Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവ വ്യവസ്ഥ താളം തെറ്റുന്നു

water-series

കുട്ടനാട്ടിൽ നിന്നു വൈക്കത്തഷ്ടമിക്കു പോകുന്ന ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങൾ തിരിച്ചുവരാറില്ല. മടക്കയാത്രയിൽ അടഞ്ഞ തണ്ണീർമുക്കം ബണ്ടിൽ അവ തലതല്ലിച്ചാവുന്നുണ്ടാകും! കുട്ടനാട്ടിലെ ഒരു വിഭാഗം കർഷകർ ഇപ്പോഴും വിശ്വസിക്കുന്ന കഥയാണിത്. കുട്ടനാട്ടിലെ പല പ്രകൃതിദുരന്തങ്ങൾക്കും കാരണം ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങളുടെ ശാപമാണെന്നും കഥ പ്രചാരത്തിലുണ്ട്. ഈ നാട്ടുവർത്തമാനത്തിൽ ശാസ്ത്രസത്യമുണ്ട്. ശുദ്ധജലത്തിൽ ജീവിക്കുന്ന ആറ്റുകൊഞ്ചിനു മുട്ടയിടണമെങ്കിൽ ഉപ്പുവെള്ളം വേണം. ജൂലൈയോടെ മുട്ടകൾ നിറഞ്ഞ വയറുമായി അമ്മക്കൊഞ്ചുകൾ വൈക്കത്തേക്കു യാത്ര തുടങ്ങും.

മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങൾ‌ക്ക് ഉപ്പുവെള്ളത്തിൽ ജീവിക്കാൻ സാധിക്കില്ല. ഡിസംബറിൽ അവ കുട്ടനാട്ടിലേക്കു തിരിച്ചു നീന്തും. പക്ഷേ, ആ സമയം ഉപ്പുവെള്ളം കയറാതിരിക്കാൻ ബണ്ട് അടച്ചിരിക്കും. തണ്ണീർമുക്കം ബണ്ടിന്റെ അടഞ്ഞുകിടക്കുന്ന കൂറ്റൻ ഷട്ടറുകൾ അവരെ തടഞ്ഞുനിർ‌ത്തും. ബണ്ടിന് അക്കരെ ഉപ്പുവെള്ളത്തിൽ അവ മരിക്കുന്നു.
അതു ശരിയായിരിക്കാം. 425 ടൺ ആറ്റുകൊഞ്ചു കിട്ടിയിരുന്ന കുട്ടനാട്ടിൽ ഇന്നു ലഭിക്കുന്നത് വെറും 18 ടൺ. അതേസമയം, തണ്ണീർമുക്കം ബണ്ട് മൂലം ഉപ്പുവെള്ളം നിയന്ത്രിക്കുന്നതു കൊണ്ടാണു കുട്ടനാട്ടിലെ കൃഷി നിലനിൽക്കുന്നതെന്നതും സത്യമാണ്.
ഈ സത്യം അംഗീകരിക്കുമ്പോഴും ഇതു പ്രകൃതിയുടെ താളംതെറ്റലാണ്. ഇത്തരം താളംതെറ്റൽ കേരളത്തിന്റെ പല ഭാഗത്തുമുണ്ട്.

അറബിക്കടലിൽ നിന്നു വെള്ളം ആവിയായി പശ്ചിമഘട്ട മലനിരകളിൽ എത്തി മഴയായി പുഴകളിലൂടെയും തോടുകളിലൂടെയും നാടു മുഴുവൻ വളക്കൂറുള്ള എക്കൽ മണ്ണ് നിറച്ചു കടലിൽ ചേർന്നിരുന്നതാണു നമ്മുടെ ജൈവവ്യവസ്ഥ. അതു പഴയ കാലം. അന്നു തീരദേശ മേഖലയായ ചെറായിയിൽ പോലും ഉപ്പുവെള്ളത്തിന്റെ ഭീഷണിയില്ല. കടലിലും കായലിലും ആവോളം മൽസ്യങ്ങളും. തീരദേശത്തെ കഴുകുന്ന വേലിയേറ്റവും വേലിയിറക്കവും നടത്തിയിരുന്നത് ഒരുതരം ശുചീകരണം തന്നെ. കായലിൽ പോളകളും പായലുകളുമില്ല. കേരളത്തിൽ എല്ലായിടത്തും തെളിനീർ മാത്രം. കൊതുകുകളും ജലജന്യരോഗങ്ങളും പടിക്കു പുറത്ത്. ആ പരിസ്ഥിതി എങ്ങനെ നമുക്കു നഷ്ടപ്പെട്ടു?

കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ

ഇന്ന് ഉപ്പുവെള്ളം തീരദേശത്തെമ്പാടും വ്യാപിക്കുന്നു. ഓരുവെള്ളം കലരുന്നതോടെ തീരദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കൂട്ടത്തിൽ കൃഷിയും നശിക്കുന്നു. ഉപ്പുവെള്ളം തടയാൻ ബണ്ടു കെട്ടുന്നതോടെ പുഴകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. അവ കൊതുകിന്റെ സ്വർഗരാജ്യമായി മാറാൻ അധികസമയം വേണ്ട.
ആദ്യമഴയിൽ തന്നെ കേരളം പകർച്ചവ്യാധികളുടെ പിടിയിലമരുന്നു.
മാനത്തു നിന്നു മഴയെ പിടിച്ചുനിർത്തി കേരളത്തിനു നൽകുന്നതു നമ്മുടെ മലനിരകളാണ്. പച്ചപ്പട്ടു വിരിച്ച സഹ്യന്റെ പാരിസ്ഥിതിക ദൗത്യമാണിത്. ആ ദൗത്യം ചെയ്യാൻ ഇന്നു സഹ്യപർവതത്തിനു സാധിക്കുന്നില്ല.

കാടു കുറഞ്ഞുവരുന്നു. അതിനൊപ്പം മഴയും കുറയുന്നു. നദികളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും ഏറെ കുറഞ്ഞു. പണ്ടുണ്ടായിരുന്ന വനമേഖലയുടെ ഏഴു ശതമാനം മാത്രമാണ് ഇന്നു പശ്ചിമഘട്ടത്തിലുള്ളതെന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ.

വിശാലമായ നെൽപാടങ്ങളാണു വെള്ളം ശുദ്ധീകരിച്ചു ഭൂമിയിൽ ശേഖരിച്ചു വച്ചിരുന്നത്. ആ നെൽവയലുകളുടെ നല്ല പങ്ക് നമുക്കു നഷ്ടമായി. 1975ൽ 8.4 ലക്ഷം ഹെക്ടർ നെൽവയലുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്നുള്ളത് 1.94 ലക്ഷം ഹെക്ടർ മാത്രം. വർഷം 40 ലക്ഷം ടൺ അരി കഴിക്കുന്ന മലയാളി ഉൽപാദിപ്പിക്കുന്നതു വെറും ആറു ലക്ഷം ടൺ മാത്രം. ആന്ധ്രയിൽ നിന്ന് അരി വരും. പക്ഷേ, കുടിവെള്ളം വരുമോ?

കായൽ ഇല്ലെങ്കിൽ കരയും ഇല്ല

ഏറ്റവും വിലപ്പെട്ട ആവാസവ്യവസ്ഥ കായലുകളുടേതാണ്. കൃഷിക്കും മൽസ്യബന്ധനത്തിനും ടൂറിസത്തിനും വഴിയൊരുക്കി കേരളത്തിന്റെ സ്വത്വം നിലനിർത്തുന്നതിൽ ഈ കായലുകൾക്കു പലിയ പങ്കുണ്ട്. കായലിന്റെ പാരിസ്ഥിതിക മൂല്യം ഒരു ഹെക്ടറിനു 1.07 ലക്ഷം രൂപ എന്ന നിരക്കിലാണ്. കായൽ ഇല്ലെങ്കിൽ കരയില്ലെന്നു ചുരുക്കം. ആ കായലുകളുടെ 88 ശതമാനമാണ് ഇല്ലാതായത്.‌ ഇതിനൊപ്പം ചില കാര്യങ്ങൾ ഉണ്ടാവുകയും ചെയ്തു. ജനസംഖ്യ ആറിരട്ടിയായി. 1900ൽ 65 ലക്ഷമായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 343 ലക്ഷം പിന്നിട്ടു. ഒരു തുള്ളി പോലും കുടിവെള്ളം കൂടിയിട്ടില്ലെന്നോർക്കുക.

കോഴിക്കോട് സിഡബ്ല്യുആർഡിഎം നടത്തിയ പഠനത്തിൽ, കേരളത്തിലെ വെള്ളം മലിനപ്പെട്ടതിനു കാരണം മനുഷ്യന്റെ ഇടപെടലുകൾ തന്നെയാണെന്ന് ആവർത്തിച്ചു പറയുന്നു. അശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തന്നെ പ്രധാന പോരായ്മ. നദികളുടെ സമീപങ്ങളിൽ നഗരങ്ങൾ വന്നു. ജലം മാലിന്യം തള്ളാനുള്ള സ്ഥലമായി. ആശുപത്രി മാലിന്യങ്ങൾ മുതൽ അറവു മാലിന്യങ്ങൾ വരെ നദികളിൽ എത്തിച്ചേരുന്നു. കൂടാതെ വ്യവസായ മാലിന്യങ്ങളും.

ദേ, ഇങ്ങോട്ടു നോക്കൂ, സാൽമൺ വിളിക്കുന്നു

ആറ്റുകൊഞ്ചിന്റെ അതേ ഗതിയായിരുന്നു അമേരിക്കയിലെ കൊളറാഡോ നദിയിലെ സാൽമൺ മൽസ്യങ്ങൾക്ക്. കടലിൽ നിന്നു കൊളറാഡോ നദിയുടെ ഉദ്ഭവസ്ഥാനത്തു ചെന്നാണു സാൽമൺ മൽസ്യങ്ങൾ മുട്ടയിടുന്നത്. നദിയിൽ 11 അണക്കെട്ടുകൾ നിർമിച്ചതോടെ സാൽമൺ ഇല്ലാതായി.

അപകടം മനസ്സിലാക്കിയ അമേരിക്കക്കാർ അണക്കെട്ടുകളിൽ സാൽമൺ മൽസ്യക്കൂട്ടങ്ങൾക്കു കയറിപ്പോകാൻ ഫിഷ് ലാഡറുകൾ സ്ഥാപിച്ചു. മുട്ടയിടാൻ പോകുന്ന സാൽമണെ പിടിക്കുന്നതും നിരോധിച്ചു. അങ്ങനെ സാൽമൺ അമേരിക്കക്കാരുടെ ജീവിതത്തിലേക്കു നീന്തിവന്നു. ഇന്നലെ അമേരിക്കയ്ക്കു സാധിച്ചത് ഇന്നു നമുക്കു സാധിക്കുമോ; കേരളത്തിന്റെ നല്ല നാളെയ്ക്കായി.

ഈ കുര കാലാവസ്ഥാ മാറ്റത്തിന്റെ

പട്ടി കുരച്ചാൽ പടി തുറക്കുമോ എന്നു നാം ചോദിക്കാറുണ്ട്. എന്നാൽ, നമുക്കു ചുറ്റുമുള്ള തെരുവുനായ്ക്കളുടെ കുര വേണ്ട രീതിയിൽ നാം ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല. മാലിന്യവും അധികൃതരുടെ അനാസ്ഥയും മാത്രമാണു തെരുവുനായ്ക്കൾ പെരുകുന്നതിനു കാരണമെന്നു കരുതേണ്ട.

മണം പിടിച്ചു പോയാൽ കാലാവസ്ഥാ വ്യതിയാനത്തിലും അതുവഴി സംഭവിച്ച ജൈവവ്യവസ്ഥയുടെ തകർച്ചയിലുമാണ് എത്തി നിൽക്കുക. പണ്ടൊക്കെ കന്നിമാസത്തിൽ മാത്രമായിരുന്നു നായ്ക്കളുടെ പ്രജനനം. അതായത് വർഷത്തിൽ ഒന്ന്. വേനലും മഴയും നായ്ക്കളുടെ പ്രജനന കാലത്തെ സ്വാധീനിച്ചിരുന്നു.
കാലാവസ്ഥ തെറ്റിയതോടെ നായ്ക്കളുടെ പ്രജനന കാലം ഒന്നിൽ കൂടുതലായി. മാത്രമല്ല ഇടവേളകൾ കുറയുകയും ചെയ്തുവെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു.

കുടിവെള്ളത്തിൽ കലക്കുന്ന വിഷം

ശുചിമുറികളിലൂടെ ശുചിത്വ വിപ്ലവം സൃഷ്ടിച്ചെന്ന കേരളത്തിന്റെ അവകാശത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ? മനുഷ്യവിസർജ്യം ഫലവത്തായി സംസ്കരിച്ചെങ്കിൽ കിണറുകളിലും കുളങ്ങളിലും പുഴകളിലും ഇത്രയും കോളിഫോം ബാക്ടീരിയ വരുമോ?
അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമാണം കോളിഫോം ബാക്ടീരിയകളുടെ വ്യാപനത്തിനു വലിയ കാരണമായി.

മലനിരകളിൽ കൃഷിക്കു കീടനാശിനി അടിച്ചപ്പോൾ മലയാളി ഒന്നുമാത്രം ഓർത്തില്ല. സ്വന്തം ശിരസ്സിൽ വിഷം കുത്തിവയ്ക്കുന്നതു പോലുള്ള പ്രവൃത്തിയാണു ചെയ്യുന്നതെന്ന്. അങ്ങനെ, ഉള്ള വെള്ളം തന്നെ വിഷമയവുമായി. മലിനീകരണം മൂലം പെരിയാറിൽ 45 തരം മൽസ്യങ്ങളാണു വംശനാശം വന്നു പോയത്. മഴയിലൂടെ പശ്ചിമഘട്ടത്തിൽ പ്രകൃതി ഇന്നും നൽകുന്നതു ശുദ്ധമായ വെള്ളമാണ്. ആ വെള്ളം അറബിക്കടലിൽ എത്തുമ്പോഴേക്കും വിഷമായി മാറുന്നുവെന്നു മാത്രം.

നാളെ:
വീണ്ടെടുക്കാം നമ്മുടെ നാട്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.