ്യാപകൻ ശരിയാക്കിക്കൊടുക്കും. ഇയാളുടെ പേരു പറഞ്ഞാൽത്തന്നെ സർട്ടിഫിക്കറ്റ് കാണാതെ കോളജിൽ അഡ്മിഷൻ തരപ്പെടും.    മൂന്നു മാസംകൊണ്ട്  അധ്യാപകൻതന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കിക്കൊള്ളും. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ കോളജ് അധ്യാപകൻ മുഹമ്മദ് അബ്ദുൽ മുബിനാണു നായകൻ. നേരത്തേ ഇതുപോലെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച രണ്ടു വിദ്യാർഥികൾ ഏജന്റുമാരും. പ്ലസ്ടു സർട്ടിഫിക്കറ്റിനു വാങ്ങുന്നത് 24,000 രൂപ.

സംഭവം വ്യാജനാണെങ്കിലും പഠനക്കുറിപ്പും പരീക്ഷയുമെല്ലാം ചെർപ്പുളശ്ശേരിയിലുമുണ്ട്. പ്ലസ്ടു തോറ്റ വിദ്യാർഥികൾക്കു മൂന്നു മാസംകൊണ്ടു പ്ലസ് ടുവിനു തുല്യമായ സർട്ടിഫിക്കറ്റ് എന്നാണു വാഗ്ദാനം. വിജയിക്കുന്നവർക്കുള്ള കോളജ് പ്രവേശനം ബോണസ്. വല്ലപ്പുഴയിലെ ഒരു വിദൂരവിദ്യാഭ്യാസ സെന്റർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പരീക്ഷയും ക്ലാസുമെല്ലാം ഇവിടെയാണ്. പരീക്ഷ നടത്തിയാൽ രണ്ടാഴ്ചയ്ക്കകം ഫലം വിദ്യാർഥികളെ ഫോണിൽ അറിയിക്കും. നൂറു ശതമാനമാണു വിജയം. കോളജ് പ്രവേശനമാണ് അടുത്തത്. സർട്ടിഫിക്കറ്റുകൾ അധ്യാപകൻതന്നെ കോളജിൽ ഹാജരാക്കും. പലപ്പോഴും വിദ്യാർഥികൾ ഈ സർട്ടിഫിക്കറ്റ് കാണാറുപോലുമില്ല. ഈ അനധികൃത പ്രവേശനങ്ങൾക്കു കൂട്ടുനിന്ന കോളജ് പ്രിൻസിപ്പലിനു സസ്പെൻഷനായിരുന്നു സമ്മാനം. 

ഫുട്ബോൾ കളിക്കാൻ അത്ര പഠിപ്പൊന്നും വേണ്ട

ചെർപ്പുളശ്ശേരി സ്കൂൾ ഗ്രൗണ്ടിലെ ഒരു പതിവു വൈകുന്നേരം. നാട്ടിലെ ചെറുപ്പക്കാരുടെ ഫുട്ബോൾകളിയാണ്. കൂട്ടത്തിലൊരാളുടേതു നാക്കു കടിച്ചുപോകുന്ന അസാമാന്യപ്രകടനം. കളി കഴിഞ്ഞപ്പോൾ കാണികളിലൊരാൾ ആ ചെറുപ്പക്കാരനെ കാണാനെത്തി. 

‘‘നന്നായി കളിക്കുന്നുണ്ടല്ലോ. കോളജ് ടീമിലൊക്കെ കളിച്ചൂടെ? 

‘‘ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ, കോളജിൽ ചേരാൻ പ്ലസ് ടു പാസാവണ്ടേ’’ എന്നു പഴയ തെങ്കാശിപ്പട്ടണത്തിലെ ലാൽ മോഡൽ മറുപടി. അതൊന്നും പ്രശ്നമല്ല. പേരും മേൽവിലാസവും പറഞ്ഞാൽ മതി പ്ലസ്ടുവൊക്കെ ശരിയാക്കാം. രണ്ടാഴ്ച കഴിയുമ്പോൾ കോളജ് ടീമിൽ കളിക്കാൻ വന്നോളൂ എന്നായി അയാൾ. അതൊക്കെ കോളജിൽ പ്രശ്നമാവില്ലേ എന്നു ചോദിച്ചപ്പോളാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. കരുമനാംകുർശിയിലെ സ്വാശ്രയ കോളജിലെ കായികാധ്യാപകനാണ്. നേരത്തേ പറഞ്ഞ സർട്ടിഫിക്കറ്റ് ഏജന്റ് അബ്ദുൽ മുബിൻ അധ്യാപകനായ അതേ കോളജ്.!! 

രണ്ടാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് തയാറായി. കോളജിൽ പ്രവേശനവും റെഡി. എന്നാൽ യുവാവ് ഇതുവരെ കോളജിൽ പോയിട്ടില്ല; തന്റെപേരിലുണ്ടാക്കിയ സർട്ടിഫിക്കറ്റും കണ്ടിട്ടില്ല. പക്ഷേ, കോളജ് റജിസ്റ്ററിൽ ഇയാളുടെ പേരുണ്ട്.

അധ്യാപകൻ ആവശ്യപ്പെട്ടപ്രകാരം സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയത് അബ്ദുൽ മുബിൻ തന്നെ. സർട്ടിഫിക്കറ്റിനുള്ള 24,000 രൂപ ഈ കായികാധ്യാപകൻ സ്വന്തം പോക്കറ്റിൽനിന്നാണു നൽകിയത്. കോളജ് ടീം നന്നാക്കാനുളള ആഗ്രഹമായിരുന്നു കാരണം.  

കൊടുക്കുന്നവർക്കുമില്ല സർട്ടിഫിക്കറ്റ്

ചെർപ്പുളശ്ശേരിയിലെ വ്യാജ സർട്ടിഫിക്കറ്റ് വിതരണക്കാരൻ മുഹമ്മദ് അബ്ദുൽ മുബിൻ അധ്യാപകജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. എംബിഎ ബിരുദധാരിയെന്ന് അവകാശപ്പെട്ടു കോളജ് അധ്യാപകനായി ചേർന്ന ഇയാളുടെ സർട്ടിഫിക്കറ്റുകളൊന്നും കോളജിലില്ല! ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളിൽ ജോലിക്കായി നൽകിയിരിക്കുകയാണെന്നു കോളജ് അധികൃതരെ അറിയിച്ചു. സ്കൂളിൽ അന്വേഷിച്ചപ്പോൾ ഈ അധ്യാപകനെ അവർ അറിയുകപോലുമില്ലെന്നായിരുന്നു മറുപടി. 

തലശ്ശേരിയിലെ വ്യാജസർട്ടിഫിക്കറ്റ് വിതരണക്കാരൻ അജയനും പങ്കാളി ടിന്റുവുമെല്ലാം ബിരുദങ്ങൾ സ്വന്തമാക്കിയതും സ്വന്തം സ്ഥാപനത്തിലെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചായിരുന്നു.  

ബ്യൂട്ടി പാർലറിലും കിട്ടും ബിടെക് സർട്ടിഫിക്കറ്റ്

ബീനാറാണിയുടെ കൊല്ലത്തുള്ള ബ്യൂട്ടി പാർലറിൽ ഫേഷ്യലും ഹെയർ ഡ്രസിങ്ങും മാത്രമല്ല, എസ്എസ്എൽസി മുതൽ ബിടെക് വരെയുള്ള സർട്ടിഫിക്കറ്റുകളും കിട്ടും. തെക്കൻ കേരളത്തിലെ വ്യാജസർട്ടിഫിക്കറ്റ് വിതരണക്കാരിൽ പ്രധാനിയായ ഉളിയക്കോവിൽ കോതേത്ത് ചോതിയിൽ ബീനാറാണി രണ്ടു മാസം മുൻപാണു പൊലീസിന്റെ വലയിലാകുന്നത്. കൊല്ലത്തു ബീനാറാണി നടത്തിയ ബ്യൂട്ടി പാർലറായിരുന്നു സർട്ടിഫിക്കറ്റ് വിതരണ കേന്ദ്രം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളുടെ മാത്രമല്ല; ഇല്ലാത്ത സർവകലാശാലകളുടെ വരെ സർട്ടിഫിക്കറ്റുകൾ ബ്യൂട്ടി പാർലർ വഴി വിതരണം ചെയ്തിരുന്നു. ബിഎ, ബികോം സർട്ടിഫിക്കറ്റുകൾക്ക് 50,000 രൂപ. ബിടെക്കിന് ഒന്നു മുതൽ ഒന്നര ലക്ഷം രൂപ വരെ. പ്ലസ് ടുവിന് 24,000 രൂപ. ആറുമാസംകൊണ്ടു ഡിഗ്രിയെന്ന പരസ്യംതന്നെയായിരുന്നു ആവശ്യക്കാരെ ആകർഷിക്കാനുള്ള മാർഗം. 

വേരുകളെല്ലാം തിരൂരിലേക്ക്

ചെർപ്പുളശ്ശേരിയിലെയും കൊല്ലത്തെയും വ്യാജസർട്ടിഫിക്കറ്റ് സംഘത്തിന്റെ പ്രവർത്തനരീതികൾ സമാനമായിരുന്നു. കൃത്യമായി പറഞ്ഞാൽ തിരൂരിലെ വിതരണക്കാരന്റെ ഏജന്റ് പറഞ്ഞുതന്ന അതേ രീതി! ബിരുദ സർട്ടിഫിക്കറ്റുകൾ ആവശ്യമായവരുടെ പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൊറിയർ വഴി വിതരണക്കാരന് അയച്ചുകൊടുക്കും. പ്ലസ്ടു സർട്ടിഫിക്കറ്റ് വേണ്ടവർ നൽകേണ്ടത് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്. ചെർപ്പുളശ്ശേരിയിലെ മുബിനും കൊല്ലത്തെ ബീനാറാണിക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചിരുന്നതു മലപ്പുറം ജില്ലയിൽനിന്നായിരുന്നു. കമ്മിഷൻ കഴിച്ചു സർട്ടിഫിക്കറ്റുകളുടെ വിലയായി മലപ്പുറത്തെ വിതരണക്കാരന് ഇവർ നൽകിയ തുകയും ഒന്നുതന്നെ. ചെർപ്പുളശ്ശേരിയിലെയും കൊല്ലത്തെയും വ്യാജസർട്ടിഫിക്കറ്റ് സംഘങ്ങളുടെ വേരുകൾ നീളുന്നതു തിരൂരിലെ പൂട്ടിക്കിടക്കുന്ന ആ വിദൂരവിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ്. രണ്ടു വ്യത്യസ്ത സംഘങ്ങളായി പൊലീസ് നടത്തുന്ന അന്വേഷണം ഒരേദിശയിൽ സഞ്ചരിച്ചാൽ അതിവേഗം തിരൂരിലെത്താം. 

അതിവേഗം പണക്കാരായവരുടെ കഥയാണ് വ്യാജസർട്ടിഫിക്കറ്റ് ഇടപാടുകാരുടേതെല്ലാം. പണത്തിന്റെ പിൻബലത്തിനു പുറമെ തങ്ങളുടെ കയ്യിൽനിന്നു സർട്ടിഫിക്കറ്റ് വാങ്ങിയവരുടെ സംരക്ഷണം കൂടിയാവുമ്പോൾ ഏതന്വേഷണത്തിൽനിന്നും ഇവർ സമർഥമായി രക്ഷപ്പെടുന്നു. വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആയിരക്കണക്കിനാളുകളാണ് കേരളത്തിൽ ജോലി സമ്പാദിച്ചിട്ടുള്ളത്. അവരിൽ ബാങ്ക് മാനേജർമാർ മുതൽ സ്കൂൾ അധ്യാപകർ വരെയുണ്ട്.

അതേക്കുറിച്ചു നാളെ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.